Follow Us On

27

January

2021

Wednesday

മരുഭൂമിയിലെ ബലിയാത്ര

മരുഭൂമിയിലെ ബലിയാത്ര

”ഇസ്രായേലിന്റെ ബലിയാത്രയും മോശയുടെ ബലിജീവിതവും ക്രിസ്തുവിന്റെ ബലിയുടെ വഴിയിലെ നിർണ്ണായക മുഹൂർത്തങ്ങളാണ്. പെസഹാക്കുഞ്ഞാടിൽനിന്നും ‘ദൈവം തരുന്ന’ ബലിക്കുഞ്ഞാടിലേക്കുള്ള യാത്രയിൽ ഒരു വിശ്വാസി കടന്നുപോകേണ്ട വഴികളെ അത് അടയാളപ്പെടുത്തുന്നു.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 7’ 

ഫാ. ബെന്നി നൽക്കര സി.എം. ഐ

തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസായേലിന്റെ മരുഭൂമിയിലൂടെയുള്ള യാത്ര ബലിവഴികളിലൂടെയുള്ള പുറപ്പാടുയാത്രയായിരുന്നു, എല്ലാ അർത്ഥത്തിലും. പെസഹാക്കുഞ്ഞാടിൻ ബലിയോടെ ആരംഭിച്ച ആ യാത്ര ദൈവം നൽകാനിരുന്ന ദേശത്തേക്കുള്ള യാത്ര മാത്രമായിരുന്നില്ല. അത് ‘ദൈവം തരാനിരിക്കുന്ന’ ബലിക്കുഞ്ഞാടിന്റെ ഓർമ്മയുണർത്തുന്ന യാത്ര കൂടിയായിരുന്നു. മോശയുടെ നേതൃത്വത്തിൽ, ഈജിപ്തിലെ അടിമത്തത്തിൽനിന്നും വിമോചിതരായ ഇസ്രായേൽ ജനതയുടെ നാൽപത് സംവത്സരങ്ങൾ നീണ്ട ബലിയാത്ര വിശ്വസ്തതയുടെയും അവിശ്വസ്തതയുടെയും, സന്തോഷങ്ങളുടെയും സഹനങ്ങളുടെയും, നിരാശയുടെയും പ്രതീക്ഷയുടെയും സമ്മിശ്രാനുഭവങ്ങൾ നിറഞ്ഞ ഒന്നായിരുന്നു.

പ്രവാചകനും പുരോഹിതനും നേതാവുമായി ഈ യാത്രയിൽ ദൈവജനത്തെ നയിച്ച മോശയുടെ ജീവിതം തന്നെ ബലിജീവിതമായിരുന്നു. നൈൽനദിയിൽനിന്നും യാഹ്വയുടെ വരദാനമായി ലഭിച്ച ആ ജീവിതത്തിൽ ലക്ഷ്യവും മാർഗ്ഗവും തമ്മിലുള്ള തിരഞ്ഞെടുപ്പുകളിൽ തെറ്റിപ്പോകുന്നുണ്ടെങ്കിലും ദൈവവഴികളിൽ കാലുറപ്പിക്കാൻ മോശയ്ക്കായി. ഈജിപ്തിൻറമേൽ ബാധകളയക്കാനും ചെങ്കടൽ മുറിച്ചുകടന്ന് വിമോചിതരാകാനും ഇസ്രായേലിനുവേണ്ടി ദൈവം മോശയെ ഉപകരണമാക്കി. അടിമത്തത്തിന്റെയും വിപ്രവാസത്തിന്റെയും ദുഃഖങ്ങളും, ഇരുളും വെളിച്ചവുമെന്നപോലെ വിശ്വസ്തതയും അവിശ്വസ്തതയും മാറിമാറിയെത്തുന്ന ഇസ്രായേൽ ജനതയുടെ നേതൃജോലി സമ്മാനിച്ച വിഷമങ്ങളും മോശയുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ ബലിജീവിതമാക്കുകയായിരുന്നു. എങ്കിലും കത്തുന്ന മുൾപ്പടർപ്പിൽ താൻ കണ്ട ദൈവത്തിന്റെ സാന്നിദ്ധ്യം മരുഭൂമിയിലെ ബലിയാത്രകളുടെ നീളം തിരിച്ചറിയാൻ മോശയ്ക്കായി.

