Follow Us On

27

September

2020

Sunday

നിത്യതയിലേക്കു പാലം തീർത്ത ശ്രേഷ്ഠ ബലി

നിത്യതയിലേക്കു പാലം തീർത്ത ശ്രേഷ്ഠ ബലി

”നിത്യപുരോഹിതന്റെ നിഴൽ പതിയുന്ന ബെത്‌ലെഹെമിലെ ബലിവേദിക്കരികിൽ രാജാവും പുരോഹിതനുമായ, നീതിമാനും സമാധാനരാജാവുമായ മെൽക്കിസെദെക്കുണ്ട്, കാഴ്ചബലിയുമായി. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 6’ 

ബെത്‌ലെഹെമിലെ യേശുവിന്റെ ജനനം ഒരു പുരോഹിതന്റെ പിറവിയായിരുന്നു. അനശ്വരവും അനന്യവുമായ ബലിയർപ്പിക്കാൻ നിയോഗിക്കപ്പെട്ടവന്റെ പിറവി. അവന്റെ പക്കൽ വന്നാരാധിച്ചു മടങ്ങിയ പൂജരാജാക്കന്മാർ സമർപ്പിച്ച കാഴ്ചകളിൽ ആ പൗരോഹിത്യത്തിന്റെ സൂചനകളുണ്ടായിരുന്നല്ലോ. യേശു എന്ന നിത്യപുരോഹിതനാണു പുൽക്കൂട്ടിൽ അവതരിച്ചിരിക്കുന്നതു എന്നും അവൻ നിത്യതയുടെ ബലിയർപ്പിക്കാൻ വന്നിരിക്കുന്നവനാണെന്നും ഉള്ള പരസ്യപ്രഖ്യാപനമായിരുന്നു അവരിലൊരാളാർപ്പിച്ച കുന്തിരിക്കം നൽകിയ ധ്വനി. പുരോഹിതവംശത്തിന്റെ പുറത്തു ജനിച്ച, പൗരോഹിത്യത്തിന്റെ അടയാളങ്ങളിൽ നിന്നെല്ലാം അകന്നു ജീവിക്കാനിരിക്കുന്ന, ജീവിതകാലത്തു പൗരോഹിത്യത്തിന്റെ ശൈലീഭേദങ്ങളെ വേദനയോടെ വിമർശിക്കാനിരിക്കുന്ന ഒരുവന്റെ പിറവിയിൽ പൗരോഹിത്യത്തിന്റെയും നിത്യബലിയുടെയും നിഴലടയാളങ്ങളുണ്ടായിരുന്നുവെന്നത് വിസ്മയമുണർത്തുന്ന ചിന്തയാണ്.

പുരോഹിതൻ എന്ന സംജ്ഞക്കു “പാലം പണിയുന്നവൻ” എന്നർത്ഥം വരുന്ന ‘പൊന്തിഫിക്‌സ്‌’ (Pontifix) എന്ന പദവുമായി ബന്ധമുണ്ട് എന്നാണ് ഭാഷാശാസ്ത്രം പറയുന്നത്. തന്റെ ആത്മബലിയിലൂടെ ദൈവമനുഷ്യ ബന്ധത്തിന്റെ പാലങ്ങൾ പണിത പുരോഹിതനാണ് ക്രിസ്തു. ആ ശ്രേഷ്ഠബലിയർപ്പകന്റെ നിഴലായി ഹെബ്രായർക്കുള്ള ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന രാജകീയ പുരോഹിതനാണ് മെൽക്കിസെദേക്. ക്രിസ്തുവുമായുള്ള ഒരുപാട് സാമ്യങ്ങൾകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നയാൾ. ഒരർത്ഥത്തിൽ ക്രിസ്തുവിന്റെ നിത്യവും ശ്രേഷ്ടവുമായ ബലിയിലേക്കു പാലം പണിത ബലിയായിരുന്നു മെൽക്കിസെദേക്കിന്റെത്.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ പഴയനിയമ പതിപ്പായ മെൽക്കിസെദേക്കിനെക്കുറിച്ചുള്ള പരാമർശങ്ങൾ പഴയനിയമത്തിൽ ഉൽപ്പത്തി 14:18-20 ലും സങ്കീർത്തനം 110:4 ലുമാണുള്ളത്. ലേവിയുടെ വംശത്തിനു മുമ്പേ പൗരോഹിത്യധർമ്മം നിർവ്വഹിച്ചവൻ. ക്രിസ്തുവും ലേവിവംശജനായിരുന്നില്ല. സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായാണ് അദ്ദേഹം ചിത്രീകരിക്കപ്പെടുന്നത്. മെൽക്കിസെദേക്ക് പേരുകൊണ്ട് ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. ആ പേരിനു ഒന്നാമത് നീതിയുടെ (സെദേക് ) രാജാവെന്നും രണ്ടാമത് സലേമിന്റെ- സമാധാനത്തിന്റെ രാജാവെന്നുമാണ് അർഥം. സമാധാനത്തിന്റെ രാജാവും നീതിസൂര്യനുമാണല്ലോ ക്രിസ്തു. മെൽക്കിസെദേക്കിന്റെ പിതാവിനെയോ മാതാവിനെയോ, ജനനത്തെയോ മരണത്തെയോ കുറിച്ച് പരാമർശങ്ങളില്ല. ക്രിസ്തുവും ജനിമൃതികൾക്കതീതനാണല്ലോ. പൂർവ്വപിതാവായ അബ്രാഹത്തെപ്പോലും അനുഗ്രഹിച്ച, അദ്ദേഹത്തിൽനിന്നും ദശാംശം സ്വീകരിച്ചവനാണ് മെൽക്കിസെദേക്. “അബ്രാഹത്തിനു മുൻപ് ഞാനുണ്ട് ” എന്ന ക്രിസ്തുവിന്റെ വാക്കുകളെ ഇതിനോടു ചേർത്ത് വായിക്കണം.

