Follow Us On

19

April

2024

Friday

ഭിന്നശേഷിക്കാരെ പരിഗണിക്കണം…

ഭിന്നശേഷിക്കാരെ   പരിഗണിക്കണം…

ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുന്നതിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്നതിനുമായി അന്തര്‍ദ്ദേശീയതലത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്ന് ഭിന്നശേഷിയുള്ളവരുടെ ദിനമായി ആചരിക്കുന്നു. പൊതുസമൂഹം അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോയെന്ന് വളരെ ഗൗരവമായി ചിന്തിക്കണം.
ശാരീരിക, മാനസിക കുറവുകള്‍ മൂലം ആരെയും മാറ്റിനിര്‍ത്താതെ, എല്ലാവരെയും തുല്യതയില്‍ ഉള്‍കൊള്ളുന്ന സമൂഹമാണ് ഉണ്ടാകേണ്ടത്. ഇതിനായി സമസ്തമേഖലകളിലും ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും നടപ്പിലാക്കുന്നതില്‍ നമ്മുടെ രാജ്യവും ഇന്ന് വേണ്ടത്ര പ്രാധാന്യം നല്‍കിവരുന്നുണ്ട്. എങ്കിലും വൈകല്യമുള്ളവരെ പരിഗണിക്കുന്നതില്‍ വിവേചനവും വീഴ്ചയുമുണ്ട്.
ഭിന്നശേഷിയുള്ളവരുടെ ഏതുവിധ പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും പൊതുസമൂഹത്തിന്റെ തന്നെ കുറവാണ്. ശാരീരിക കുറവുകള്‍ മൂലം എല്ലാ മേഖലകളിലും മാറ്റിനിര്‍ത്തപ്പെടേണ്ടവരായി അവരെ കാണുമ്പോള്‍ അതിനെ ഒഴിവാക്കി മുന്നേറാനുള്ള അവസരം ഉറപ്പാക്കണം. നാണക്കേടും കഴിവില്ലായ്മയും എന്നത് എടുത്തുമാറ്റപ്പെട്ട് കൊള്ളാം, സാധിക്കും എന്ന മനോഭാവത്തിന്റെ ഉടമകളാക്കപ്പെടുമ്പോള്‍ പ്രതിബന്ധങ്ങള്‍ ഒഴിവാകുന്നു.
ഇതിനായി അവര്‍ക്ക് നല്‍കപ്പെടുന്ന സഹായ ഉപകരണങ്ങളും പരിശീലനങ്ങളും പിന്തുണയും ആരോഗ്യകരമായ ബോധ്യത്തില്‍ തുല്യതയിലേക്ക് അവരെ വളര്‍ത്തുന്നു. വൈകല്യമെന്നത് കുറവായും തടസപ്പെടുത്തലായും അവരില്‍ നിക്ഷേപിക്കുമ്പോഴാണ് പ്രാപ്തി നഷ്ടപ്പെടുന്നതും പിന്നാമ്പുറങ്ങളിലേക്ക് മാറ്റപ്പെടുന്നതും. ഒന്നിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കരുത്താര്‍ജ്ജിക്കാന്‍ സഹായകരമാണ്. അപ്പോള്‍ കഴിവുകളുടെയും നേട്ടങ്ങളുടെയും അംഗീകാരം, നേതൃത്വം, ശരിയായ പുനരധിവാസം, തുല്യഅവസരം, ദാരിദ്രനിര്‍മാര്‍ജനം, സാമൂഹ്യപരമായ പങ്കാളിത്തം എന്നിവയും സാധ്യമാകും.
സമൂഹത്തിന്റെ പിന്തുണ ഈ കാര്യത്തിലെല്ലാം ആവശ്യമാണ്. ലോക ജനസംഖ്യയുടെ 15% ഭിന്നശേഷിയുള്ളവരാണ്. ഏറ്റവും വലിയ ന്യുനപക്ഷവും അവര്‍ തന്നെ. കഴിവുകളും നേട്ടങ്ങളും അംഗീകരിക്കുന്നതിലൂടെയും പൂര്‍ണമായപങ്കാളിത്വവും സമത്വവും ഉറപ്പുവരുത്തുന്നതിലൂടെയും തുല്യാവകാശ സാഹചര്യം ഒരുക്കുന്നതിലൂടെയും മെച്ചപ്പെട്ട ജീവിതം അവര്‍ക്ക് നല്‍കാനാകും. ഭിന്നശേഷിയുള്ളവരെക്കുറിച്ച് ചര്‍ച്ചചെയ്യുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
2016-ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്നത് 21 വിധത്തിലുള്ള ഭിന്നശേഷിയുള്ളവരാണ്. എന്നാല്‍ ഈ നിയമത്തിന്റെ നാല് ന്യൂനതകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതായിട്ടുണ്ട്. 1, ഒരു പരാതി പരിഹാര വേദിയില്ല. 2, കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ അഡാപ്റ്റീവ് ടെക്‌നോളജി നടപ്പിലാക്കുന്നില്ല. 3, 40% ല്‍ താഴെയുള്ള ഭിന്നശേഷിക്കാരെ പരിഗണിക്കുന്നില്ല. 4, സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തിയിട്ടില്ല.
ശാരീരിക മാനസിക കുറവുകള്‍ മൂലം ആരെയും മാറ്റിനിര്‍ത്തപ്പെടാത്ത, പൂര്‍ണമായും ഉള്‍കൊള്ളുന്ന ഒരു സമൂഹസൃഷ്ട്ടിക്കായി, ഭരണ, അധികാര, പൊതുസമൂഹം ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണം. കുറവുകളോടെ ജനിച്ചുവീഴുന്ന ഒരു കുട്ടിയുടെ ഭൂമിയിലെ ജനനംമുതല്‍, ഇതര കാരണങ്ങളാല്‍ വൈകല്യമുള്ളവരായിതീരുകയാണെങ്കില്‍ അന്ന് മുതല്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കപ്പെടണം. ഈ വിധത്തില്‍ സമഗ്രമായതും ചിട്ടയായതുമായ പ്രവര്‍ത്തനങ്ങളിലൂടെ ഭിന്നശേഷിയെന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും മെച്ചപ്പെട്ട വളര്‍ച്ചക്കായും ഉപയുക്തമാക്കാം.

 ഫാ. ജോസ് ആന്റണി സി.എം.ഐ
(20 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ലേഖകന്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?