Follow Us On

27

September

2020

Sunday

സ്വന്തം സമ്പന്നതയെ ബലിചെയ്തൊരു തിരുപ്പിറവി- ബലിയൊരുക്കങ്ങൾ XV

സ്വന്തം സമ്പന്നതയെ ബലിചെയ്തൊരു തിരുപ്പിറവി- ബലിയൊരുക്കങ്ങൾ XV

”ആർഭാടത്തിന്റെ ആഘോഷങ്ങളിൽ ജീവിതം മുങ്ങിപ്പോകുമ്പോൾ ആത്മപരിശോധനയ്ക്കുള്ള ഹേതുവാകണം പുൽക്കൂട്ടിലെ ബലി.”-  ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 15′ 

ഫാ. ബെന്നി നൽക്കര സി.എം.ഐ
“ക്രിസ്തുവിന്റെ കൃപ നിങ്ങൾക്ക് അറിയാമല്ലോ. അവൻ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി- തന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകാൻ വേണ്ടിത്തന്നെ” (2 കൊറി 8:9). ദൈവപുത്രന്റെ മനുഷ്യാവതാരത്തിനു പിറകിലെ ബലിചൈതന്യത്തെ ഇത്രയും ആവാഹിച്ചെടുത്ത വചനങ്ങൾ കുറവാണെന്നു പറയാം. ബെത്‌ലെഹെമിലെ കാലിത്തൊഴുത്തിൽ ദാരിദ്ര്യത്തെ പുൽകിക്കൊണ്ടുള്ള ക്രിസ്തുവിന്റെ പിറവി, തന്റെ സമ്പന്നതയെ കൈവെടിഞ്ഞുകൊണ്ടു ദരിദ്രരോടും പതിതരോടും പക്ഷം ചേരുന്ന അവിടുത്തെ ആത്മബലിയുടെ പ്രകാശനമായി.
ക്രിസ്തു ദരിദ്രനായി ജനിച്ചു എന്നത് കേവലം ഒരു ദൈവശാസ്ത്രചിന്തയോ കാല്പനിക ചിത്രമോ അല്ല. വെറുതെ ഒരു “പൊടിപ്പും തൊങ്ങലും” ആയിരുന്നില്ല അവൻ വരിച്ച ദാരിദ്ര്യം. അക്ഷരാർത്ഥത്തിൽ അരക്ഷിതാവസ്ഥയിലേക്കും ഇല്ലായ്മയിലേക്കുള്ള ഒരു പിറവിയായിരുന്നു അത്. ദാരിദ്ര്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ അംശത്തെപ്പോലും ക്രിസ്തു തന്റെ ജീവിതത്തിലേക്കു പകർത്തി. ദൈവമായ അവിടുന്ന് ബോധപൂർവ്വം നടത്തിയ ഒരു തിരഞ്ഞെടുപ്പായിരുന്നു അതെന്നു കാണാം.
തനിക്കു സർവ്വസമ്പന്നനായിത്തന്നെ  ജന്മമെടുക്കാമായിരുന്നിട്ടും ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളിലേക്കു അവൻ പിറന്നു വീണു എന്നതു താൻ പിന്തുടരാനിരിക്കുന്ന ജീവിതശൈലിയുടെ വിളംബരമായി. ഒപ്പം, യാതനയും ദുരിതവുമനുഭവിക്കുന്ന സാധാരണ മനുഷ്യവ്യക്തിയോടുപോലും താദാത്മ്യം പ്രാപിച്ചുകൊണ്ടാണ് താൻ മനുഷ്യരക്ഷ സാധിക്കാനിരിക്കുന്നതു എന്ന വെളിപ്പെടുത്തലും. ക്രിസ്തുവിന്റെ ബലിനിയോഗത്തിന്റെ ഏറ്റവും തീവ്രമായ ആവിഷ്കാരങ്ങളിലൊന്നാണ് പരമദരിദ്രനായുള്ള അവന്റെ ജനനം.