സംസാരപാടവമില്ലാത്തവനും വിക്കനുമായിരുന്ന മോശയുടെ ബലഹീനതകളെയെല്ലാം നീക്കി ബലിവേദിയിലേക്കാനയിക്കുകയാണ് ദൈവം. സഹോദരനായ അഹറോനെ പുരോഹിതനായും സഹപ്രവർത്തകനായും നൽകിക്കൊണ്ട് ദൈവം മോശയെ ശക്തിപ്പെടുത്തി. താൻ തിരഞ്ഞെടുക്കുന്നവരുടെ ബലിവഴികളിൽ താങ്ങും തണലുമായി തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും, താൻ അവരെ ശക്തിപ്പെടുത്തുമെന്നും മോശയിലൂടെ ദൈവം വെളിപ്പെടുത്തുന്നു. ഫറവോയുടെ മുമ്പിൽ സ്വരമുയർത്താനും വിമോചനത്തിലേക്ക് ഇസ്രായേലിനെ നയിക്കാനും ദൈവം മോശയെ ഉപകരണമാക്കി. എന്നാൽ, ഇതിനെക്കാൾ വലിയ അഗ്‌നിപരീക്ഷകളായിരുന്നു മോശയെ കാത്തിരുന്നത്.

രക്ഷയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും മരുഭൂമിയിലെ ബലിയാത്ര മോശയ്ക്കും ഇസ്രായേലിനും ദുരിതപർവ്വമായി മാറി. മരുഭൂമിയിലെ ചൂടിനെക്കാളും മോശയ്ക്കഭിമുഖീകരിക്കേണ്ടിവന്നത് ഇസ്രായേൽ ജനം വച്ചുനീട്ടിയ കഠിനതരമായ അനുഭവങ്ങളാണ്. ഈജിപ്തിലെ ഇറച്ചിപ്പാത്രങ്ങളുടെ സമൃദ്ധിയെക്കുറിച്ചോർത്ത് മുറുമുറുത്തവരും തങ്ങളുടെ ദുർഗതിയെന്നു പറഞ്ഞ് പിറുപിറുത്തവരും മോശയ്ക്ക മുമ്പിൽ വെല്ലുവിളി തീർത്തു. സർവ്വശക്തനായ ദൈവത്തെ മറന്ന്, പുല്ലുതിന്നുന്ന കാളയുടെ മുമ്പിൽ അവർ ആരാധന നടത്തി, അവിശ്വസ്തതയുടെ അവസാനപ്രകടനവും നടത്തി. ദൈവകൽപനകളുമായി സീനായ് മലയിറങ്ങിവന്ന മോശയ്ക്ക്, സത്യദൈവത്തെ മറന്ന് മദിരോത്സവങ്ങളിൽ മുഴുകിയ ജനതയെയാണ് കാണേണ്ടിവന്നത്. കോപത്താൽ ജ്വലിച്ചെങ്കിലും തന്റെ ബലിജീവിതത്തിന്റെ നിയോഗം തിരിച്ചറിഞ്ഞ് മോശ വീണ്ടുംദൈവസന്നിധിയിൽ മദ്ധ്യസ്ഥനായി.

ഇസ്രായേലിന്റെ മരുഭൂമിയാത്രയിൽ അവർക്ക് വിശന്നപ്പോൾ ആകാശത്തുനിന്നും മന്നാ വർഷിക്കാൻ മോശ നിമിത്തമായി. ജീവന്റെ അപ്പമായ ക്രിസ്തുവിലേക്ക് മിഴിതുറക്കാൻ ഈ ബലിയാത്രയിലെ മന്നാ കാരണമായി. മരുഭൂമിയിൽ വർഷിക്കപ്പെട്ട മന്നാ ബത്‌ലെഹമിൽ അപ്പത്തിന്റെ ഭവനത്തിൽ നൽകപ്പെടാൻ പോകുന്ന നിത്യജീവന്റെ അപ്പത്തിന് നാന്ദിയായി. മാറായിൽ കയ്പ്പുനിറഞ്ഞ ജലത്തെ മധുരിക്കുന്നതായി മാറ്റി മോശ ജനത്തിന്റെ പിറുപിറുക്കലുകൾക്കറുതി വരുത്തി ഹൊറേബിലെ പാറയിൽനിന്നും ജലമൊഴുക്കി അവരുടെ ദാഹം തീർത്തു. ഒപ്പം നിത്യജീവൻ ഉറവയിലേക്ക് വഴികാട്ടിയായി. ആഗ്‌നേയസർപ്പങ്ങളുടെ ദംശനമേറ്റവർക്കുമുമ്പിൽ പിച്ചളസർപ്പത്തെയുയർത്തി സൗഖ്യമൊരുക്കി, കുരിശിൽ ഉയർത്തപ്പെടാൻ പോകുന്ന സൗഖ്യദായകനിലേക്ക് വിരൽ ചൂണ്ടി.

