Follow Us On

11

August

2020

Tuesday

മോണ്‍. ജോസഫ് കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്

മോണ്‍. ജോസഫ് കണ്ടത്തില്‍  ദൈവദാസ പദവിയിലേക്ക്

കൊച്ചി: അമലോത്ഭവ മാതാവിന്റെ അസീസി സന്യാസിനി സമൂഹത്തിന്റെയും (എഎസ്എംഐ) ഗ്രീന്‍ ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെയും സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായ മോണ്‍. ജോസഫ് കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്. കുഷ്ടരോഗികള്‍ക്കായി ജീവിതം സമര്‍പ്പിച്ചതിലൂടെ ‘കേരള ഡാമിയന്‍’ എന്നറിയപ്പെടുന്ന മോണ്‍. കണ്ടത്തിലിന്റെ നാമകരണ നടപടികള്‍ക്കു സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റോമിലെ തിരുസംഘം ഒക്ടോബര്‍ 24ന് അനുമതി നല്‍കി.
1904 ഒക്ടോബര്‍ 27നു വൈക്കത്തിനടുത്തു ചെമ്പ് കണ്ടത്തില്‍ വര്‍ക്കി തോമസ്- ക്ലാരമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി മാതൃഭവനമായ ഇടയാഴം തോട്ടുങ്കല്‍ തറവാട്ടിലാണു ജനനം. 1933 ഡിസംബര്‍ 17നു മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചേര്‍ത്തല മുട്ടം പള്ളിയില്‍ സഹവികാരിയായാണ് ആദ്യനിയമനം. വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കണ്ടുമുട്ടിയ കുഷ്ടരോഗികളുടെ ദയനീയ സ്ഥിതിയും ചേര്‍ത്ത മേഖലയിലെ അന്നത്തെ ദാരിദ്ര്യവും അജ്ഞതയും തൊഴിലില്ലായ്മയുമൊക്കെ അച്ചനെ വേദനിപ്പിച്ചു.
1942 ല്‍ ചേര്‍ത്തലയില്‍ കുഷ്ടരോഗാശുപത്രി സ്ഥാപിച്ചു. 1949 ഏപ്രില്‍ രണ്ടിനാണു എഎസ്എംഐ സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്. ശേഷം കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കുഷ്ടരോഗാശുപത്രികള്‍, ആതുരാലായങ്ങള്‍, നഴ്‌സിംഗ് സ്‌കൂളുകള്‍, വിദ്യാലയങ്ങള്‍, അന്ധ-ബധിര വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, അഗതി-വൃദ്ധ മന്ദിരങ്ങള്‍ എന്നിവയ്ക്കും അച്ചന്‍ ആരംഭം കുറിച്ചു. അവഗണിക്കപ്പെട്ടവര്‍ക്കിടയിലെ സേവനങ്ങള്‍ മാനിച്ചു 1969ല്‍ വത്തിക്കാന്‍ അദ്ദേഹത്തിനു മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു. 1991 ഡിസംബര്‍ 12നു ദിവംഗതനായ മോണ്‍. കണ്ടത്തിലിന്റെ കബറിടം ചേര്‍ത്തല മതിലകം എസ്എച്ച് ചാപ്പലിലാണ്.
1986ല്‍ പൊന്തിഫിക്കല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട എഎസ്എംഐ സന്യാസിനി സമൂഹത്തില്‍ ഇന്നു 900 -ഓളം സന്യാസിനികള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കെനിയ, ടാന്‍സാനിയ, മഡഗാസ്‌കര്‍, പാപ്പുവ ന്യൂഗിനിയ, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നുണ്ട്.
നാമകരണത്തിനായുള്ള അതിരൂപതാതല നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സെലസ്റ്റിന്‍ ഫ്രാന്‍സിസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?