Follow Us On

22

January

2020

Wednesday

കഴിഞ്ഞ വർഷം ഏശയ്യ, ഈ വർഷം ഫിലിപ്പി; ജനപ്രിയ ബൈബിൾ വാക്യം വെളിപ്പെടുത്തി ‘യൂ വേർഷൻ’

കഴിഞ്ഞ വർഷം ഏശയ്യ, ഈ വർഷം ഫിലിപ്പി; ജനപ്രിയ ബൈബിൾ വാക്യം വെളിപ്പെടുത്തി ‘യൂ വേർഷൻ’

ഒക്‌ലഹോമ: 2019 അവസാനിക്കാൻ ദിനങ്ങൾ മാത്രം ശേഷിക്കേ ഒരു ചോദ്യം- ഈ വർഷത്തെ ഏറ്റവും ജനപ്രിയ ബൈബിൾ വാക്യം ഏതാണെന്ന് അറിയാമോ? ”ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ,” (ഫിലിപ്പി 4:6). വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലെ നാലാം ഈ വാക്യമാണ് ഈ വർഷം ലോകമെമ്പാടും ഏറ്റവും അധികം വായിക്കപ്പെട്ടതും പങ്കുവെക്കപ്പെട്ടതും ബുക് മാർക്‌ ചെയ്യപ്പെട്ടതും.

ആഗോളതലത്തിൽതന്നെ ശ്രദ്ധേയമായ, ‘സൗജന്യ ബൈബിൾ ആപ്ലിക്കേഷനായ ‘യൂവേർഷനാ’ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ ഏശയ്യാ 41:10 ആയിരുന്നു ഒന്നാം സ്ഥാനത്ത്: ‘ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും.’

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യൂവേർഷൻ ആപ്പിന്റെ പുതിയ പതിപ്പിന് വലിയ കുതിച്ചുചാട്ടം ഈ വർഷം സംഭവിച്ചെന്നും പിന്നണി പ്രവർത്തകർ പറയുന്നു: ‘ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 30% വർദ്ധനവ് ഈ വർഷം രേഖപ്പെടുത്തി. അമേരിക്കയ്ക്ക് പുറത്തുനിന്ന് അഞ്ച് കോടിയോളം പുതിയ ഉപയോക്താക്കളെ ലഭിച്ചു. അൾജീരിയ, ചാഡ്, പോളണ്ട്, ബംഗ്ലാദേശ്, മൊറോക്കോ എന്നീ രാജ്യങ്ങളിലാണ് ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായത്.

2019ൽ 35.6 ബില്യൺ ബൈബിൾ അധ്യായങ്ങൾ വായിക്കപ്പെടുകയും 5.6 ബില്യൺ അധ്യായങ്ങൾ ശ്രവിക്കപ്പെടുകയും 200 കോടിയോളം അധ്യായങ്ങൾ ബുക്മാർക്ക് ചെയ്യപ്പെടുകയും 47.8 കോടി അധ്യായങ്ങൾ പങ്കുവെക്കപ്പെടുകയും ചെയ്‌തെന്നും അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തു.

ബൈബിൾ വായിക്കാനും ശ്രവിക്കാനും വചനവിചിന്തനം നടത്താനും സഹായിക്കുന്ന യുവേർഷൻ ആപ്പിൽ 1343 ഭാഷകളിലായി 2,013 എഴുതപ്പെട്ട ബൈബിൾ വേർഷനുകളും 417 ഭാഷകളിലായി 527 ഓഡിയോ വേർഷനുകളും ഇപ്പോൾ ലഭ്യമാണ്. 2033ഓടെ ലോകത്തെ 95% ജനസംഖ്യയുടെയും സ്വന്തം ഭാഷയിലുള്ള സമ്പൂർണ ബൈബിൾ തർജമ തയാറാക്കുകയാണ് യൂവേർഷന്റെ ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?