ഉടുതുണി പോലും സ്വന്തം പിതാവിന് അഴിച്ചുകൊടുത്തിട്ടു ഇനി സ്വർഗ്ഗസ്ഥനായ പിതാവിനെ അപ്പാ  എന്നു വിളിക്കാം എന്ന് പറഞ്ഞ അസ്സീസിയിലെ  ഫ്രാൻസിസിന്റെ ആത്മധൈര്യം ചെന്നു നിൽക്കുന്നത് ബെത്‌ലെഹെമിലെ ഈ ആത്മദാനത്തിലാണ്. സഭ ദരിദ്രരുടെ പക്ഷം ചേർന്നാൽ പോരാ, ദരിദ്രയായി മാറണം എന്നു  അഭിനവ ഫ്രാൻസിസ് ഇന്ന് ആഹ്വാനം ചെയ്യുമ്പോൾ ആ ബലിയുടെ തനിയാവർത്തനം ഇന്നുണ്ടാകണമെന്ന ഓർമ്മപ്പെടുത്തൽ തന്നെയാണത്.
തന്റെ ദാരിദ്ര്യത്താൽ മനുഷ്യരായ നാം സമ്പന്നരാകണമെന്ന തീവ്രാഭിലാഷമാണ് സ്വന്തം സമ്പന്നതയെ ബലികഴിക്കാൻ ക്രിസ്തുവിനെ പ്രേരിപ്പിച്ചത്. അവിടുത്തെ
ശൂന്യവത്കരണത്തിന്റെ പരമകാഷ്ഠയായ ഈ പ്രവൃത്തിയിലൂടെ ക്രിസ്തു മനുഷ്യരോടുള്ള തന്റെ ഉള്ളടുപ്പത്തിന്റെ തീവ്രതയാണ് വെളിവാക്കിയത്. നദിക്കരയിലിരുന്നല്ല അവൻ നീന്തൽ പഠിപ്പിച്ചത്, കുത്തൊഴുക്കിൽ ഒപ്പം നീന്തിയാണ്! ഇല്ലായ്മയുടെ എല്ലാ ദുരിതപർവ്വങ്ങളും അവൻ നേരിട്ടറിഞ്ഞു.
പിറന്നു വീഴാൻ ഇടമില്ലാത്തതിന്റെ ദുഃഖം, കാലിത്തൊഴുത്തിലെ പിറവി, കഠിനാധ്വാനത്തിന്റെ യൗവ്വനം, തല ചായ്ക്കാൻ ഇടമില്ലാത്ത രാവുകൾ… ഒടുവിൽ
അന്യന്റെ കല്ലറയിൽ ആ ജീവിതം വിശ്രമം കൊള്ളുമ്പോൾ ദാരിദ്ര്യത്തിന്റെ മറുവാക്കായ അവന്റെ ആത്മബലി പൂർത്തിയാവുകയായിരുന്നു. അയ്യായിരം പേർക്കു അപ്പം കൊടുത്തവൻ ചിലപ്പോഴെക്കെ വിശന്നു നടന്നിട്ടുണ്ട് എന്ന അടയാളപ്പെടുത്തലിൽ,
സർവ്വസമ്പന്നനായിരുന്നവൻ എന്തിനു ദരിദ്രനായിപ്പിറന്നു എന്നതിന്റെ പൊരുളുണ്ട്. അവന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും നിഴൽ അവന്റെ ജനനത്തിലുണ്ടായിരുന്നു എന്നതുപോലെ തന്നെ ദാരിദ്ര്യത്തെ ആഞ്ഞുപുൽകിയ അവന്റെ ജീവിതശൈലിയുടെ മുന്നറിയിപ്പുകളും അതു നൽകി.
ക്രിസ്തു പിറന്നു വീണ പുൽക്കൂട് അവന്റെ ആത്മബലിയുടെ പ്രതീകമാണ്. അത്‌ എക്കാലത്തേയ്ക്കുമുള്ള  ഒരു ഓർമ്മക്കുറിപ്പുമാണ്. ദരിദ്രനായി പിറക്കുകയും ജീവിക്കുകയും ചെയ്തവന്റെ, ദരിദ്രർക്കു സദ്വാർത്തയേകിയവന്റെ, അവരോടു പക്ഷം ചേർന്നവന്റെ, “ദരിദ്രർ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും” എന്നു പറഞ്ഞവന്റെ ഓർമ്മയുണർത്തി, ഒരു ഉറക്കം കെടുത്തുന്ന ഓർമ്മയായി അത് നിലനിൽക്കും. അവന്റെ ആത്മബലിയുടെ ഓർമ്മയുണർത്തുന്ന പിറവിയാഘോഷങ്ങളും അവന്റെ ഓർമ്മക്കായി  പണിതുയർത്തുന്ന പ്രസ്ഥാനങ്ങളും സമ്പന്നതയുടെ ചിറകിലേറി നമ്മളെ അമ്പരപ്പിക്കുമ്പോൾ ലാളിത്യത്തിന്റ ലാവണ്യവും പേറി ആ കാലിത്തൊഴുത്തും അതിലെ ദരിദ്രശിശുവും നമ്മുടെ മുമ്പിലുണ്ടാകും.
