Follow Us On

28

March

2024

Thursday

ഔവർ ലേഡി ഓഫ് അമേരിക്കാസ്, ദൈവമാതാവിന്റെ ഗ്വാഡലൂപ്പേ സന്ദർശനത്തിന് 491-ാം പിറന്നാൾ!

ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഔവർ ലേഡി ഓഫ് അമേരിക്കാസ്, ദൈവമാതാവിന്റെ ഗ്വാഡലൂപ്പേ സന്ദർശനത്തിന് 491-ാം പിറന്നാൾ!

ഗ്വാഡലൂപ്പേ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഇന്ന് (ഡിസം. 12) അമേരിക്കയുടെ രക്ഷാധികാരിയായ ഗ്വാഡലൂപ്പേ മാതാവിന്റെ സവിധത്തിലേക്ക് പ്രാർത്ഥനാപൂർവം യാത്രചെയ്യാം.

ലോകത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഗ്വാഡലൂപ്പേ മാതാവിന്റെ നാമത്തിൽ മെക്‌സിക്കോയിൽ സ്ഥിതിചെയ്യുന്ന ബസിലിക്ക. ഒരു വർഷം ഏതാണ്ട് രണ്ടു കോടി 20 ലക്ഷം പേരാണ് അവിടെയെത്തുന്നത്. മെക്‌സിക്കോയിലെ 90% ജനങ്ങൾ കത്തോലിക്കരാണെങ്കിൽ 100%വും ഗ്വാഡലൂപ്പേ വിശ്വാസികളും ആണെന്നൊരു ചൊല്ലുണ്ട്. അത്, മെക്‌സിക്കൻ ദേശീയതയുടെ ഭാഗമാണ് ഗ്വാഡലൂപ്പേ മാതാവിനോടുള്ള വണക്കം.

മറ്റെല്ലാ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും ഒരു പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ പേരിൽ അറിയപ്പെടുകയും കരുതപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഗ്വാഡലൂപ്പേ രണ്ടു ഭൂഖണ്ഡങ്ങളിലുള്ള (വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും) ജനങ്ങൾ തങ്ങളുടെ സ്വന്തമെന്നു കരുതുന്നു. ആഗോള കത്തോലിക്കാ സഭയിലെ മരിയ ഭക്തിയുടെ ഒഴിച്ചു കൂടാനാവാത്ത ഒത്തിരി കാര്യങ്ങൾ ഗ്വാഡലൂപ്പേയിലുണ്ട്. ഡിസംബർ 12നാണ് ഗ്വാഡലൂപ്പേ മാതാവിന്റെ തിരുനാൾ.

ദിയേഗോയെ സന്ദർശിച്ച ദൈവമാതാവ്

ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കത്തോലിക്കാ വിശ്വാസികൾ വസിക്കുന്ന രാജ്യമാണ് മെക്‌സിക്കോ. 1519- 1521 കാലഘട്ടത്തിൽ നടന്ന സ്പാനിഷ് അധിനിവേശത്തോടെയാണ് ഇവിടെ സുവിശേഷ പ്രഘോഷണം ആരംഭിച്ചത്. അസ്റ്റേക് ഗോത്ര വിഭാഗത്തിൽപ്പെട്ട യുവാൻ ദിയേഗോ എന്ന ആദിവാസി വിശ്വാസിക്ക് 1531ൽ നാല് പ്രാവശ്യം മാതാവ് പ്രത്യക്ഷപ്പെട്ടതാണ് ഗ്വാഡലൂപ്പേ മാതാവിലുള്ള ഭക്തിയുടെ ആധാരം.