അഹറോനോടൊപ്പം കർത്താവിന്റെ ബലിപീഠവും സാക്ഷ്യകൂടാരവും ഒരുക്കുകയും ദൈവകാരുണ്യത്തിന് ബലിയർപ്പിക്കുകയും ചെയ്യുന്നുണ്ട് മോശ. പാപപരിഹാരബലിയും സമർപ്പണബലിയും സമാധാനബലിയും ഒന്നൊന്നായി അർപ്പിച്ച് ഇസ്രായേലിനെ വീശുദ്ധീകരിക്കുന്ന മോശ ഈ മൂന്ന് ബലികളും തന്റെ കുരിശിലെ ബലിയിലൂടെ ഒരുമിച്ചർപ്പിച്ച് രക്ഷ സാധിക്കുവാനിരിക്കുന്നവൻ ബലിയർപ്പണത്തിൻറ മുന്നോർമ്മയായി. മോശയ്ക്ക് വാഗ്ദാനനാട്ടിൽ പ്രവേശിക്കാൻ ഭാഗ്യമുണ്ടായില്ല. വിമോചനയാത്രയ്ക്ക്മു ന്നണിപ്പോരാളിയായവൻ, മരുഭൂമിയിലെ ബലിയാത്രകളിൽ കരുത്തും കാവലുമായവൻ നിയോഗം വാഗ്ദത്തഭൂമിയുടെ പടിവാതിലിൽ ദൈവജനത്തെ എത്തിച്ച് പിൻവാങ്ങുകയായിരുന്നു. ചില ബലിനിയോഗങ്ങൾ അങ്ങനെയാണ്. വാഗ്ദാനം പ്രാപിക്കാനല്ല, മറ്റുള്ളവരെ വാഗ്ദാനപ്രാപ്തിക്ക് പ്രാപ്യരാക്കി മടങ്ങാനുള്ള നിയോഗങ്ങളാണ്.

ഇസ്രായേലിന്റെ ബലിയാത്രയും മോശയുടെ ബലിജീവിതവും ക്രിസ്തുവിന്റെ ബലിയുടെ വഴിയിലെ നിർണ്ണായക മുഹൂർത്തങ്ങളാണ്. പെസഹാക്കുഞ്ഞാടിൽനിന്നും ‘ദൈവം തരുന്ന’ ബലിക്കുഞ്ഞാടിലേക്കുള്ള യാത്രയിൽ ഒരു വിശ്വാസി കടന്നുപോകേണ്ട വഴികളെ അത് അടയാളപ്പെടുത്തുന്നു. ഇരുളും വെളിച്ചവും മാറിമാറിയെത്തുന്ന വിശ്വാസത്തിന്റെ വഴിയാത്രകളൊക്കെ ബലിയാത്രകളാണ്. കളഞ്ഞുപോയതിൻറ സുഭിക്ഷതയോ സ്വസ്ഥതയോ, കിട്ടാതെ പോകുന്നതിന്റെ ഇല്ലായ്മയോ സങ്കടങ്ങളോ ഈ യാത്രയിൽ ഒരുവനെ അസ്വസ്ഥമാക്കിയേക്കാം. താൽക്കാലികാശ്വാസം നൽകുന്ന ശക്തികളുടെ പിറകേപോകാൻ പ്രേരണയുണ്ടായേക്കാം. ഏൽപിക്കപ്പെടുന്ന ദൗത്യവും, സംരക്ഷിക്കേണ്ട ആളുകളും ഭയപ്പെടുത്തുകയോ മറുതലിക്കുകയോ ചെയ്‌തേക്കാം. മേഘസ്തംഭമായും അഗ്‌നിസ്തംഭമായും മന്നയായും കാടപ്പക്ഷിയായും മെരീബായിലെ നീരുറവയായും ദൈവത്തിന്റെ രക്ഷാകര അടയാളങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ അവയൊക്കെ രക്ഷയിലേക്ക് നയിക്കുന്നവയാണെന്ന് തിരിച്ചറിയാനാകുമ്പോഴാണ് ഈ ബലിയാത്ര ലക്ഷ്യത്തിലെത്തുന്നത്.

എൻറെ ജീവിതത്തിൻറ മരുഭൂയാതകളിൽ ദൈവനിയോഗത്തിന്റെ വഴികളിലുടെ
നടക്കാൻ എനിക്കാകുന്നുണ്ടോ? ബത്‌ലെഹമിലേക്കുള്ള എന്റെ യാത്രയിൽ ഞാൻ പിന്നിടേണ്ട മരുഭൂമികളും യാത്രകളും എന്നെ നിരാശനും അസ്വസ്ഥനുമാക്കുന്നുണ്ടോ? എൻറ
നിയോഗങ്ങളിൽനിന്നും എന്നെ കൊത്തിവലിക്കുന്ന എല്ലാ ബാഹ്യശക്തികളോടും സന്ധി ചെയ്യാതെ, എൻ ബലിവഴി പിന്നിടാൻ എനിക്കാകുന്നുണ്ടോ?

പ്രാർത്ഥന: ദൈവമേ, എന്റെ ജീവിതത്തിന്റെ മരുഭൂയാത്രകളിൽ നീ നൽകുന്ന നിയോഗങ്ങളെ വിശ്വസ്തതയോടെ നിറവേറ്റാൻ എനിക്ക് കൃപ നൽകണമെ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?