Follow Us On

17

February

2020

Monday

ഇങ്ങനെയാണ് പല പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും തീരുന്നതും

ഇങ്ങനെയാണ് പല പ്രശ്‌നങ്ങള്‍  ഉണ്ടാകുന്നതും തീരുന്നതും

സ്‌നാപകയോഹന്നാന്റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ലൂക്കാ 1:57-66-ല്‍ വിവരിച്ചിരിക്കുന്നത്. ലൂക്കാ 1:5-25 വചനങ്ങളില്‍ സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ വിവരങ്ങളും തുടര്‍ന്ന് എലിസബത്ത് ഗര്‍ഭിണിയാകുന്നതിന്റെ വാര്‍ത്തയുമാണ് വായിക്കുന്നത്. ഗബ്രിയേല്‍ മാലാഖയുടെ സന്ദേശം സക്കറിയ അവിശ്വസിക്കുന്നതായി അവിടെ വായിക്കുന്നു. ഈ അവിശ്വാസത്തിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്: ഒന്ന്, സക്കറിയ പ്രായമേറിയ മനുഷ്യനാണ്. രണ്ട്, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും പ്രായമേറിയവളും വന്ധ്യയുമാണ്. മാനുഷികമായി ചിന്തിച്ചാല്‍ ഒരു കുഞ്ഞ് അവര്‍ക്ക് ജനിക്കുവാനുള്ള സാധ്യതയില്ല. മാനുഷികമായി അസാധ്യമായത്, ദൈവത്തിന് സാധ്യമാകും എന്ന് വിശ്വസിക്കുവാന്‍ സക്കറിയായ്ക്ക് കഴിഞ്ഞുമില്ല. ഒരു വിധത്തില്‍ പറഞ്ഞാല്‍, അവിശ്വാസിയായ വിശ്വാസിയായിരുന്നു സക്കറിയ. അതുകൊണ്ട്, ഒരു ശിക്ഷയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംസാരശേഷിയെ ദൈവം താല്‍ക്കാലികമായി എടുത്തുകളഞ്ഞു. മകന്‍ ജനിച്ച്, മകന്റെ പേര് നല്‍കിയശേഷമാണ് നഷ്ടപ്പെട്ട സംസാരശക്തി അദ്ദേഹത്തിന് തിരിച്ചുകിട്ടിയത്. ദൈവിക സന്ദേശം അവിശ്വസിച്ചപ്പോള്‍ പ്രശ്‌നം ഉണ്ടായി; സംസാരശക്തി നഷ്ടപ്പെട്ടു. എന്നാല്‍ ദൈവം നിശ്ചയിച്ച് നല്‍കിയ പേര് മകന് നല്‍കണമെന്ന് സക്കറിയ നിര്‍ദേശിച്ച നിമിഷം അദ്ദേഹത്തിന് സംസാരശക്തി ദൈവം തിരിച്ചുനല്‍കി.
നമുക്ക് ധ്യാനിക്കാം: സക്കറിയായ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടത് എപ്പോഴാണ്? ദൈവം പറഞ്ഞത് അവിശ്വസിച്ചപ്പോള്‍. എപ്പോഴാണ് അദ്ദേഹത്തിന് സംസാരശക്തി ദൈവം തിരിച്ചു നല്‍കിയത്? ദൈവം പറഞ്ഞത് വിശ്വസിക്കുകയും അനുസരിക്കുകയും നടപ്പാക്കുകയും ചെയ്തപ്പോള്‍. അതെ, ദൈവം പറഞ്ഞത് അവിശ്വസിച്ചത് അദ്ദേഹത്തിന് ബന്ധനത്തിന് കാരണമായി. ദൈവം പറഞ്ഞത് വിശ്വസിച്ച് നടപ്പാക്കിയപ്പോള്‍ ബന്ധനം അഴിയുകയും ചെയ്തു.
ഇത് സക്കറിയായുടെ കാര്യം മാത്രമാണോ? എല്ലാവരുടെയും സ്ഥിതി ഇതല്ലേ? അനേകരുടെ ജീവിതത്തില്‍ ബന്ധനങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുന്നത്, അവര്‍ ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാത്തതുകൊണ്ടാണ്. നിരവധി പേര്‍ ആന്തരികമുറിവുകളുമായി ജീവിക്കുന്നത് ഇക്കാരണത്താല്‍ ആണ്. നിരവധി പേര്‍ സാമ്പത്തികമായി തകര്‍ന്നതും കടബാധ്യതയില്‍ കുടുങ്ങിയതും ഇതുകൊണ്ടാണ്. നിരവധി ദാമ്പത്യബന്ധങ്ങള്‍ തകരുന്നതും മോശമായി മുന്നോട്ടു പോകുന്നതും ഇക്കാരണത്താല്‍ ആണ്. നിരവധിപ്പേരുടെ പഠന-തൊഴില്‍ മേഖലകളില്‍ പ്രതിസന്ധികള്‍ രൂപപ്പെടുന്നത് ഇക്കാരണത്താലാണ്. എന്നാല്‍, ഈ മനുഷ്യര്‍ കൂടുതല്‍ വിശ്വാസത്തിലേക്ക് കടന്നുവന്ന് ദൈവഹിതപ്രകാരം ജീവിക്കുവാന്‍ തുടങ്ങുമ്പോള്‍ അവരുടെ ജീവിതത്തിലെ കെട്ടുകള്‍ അഴിയുന്നു; അഥവാ ദൈവം അഴിക്കുന്നു.
