Follow Us On

29

March

2024

Friday

വാക്കും പ്രവൃത്തിയും സമന്വയിപ്പിച്ച ആറ് വര്‍ഷങ്ങള്‍

വാക്കും പ്രവൃത്തിയും  സമന്വയിപ്പിച്ച ആറ് വര്‍ഷങ്ങള്‍

കഴിഞ്ഞ ആറ് വര്‍ഷങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട ലോക നേതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. സുവിശേഷത്തിന് ജീവിതത്തിലൂടെ നല്‍കിയ സാക്ഷ്യങ്ങളാണ് മാര്‍പാപ്പയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്.

മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുമ്പോള്‍ താന്‍ മാര്‍പാപ്പയാകുമെന്ന് കര്‍ദിനാള്‍ ബെര്‍ഗോളിയോ സ്വപ്‌നത്തില്‍പോലും വിചാരിച്ചിരുന്നില്ല. മടങ്ങിച്ചെല്ലുമ്പോള്‍ ബ്യൂണോസ് ഐറിസില്‍ വിശ്രമജീവിതം നയിക്കുവാനുള്ള സ്ഥലം തയാറാക്കിയിട്ടായിരുന്നു അദ്ദേഹം കോണ്‍ക്ലേവിനെത്തിയത്. വലിയ പ്രഭാഷകനോ അറിയപ്പെടുന്ന തിയോളജിയനോ ഒന്നുമായിരുന്നില്ല അര്‍ജന്റീനയക്കാരനായ കര്‍ദിനാള്‍ ബെര്‍ഗോളിയോ. എന്നാല്‍, പരിശുദ്ധാത്മാവിന് അദ്ദേഹത്തെക്കുറിച്ച് ഒരു പദ്ധതിയുണ്ടായിരുന്നു. കത്തോലിക്കസഭയുടെ പരമാധ്യക്ഷനായി ദൈവം കണ്ടുവെച്ചത് ഈ ലാളിത്യപ്രേമിയായ കര്‍ദിനാളിനെയായിരുന്നു. 2013 മാര്‍ച്ച് 13-നാണ് ജോര്‍ഗെ മാരിയോ ബെര്‍ഗോളിയോ കത്തോലിക്കസഭയുടെ 266-ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കൊണ്ട് സഭയുടെയും ലോകത്തിന്റെയും കാഴ്ചപ്പാടുകളില്‍ത്തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കഴിഞ്ഞു.

