Follow Us On

27

September

2020

Sunday

ബലിവേദിയിൽ നിന്നൊഴുകുന്ന സമാധാനം- ബലിയൊരുക്കങ്ങൾ XVIII 

ബലിവേദിയിൽ നിന്നൊഴുകുന്ന സമാധാനം- ബലിയൊരുക്കങ്ങൾ XVIII 
” സമാധാനം എന്ന മഹാദാനത്തിനു പിറകിൽ ദൈവത്തിന്റെ ബലിയൊരുക്കത്തിന്റെ നീണ്ട വഴികളുണ്ട് എന്ന് ക്രിസ്തുമസ് ഓർമ്മിപ്പിക്കുന്നു.” – ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ 18′
ഫാ. ബെന്നി നൽക്കര സി.എം.ഐ
“ബെത്‌ലെഹെമിലെ ബലി” എല്ലായർത്ഥത്തിലും ഒരു സമാധാനബലിയായിരുന്നു. ദൈവ- മനുഷ്യബന്ധത്തിലും മനുഷ്യബന്ധങ്ങളിലും സമാധാനം സംസ്ഥാപിച്ച ബലി. പിതാവിന്റെ ആത്മദാനവും പുത്രന്റെ സ്വയം ശൂന്യവത്കരണവുമൊക്കെ സമാധാനത്തിന്റെ സമാശ്വാസത്തിലേക്കാണ് വഴി തുറന്നത്. സമാധാനം എന്ന മഹാദാനത്തിനു പിറകിൽ ദൈവത്തിന്റെ ബലിയൊരുക്കത്തിന്റെ നീണ്ട വഴികളുണ്ട് എന്ന് ക്രിസ്തുമസ് ഓർമ്മിപ്പിക്കുന്നു, ഒപ്പം ആ സമാധാനത്തിന്റെ സംവാഹകരാകാൻ മനുഷ്യർ അർപ്പിക്കേണ്ട ബലികളെക്കുറിച്ചും.
മനുഷ്യചരിത്രം മുഴുവൻ സമാധാനം തേടുന്ന മനുഷ്യന്റെയും ആ സമാധാനം ദാനമായി നൽകാൻ തയ്യാറായി നിൽക്കുന്ന ദൈവത്തിന്റെയും കഥയാണ്. ദൈവ- മനുഷ്യ ബന്ധത്തിലെ ഈ സമാധാനതൃഷ്ണയുടെ അടയാളങ്ങളാണ് പഴയനിയമത്തിലെ സമാധാനബലികൾ. ഉടമ്പടിലംഘനങ്ങളുടെ തുടർക്കഥയായി മാറിയ ജീവിതത്തിൽ മരീചികയായി മാറുന്ന സമാധാനം തേടി ഇസ്രായേൽ ദൈവസന്നിധിയെ  നിരന്തരം ശരണം ഗമിച്ചിരുന്നല്ലോ. ന്യായാധിപനായ ഗിദെയോൻ കർത്താവിനു ഒരു ബലിപീഠം പണിതു അതിനു “യാഹ്‌വെഷാലോം”- “ദൈവത്തിന്റ സമാധാനം” എന്നു പേരിട്ടതായി ന്യായാധിപന്മാരുടെ പുസ്തകസാക്ഷ്യമുണ്ട് (ന്യായ 6:24). സമാധാനം സംസ്ഥാപിക്കാൻ ദൈവത്തിന്റെ ബലിവേദിയായി ബെത്‌ലെഹെമിലെ പുൽതൊട്ടി മാറിയ ചരിത്രസംഭവമാണ് തിരുപ്പിറവി. സമാധാനത്തിന്റെ രാജകുമാരന്റെ ബലിപീഠമായി അത് മാറി. പിതാവിന്റെയും പുത്രന്റെയും ആത്മബലിവഴി സമാധാനം ആ ബലിവേദിയിൽ നിന്നും ഒഴുകിയിറങ്ങി.