കരിസ്മാറ്റിക് ധ്യാനങ്ങള്‍ വ്യാപകമായപ്പോള്‍ ആണല്ലോ നിരവധി ധ്യാനകേന്ദ്രങ്ങള്‍ ഉണ്ടായത്. ഇടവക ധ്യാനങ്ങളുടെ രീതി മാറിയതും അതിനുശേഷമാണ്. അനേക ലക്ഷംപേര്‍ ധ്യാനം കൂടാന്‍ ഇത്തരം ധ്യാനകേന്ദ്രങ്ങളില്‍ പോയിത്തുടങ്ങിയതിന്റെ മുഖ്യകാരണം എന്തായിരുന്നു? ആത്മീയമായി വളരണം, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിറയണം എന്ന ലക്ഷ്യമായിരുന്നോ കാരണം? അല്ല, അവരുടെ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ്. രോഗശാന്തി, മനസമാധാനം, കുടുംബസമാധാനം, മെച്ചപ്പെട്ട ദാമ്പത്യജീവിതം തുടങ്ങിയവ ചിലരുടെ ലക്ഷ്യമായിരുന്നു. കടംവീട്ടുക, സാമ്പത്തികപ്രശ്‌നങ്ങള്‍ തീരുക, വിവാഹതടസം മാറുക, കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ തടസം മാറുക, ജോലിതടസം മാറുക, പരീക്ഷകള്‍ പാസാകാനുള്ള തടസം മാറുക, വിദേശജോലിക്കുള്ള തടസം മാറുക തുടങ്ങിയവ ആയിരുന്നു മറ്റനേകരുടെ ലക്ഷ്യങ്ങള്‍. ഇത്തരം ആളുകള്‍ ഇങ്ങനെ ധ്യാനങ്ങളിലും കണ്‍വന്‍ഷനുകളിലും പങ്കെടുത്തപ്പോള്‍ നമ്മള്‍ കണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്:
ഒന്ന്, അനേകര്‍ക്ക് മാനസാന്തരം ഉണ്ടായി. അവര്‍ നല്ല കുമ്പസാരം നടത്തി; പാപവഴികള്‍ ഉപേക്ഷിക്കുവാന്‍ തയാറായി.
രണ്ട്, അവര്‍ പരിശുദ്ധാത്മാവിന്റെ കൂടുതല്‍ അഭിഷേകം സ്വീകരിച്ച് പുതിയ മനുഷ്യരായി.
മൂന്ന്, അവരുടെ ആത്മീയജീവിതം മെച്ചപ്പെട്ടു. നാല്, അവര്‍ക്ക് ക്ഷമിക്കുവാനും സ്‌നേഹിക്കുവാനുമുള്ള കൃപ കിട്ടി.
അഞ്ച്, അവര്‍ തങ്ങളുടെ സമ്പത്തും കഴിവുകളും സയമവും മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുന്നവരായി. കരിസ്മാറ്റിക് ധ്യാനങ്ങള്‍ വ്യാപകമായശേഷം ദൈവാലയത്തിലെ ഞായറാഴ്ച പിരിവിന്റെ തുക കൂടിയതുമുതല്‍ വിവാഹസഹായം, പഠനസഹായം, വീടുവയ്ക്കാന്‍ സഹായം, ആത്മീയ ശുശ്രൂഷകര്‍ക്ക് സഹായം തുടങ്ങി പല മേഖലകളില്‍ ആളുകള്‍ കൂടുതല്‍ കൊടുക്കാന്‍ തുടങ്ങിയത് ഇത്തരം ജനങ്ങള്‍ കൂടിയശേഷമാണ്.
ആറ്, ഈ മാറ്റങ്ങള്‍ക്കൊപ്പം അവര്‍ ധ്യാനം കൂടാന്‍ പോയ പ്രധാന ആവശ്യങ്ങളും ദൈവം നിറവേറ്റിക്കൊടുത്തു. ജീവിതപ്രശ്‌നങ്ങളുമായി ധ്യാനം കൂടാന്‍ പോയവര്‍ അവിടെവച്ച് കൂടുതല്‍ ആത്മീയമനുഷ്യരായി മാറിയപ്പോള്‍ അവരുടെ ഭൗതിക ആവശ്യങ്ങളിലും പ്രശ്‌നങ്ങളിലും ദൈവം ഇടപെട്ടു.ഇത്തരം എണ്ണിയാല്‍ത്തീരാത്ത അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുകയാണ്: ജീവിതത്തില്‍ പല പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നത് ദൈവവിശ്വാസം കുറയുന്നതുകൊണ്ടും ദൈവം പറയുന്നത് അനുസരിക്കാത്തതുകൊണ്ടുമാണ്. അതേസമയം, അനേകം പ്രശ്‌നങ്ങള്‍ തീരുന്നത് മനുഷ്യന്‍ കൂടുതല്‍ വിശുദ്ധിയിലേക്കും വിശ്വാസത്തിലേക്കും കടന്നുവന്ന് ദൈവം പറയുന്നതുപോലെ ചെയ്യാന്‍ ആരംഭിക്കുമ്പോഴാണ്. പല പ്രതിസന്ധികളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്നതിന്റെയും പല കെട്ടുകള്‍ അഴിയുന്നതിന്റെയും പിന്നിലെ കാര്യം ഇപ്പോള്‍ മനസിലായില്ലേ? ഈ അറിവ് നമ്മുടെ വ്യക്തിജീവിതത്തില്‍ നമുക്ക് ഉപകാരപ്പെടുത്തുവാന്‍ കഴിയും. അല്‍പം ശ്രദ്ധിച്ചാല്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാതെ ജീവിക്കാം.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?