കരുണയുടെ പ്രവാചകന്‍
ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ, വി. ഫ്രാന്‍സിസ് അസീസിയുടെ നാമധേയം സ്വീകരിക്കുന്ന ആദ്യത്തെ മാര്‍പാപ്പ എന്നിങ്ങനെ അനന്യമായ വിശേഷണങ്ങളോടെയാണ് ലാളിത്യത്തിന്റെ പ്രതീകമായ മാറിയ അദ്ദേഹം സ്ഥാനമേറ്റെടുത്തത്. 2013 ല്‍ മാന്‍ ഓഫ് ദ ഇയറായി ടൈം മാഗസിന്‍ തിരഞ്ഞെടുത്തത് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആയിരുന്നു. തൊട്ടടുത്തവര്‍ഷം ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു.
മാര്‍പാപ്പയെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ച വ്യക്തിയായിരുന്നു ജര്‍മ്മന്‍ ഡയറക്ടറായ വിം വെന്‍ഡേര്‍സ്. രാഷ്ട്രീയക്കാരെക്കുറിച്ചും അധികാരത്തിലുള്ളവരെക്കുറിച്ചും അഴിമതിയും നുണക്കഥകളും പൊള്ളയായ വാര്‍ത്തകളും കേട്ടുതഴമ്പിച്ച ഒരു ലോകത്തില്‍, പറയുന്നത് പാലിക്കുകയും എല്ലാ മതങ്ങളില്‍ നിന്നുള്ളവരും എല്ലാ സാമൂഹിക പശ്ചാത്തലത്തിലുള്ളവരും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് താന്‍ നിര്‍മ്മിച്ച പോപ്പ് ഫ്രാന്‍സിസ് – എ മാന്‍ ഓഫ് ഹിസ് വേര്‍ഡ്‌സ് എ ഡോക്യുമെന്ററി എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇത് കത്തോലിക്കര്‍ക്കും ക്രൈസ്തവര്‍ക്കും വേണ്ടി മാത്രമുള്ളതല്ല, മറിച്ച് എല്ലാവര്‍ക്കുമായി കരം തുറന്നുപിടിച്ചിരിക്കുന്ന ഒരു മാര്‍പാപ്പയെക്കുറിച്ചുള്ള ചിത്രമണെന്നും അതുകൊണ്ട് അത് കത്തോലിക്കര്‍ക്കും ക്രൈസ്തവര്‍ക്കും വേണ്ടിമാത്രമുള്ളതല്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകം ഗൗരവത്തോയെയാണ് ഉള്‍ക്കൊണ്ടത്. ആരും അതിനോട് ഒരു വിയോജനക്കുറിപ്പുപോലും രേഖപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമായി.
13-ാം നൂറ്റാണ്ടിലെ വിശുദ്ധനായ ഫ്രാന്‍സിസ് അസീസിയോടുള്ള അനന്യമായ സ്‌നേഹവും ആദരവുമാണ് താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ ദര്‍ശിച്ചതെന്നും സംവിധായകന്‍ പറയുന്നു. അത് സ്ഥാപിക്കുവാനായി അദ്ദേഹം ഡോക്യുമെന്ററിയില്‍ ഫ്രാന്‍സിസ് അസീസിയെയും മാര്‍പാപ്പയെയും മാറിമാറിയുള്ള ഫ്രെയിമുകളില്‍ കാണിക്കുന്നുണ്ട്. തീര്‍ച്ചയായും വി. ഫ്രാന്‍സിസ് അസീസിയെപ്പോലെ, ദൈവവുമായുള്ള ഗാഡമായ ബന്ധം, എല്ലാ ജീവജാലങ്ങളോടുമുള്ള കരുണ, പ്രപഞ്ചത്തോടുള്ള സ്‌നേഹം, മറ്റുവിശ്വാസങ്ങളിലേക്കു കടന്നുചെല്ലുവാനുള്ള സദ്ധത, ജീവിതത്തോടുള്ള ശുഭദായകമായ സമീപനം ഇവയൊക്കെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതത്തിലുമുണ്ടെന്നാണ് അദ്ദേഹത്തിന് മനസിലായത്.

