Follow Us On

29

March

2024

Friday

പ്രളയത്തെ തോല്പിച്ച കര്‍ഷകന്‍

പ്രളയത്തെ  തോല്പിച്ച കര്‍ഷകന്‍

ചങ്ങനാശേരി താലൂക്കിലെ പായിപ്പാട് ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍പ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് പൂവം പടിഞ്ഞാറുള്ള കോമങ്കേരിച്ചിറ ഗ്രാമം. സാധാരണക്കാരും പാവപ്പെട്ട കര്‍ഷകരും ഏറെയുള്ള പ്രദേശം. ആറ്റുപുറത്ത് ജോര്‍ജി അലക്‌സ് എന്ന ചെറുപ്പക്കാരന്‍ 2005 മുതല്‍ 2015 വരെ ഗള്‍ഫിലായിരുന്നു ജോലി ചെയ്തിരുന്നത്. അതു മതിയാക്കി നാട്ടില്‍ തിരികെയെത്തി വിവിധ കൃഷികളില്‍ അദ്ദേഹം സജീവമായി. ജോര്‍ജിയുടെ പിതാവും കാര്‍ഷികമേഖലയിലായിരുന്നു. അങ്ങനെയാണ് ജോര്‍ജിയും കൃഷിയോടുള്ള അഭിനിവേശം മനസില്‍നിന്നും മാഞ്ഞുപോകാതെ കാത്തുസൂക്ഷിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അറുപത് സെന്റ് ഭൂമിയില്‍ പഠനത്തോടൊപ്പം പടവലവും പയറും കൃഷി ചെയ്ത് വിജയക്കൊടി പാറിച്ച ജോര്‍ജി ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് വിവിധ കൃഷികള്‍ പരീക്ഷിച്ചത്.
ഏത്തവാഴകള്‍
ആയിരത്തിനുമേല്‍ ഏത്തവാഴകളുണ്ട് ജോര്‍ജിക്ക്. വാഴയ്ക്ക് വളമിടുന്നതും പരിപാലിക്കുന്നതുമെല്ലാം ജോര്‍ജിതന്നെ. ആവശ്യമുണ്ടെങ്കില്‍മാത്രം കൂടുതല്‍ പേരെ സഹായത്തിന് വിളിക്കും. 2018-ലെ വെള്ളപ്പൊക്കം വാഴക്കൃഷിയെ തകര്‍ച്ചയിലാക്കി. വെള്ളം കയറിയതുമൂലം മിക്കതും നശിച്ചുപോയി. ജൈവവളം ഉപയോഗിച്ചായിരുന്നു ആദ്യം വാഴ നട്ടിരുന്നത്. ജൈവവളം ലഭ്യമാക്കേണ്ട സമയത്തെ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനംമൂലം മറ്റു വളങ്ങളെ ആശ്രയിക്കേണ്ടി വന്നു. എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും മിശ്രിതമാക്കി കലര്‍ത്തിവച്ച് അഞ്ച് ദിവസം കഴിയുമ്പോള്‍ വളം ഇട്ടുകൊടുക്കും. ആറാം ദിവസം സ്വന്തം പശുക്കളുടെ ചാണകം കലക്കി ലായനിയാക്കി വാഴയുടെ ചുവട്ടില്‍ ഒഴിക്കും. ജോര്‍ജിയുടെ പറമ്പിലെ ഏത്തക്കുലകള്‍ വാങ്ങാന്‍ ആളുകളുടെ തിരക്കാണെപ്പോഴും. പ്രളയത്തില്‍ വാഴകള്‍ നഷ്ടപ്പെട്ടെങ്കിലും ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നതിനാല്‍ പ്രകൃതി പൂര്‍വ അവസ്ഥയിലെത്തിയപ്പോള്‍ ജോര്‍ജി വാഴക്കൃഷിയില്‍ വീണ്ടും സജീവമായി.
ആടുകളും പശുക്കളും
എല്ലാ കൃഷിയിലും ഏറ്റവും ലാഭകരം ആടുവളര്‍ത്തലാണ്. 18 ആടുകളാണ് ഉള്ളത്. 13 പെണ്‍ ആടുകളും അഞ്ച് മുട്ടനാടുകളും. വര്‍ഷത്തില്‍ ഒരു ആടില്‍നിന്നും ആറ് ആട്ടിന്‍കുട്ടികളെ വരെ വളര്‍ത്തിയെടുത്ത് വില്ക്കാനാകും. ഒന്നിന് അയ്യായിരം മുതല്‍ ആറായിരം രൂപവരെ വില ലഭിക്കും. മുപ്പതിനായിരം രൂപവരെ ഒരു ആടില്‍നിന്ന് വരുമാനം കിട്ടുമെന്ന് ജോര്‍ജി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
