Follow Us On

11

August

2020

Tuesday

ദൈവസ്നേഹത്തെപ്രതി ജ്വലിച്ച ബലിയഗ്നി- ബലിയൊരുക്കങ്ങൾ VIII 

ദൈവസ്നേഹത്തെപ്രതി ജ്വലിച്ച ബലിയഗ്നി- ബലിയൊരുക്കങ്ങൾ VIII 
”എലിയാ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പലപ്പോഴും ക്രിസ്തുവിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. അനീതിക്കും അക്രമത്തിനും ചൂഷണത്തിനുമെതിരെയുള്ള ഏലിയായുടെ തീവ്രപ്രതികരണങ്ങൾ ക്രിസ്തുവിനെ പ്രതിധ്വനിപ്പിക്കുന്നു. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 8’ 
ഫാ. ബെന്നി നൽക്കര സി.എം.ഐ
ഇസ്രായേലിന്റെ പ്രവാചകനിരയിലെ ആദ്യസാന്നിധ്യമായ എലിയാ പ്രവാചകൻ ദൈവസ്നേഹത്തെപ്രതി ജ്വലിച്ച ജീവിതം കൊണ്ടും സത്യദൈവത്തെ പ്രസാദിപ്പിച്ച ബലികൊണ്ടും ക്രിസ്തുവിന്റെ ബലിവഴികളിൽ മുന്നേ നടന്നവനാണ്. തന്റെ പരസ്യജീവിതകാലത്തു “താൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?” എന്ന യേശുവിന്റെ ചോദ്യത്തിന്  “ചിലർ സ്നാപകയോഹന്നാൻ എന്നും മറ്റു ചിലർ എലിയാ എന്നും” ഉള്ള ശിഷ്യരുടെ മറുപടിയിൽ,  യേശുവിന്റെ ജീവിതം എത്രമാത്രം ഏലിയായെ ഓർമ്മപ്പെടുത്തി എന്നതിന് സാക്ഷ്യമാണ്.
ദൈവസ്നേഹത്താൽ ജ്വലിച്ച ഏലിയായുടെ ജീവിതം സത്യദൈവത്തിലുള്ള വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും നിദർശനമാണ്. ആഹാബ് രാജാവ് തിന്മയുടെ മൂർത്തീഭാവമായി മാറുകയും ബാൽദേവന് ബലിപീഠം നിർമ്മിക്കുകയും ചെയ്തപ്പോൾ ഏലിയ ദൈവത്തിന്റെ സ്വരമായി. നാബോത്തിന്റെ മുന്തിരിത്തോപ്പ് അന്യായമായി ആഹാബ് കൈവശപ്പെടുത്തിയപ്പോൾ ഏലിയാ നീതിയുടെ ഗർജ്ജിക്കുന്ന ശബ്ദമായി. കർത്താവിന്റെ ബലിപീഠങ്ങൾ തകർത്തവരോടുള്ള കോപം ആ തീക്ഷ്ണമതിയെ ജ്വലിപ്പിച്ചു.
കാർമ്മൽ മലയിലെ ബലിക്കായി കർത്താവിന്റെ തകർന്നു കിടന്നിരുന്ന ബലിപീഠം കേടുപാടുകൾ നീക്കി സജ്ജമാക്കി. ബാൽദേവന്റെ നാന്നൂറ്റമ്പതും ആഷേരായുടെ നാന്നൂറും പ്രവാചകന്മാരെ ഒറ്റയ്ക്ക് നേരിട്ട് ഏലിയാ സത്യദൈവത്തിന്റെ ധീരപോരാളിയായി. ഏലിയായുടെ ദഹനബലി ദൈവസാന്നിധ്യത്തിന്റെ ശക്തമായ അടയാളമായി മാറി.
എലിയാ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പലപ്പോഴും ക്രിസ്തുവിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. അനീതിക്കും അക്രമത്തിനും ചൂഷണത്തിനുമെതിരെയുള്ള ഏലിയായുടെ തീവ്രപ്രതികരണങ്ങൾ ക്രിസ്തുവിനെ പ്രതിധ്വനിപ്പിക്കുന്നു. “നിങ്ങൾ എത്ര നാൾ രണ്ടു വഞ്ചിയിൽ കാൽവയ്ക്കും” എന്ന ഏലിയായുടെ ചോദ്യത്തിന്റെ ധ്വനി തന്നെയല്ലേ “ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ ആർക്കും സാധ്യമല്ല” എന്ന ക്രിസ്തുവചനങ്ങൾക്കുമുള്ളത്.
