Follow Us On

28

March

2024

Thursday

ഹാപ്പി ജൂബിലി ആൻഡ് ഹാപ്പി ബർത്ത്‌ഡേ പാപ്പ; ആശംസകൾ നേർന്ന് വിശ്വാസീസമൂഹം

ഹാപ്പി ജൂബിലി ആൻഡ് ഹാപ്പി ബർത്ത്‌ഡേ പാപ്പ; ആശംസകൾ നേർന്ന് വിശ്വാസീസമൂഹം

വത്തിക്കാൻ സിറ്റി: പൗരോഹിത്യജീവിതത്തിന്റെ സുവർണ്ണജൂബിലി നിറവിൽ കത്തോലിക്ക സഭാ തലവൻ ഫ്രാൻസിസ് പാപ്പ. 1969ൽ വൈദികപട്ടം സ്വീകരിച്ച പാപ്പ, പൗരോഹിത്യജീവിതത്തിന്റെ നീണ്ട 50 വർഷങ്ങൾ ഡിസംബർ 13ാം തിയതി നാളെ ആചരിക്കും. ഡിസംബർ 17നാണ് പാപ്പയുടെ 83ാം ജന്മദിനവും. പാപ്പയുടെ ജീവിതത്തിന്റെ ഈ സുപ്രധാന ദിവസത്തിനായി പ്രത്യേകപ്രാർത്ഥനകൾ നടത്തുകയാണ് ആഗോളകത്തോലിക്കാ സഭ.

ആർജന്റീനയിലെ ബ്യൂനസ് ഐരസിലാണ് ഫാ. ഹോർഹെ മാരിയോ ബർഗോളിയോ എന്ന ഫ്രാൻസിസ് പാപ്പ പൗരോഹിത്യം സ്വീകരിച്ചത്. 1973ൽ ഈശോ സഭയുടെ അർജൻറീനയിലെ പ്രൊവിഷ്യൽ സുപ്പീരിയറായി സേവനമാരംഭിച്ചു. പിന്നീട് 1992ൽ അദ്ദേഹം ബ്യൂനസ് ഐരസ് അതിരുപതയുടെ സഹായമെത്രാനായും തുടർന്ന് 1998ൽ മെത്രാപ്പോലീത്തയായും നിയമിതനായി. ബ്യൂനസ് ഐരസ് അതിരൂപതാദ്ധ്യക്ഷനായി സേവനമനുഷ്ടിക്കവെ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ആർച്ചുബിഷപ്പ് ബർഗോളിയോയെ കർദ്ദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയത്. അങ്ങനെ 2013ൽ ബെനഡിക്ട് 16ാമൻ പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് കർദ്ദിനാൾ ബർഗോളിയോ എന്ന ഫ്രാൻസിസ് പാപ്പാ സഭാതലവനായി ചുമതലയേറ്റു.

വാക്കിലും പ്രവൃത്തിയിലും പാവങ്ങളുടെ പക്ഷംചേരുന്ന പാപ്പയെ മാർക്‌സിസ്റ്റ് അനുഭാവിയായും വിമോചന ദൈവശാസ്ത്രത്തിന്റെ മൗലികവാദിയായും ചിത്രീകരിക്കാറുണ്ടെങ്കിലും സഭാ പ്രബോധനങ്ങളിലും സുവിശേഷമൂല്യങ്ങളിലും അടിയുറച്ച നിലപാടുകളുള്ള പാരമ്പര്യവാദിയാണ് അദ്ദേഹം. എന്നാൽ ക്രിസ്തുവിന്റെ സഭ നവീകരിക്കപ്പെടുകയും സുവിശേഷമൂല്യങ്ങളിലും ക്രിസ്ത്വാനുകരണത്തിലും അടിസ്ഥാനപരമായി നവോത്ഥരിക്കപ്പെടുകയും വേണമെന്നത് പാപ്പയുടെ പക്വമാർന്ന ഓരോ ചുവടുവയ്പ്പിലും, പ്രബോധനങ്ങളിലും നവീകരണ പദ്ധതികളിലും പ്രകടവുമാണ്.

ലാളിത്യമുള്ള ജീവിത ശൈലികൊണ്ടും ദൈവിക കാരുണ്യത്തിന്റെ പ്രയോക്താവെന്ന നിലയിലും ലോകത്തുള്ള വിശ്വാസികളുടെ മാത്രമല്ല, സാധാരണക്കാരായ ജനകോടികളുടെ മനസ്സിലും ക്രിസ്തുസ്‌നേഹത്തിന്റെ മുദ്രപതിപ്പിക്കുവാനും സകലർക്കും സ്‌നേഹമുള്ള സഹോദരനും പിതാവുമാകുവാനും പാപ്പയ്ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.

അതേസമയം ഫ്രാൻസിസ് പാപ്പയുടെ 50 വർഷത്തെ പൗരോഹിത്യാഘോഷത്തിന്റെ ഭാഗമായി പാപ്പയുടെ ചെറുപ്പകാലത്തിലെയും നിലവിലത്തെയും ഫോട്ടോകൾ പതിപ്പിച്ച സ്റ്റാമ്പുകൾ കഴിഞ്ഞദിവസം വത്തിക്കാനിൽ പുറത്തിറക്കിയിരുന്നു. സ്പാനിഷ് കലാകാരൻ റൗഹൾ ബെർസോസയാണ് ഈ സ്റ്റാമ്പുകൾ തയ്യാറാക്കിയത്. കൂടാതെ പാപ്പയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളും പൗരോഹിത്യജീവിതത്തിലെ പ്രസക്തമായ കാലഘട്ടങ്ങളും ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും സ്പാനിഷ് കലാകാരൻ വരച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?