അഭയാര്‍ത്ഥി ക്യാമ്പുകളില്‍
ഫ്രാന്‍സിസ് മാര്‍പാപ്പയെ വിപ്ലവകാരിയെന്നും സോഷ്യലിസ്‌റ്റെുമൊക്കെ പലരും മുദ്രകുത്തുന്നുവെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വം കത്തോലിക്കസഭയ്ക്ക് നല്‍കിയ ഫ്രെഷ്‌നസ് ചെറുതല്ല. മനുഷ്യരോടും പ്രപഞ്ചത്തോടുമുള്ള സ്‌നേഹവും കരുതലും വഴിഞ്ഞൊഴുകുന്നതായിരുന്നു അദ്ദേഹത്തിന്റെ ചാക്രിക ലേഖനമായ ലൗദാത്തോസി. മാര്‍പാപ്പയായതുമുതല്‍ അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും ലോകം ദര്‍ശിക്കുന്നത് കരുണയുടെയും സ്‌നേഹത്തിന്റെയും വേലിയേറ്റമാണ്. മാര്‍പാപ്പ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും ജയിലുകളിലേക്കുമൊക്കെ കടന്നുചെല്ലുന്നതും അവരെ ആശ്വസിപ്പിക്കുന്നതും ആശ്ലേഷിക്കുന്നതുമൊക്കെ ലോകത്തിന് അത്ഭുതമാണ്.
ഗ്രീസിലെ ലെസ്‌ബോസില്‍ നിന്നും അദ്ദേഹം മടങ്ങിവന്നപ്പോള്‍ കൂടെ വത്തിക്കാനിലേക്ക് കൊണ്ടുവന്നത് 12 മുസ്ലീം അഭയാര്‍ത്ഥി കുടുംബങ്ങളെയായിരുന്നു. കരുണയുടെ സുവിശേഷം വാക്കുകളില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ടതല്ലെന്നുള്ള സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍നിന്നും ലോകം വായിച്ചെടുത്തത്.
വത്തിക്കാനില്‍ ദരിദ്രമായ അയല്‍വക്കങ്ങളിലേക്കും അഭയാര്‍ത്ഥിക്യാമ്പുകളിലേക്കും ജയിലുകളിലേക്കും ആശുപത്രികളിലേക്കുമൊക്കെ അദ്ദേഹം കടന്നുചെല്ലുന്നു. അതേപോലെ തന്നെ മതസൗഹാര്‍ദ്ദത്തിനുള്ള ലോകനേതാക്കളുടെ സമ്മേളനത്തിലും അതേ ലാഘവത്തോടെ മാര്‍പാപ്പ സംസാരിക്കുന്നു. എവിടെയായാലും അദ്ദേഹം മറ്റുള്ളവരെ അനുഗ്രഹിക്കുകയും സ്‌നേഹത്തോടെ ആലിംഗനം ചെയ്യുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ദാരിദ്ര്യം ജീവിതത്തില്‍
പലരും മാര്‍പാപ്പയെ വലിയ പരിഷ്‌ക്കര്‍ത്താവ് എന്ന് വിളിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ജീവിതംപോലെ ലളിതമാണ്. ലളിതമായി ജീവിക്കുവാനാണ് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നതും. അതുകൊണ്ടാണ് ആഡംബരം നിറഞ്ഞ മാര്‍പാപ്പയുടെ വസതിയില്‍ നിന്നും മാറി വെറും 2 ബെഡ്‌റൂം അപ്പാര്‍ട്ടുമെന്റിലേക്ക് താമസം മാറ്റിയത്. ദരിദ്രരോടുള്ള സ്‌നേഹവും ദാരിദ്ര്യം നിറഞ്ഞജീവിതത്തോടുള്ള മമതയുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്. സാധാരണ യാത്ര സൗകര്യങ്ങള്‍ ഉപയോഗിക്കുകയും സ്വന്തം ലഗേജ് സ്വയം വഹിക്കുകയും ചെയ്യന്നതാണ് മാര്‍പാപ്പയുടെ ശൈലി.
സമ്പത്തില്‍ ആശ്രയിക്കരുതെന്നാണ് മാര്‍പാപ്പയുടെ മറ്റൊരു ഉപദേശം. ആര്‍ക്കും രണ്ടു യജമാനന്മാരെ സേവിക്കാനാകുകയില്ല. ദൈവത്തിലര്‍പ്പിക്കുന്ന വിശ്വാസത്തിന് ദൈവം നല്‍കുന്ന പ്രതിഫലമാണ് സമ്പത്ത്. സമ്പത്തില്‍ സഭ പ്രതീക്ഷയര്‍പ്പിക്കുന്നിടത്തോളം കാലം, ക്രിസ്തു അവിടെ ഉണ്ടായിരിക്കുകയില്ല എന്ന് അദ്ദേഹം അസന്നിഗ്ന്ദമായി പ്രഖ്യാപിച്ചു.
ജോലി ചെയ്യുവാനുള്ള വിമുഖത മനുഷ്യന്റെ അന്തസിനെ നശിപ്പിക്കുന്നുവെന്നും ജോലി ചെയ്യുന്നതിലൂടെ ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചെരാന്‍ നമുക്ക് കഴിയുന്നുവെന്നും മാര്‍പാപ്പ പറയുന്നു. ആരാണ് ദരിദ്രരില്‍ ഏറ്റവും ദരിദ്രര്‍ എന്നുചോദിച്ചാല്‍ മാര്‍പാപ്പ പറയും ഭൂമിയാണെന്ന്. കാരണം ഭൂമിക്കുള്ളതെല്ലാം മനുഷ്യര്‍ കൊള്ളയടിച്ചുകഴിഞ്ഞു. ഭൂമിയെ നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയെ സംരക്ഷിക്കുവാന്‍ അത്യന്തം ആവേശം കാണിക്കുന്ന മാര്‍പാപ്പയെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ ദര്‍ശിക്കാനാകുന്നത്.

