Follow Us On

29

March

2024

Friday

സുപ്രസിദ്ധ ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുൻ പാസ്റ്ററുമായ സജിത്ത് ജോസഫും കുടുംബവും കത്തോലിക്കാസഭയിലേക്ക് 

ആയിരങ്ങൾ മാതൃസഭയിൽ തിരിച്ചെത്തും

സുപ്രസിദ്ധ ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് മുൻ പാസ്റ്ററുമായ സജിത്ത് ജോസഫും കുടുംബവും കത്തോലിക്കാസഭയിലേക്ക് 

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

‘പാസ്റ്റർ സജിത്ത്, അങ്ങു പറയുന്ന സഭാ ചരിത്രം മുഴുവൻ ഇക്കഴിഞ്ഞ 500 വർഷത്തെ സംഭവങ്ങളാണ്. അതിനു മുമ്പുള്ള 1500 വർഷത്തെ ചരിത്രമെന്താണ്? മാർട്ടിൻ ലൂഥറിന് മുമ്പും സഭയുണ്ടായിരുന്നല്ലോ. മാത്രമല്ല, സഭയെയും തിരുവചനത്തെയും കുറിച്ച് പറയുമ്പോഴൊക്കെ അപ്പസ്‌തോലിക സഭകളിലെ വേദപാരംഗതരെയും വിശുദ്ധരെയും ഉദ്ധരിക്കുന്നുമുണ്ട്. അതെന്താണ്?’

പെന്തക്കൊസ്തൽ സെമിനാരിയിൽ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു വിദ്യാർത്ഥി ഉയർത്തിയ ചോദ്യമാണിത്. സുപ്രസിദ്ധ സുവിശേഷ പ്രഘോഷകനും ടി.വി പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്റ് സഭാ മുൻ പാസ്റ്ററുമായ സജിത്ത് ജോസഫിന്റെ കത്തോലിക്കാസഭയിലേക്കുള്ള മടക്കയാത്രയുടെ അന്വേഷണ വഴിയിലെ ആദ്യചുവടായിരുന്നു ഈ ചോദ്യം.

ഏഴു വർഷം നീണ്ട അന്വേഷണത്തിനും പ്രാർത്ഥനയും വിചിന്തനത്തിനുംശേഷമാണ് പാസ്റ്റർ സജിത്ത് ജോസഫും കുടുംബവും കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നുന്നത്. ഇതൊടൊപ്പം അദ്ദേഹം സ്ഥാപിച്ച, ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ള ‘ഗ്രേസ് കമ്മ്യൂണിറ്റി’യിലെ ആയിരക്കണക്കിന് വിശ്വാസികളും അപ്പോസ്‌തോലിക പാരമ്പര്യമുള്ള അവരവരുടെ മാതൃസഭയിലേക്ക് മടങ്ങും. ഈയാണ്ടിലെ ക്രിസ്മസ് മാതൃസഭയ്‌ക്കൊപ്പമായിരിക്കുമെന്ന് ബ്രദർ സജിത്ത് സൺഡേ ശാലോമിനോട് പറഞ്ഞു.

‘ഗ്രേസ് കമ്മ്യൂണിറ്റി’ എന്ന പേരിലുള്ള പെന്തക്കൊസ്താ മുന്നേറ്റത്തിന് ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും ശാഖകളും ഉപശാഖകളുമുണ്ട്. ‘അസംബ്ലീസ് ഓഫ് ഗോഡ്’ ഉൾപ്പെടെയുള്ള  പല സഭാവിഭാഗങ്ങളിലെയും മുഖ്യപ്രഭാഷകനുമായിരുന്നു പാസ്റ്റർ സജിത്ത്. അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ആഫ്രിക്കൻ രാജ്യങ്ങളിലും സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി പലയാവർത്തി സന്ദർശനം നടത്തിയിട്ടുമുണ്ട്.

”എന്നാൽ, ക്രിസ്തുവിന്റെ മഹത്വമാർന്ന പ്രകാശം സത്യസഭയെ അന്വേഷിച്ചുള്ള വഴികൾ താണ്ടാൻ അനുവദിച്ചു.  കേരളത്തിലെ മൂന്നു റീത്തിലുള്ള സഭാ പിതാക്കന്മാരെയും വ്യക്തിപരമായി കണ്ടു സംസാരിച്ചു. ലാറ്റിൻ സഭയിലെ ബിഷപ്പുമാരുടെ സമ്മേളനത്തിൽ ‘ഗ്രേസ് കമ്യൂണിറ്റി’യെക്കുറിച്ച് വിശദമായി വ്യക്തമാക്കി. ബിഷപ്പുമാരെല്ലാം ഹൃദ്യമായ സ്വാഗതമാണ് നൽകിയത്,” ബ്രദർ സജിത്ത് തുടർന്നു:

”വിവിധ റീത്തുകളിൽനിന്ന് കാലങ്ങളായി പിരിഞ്ഞു പോയവർക്ക് അതാത് റീത്തുകളിലേക്കു മടങ്ങാനുള്ള അനുവാദവും അതിലൂടെ ലഭിച്ചു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും ദീർഘനേരം കൂടിക്കാഴ്ച നടത്തി. മാതൃസഭയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന സീറോ മലബാർ സഭാംഗങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.”

