Follow Us On

28

March

2024

Thursday

ബലിക്കുഞ്ഞാടിന്റെ അവതാരകൻ- ബലിയൊരുക്കങ്ങൾ IX

ബലിക്കുഞ്ഞാടിന്റെ അവതാരകൻ- ബലിയൊരുക്കങ്ങൾ IX

”ലോകത്തിലേക്ക് വന്ന സത്യമായ ക്രിസ്തുവിനുവേണ്ടി ബലിയായവനാണ് സ്‌നാപകൻ. തന്നിലൂടെ പ്രകാശിതമാകേണ്ടവനാണ്, താനല്ല ഉയർന്നു നിൽക്കേണ്ടതെന്ന ഉൾവെളിച്ചമുള്ളവർക്കേ ഇതിനാകൂ. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ-9’ 

ഫാ. ബെന്നി നൽക്കര സി.എം.ഐ

ക്രിസ്തുവിന്റെ ബലിവഴിയിൽ പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യവാചകമുണ്ട്: ‘ഇതാ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”. ബലിക്കുഞ്ഞാടിന്റെ ബ്രാൻഡ് അംബാസിഡറാവുകയാണ് സ്‌നാപകയോഹന്നാൻ. പ്രവാചകനിരയുടെ അവസാനകണ്ണിയായി, ദൈവപുത്രനെ രംഗത്തവതരിപ്പിക്കുന്ന യോഹന്നാൻ ബലിക്കുഞ്ഞാടിനുമുമ്പേ നടന്നവനാണ് – പ്രവാചകനായും താപസനായും അവതാരകനായും.
ബലിക്കുഞ്ഞാടായ യേശുവിന്റെ ജനനത്തിനുമുമ്പേ, യോഹന്നാൻ എന്ന ‘ദൈവദാനം” ജനിച്ചു. യേശുവിനുമുമ്പേ പ്രഘോഷണജീവിതമാരംഭിച്ചു. യേശുവിനുമുമ്പേ സ്‌നാനം നൽകി. യേശുവിന്റെ ആത്മബലിക്കുമുമ്പേ ബലിയായി സ്വയം സമർപ്പിച്ചു. ക്രിസ്താനുകരണത്തെക്കാൾ ക്രിസ്താവതരണമായിരുന്നു യോഹന്നാന്റെ വിളിയും ദൗത്യവും. ആ അവതരണത്തെ ഏറ്റവും ശ്രേഷ്ഠവും സമാനതകളില്ലാത്ത വിധത്തിലും യോഹന്നാൻ പൂർത്തിയാക്കി.

ബലിക്കുഞ്ഞാടിന്റെ അവതാരകൻ എന്ന നിലയിൽ സ്‌നാപകയോഹന്നാന്റെ ജീവിതംതന്നെ ഒരു ബലിയായിരുന്നു. സ്വന്തം ഇഷ്ടങ്ങളെയും, ജനപ്രീതിയെയും, ഭാവിയെയും ജീവിതത്തെത്തന്നെയും ബലി ചെയ്യുന്നുണ്ട്, യോഹന്നാൻ. കഠിനവും അനാകർഷകവുമായ ജീവിതശൈലി യോഹന്നാൻ തിരഞ്ഞെടുത്തു. ദുഷ്‌കരമായ വഴിയിലൂടെ നടന്നു. വസ്ത്രത്തിൽ, ഭക്ഷണത്തിൽ, ജീവിതചര്യകളിൽ… എല്ലാറ്റിലും യോഹന്നാൻ സ്വന്തം ഇഷ്ടങ്ങളെ ബലിചെയ്തു. വരാനിരിക്കുന്നവന്റെ വഴി വിസ്തൃതമാക്കാൻ വേണ്ടി സ്വന്തം വഴികളെ ഞെരുക്കമുള്ളതാക്കി. കഠിനമായ തപശ്ചര്യകളിലൂടെയും ആത്മീയകാർക്കശ്യത്തിലൂടെയുമുള്ള നിഷ്ഠയായ ജീവിതത്തിന്റെ നാസീർവ്രതമെടുത്ത യോഹന്നാൻ, ദൈവികമായ ദൗത്യത്തിൽനിന്നു മാറിനിൽക്കുന്ന ഒരുനിമിഷം പോലും ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല എന്ന ബോധ്യത്തോടെ ജീവിച്ചു.