ആയുധക്കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ്
പെസഹാ വ്യാഴാഴ്ചകളില്‍ മാര്‍പാപ്പ വത്തിക്കാനില്‍ കാലുകഴുകല്‍ കര്‍മ്മത്തിനായി ഒരിക്കല്‍ തെരഞ്ഞെടുത്തത് നേപ്പിള്‍സിലെ അഭയാര്‍ത്ഥി തടവറയായിരുന്നു. കരുണയും മൃദുലതയും നിറഞ്ഞുകവിയുന്നതാണ് മാര്‍പാപ്പയുടെ ഓരോ വാക്കുകളും പ്രവൃത്തിയും. ജീവിതത്തിലെ തിരക്കില്‍ നമുക്ക് വളരെ കുറച്ച് സമയമേ നിശബ്ദതയ്ക്കും വിശ്രമത്തിനുമായി മാറ്റിവെക്കാനുള്ളു. നമ്മള്‍ മെഷിനറികളല്ല, നമുക്ക് ആഴ്ചയില്‍ ഒരു ദിവസം വിശ്രമം ആവശ്യമാണ് മാര്‍പാപ്പ പറയുന്നു.
കുടുംബങ്ങളില്‍ സമാധാനം ഉണ്ടാകണമെന്ന് മാര്‍പാപ്പ ആഗ്രഹിക്കുന്നു. സ്‌നേഹമാണ് സുഖപ്പെടുത്തുകയും തെറ്റുകളില്‍നിന്നും മോചിപ്പിക്കുകയും ചെയ്യുന്ന ശക്തി. കുടുംബത്തില്‍ ഒരിക്കലും സമാധാനമില്ലാതെ ഒരു ദിവസം അവസാനിപ്പിക്കുവാന്‍ പാടില്ല; മാര്‍പാപ്പ പറയുന്നു.
സ്ത്രീകളെ ബഹുമാനിക്കുവാന്‍ മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു. വനിതകളുടെ നേതൃത്വവും ഉപദേശവും കാഴ്ചപ്പാടും അംഗീകരിക്കാനാവാത്ത ലോകത്തിന് പുരോഗമനമുണ്ടാക്കുകയില്ല എന്ന് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കുന്നു. നമുക്ക് സുരക്ഷിതത്വം വേണമെങ്കില്‍ നാം സുരക്ഷിതത്വം നല്‍കണമെന്ന് മാര്‍പാപ്പ പറയുന്നു.
നമ്മളോട് മറ്റുള്ളവര്‍ എന്തുചെയ്യണമെന്ന് ആഗ്രഹിക്കുന്നുവോ, അത് നാം മറ്റുള്ളവരോട് ചെയ്യുക എന്ന സുവര്‍ണ നിയമം ഒരിക്കല്‍ യു.എസ്. കോണ്‍ഗ്രസില്‍ അഭയാര്‍ത്ഥി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ അവിടെക്കൂടിയ രാഷ്ട്രനേതാക്കളോട് മാര്‍പാപ്പ വെട്ടിത്തുറന്ന് പറഞ്ഞു.
എന്തുകൊണ്ടാണ് നിങ്ങള്‍ മറ്റുള്ളവരെ ദ്രോഹിക്കു ന്നവര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതെന്നും യഥാര്‍ത്ഥ സമാധാന സ്ഥാപകര്‍ രക്തംപുരണ്ട പണം വാരിക്കൂട്ടുന്നതില്‍നിന്നും പിന്മാറണമെന്നും ആയുധക്കച്ചവടത്തിന് ചുക്കാന്‍പിടിക്കുന്ന രാഷ്ട്രനേതാക്കളോട് മാര്‍പാപ്പ പറഞ്ഞു. ദൈവം കാണുത് കണ്ണുകള്‍ കൊണ്ടല്ല ഹൃദയം കൊണ്ടാണെന്നും അതുപോലെ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു. നിരീശ്വരവാദിയായാലും ഏത് മതത്തില്‍പ്പെട്ടവനായാലും ദൈവത്തിന് ഓരോരുത്തരോടും ഉള്ളസ്‌നേഹം ഒരുപോലയാണെന്നും മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?