യാക്കോബായ- ഓർത്തഡോക്‌സ് സഭാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ‘ഗ്രേസ് കമ്മ്യൂണിറ്റി’ ഇനി എക്യുമെനിക്കൽ സ്വഭാവത്തോടെ തുടരുന്ന സംവിധാനമായിരിക്കും. വിശ്വാസ വഴിയിൽ തെറ്റായി സഞ്ചരിക്കുന്നവരെ അപ്പസ്‌തോലിക സഭയിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ചാലകമായി പ്രവർത്തിക്കുകയാണ് ‘ഗ്രേസ് കമ്മ്യൂണിറ്റി’യുടെ ഇനിയുള്ള നിയോഗം.

സജിത്ത് ജോസഫും കുടുംബവും ആത്മീയ പിതാവായ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തനൊപ്പം.

”തിരുസഭയുടെ മഹത്വം ഇന്നു ഞാൻ തിരിച്ചറിയുന്നു. പരിശുദ്ധ കുർബാനയുടെയും മറ്റു കൂദാശകളുടെയും നൂറ്റാണ്ടുകളിലൂടെ ദൈവം വെളിപ്പെടുത്തുന്ന വിശുദ്ധ പാരമ്പര്യത്തിന്റെയും ശക്തി ഇന്ന് ഞാനറിയുന്നു. ഏറെ വെല്ലുവിളികൾ ഞാൻ നേരിടുന്നുണ്ട്. ഇനിയും നേരിടേണ്ടി വരികയും ചെയ്യാം. എങ്കിലും വിശ്വാസം വീരോചിതമായി ജീവിച്ച അപ്പസ്‌തോലിക സഭയിലെ അംഗമായി എനിക്കും കുടുംബത്തിനും ജീവിക്കണം.”

അപ്പസ്‌തോലിക സഭകളിൽ നിന്ന് കഴിഞ്ഞ കാലങ്ങളിൽ വിവിധ പെന്തക്കോസ്തു സഭകളിലേക്ക് ചേർന്നവർ ആയിരങ്ങളാണ്. ചങ്ങനാശേരിയിൽനിന്നുമാത്രം 200ൽപ്പരം കുടുംബങ്ങളുണ്ട്, ‘ഗ്രേസ് കമ്യൂണിറ്റി’യിൽ. ഇവരെല്ലാം മാതൃസഭയിലേക്ക് മടങ്ങിവരികയാണ്. ലാറ്റിൻ സഭയിലേക്കാണ് ബ്രദർ സജിത്തും കുടുംബവും മടങ്ങുന്നത്.

”തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു തരുന്നു. റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എന്നിവരെല്ലാം ഈ യാത്രയിൽ ഏറെ സഹായിക്കുന്നുണ്ട്. ‘ഗ്രേസ് കമ്യൂണിറ്റിയുടെ എല്ലാ സഭാവിഭാഗങ്ങളിൽനിന്നുമുള്ള ലീഡേഴ്‌സായിട്ടുള്ള ചർച്ചകളും മറ്റും നടത്തിക്കഴിഞ്ഞു. പുനലൂർ ബിഷപ്പ് സിൽവെസ്റ്റർ പൊന്നുമുത്തനാണ് എന്റെ ആത്മീയ പിതാവ്,” സജിത്ത് പറഞ്ഞു.

”ഞാൻ നിരന്തരം ചോദിച്ചു നടന്ന 80ൽപ്പരം ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടി. അപ്പസ്‌തോലിക സഭയുടെ മഹത്വം ഇന്നു ഞാൻ അറിയുന്നു. വിവിധ പ്രൊട്ടസ്റ്റന്റ് സഭകളിൽനിന്നും കത്തോലിക്കാസഭയിലേക്ക് മടക്കയാത്ര നടത്തിയ പലരുടെയും സാക്ഷ്യങ്ങൾ ഈ യാത്രയിൽ സഹായകമായി. അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന സ്‌കോട്ട് ഹാൻ, ജിം ബേൺഹാം തുടങ്ങിയവരുമായുള്ള ബന്ധവും ഈ യാത്രയുടെ ആക്കം കൂട്ടി. ഇനി സഭാപിതാക്കന്മാരുടെ സംരക്ഷണത്തിൽ ശുശ്രൂഷ ചെയ്യുക. മടങ്ങിപ്പോയവരെ തിരിച്ചെത്തിക്കാൻ സഭ ഏൽപ്പിച്ചിരിക്കുന്ന ചുമതല സാധിക്കുംവിധം നിറവേറ്റുക,” സജിത്ത് തന്നിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം വ്യക്തമാക്കി.

സഭാവിശ്വാസവുമായി ബന്ധപ്പെട്ട് ചോദിക്കുന്ന നിർണായക ചോദ്യങ്ങളുടെ ഉത്തരങ്ങൾ ,അന്വേഷണ വഴിയിൽ സഞ്ചരിക്കുന്നവർക്കുവേണ്ടി തയാറാക്കുന്ന ജോലിയാണ് ഇപ്പോൾ ബ്രദർ സജിത്ത്. എല്ലാ നദികളും മഹാസമുദ്രത്തിൽ വന്നു ചേരാതിരിക്കില്ല. ഒറ്റപ്പെട്ടുപോയ ആത്മാക്കളെ മാതൃസഭയുടെ തറവാട്ടുമുറ്റത്തേക്ക് കരം പിടിച്ചു നടത്തുകയാണ് ഇയാൾ.

സജിത്ത് ജോസഫും ഗ്രേസ് കമ്മ്യൂണിറ്റി നേതൃത്വവും കത്തോലിക്കാ ബിഷപ്പുമാരെയും വൈദിക- അൽമായ പ്രതിനിധികളെയും സന്ദർശിച്ചപ്പോൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?