പ്രതിവര്‍ഷം ആടു വളര്‍ത്തലിലൂടെ ഒരു ലക്ഷം രൂപയിലധികം സമ്പാദിക്കാനാവും. പരുത്തിപ്പിണ്ണാക്കിന്റെ വില ചാക്കിന് ഇരുന്നൂറ് രൂപയിലേറെ വര്‍ധിച്ചത് ഈ കൃഷിയ്‌ക്കേറ്റ വലിയ ആഘാതമാണ്. പശുവിനെയോ ആടിനെയോ വളര്‍ത്തണമെങ്കില്‍ അത് വളര്‍ത്തുന്ന ആളിന് ഒരു പകുതി ഡോക്ടറിന്റെ വൈദഗ്ധ്യമുണ്ടായിരിക്കണമെന്നാണ് ജോര്‍ജിയുടെ അഭിപ്രായം. സ്വന്തം അനുഭവത്തില്‍നിന്നും മനസിലാക്കിയിട്ടുള്ളതാണ് ഈ പാഠം.
ഒരു എരുമയെയും അഞ്ച് പശുക്കളെയും ജോര്‍ജി പരിപാലിച്ചു വരുന്നു. വീടിനോട് ചേര്‍ന്ന് വിപുലമായ തൊഴുത്തും ചാണകക്കുഴിയുമുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ജോര്‍ജിയുടെ വീട്ടിലും വെള്ളം കയറി. കുടുംബാംഗങ്ങളെയെല്ലാം വെള്ളം കയറാത്ത പ്രദേശങ്ങളിലെ വീടുകളിലാക്കിയ ജോര്‍ജി, സ്വന്തം വീട്ടില്‍ സിമന്റ്കട്ട അടുക്കിവച്ച് പ്ലാറ്റ് ഫോം ഉണ്ടാക്കി, കട്ടില്‍ ഉയര്‍ത്തിവച്ച് അതില്‍ കിടന്നു. എങ്ങും പോയില്ല. വെള്ളം ഇറങ്ങി കര കാണുന്നതുവരെ.
ആടുമാടുകളെക്കുറിച്ചുള്ള ചിന്തയായിരുന്നു പ്രളയസമയത്ത് ജോര്‍ജിയെ അലട്ടിയത്. എങ്കിലും മഴ തുടങ്ങിയ വേളയില്‍ത്തന്നെ എല്ലാറ്റിനെയും തൊട്ടടുത്തുള്ള വലിയ പാലത്തില്‍ നിരനിരയായി കെട്ടിയിട്ടു, തീറ്റയും നല്‍കി. എങ്കിലും പ്രളയത്തില്‍ രണ്ട് പശുക്കളും രണ്ട് കിടാക്കളും ചത്തുപോയി. ഇവയെയും ഇന്‍ഷ്വര്‍ ചെയ്തിരുന്നതിനാല്‍ സാമ്പത്തിക നഷ്ടം ജോര്‍ജിയെ കാര്യമായി ബാധിച്ചില്ല. പശുവിന് ഗോതമ്പുതവിടാണ് പ്രധാനമായും കൊടുക്കുന്നത്. മില്‍മയുടെ പാല്‍ സംഭരണം ഈ മേഖലയില്‍ ഇതുവരെയുണ്ടാകാത്ത സാഹചര്യത്തില്‍ ദിവസേന പശുക്കളുടെ പാല്‍ വീടുകളിലെ ആവശ്യത്തിനാണ് കൊണ്ടുപോകുന്നത്. 12 മുതല്‍ 13 ലിറ്റര്‍ വരെ പാല്‍ ദിവസവും കൊടുക്കാന്‍ കിട്ടും.
പശുവിന്റെയും ആടിന്റെയും പരിപാലനയില്‍ നിതാന്ത ജാഗ്രത വേണമെന്നാണ് ജോര്‍ജി പറയുന്നത്. ദിവസവും രണ്ടുനേരം ഓരോന്നിന്റെയും അരികിലെത്തി അതിന്റെ ആരോഗ്യസ്ഥിതി മനസിലാക്കണം. മക്കളെ വളര്‍ത്തുന്നതുപോലെ ഇവയെയും ശ്രദ്ധിക്കണം. ജോര്‍ജിയോട് എല്ലാ മൃഗങ്ങളും അനുസരണയോടെ വര്‍ത്തിക്കുന്നത് കാണാന്‍ തന്നെ കൗതുകമുണ്ട്. ആ രീതിയില്‍ ആടുമാടുകളെ പരിശീലിപ്പിച്ചെടുത്തതുമൂലമാണ് ഈ അനുസരണശീലം ഉണ്ടായതെന്നും ജോര്‍ജി പറയുന്നു. ആടുകളുടെയും പശുക്കളുടെയും പരിപാലനയില്‍ മനസിന് ലഭിക്കുന്ന സംതൃപ്തിയാണ് ജോര്‍ജിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്. വീടുകളിലെത്തുന്ന അതിഥികള്‍ക്ക് എരുമയുടെ പാല്‍ ഒഴിച്ച് ചായ കൊടുക്കുന്ന ഈ ചെറുപ്പക്കാരന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും ആരെയും അതിശയിപ്പിക്കും.
തെങ്ങ്