അവിടെ എത്തിച്ചേർന്ന ആദ്യകാല ഫ്രാൻസിസ്‌ക്കൻ മിഷനറിമാരിൽനിന്ന് ക്രിസ്തുവിശ്വാസം സ്വീകരിച്ചവരാണ് അദ്ദേഹവും ഭാര്യ മരിയ ലൂചിയയും. 1531 ഡിസംബർ ഒമ്പതിന് യുവാൻ ദിയേഗോയ്ക്ക് ആദ്യത്തെ മരിയ ദർശനം ലഭിച്ചു.അതിനടുത്ത ദിവസങ്ങളിൽ ദിയേഗോയ്ക്ക് മൂന്നു പ്രാവശ്യവും അദ്ദേഹത്തിന്റെ അമ്മാവന് ഒരു പ്രാവശ്യവും മാതാവിന്റെ ദർശനമുണ്ടായി.

ഇന്നത്തെ മെക്‌സിക്കോ നഗരാതിർത്തിയിലുള്ള തെപിക് മലനിരകളിലൂടെ യുവാൻ നടന്നു പോകുമ്പോൾ ഒരു റെഡ് ഇന്ത്യൻ സ്ത്രീയുടെ രൂപത്തിലാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. യുവാൻ സംസാരിച്ചിരുന്ന ആ പ്രദേശത്തെ പ്രാദേശിക ഭാഷയായ നാഹുറ്റൽ ഭാഷയിലാണ് മാതാവ് സംസാരിച്ചത്.

ദൈവത്തെ ആരാധിക്കാൻ അവിടെ ഒരു ദൈവാലയം നിർമിക്കണമെന്ന് മാതാവ് അവനോട് ആവശ്യപ്പെട്ടു. മാതാവിന്റെ ആഗ്രഹ പ്രകാരം ഇക്കാര്യങ്ങളെല്ലാം മെക്‌സിക്കോയിലെ അന്നത്തെആർച്ച്ബിഷപ്പായിരുന്ന ഫ്രേ യുവാൻ ദി സുമറാഗയെ ബോധ്യപ്പെടുത്താൻ യുവാൻ ശ്രമിച്ചു. എന്നാൽ, യുവാന്റെ അവകാശ വാദങ്ങൾ ആർച്ച്ബിഷപ്പ് തള്ളിക്കളയുകയും ഇക്കാര്യങ്ങളൊക്കെ മറ്റുള്ളവർ വിശ്വസിക്കണമെങ്കിൽ വലിയ അടയാളങ്ങൾ ആവശ്യമാണെന്ന് പറയുകയും ചെയ്തു.

അടയാളങ്ങൾ ലഭിച്ചു പനിനീർപൂവിൽ…

1531 ഡിസംബർ 11. യുവാൻ ദിയേഗോയുടെ അമ്മാവൻ യുവാൻ ബർണർദീനോ അസുഖബാധിതനായതിനാൽ മാതാവിനോട് ചെയ്ത വാഗ്ദാനം പാലിക്കാൻ ദിയേഗോയ്ക്ക് സാധിച്ചില്ല. മരണാസന്നനായ ബർണർദീനോയ്ക്ക് അന്ത്യകൂദാശകൾ നൽകാൻ പിറ്റേന്ന് ഒരു വൈദികനെ അന്വേഷിച്ച് അടുത്ത ഗ്രാമത്തിലേക്ക് ദിയേഗോ പോയി.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മാതാവിന് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചില്ലല്ലോ എന്ന സങ്കടത്തിൽ പതിവു പാതയിൽനിന്ന് അവൻ വഴിമാറി നടന്നു. മാതാവിന്റെ ദർശനം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, അവന്റെ പാതയിൽ മാതാവ് പ്രത്യക്ഷപ്പെടുകയും യാത്രയുടെ ഉദ്ദേശ്യം ആരായുകയും ചെയ്തു. അമ്മാവന്റെ അസുഖത്തിന്റെ വിവരവും ആർച്ച്ബിഷപ്പ് താൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ അടയാളം ആവശ്യപ്പെട്ട കാര്യവും പറഞ്ഞു.