പാപങ്ങൾ നീക്കിക്കളയാൻ പ്രാപ്തിയില്ലാത്ത കാളകളുടെയും കോലാടുകളുടെയും രക്തം കൊണ്ടല്ല അപ്പവും വീഞ്ഞും ഉപയോഗിച്ചാണ് മെൽക്കിസെദേക്ക് ബലിയർപ്പിച്ചത്. അത് സ്വശരീരരക്തങ്ങളിലൂടെ ക്രിസ്തു അർപ്പിക്കാനിരുന്ന ആത്മബലിയുടെ ആദ്യരൂപമായി മാറി. മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം നിത്യപുരോഹിതനായ ക്രിസ്തു, ബലിയർപ്പകനും ബലിവസ്തുവും തമ്മിലും അർപ്പകനും ദൈവവും ജനവും തമ്മിലും ഉള്ള അകൽച്ചകളെ നീക്കി. ആത്മദാനത്തിലൂടെ എല്ലാ ബലികളെക്കാളും ശ്രേഷ്ഠബലിയർപ്പിച്ച അവൻ ദൈവമനുഷ്യബന്ധത്തിന്റെ പാലം പണിതു. അനന്യവും അനശ്വരവുമായ ബലിയർപ്പിച്ച മെൽക്കിസെദേക്കിന്റെ സാദൃശ്യത്തിൽ ക്രിസ്തുവും സമാനതകളില്ലാത്ത സ്വയം ദാനത്തിലൂടെ അനശ്വരനായി, നിത്യപുരോഹിതനായി.

മെൽക്കിസെദേക്ക് എന്ന ശ്രേഷ്ഠ രാജകീയ പുരോഹിതൻ ക്രിസ്തുവിലേക്കുള്ള ബലിദൂരത്തിൽ പാലം പണിതവനാണ്‌. അവന്റെ നാമം ധ്വനിപ്പിക്കുന്നതുപോലെ നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊണ്ട ആ പുരോഹിതൻ നീതിക്കുവേണ്ടി നിലകൊള്ളുകയും സമാധാനത്തിന്റെ സംവഹകനാവുകയും ചെയ്ത ക്രിസ്തുവിന്റെ മുന്നോർമ്മയായി. അനുഷ്ടാനപരമായതിനേക്കാൾ അസ്തിത്വപരവും ആന്തരികവുമായ മാനം ബലിക്കുണ്ടെന്ന ചിന്ത മെൽക്കിസെദേക്ക് ഉണർത്തിയെങ്കിൽ ആ ചിന്തയെ സ്വന്തം ആത്മാർപ്പണത്തിലൂടെ അനശ്വരമാക്കി, ക്രിസ്തു. നിത്യപുരോഹിതന്റെ നിഴൽ പതിയുന്ന ബെത്‌ലെഹെമിലെ ബലിവേദിക്കരികിൽ രാജാവും പുരോഹിതനുമായ, നീതിമാനും സമാധാനരാജാവുമായ മെൽക്കിസെദെക്കുണ്ട്, കാഴ്ചബലിയുമായി.

രാജകീയ പൗരോഹിത്യത്തിലേക്കും ശുശ്രൂഷാപൗരോഹിത്യത്തിലേക്കും വിളിക്കപ്പെട്ടിരിക്കുന്ന എന്നിൽ ക്രിസ്തു എന്ന നിത്യപുരോഹിതൻ ഇനിയും പിറവി എടുത്തിട്ടില്ലേ? അനുഷ്ഠാനപരതയിൽനിന്നും ആന്തരികതയിലേക്കും ആത്മദാനത്തിലേക്കും എന്റെ ബലിജീവിതം ഇനിയും രൂപാന്തരപ്പെട്ടിട്ടില്ലേ ? മെൽക്കിസെദേക്കിനെപ്പോലെ നിത്യതയിലേക്കും നിത്യപുരോഹിതനിലേക്കും പാലം പണിയുന്നവനാകാൻ എനിക്കാകുമോ?

പ്രാർത്ഥന: നിത്യപുരോഹിതനായ ഈശോയേ, സ്വയം ബലിയർപ്പകനും ബലിവസ്തുവുമായ അങ്ങയെപ്പോലെ ആത്മദാനത്തിലൂടെ ദൈവമനുഷ്യബന്ധങ്ങൾക്കിടയിൽ പാലമാകാൻ എന്നെ അനുഗ്രഹിക്കണമേ .

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?