“ഭൂമിയിൽ  സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന ആശംസ ക്രിസ്തു എന്ന സമാധാന  സംസ്ഥാപകന്റെ ജനനത്തിന്റെയും ജീവിതത്തിന്റെയും അവതരണഗാനമായി മാറി. സ്വജീവിതത്തിലൂടെ അവൻ സ്ഥാപിക്കാനിരിക്കുന്ന സമാധാനത്തിന്റെ വിളംബരം കൂടിയായിരുന്നു അത്. ആ ജീവിതം തന്നെയും ഒരു സമാധാനാശംസയായിരുന്നു. പാപികളും  രോഗികളും തന്റെ പക്കൽ വന്നണഞ്ഞപ്പോൾ “സമാധാനത്തിൽ പോവുക” എന്നാണവൻ പറഞ്ഞത് . “ഞാനും നിന്നെ വിധിക്കുന്നില്ല, സമാധാനത്തിൽ പോവുക,” എന്ന് മൊഴിഞ്ഞവൻ തന്നെയാണ്, തിരസ്കരിക്കുന്ന ഇടങ്ങളിലൊക്കെ സമാധാനം ദാനമായി നൽകിയിട്ടു പോരാൻ ശിഷ്യരോട്‌ പറഞ്ഞതും. അജയ്യതയുടെ ഗർവ്വുമായി കഴിഞ്ഞ മരണത്തെ ജയിച്ചവൻ നിരാശയുടെ നിഴലിൽ കഴിഞ്ഞ ശിഷ്യരോട്‌ പറഞ്ഞതും, “നിങ്ങൾക്കു സമാധാനം” എന്നാണല്ലോ. ജനിമൃതികളിലും അതിനപ്പുറവും സമാധാനത്തിന്റെ ആൾരൂപമായിരുന്നു ക്രിസ്തു.
യുദ്ധങ്ങളുടെ അഭാവമോ, ശ്മശാനമൂകതയോ ആയിട്ടല്ല ക്രിസ്തു സമാധാനത്തെയവതരിപ്പിച്ചത്. “നിങ്ങൾക്കു ഞെരുക്കവും പീഡകളുമുണ്ടാകും” എന്ന് പോലും അവൻ പറഞ്ഞുവയ്ക്കുന്നുണ്ടല്ലോ. വാളുമായിട്ടാണ് താൻ വന്നിരിക്കുന്നതെന്ന അവന്റെ പ്രസ്താവം ഏതു സമാധാനപ്രേമിയെ ആണ്‌ ഞെട്ടിക്കാത്തത് ? ബന്ധങ്ങളിലെ സുസ്ഥിതിയും ക്രമവുമാണ്‌ അവിടുന്നു നൽകുന്ന സമാധാനത്തിന്റെ കാതൽ. ” എന്റെ സമാധാനം ഞാൻ നിങ്ങൾക്കു നൽകുന്നു. ഈ ലോകം നല്കുന്നതുപോലെയല്ല അത്” എന്ന അവിടുത്തെ അന്തിമവചസ്സുകൾ എത്രയോ കൃത്യമായാണൂ സമാധാനത്തെ നിർവചിക്കുന്നത്. അവിടുത്തെ സമാധാനം പാപത്തിന്റെയും രോഗത്തിന്റെയും തിന്മയുടെയും അടിമത്തത്തിൽ നിന്നുള്ള മോചനവും അതുവഴിയുള്ള ബന്ധങ്ങളുടെ വീണ്ടെടുപ്പുമാണ്. നീതിയിൽ നിന്നും സംജാതമാകുന്ന സമാധാനമായതുകൊണ്ടാണ് അതു ലോകത്തിന്റെ വഴികളിൽ നിന്നു വ്യത്യസ്തമായത്.
സമാധാനം തന്നെയായ തന്റെ തിരുക്കുമാരനെ  ഭൂമിക്കു ദാനമായി നൽകാൻ ദൈവം  നടത്തിയ ബലിയുടെ ഓർമ്മയാണ് തിരുപ്പിറവി. ഒരുപാടു ത്യാഗങ്ങളിലൂടെയും ആത്മസമർപ്പണങ്ങളിലൂടെയുമാണ് സമാധാനം സംജാതമാവുകയുള്ളുവെന്നു അത് നമ്മെ ഓർമ്മപ്പെടുത്തുന്നു. വെട്ടിപ്പിടിച്ചും കീഴടക്കിയും ഒഴിവാക്കിയും അധികാരമുപയോഗിച്ചുമല്ല