“ദരിദ്രരെ മറക്കരുത്” എന്നു പൗലോസിനെ ജെറുസലേം പിതാക്കന്മാരിലൂടെ ഓർമ്മിപ്പിച്ചതും ഈ പുൽക്കൂടും അതിൽ പിറന്ന ദരിദ്രനുമാണ്. ലളിതമായി ജീവിക്കുക എന്നത് മാരകമായ ഒരു കുറ്റമായി കരുതപ്പെടുന്ന ഇക്കാലത്തു ദരിദ്രനായി പിറന്ന സർവ്വസമ്പന്നൻ ഒരു പരിഹാസവിഷയമായേക്കാം, അവന്റെ പുൽക്കൂടും. പക്ഷേ, ആർഭാടത്തിന്റെ ആഘോഷങ്ങളിൽ ജീവിതം മുങ്ങിപ്പോകുമ്പോൾ ആത്മപരിശോധനയ്ക്കുള്ള ഹേതുവാകണം പുൽക്കൂട്ടിലെ ബലി.
ക്രിസ്തുവിന്റെ സമ്പന്നതയുടെ ശൂന്യവൽക്കരണവും ദാരിദ്ര്യത്തെ പുൽകലും ഇന്നും ക്രിസ്തു അനുയായികളിലൂടെ തുടരേണ്ട ബലിയാണ്. സ്വന്തം സൗകര്യങ്ങളും സുരക്ഷിതത്വവും മാറ്റി വച്ച് ഇല്ലാത്തവരെ സമ്പന്നരാക്കാൻ തുനിഞ്ഞിറങ്ങുന്നതിൽ ഒരു ബലിയുണ്ട്. ആ ബലിയിലാണ് വീണ്ടും ക്രിസ്തു ജനിക്കുന്നത്. മക്കൾ നല്ല നിലയിലെത്തണമെന്ന ഒരേ ചിന്തയോടെ പകലന്തിയോളം മുണ്ടുമുറുക്കിയെടുത്തു അധ്വാനിക്കുന്ന അച്ഛനമ്മമാരൊക്കെ ഈ ബലിയർപ്പിക്കുന്നവരാണ്. അവരിലൊക്കെ ക്രിസ്തു പിറവി കൊള്ളുന്നുണ്ട്‌. എല്ലാം സ്വന്തമായുണ്ടായിരുന്നിട്ടും ഒന്നും സ്വന്തമാക്കാതെ നിരാലംബർക്കു താങ്ങും തണലുമാകുന്ന സമർപ്പിതരിൽ ക്രിസ്തു ജനിക്കുന്നുണ്ട്.
ക്രിസ്തുവിന്റെ സമ്പന്നതയുടെ ശൂന്യവത്കരണം എന്നിൽ എന്തു ചലനമാണുണ്ടാക്കുന്നതു? ദാരിദ്ര്യത്തിന്റെ സമ്പൂർണ്ണതയിലുള്ള അവിടുത്തെ പിറവി, ലാളിത്യത്തിന്റെ ജീവിതശൈലിയിലേക്കു എന്നെ നയിക്കുന്നുണ്ടോ? സ്വന്തം സുഖസൗകര്യങ്ങളും സുരക്ഷിതത്വവും വേണ്ടെന്നു വച്ചു മറ്റുള്ളവരെ സമ്പന്നരും സന്തുഷ്ടരുമാക്കാൻ എനിക്കാകുന്നുവോ? ഒരാർഭാടമെങ്കിലും ഒഴിവാക്കി ഈ ക്രിസ്തുമസ് രാവിനെ എനിക്കു അവിസ്മരണീയമാക്കാനാകുമോ?
പ്രാർത്ഥന: സർവ്വസമ്പന്നനായിരിക്കെ എനിക്കായി ദാരിദ്ര്യത്തിന്റെ ആത്മബലിയർപ്പിച്ച കർത്താവെ, ജീവിതലാളിത്യത്തിലൂടെയും കാരുണ്യത്തിലൂടെയും നിന്നെ പുനരവതരിപ്പിക്കാൻ എന്നെ സഹായിക്കണമേ .

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?