തന്റെ സമീപത്ത് സ്‌നാനം സ്വീകരിക്കാൻ വന്ന യേശുവിനെ ചൂണ്ടി യോഹന്നാൻ പറയുന്ന വാക്കുകളിൽ – ‘ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” – യേശുവിന്റെ ബലിജീവിതത്തിന്റെ ചിത്രമുണ്ട്, ഒപ്പം സ്വന്തം ബലിജീവിതത്തിന്റെയും. ബലിക്കുഞ്ഞാടിനെ കാണിച്ചുകൊടുത്ത് സ്വയം പിന്മാറുന്നതിലെ ബലിനിയോഗമാണിവിടെ യോഹന്നാൻ നിവർത്തിക്കുന്നത്. താൻ ജലംകൊണ്ട് സ്‌നാനം നൽകുന്നവനാണെന്നും തനിക്ക് പിന്നാലെ വരുന്നവൻ പരിശുദ്ധാത്മാവുകൊണ്ട് സ്‌നാനം നൽകുമെന്നും പറയുമ്പോൾ, തന്റേത് ഒരു മുന്നൊരുക്കത്തിന്റെ നിയോഗമാണെന്നാണ് യോഹന്നാൻ വ്യക്തമാക്കുന്നത്. ”എനിക്ക് പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ്. അവന്റെ ചെരുപ്പിന്റെ വാറഴിക്കാൻപോലും ഞാൻ യോഗ്യനല്ല” എന്ന് പറഞ്ഞുകൊണ്ട് സ്വന്തം നിയോഗത്തിന്റെ പരിമിതികളിലേക്ക് സ്വയമൊതുങ്ങുകയാണ് അദ്ദേഹം.

അപരനെ, വലിയവനാണെങ്കിൽത്തന്നെയും തന്നെക്കാൾ വലിയവനായി കാണിക്കുവാൻ വലിയ ത്യാഗമനസ്സിന്റെയാവശ്യകതയുണ്ട്. സ്വയം ബലിയാകുന്നിടത്തേ ക്രിസ്തു ജനിക്കൂ, അവിടുന്ന് പ്രകാശിതനാകൂ. ‘അവൻ വളരുകയും ഞാൻ കുറയുകയും വേണം” എന്ന പ്രഖ്യാപനമാണ് യോഹന്നാന്റെ ആത്മബലിയുടെ ഏറ്റവും ഉദാത്തവും നിർമ്മലവുമായ പ്രകാശനം. സ്വന്തം ശിഷ്യൻമാർപോലും യേശുക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന തിരിച്ചറിവിന്റെ നിമിഷങ്ങളിലാണീ പ്രഖ്യാപനം. സ്വന്തം ജീവിതത്തിന്റെ നടുപ്പാതയിൽ ഒരാൾ ദൗത്യനിർവ്വഹണം പൂർത്തിയാക്കി വിടവാങ്ങുന്നതിൽ ഒരു ബലിയുണ്ട്. തന്നിലൂടെ പ്രകാശിതമാകേണ്ടവനാണ്, താനല്ല ഉയർന്നു നിൽക്കേണ്ടതെന്ന ഉൾവെളിച്ചമുള്ളവർക്കേ ഇതിനാകൂ. മറ്റുള്ളവരിലെ നന്മ കാണാനും പ്രഘോഷിക്കാനും സ്വന്തം ഇഷ്ടങ്ങളെയും താൽപര്യങ്ങളെയും വേണ്ടെന്ന് വയ്ക്കുന്നവർക്കേ ഇതിന് എളുപ്പമുണ്ടാകൂ.