അവിടുന്ന് സമാധാനം സ്ഥാപിച്ചത്. ആ വിധ ശ്രമങ്ങളൊക്കെയും സമാധാനമല്ല കലാപവും കലഹവുമാണ് നൽകുകയെന്ന് കാലം സാക്ഷ്യം നൽകുന്നു. നിഷ്കളങ്കനും ബലഹീനനുമായ ഒരു  ശിശുവായി പിറന്നുകൊണ്ടാണ് അവിടുന്ന് സമാധാനവിളംബരം നടത്തിയത്. അനുരഞ്ജനമാണ് സമാധാനത്തിലേക്കുള്ള ബലിവഴിയെന്നു ദൈവ- മനുഷ്യ അനുരജ്ഞനത്തിന്റെ പിറവിനിമിഷം പറഞ്ഞു തരുന്നു. ചില തോൽവികൾക്കും നഷ്ടങ്ങൾക്കും ബന്ധങ്ങളെ വീണ്ടെടുക്കാനും, ഊട്ടിയുറപ്പിക്കാനും ചില ശൂന്യവത്കരണങ്ങൾക്കു സമാധാനം സംജാതമാക്കുവാനും സാധിക്കുമെന്നാണ് തിരുപ്പിറവിയിലൂടെ ദൈവം നമ്മോടു പറയുന്നത്.
“സമാധാനസംസ്ഥാപകർ ഭാഗ്യവാന്മാർ! എന്തെന്നാൽ അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും” എന്ന സുവിശേഷഭാഗ്യത്തിലൂടെ ഈ ഭൂമിയിൽ സമാധാനസംസ്ഥാപനത്തിൽ ഏർപ്പെടുന്നവരൊക്കെയും തന്നെപ്പോലെ സമാധാനത്തിന്റെ ബലിയർപ്പിക്കുന്ന ദൈവപുത്രരാകണം എന്നു ക്രിസ്തു പറയാതെ പറയുകയാണ്. നമ്മുടെ സ്വാർത്ഥങ്ങളെ, ഇഷ്ടങ്ങളെ, ജയങ്ങളെ ബലിചെയ്യുമ്പോളാണ് സമാധാനപ്പിറവിയുണ്ടാകുന്നത്. പിണക്കങ്ങൾ നീണ്ടുപോകാതിരിക്കുമ്പോൾ, അകൽച്ചകൾക്കു വ്യാപ്തി കൂടാതിരിക്കുമ്പോൾ, തെറ്റിദ്ധാരണകൾക്കു ബലം പകരാതിരിക്കുമ്പോൾ നമ്മൾ സമാധാനസംസ്ഥാപകരാവുകയാണ്, സമാധാനത്തിന്റെ രാജകുമാരന്മാരായ ദൈവപുത്രന്മാർ നമ്മിൽ പിറവിയെടുക്കുകയും ചെയ്യും. അവിടുത്തെ ബലിവേദികളിൽ ഏറ്റവുമധികം മുഴങ്ങികേൾക്കുന്ന “സമാധാനം” എന്ന ആശംസ ഒരു പ്രവൃത്തിയായി മാറാൻ അവന്റെ ബലിയർപ്പണം നമ്മിലും നടക്കണം.
സമാധാനസംസ്ഥാപകനാകുന്നതിനു എന്റെ ജീവിതത്തെ ഒരു ബലിയായി രൂപാന്തരപ്പെടുത്താൻ എനിക്കാകുന്നുണ്ടോ? എന്റെ ബന്ധങ്ങളിലെ അകലങ്ങൾ കുറച്ചും അടുപ്പം വർധിപ്പിച്ചും ഞാൻ സമാധാനത്തിലേക്കു ചുവടു വയ്ക്കുന്നുണ്ടോ? അനുരഞ്ജനത്തിന്റെ വഴിയാണോ ഞാൻ പിന്തുടരുന്ന സമാധാന മാർഗ്ഗങ്ങൾ?
പ്രാർത്ഥന: സമാധാനത്തിന്റെ രാജകുമാരനായി പിറന്ന ഈശോയെ, ആത്മബലിയിലൂടെ അങ്ങേ സമാധാനമായി മാറാൻ എന്നെ അനുഗ്രഹിക്കണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?