ജോര്‍ജിയുടെ പുരയിടത്തില്‍ എണ്‍പതോളം തെങ്ങുകളുണ്ട്. ആറുവര്‍ഷം നല്ല പരിചരണം കൊടുത്താല്‍ മികച്ച വിളവ് ലഭിക്കും. തെങ്ങിന് ചുവട്ടിലും തേങ്ങ കായ്ക്കുന്ന ഭാഗങ്ങളില്‍ മുകളിലും ഉപ്പ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം ഇട്ടുകൊടുക്കണം. കൂടാതെ ചെല്ലി, മറ്റ് ക്ഷുദ്രജീവികള്‍ എന്നിവയുടെ ആക്രമണത്തില്‍നിന്ന് രക്ഷപെടാന്‍ പാറ്റാഗുളികയും ഉത്തമം. തെങ്ങിന്‍തൈ അമ്പതെണ്ണം നട്ടാല്‍ അഞ്ചെണ്ണമേ ലഭിക്കൂ. ബാക്കിയെല്ലാം പലവിധ കാരണങ്ങളാല്‍ നശിച്ചുപോകും. ഒരുപക്ഷേ ഈ പ്രദേശത്തെ നിരന്തരമായ വെള്ളത്തിന്റെ സാന്നിധ്യമാകണം ഇതിന്റെ കാരണം.
നെല്‍കൃഷി
അഞ്ചേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ നാല് ഏക്കറും പാട്ടത്തിനെടുത്തതാണ്. വെള്ളം കയറിയില്ലെങ്കില്‍ നെല്‍കൃഷിയും ആദായകരമാണ്. വിവിധ കൃഷികളിലുള്ള ജോര്‍ജി അലക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൃപ്തികരമാണ്. അവര്‍ ജോര്‍ജിക്ക് മികച്ച പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കുന്നത്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ ആരോഗ്യമുള്ള ശരീരവും മനസും ഉണ്ടാകുമെന്ന് ജോര്‍ജി സ്വന്തം അനുഭവത്തില്‍നിന്ന് സാക്ഷ്യപ്പെടുത്തി. മാത്രമല്ല, അധ്വാനശീലം കുറയുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും സ്വന്തം പറമ്പില്‍ ഒരു മൂട് പയറെങ്കിലും നട്ടാല്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലൂടെ ഉണ്ടാകുന്ന രോഗങ്ങളെ നേരിടാമെന്ന് ജോര്‍ജി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സര്‍ക്കാരില്‍നിന്നും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും പലരും അറിയാതെ പോകുന്നതിനാല്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധ്യമാകാതെ വരുകയും ചെയ്യുന്നു.
ജോര്‍ജി വിവിധതരം കൃഷികളിലൂടെ പഠിച്ച രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, അധ്വാനിച്ച് കൃഷി ചെയ്യുന്ന കര്‍ഷകന്റെ കഷ്ടപ്പാടിന്റെ ഫലം പോകുന്നത് വില്‍പ്പനക്കാരന്റെ കൈകളിലേക്കാണ്. 40-50 രൂപ മാത്രം വാഴക്കുലയ്ക്ക് കര്‍ഷകന് ലഭിക്കുമ്പോള്‍ ഇടനിലക്കാരനും വില്‍പ്പനക്കാരനും കിട്ടുന്നത് 70 മുതല്‍ 80 രൂപ വരെ. ഇത് ഒരു പരിധിവരെ നിരാശയുണ്ടാക്കാം. രണ്ട്, ശുദ്ധമായ പാല്‍ സ്വന്തം വീട്ടില്‍ ലഭിക്കാവുന്ന സാഹചര്യമുള്ളപ്പോള്‍ നാം അതിന് ശ്രമിക്കാതെ മായം ചേര്‍ത്ത പാല്‍ വാങ്ങാന്‍ തയാറാകുന്നു. ആടിനെയും പശുവിനെയും വളര്‍ത്തി പണം സമ്പാദിക്കുന്നത് ഗള്‍ഫിലെ ജോലിെയക്കാള്‍ മികച്ചതായി കാണുന്ന ജോര്‍ജി പുതിയ തലമുറയ്ക്ക് മാതൃകയാണ്. നൂറ് ആടുകള്‍ക്ക് അഞ്ച് പശുവിന് കൊടുക്കുന്ന പുല്ല് മതിയെന്നാണ് ജോര്‍ജിയുടെ അഭിപ്രായം. ജോര്‍ജി ചങ്ങനാശേരി അതിരൂപതയിലെ പൂവം പടിഞ്ഞാറ് മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗമാണ്. അതോടൊപ്പം ഈ പ്രദേശത്തെ പാടശേഖരങ്ങളുടെ കോണ്‍ട്രാക്ടറുമാണ്. ഫോണ്‍: 7561054343.

 ജയ്‌സ് കോഴിമണ്ണില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?