സ്‌നാപകയോഹന്നാന്റെ ബലിനിയോഗത്തിന്റെ ഉദാത്തമുഹൂർത്തം സത്യത്തിനു സാക്ഷ്യം വഹിച്ച് ബലിയായിത്തീരുന്ന നിമിഷമാണ്. യാതൊരു ഭീഷണികൾക്കും വഴങ്ങാത്ത ആത്മധൈര്യത്തോടെ, അനീതിക്കും അസത്യത്തിനുമെതിരെ സ്വരമുയർത്തി യോഹന്നാൻ ബലിക്കുഞ്ഞാടിനു വഴിയൊരുക്കി. ലോകത്തിലേക്ക് വന്ന സത്യമായ ക്രിസ്തുവിനുവേണ്ടി ബലിയായവനാണ് സ്‌നാപകൻ. ഹൃദയത്തിൽ ജ്വലനമുള്ളവർക്കേ സാക്ഷിയാകാനാകൂ. ക്രിസ്തുവിനു വഴിയൊരുക്കണം, അവനായി എരിഞ്ഞടങ്ങണം എന്നത് മാത്രമായിരുന്നു യോഹന്നാന്റെ ആഗ്രഹം.

ബലിക്കുഞ്ഞാടിന്റെ അവതാരകനായ യോഹന്നാന്റെ ബലിജീവിതത്തിന്റെ വഴികളിലൂടെയാണ് ക്രിസ്തുവിന്റെ ബലി നിറവേറ്റപ്പെട്ടത്. ബത്‌ലേഹമിൽ പിറന്നവനെ ലോകത്തിനു മുഴുവനുമായുള്ള ബലിക്കുഞ്ഞാടായി അവതരിപ്പിച്ച ആ ജീവിതവും ഒരു ബലിതന്നെയായിരുന്നു. ക്രിസ്തുവിനെ ഈ ലോകത്തിൽ അവതരിപ്പിക്കേണ്ടവരൊക്കെ പിന്തുടരേണ്ട ബലിനിയോഗമാണിത്. സ്വയം എളിമപ്പെടുത്താനും, ത്യാഗം ചെയ്യാനും ഇഷ്ടങ്ങളെ വേണ്ടെന്ന് വയ്ക്കാനും കഴിയുന്നവർക്കേ ക്രിസ്തുവെന്ന ബലിക്കുഞ്ഞാടിന്റെ അവതാരകരാകാനാകൂ. ക്രിസ്തുവിന്റെ മൂല്യങ്ങളാവഹിക്കാത്ത ഒരാൾക്കും ക്രിസ്തുവിനെ സ്വജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്താനാകില്ല. ക്രിസ്തുവിന് പിറവിയെടുക്കാനും, വളരാനും ‘ഞാൻ കുറഞ്ഞേ” പറ്റൂ. എന്റെ ബലിജീവിതമാണ് അവന്റെ അവതരണത്തിന് വേദിയൊരുക്കുന്നത്.

ക്രിസ്തുവിന് കടന്നുവരാൻ വഴിയൊരുക്കേണ്ട എന്റെ ജീവിതത്തെ ഒരു ബലിയായി ഞാൻ സമർപ്പിക്കുന്നുണ്ടോ? സ്‌നാപകനെപ്പോലെ ആത്മനിയന്ത്രണത്തിന്റെയും പരിത്യാഗത്തിന്റെയും ജീവിതവ്രതമനുഷ്ഠിക്കുന്നതിൽ ഞാനെത്രമാത്രം വിജയിക്കുന്നു? എന്നിലൂടെ പ്രകാശിതനാകേണ്ട ക്രിസ്തുവാണ്, ഞാനല്ല ഉയർന്നുനിൽക്കേണ്ടത് എന്ന ദൗത്യബോധത്തിൽ ഞാനാഴപ്പെടുന്നുണ്ടോ?

പ്രാർത്ഥന: കർത്താവായ ഈശോയെ, നിനക്കായി വഴിയൊരുക്കിയും സാക്ഷ്യമേകിയും സ്വയം എരിഞ്ഞടങ്ങിയും ബലിക്കുഞ്ഞാടായ നിന്നെ ലോകത്തിനുമുമ്പിൽ പ്രകാശിപ്പിക്കുവാൻ എന്നെ സഹായിക്കണമെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?