അതിനുത്തരമായി മാതാവ് അവനോട് ചോദിച്ച ചോദ്യം പിന്നീട് വളരെ പ്രശസ്തമായിത്തീർന്നു. അത് ഇപ്പോൾ അവിടുത്തെ ബസിലിക്കയുടെ മുൻപിൽ എഴുതി വച്ചിട്ടുണ്ട്. ‘നിന്റെ അമ്മയായ ഞാൻ ഇവിടെയില്ലേ?’ അവന്റെ അമ്മാവൻ രോഗത്തിൽനിന്ന് പൂർണമായും മുക്തനായിരിക്കുന്നുവെന്ന സന്തോഷവാർത്തയും മാതാവ് അവനോട് പറഞ്ഞു.

മാതാവിന്റെ പ്രത്യക്ഷീകരണത്തിന് അടയാളം ആവശ്യപ്പെട്ട ആർച്ച്ബിഷപ്പിന് രണ്ട് അത്ഭുതങ്ങളാണ് നൽകപ്പെട്ടത്. ഒരിക്കലും റോസാപ്പൂക്കൾ വിരിയാത്ത സമയത്ത്, തെപിക് മലനിരകളിൽ മഞ്ഞുപെയ്യുന്ന ഡിസംബർ മാസത്തിലെ കുളിരിനെ വകവെക്കാതെ നിറയെ റോസാപൂക്കൾ വിടർന്നു. അതിൽ കുറേ പൂക്കൾ ശേഖരിച്ച് ബിഷപ്പിന് സമ്മാനിക്കാൻ മാതാവ് അവനോട് ആവശ്യപ്പെട്ടു.

അവിടെനിന്ന് ശേഖരിച്ച കാസ്റ്റിലിയൻ റോസാപ്പൂക്കൾ, ഷാൾ പോലെയുള്ള പുറങ്കുപ്പായത്തിനുള്ളിൽ നിറച്ച് ദിയേഗോ ആർച്ച്ബിഷപ്പ് സുമറാഗയുടെ അടുത്തെത്തി. പൂക്കൾ കാണിക്കാൻ പുറങ്കുപ്പായം തുറന്നപ്പോൾ അതിലുണ്ടായിരുന്ന പൂക്കൾ താഴെ വീണപ്പോൾ വീണ്ടും അത്ഭുതം പൂവ് കൊണ്ടുവന്ന പുറം കുപ്പായത്തിൽ മാതാവിന്റെ അത്ഭുത രൂപം!

അത്ഭുതം- രോഗസൗഖ്യം

ഇതാണ് പിന്നീട് പ്രസിദ്ധമായിത്തീർന്ന ഗാഡലൂപ്പേ മാതാവിന്റെ തിരുരൂപം. സാന്റിയാഗോയിലെ മാതാവിന്റെ നാമത്തിലുള്ള ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്ന ആ തുണി ഇന്നും കേടുകൂടാതെയിരിക്കുന്നത് വലിയ അത്ഭുതമാണ്. അവിടുത്തെ റെഡ് ഇന്ത്യൻ വംശജരുടെ രൂപ സാദൃശ്യത്തിലുള്ള മാതാവിന്റെ ചിത്രമാണ് ആ തുണിയിൽ പതിഞ്ഞത്.

ഒരു രാജ്ഞിയെപ്പോലെ കഴുത്തിൽ (അക്കാലത്ത് സ്‌പെയിൻകാർ തങ്ങളുടെ കപ്പലുകളിലും പള്ളികളിലും ഉപയോഗിച്ചിരുന്നതിന് സമാനമായ) ക്രൂശിത രൂപവും അവൾ അണിഞ്ഞിരുന്നു. അവളുടെ വസ്ത്രം മനോഹരമായ പൂക്കൾക്കൊണ്ട് അലങ്കരിച്ചിരുന്നു. ഈ അത്ഭുതം റെഡ് ഇന്ത്യൻ വംശജരിൽ ക്രിസ്തീയ വിശ്വാസത്തിന് വലിയ സ്വീകാര്യത നൽകുകയും അവർക്കിടയിൽ ഉണ്ടായിരുന്ന നരബലി ഉൾപ്പെടെയുള്ള അസംഖ്യം അനാചാരങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്തു.

