Follow Us On

10

August

2020

Monday

ക്രിസ്മസ് ആഘോഷത്തിലേക്ക് വത്തിക്കാൻ; ഇത്തവണത്തെ പുൽക്കൂടും ട്രീയും ആൽപ്പൈൻ ജനതയുടെ സമ്മാനം!

ക്രിസ്മസ് ആഘോഷത്തിലേക്ക് വത്തിക്കാൻ; ഇത്തവണത്തെ പുൽക്കൂടും ട്രീയും ആൽപ്പൈൻ ജനതയുടെ സമ്മാനം!

വത്തിക്കാൻ സിറ്റി: തിരുപ്പിറവി ആഘോഷത്തിന്റെ വരവറിയിച്ച് വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുങ്ങി. വടക്കൻ ഇറ്റലിയിലെ ആൽപ്പൈൻ മലയോര സമൂഹത്തിലെ കലാകാരന്മാരുടെ സമ്മാനമാണ് ഇത്തവണത്തെ പുൽക്കൂടും ട്രീയും. 2018ൽ വടക്കൻ ഇറ്റലിയിൽ ഉണ്ടായ കൊടുങ്കാറ്റിന്റെ കെടുതികൾ അനുഭവിച്ച ത്രിവെനേത്തോ, സ്‌കുരേല്ല മലയോര പ്രദേശത്തെ ജനങ്ങളാണ് വത്തിക്കാൻ ഗവർണറേറ്റിലെ ജോലിക്കാർക്കൊപ്പം പുൽക്കൂട് ഒരുക്കിയത്.

കലാകാരന്മാരും കുടുംബാംഗങ്ങളും സ്ഥലത്തെ ഇടവക വികാരിമാരും ബിഷപ്പും ഉൾപ്പെടെയുള്ള 600ൽപ്പരം ചേർന്നാണ് വലിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും പാപ്പയ്ക്ക് സമ്മാനിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന പുൽക്കൂടിന് നിരവധി സവിശേഷതകളുണ്ട്. സ്‌കുരേല്ലായിലെ കലാകാരന്മാർ മരത്തിൽ കൊത്തിയെടുത്ത 23 പ്രതിമകളാണ് പുൽക്കൂടിനെ മനോഹരമാക്കുന്നത്. ഇത് വടക്കൻ ത്രെന്തീനോ പാരമ്പര്യത്തിന്റെ പ്രതീകമാണ്.

മാത്രമല്ല, ത്രിവെനേത്തോ ശൈലിയിലുള്ള കെട്ടിടങ്ങളും നേറ്റിവിറ്റിയുടെ ദൃശ്യാവിഷ്‌ക്കാരത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കൊടുങ്കാറ്റിൽ നിലംപരിശായ വലിയ മരങ്ങളുടെ കടകൾ പുൽക്കൂടിന്റെ പാർശ്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. 85 അടി ഉയരമാണ് ത്രിവെനേത്തോ നിവാസികൾ സമ്മാനിച്ച ക്രിസ്മസ് ട്രീയ്ക്കുള്ളത്. സ്വർണ- വെള്ളി നിറങ്ങളിലുള്ള ഗോളങ്ങൾക്കൊപ്പം, വൈദ്യുതി കുറച്ചുമാത്രം ഉപയോഗിക്കുന്ന മാല ബൾബുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, 20 ചെറിയ ക്രിസ്മസ് ട്രീകളും ആൽപ്പ്‌സിലെ മറ്റൊരു പ്രൊവിൻസായ വിസെൻസയിലെ ജനങ്ങളും സമ്മാനിച്ചിട്ടുണ്ട്.

പുൽക്കൂട് ഒരുക്കിയവരുമായുള്ള പാപ്പയുടെ കൂടിക്കാഴ്ചയ്ക്ക് വേദിയായ പോൾ ആറാമൻ ഹാളിലും ഒരു പുൽക്കൂട് ക്രമീകരിച്ചിരുന്നു. ആൽപ്പൈൻ മലഞ്ചരുവിൽ പാർക്കുന്നവരുടെ സ്‌നേഹത്തിന്റെ പ്രതീകമായി ഈ സമ്മാനത്തെ വാഴ്ത്തിയ പാപ്പ, അവരുടെ സഭാധ്യക്ഷന്മാർക്കും പൗരപ്രമുഖർക്കും കലാകാരന്മാർക്കും നിർമാണത്തിൽ സഹകരിച്ച സകലർക്കും നന്ദിയർപ്പിക്കുകയും ചെയ്തു. വത്തിക്കാൻ ചത്വരത്തിൽ ഉയർന്നു നൽകുന്ന സ്പ്രൂസ് വർഗത്തിൽപ്പെട്ട വൃക്ഷവും അതിൽ തെളിഞ്ഞുനിൽക്കുന്ന നിറദീപങ്ങളും പ്രത്യാശയുടെ അടയാളമാണ്. അതുപോലെ വത്തിക്കാന്റെ തോട്ടത്തിലേക്കും അവർ സമ്മാനിച്ച വൃക്ഷത്തൈകളും പരിസ്ഥിതിയെ മെച്ചപ്പെടുത്താൻ സഹായകമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

ഡിസംബർ അഞ്ചിന് തീർത്ഥാടകർക്കായി തുറന്നുകൊടുത്ത പുൽക്കൂട്, ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാളായ ജനുവരി രണ്ട് വരെ പ്രദർശനത്തിനുണ്ടാകും. പതിനായിരക്കണക്കിന് ആളുകളാണ് വത്തിക്കാനിലെ പുൽക്കൂട് സന്ദർശിക്കാനെത്തുക. ഓരോ വർഷവും വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാർ, അതത് രാജ്യങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹിക സാഹചര്യം വെളിപ്പെടുത്തും വിധമാണ് വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടുകൾ ഒരുക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?