സറേഫാത്തിലെ വിധവയുടെ മകനെ ജീവനിലേക്കു തിരിയേ കൊണ്ട് വരികയും അത്ഭുതകരമായി ആ ഭവനത്തിൽ അപ്പം വർധിപ്പിക്കുകയും ഭൂമിയിൽ മഴ പെയ്യിക്കുന്നതുവരെ അവരുടെ കലത്തിലെ മാവു തീർന്നുപോകാതെയും ഭരണിയിലെ എണ്ണ വറ്റിപ്പോകാതെയും ഇരുത്തുന്ന അത്ഭുതകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഏലിയാ, മരിച്ചവരെ ഉയിർപ്പിക്കുകയും അപ്പം വർദ്ധിപ്പിക്കുകയും ചെയ്ത ക്രിസ്തുവിന്റെ മുന്നോർമ്മ തന്നെയാണ്.
കർത്താവിന്റെ ബലിപീഠത്തെക്കുറിച്ചുള്ള ഏലിയായുടെ തീക്ഷ്ണത ദേവാലയം ശുദ്ധീകരിക്കുന്ന ക്രിസ്തുവിലുമുണ്ട്. അന്യദേവന്മാരെ ആരാധിക്കുന്നവരോട് സന്ധിയില്ലാസമരം ചെയ്യുന്ന ഏലിയായെപ്പോലെ ദൈവികമല്ലാത്തതിനെയെല്ലാം ക്രിസ്തുവും അടിച്ചോടിക്കുന്നു. ദൈവത്തിന് വേണ്ടി പോരാടിയവന്റെമേൽ ദൈവം പ്രസാദിച്ചതിന്റെ അടയാളമാണ് ഏലിയായുടെ ബലി. തന്നോടുള്ള തീക്ഷ്ണതയാൽ എരിഞ്ഞവന്റെ പ്രാർത്ഥന കേട്ടു അവന്റെ ബലിയിലേക്കു ദൈവം അഗ്നിയായി ഇറങ്ങി വന്നു. ഭൂമിയിൽ തിന്മകളുടെ ശക്തികളുടെമേൽ വിജയം വരിച്ചു
അനുഗ്രഹമാരി ചൊരിയാൻ ദൈവം വരുമെന്ന് ഏലിയായുടെ ബലി തെളിയിച്ചു. അങ്ങനെ അതു ക്രിസ്തുവിന്റെ ബലിയുടെ പ്രതീകമായി.
ഏലിയാ ബലിവസ്തുവായ കാളയെ സമർപ്പിച്ചു പ്രാർത്ഥിച്ചെങ്കിൽ ക്രിസ്തു എന്ന നിത്യപുരോഹിതൻ സ്വയം ബലിവസ്തുവും ബലിയർപ്പകനുമായി.  ഏലിയായും ഏലിയായുടെ ബലിയും തീർച്ചയായും ക്രിസ്തുവിന്റെ ബലിവഴികളിമുണ്ട്, രക്ഷയിലേക്കും രക്ഷകനിലേക്കും വഴിതെളിക്കുന്ന ദൈവസ്നേഹത്തിന്റെ ജ്വാലയുമായി. ഏതു പ്രതിബന്ധൾക്കും പ്രതിസന്ധികൾക്കും ഇടയിലും അഗ്നിരൂപനായും മന്ദമാരുതനായും കടന്നുവരാൻ ദൈവത്തിനാകുമെന്നു ഏലിയാ ഓർമ്മിപ്പിക്കുന്നു.
ഏതു വിപരീതസാഹചര്യങ്ങളിലും ക്രിസ്തുവിനു സാക്ഷ്യം നൽകാനും അവിടുത്തെ അവതരിപ്പിക്കാനും കഴിയുന്ന പ്രവാചകധീരത എനിക്കുണ്ടോ? ദൈവസ്നേഹാഗ്നിയാൽ ജ്വലിക്കുന്ന ബലിജീവിതമാണോ എന്റേത്? എന്നിലും എനിക്കു ചുറ്റുമുള്ള “ബലിപീഠങ്ങളെ” പുനരുദ്ധരിച്ചു ക്രിസ്തുസാന്നിധ്യത്തിനു വേദിയൊരുക്കാൻ എനിക്കാകുന്നുണ്ടോ?
പ്രാർത്ഥന: ദൈവസ്നേഹത്താലെരിഞ്ഞു പ്രവാചകതീക്ഷ്ണതയോടെ അങ്ങേ ബലിവഴികളിലൂടെ നീങ്ങാൻ കർത്താവേ, എന്ന സഹായിക്കണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?