യുവാൻ ദിയാഗോയ്ക്കുവേണ്ടി മാതാവ് പ്രവർത്തിച്ച രണ്ടാമത്തെ അത്ഭുതം അമ്മാവന്റെ അത്ഭുതകരമായ രോഗസൗഖ്യമായിരുന്നു. തന്റെ കിടക്കയ്ക്കരികിൽ മാതാവ് പ്രത്യക്ഷപ്പെട്ടതായും രോഗം സുഖപ്പെട്ടതായും യുവാൻ ബർണർദീനോ ആർച്ച്ബിഷപ്പിനോട് സാക്ഷ്യപ്പെടുത്തി. ഇത് മാതാവിന്റെ അഞ്ചാമത്തെ ദർശനമായാണ് ഗ്വാഡലൂപ്പേ ദർശന ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

മാതാവിന്റെ രൂപം തെളിഞ്ഞ പ്രത്യേക വസ്ത്രം ആർച്ച്ബിഷപ് തന്റെ സ്വകാര്യ ചാപ്പലിലാണ് ആദ്യം സൂക്ഷിച്ചത്. പിന്നീട് അത് കാണാൻ സന്ദർശകർ എത്തിത്തുടങ്ങിയപ്പോൾ അടുത്തുള്ള ദൈവാലയത്തിലേക്ക് മാറ്റി. അവസാനം തെപിക് പ്രദേശത്ത് ഒരു ചാപ്പൽ നിർമിച്ച് അവിടെ വസ്ത്രം ആഘോഷമായി പ്രതിഷ്~ിച്ചു. മെക്‌സിക്കൻ സഭാ ചരിത്രഗതിയെ മാറ്റിമറിച്ച അനേകം അത്ഭുതങ്ങളുടെ സംഗമവേദിയായി പിന്നീട് ഈ പ്രദേശം മാറി.

ഔദ്യോഗിക അംഗീകാരം

മെക്‌സിക്കോയിലെ രണ്ടാമത്തെ ആർച്ച്ബിഷപ്പായിരുന്ന അലോൻസോ ദെ മോന്റുഫോർ (1489- 1572) ഗ്വാഡലൂപ്പേ മാതാവിന്റെ ദർശനങ്ങളുടെ ആധികാരികതയെക്കുറിച്ച് വിശദമായ അന്വേഷണങ്ങൾ നടത്തി. വിശദമായ പഠനങ്ങൾക്കുശേഷം ആർച്ച്ബിഷപ്പ് അലോൻസോ, ഗ്വാഡലൂപ്പേ മാതാവിന്റെ ദർശനങ്ങൾക്ക് അംഗീകാരം നൽകുകയും അവിടെ ദൈവാലയം നിർമിച്ച് മാതാവിന്റെ രൂപം പതിഞ്ഞ തുണി അവിടെ സ്ഥാപിക്കുകയും ചെയ്തു.

ഇന്ന് ഗ്വഡലൂപ്പേ മാതാവിന്റെ നാമത്തിലുള്ള ബസിലിക്കയിലാണ് മാതാവിന്റെ ഈ പഴയ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നത്. 1974ലാണ് പുതിയ ദൈവാലയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. തിരുനാൾ ദിനമായ ഡിസംബർ 12നും അതിനടുത്ത ദിവസങ്ങളിലും മാത്രം ഇവിടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണം 90 ലക്ഷത്തിൽപ്പരമാണ്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പലപ്രാവശ്യം ഗ്വാഡലൂപ്പേ സന്ദർശിച്ചിട്ടുണ്ട്. തന്റെ രണ്ടാമത്തെ സന്ദർശന വേളയിൽ, 1990 മേയ് ആറിനാണ് യുവാൻ ദിയേഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. മാത്രമല്ല സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഒരു ചാപ്പൽ ഗ്വാഡലൂപ്പേ മാതാവിന്റെ പേരിൽ പുനർനാമകരണം ചെയ്യുകയും ചെയ്തു. 2002 ജൂലൈ 31ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻതന്നെ യുവാൻ ദിയേഗോയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?