Follow Us On

12

July

2020

Sunday

ക്രിസ്തു ഉള്ള ക്രിസ്മസും ക്രിസ്തു ഇല്ലാത്ത ക്രിസ്മസും

ക്രിസ്തു ഉള്ള ക്രിസ്മസും  ക്രിസ്തു ഇല്ലാത്ത ക്രിസ്മസും

യേശു ജനിച്ച രാത്രിയില്‍ ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍ അവരോട് പറഞ്ഞു: ഭയപ്പെടേണ്ട. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. തുടര്‍ന്ന്, എന്താണ് സന്തോഷത്തിന്റെ ഈ സദ്വാര്‍ത്ത എന്നും ദൂതന്‍ പറഞ്ഞു: ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു (ലൂക്കാ 2:8-11). ദൂതന്‍ പറഞ്ഞത് സത്യമാണെന്ന് ഓരോ ക്രിസ്മസും നമ്മെ ബോധ്യപ്പെടുത്തുന്നു. ജാതി-മത വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ക്രിസ്മസ് ഓരോരോ വിധത്തില്‍ ആഘോഷിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ മുറ്റത്ത് വളരെ നേരത്തെ ക്രിസ്മസ് ട്രീ സ്ഥലം പിടിക്കുന്നത് കണ്ടിട്ടുണ്ട്. ഗള്‍ഫില്‍ ക്രിസ്മസിന് അനേകം ദിവസങ്ങള്‍മുമ്പേ വലിയ അലങ്കാരങ്ങള്‍ കാണാം. അത് ബിസിനസ് വര്‍ധിപ്പിക്കാന്‍വേണ്ടിയാണ്. എങ്കിലും ഒരു ക്രിസ്മസ് വികാരം അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്ന് നേരിട്ട് മനസിലാക്കിയിട്ടുണ്ട്. ബെത്‌ലഹിലെ ദൈവാലയത്തില്‍ ഒരു ക്രിസ്മസ് രാത്രിയില്‍ ആരാധനയില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ സമ്മാനങ്ങളുമായി കാത്തുനില്‍ക്കുന്ന ധാരാളം പേരെ കാണാനിടയായി. ദൈവാലയത്തില്‍ വരുന്ന എല്ലാവര്‍ക്കും അവര്‍ ചെറിയ സമ്മാനങ്ങള്‍ നല്‍കുകയാണ്. അന്ന് എനിക്കും കിട്ടി സമ്മാനം. കേരളത്തില്‍ മതവ്യത്യാസമില്ലാതെ എല്ലാ വീട്ടിലുംതന്നെ ഡിസംബറില്‍ ക്രിസ്മസ് നക്ഷത്രം തൂക്കിയിരുന്നു.
ക്രിസ്ത്യാനികളും അല്ലാത്തവരും ക്രിസ്മസ് ആഘോഷിക്കുന്നത് നോക്കിയാല്‍ നമുക്ക് രണ്ടുവിധത്തിലുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ കാണാന്‍ കഴിയും. ഒന്നാമത്തേത്, ക്രിസ്തു ഉള്ള ക്രിസ്മസ് ആഘോഷം. രണ്ടാമത്തേത്, ക്രിസ്തു ഇല്ലാത്ത ക്രിസ്മസ് ആഘോഷം. രണ്ടും വിശദമാക്കാം. അനേകം ക്രൈസ്തവര്‍ ക്രിസ്മസിനുവേണ്ടി തീക്ഷ്ണമായി ഒരുങ്ങുന്നുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ അവര്‍ മാംസം, മത്സ്യം, മുട്ട, പാല്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുന്നു. ഇതിനുപുറമേ, നിശ്ചിത ദിവസങ്ങളില്‍ ഉപവസിക്കുന്നു അഥവാ ചില നേരങ്ങളില്‍ ഭക്ഷണം വേണ്ടെന്നുവയ്ക്കുന്നു. കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നു. ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുന്നു. കൂടുതല്‍ ദാനധര്‍മങ്ങള്‍ ചെയ്യുന്നു. അങ്ങനെ ആത്മീയമായി ഒരുങ്ങുന്നു. വലിയ പാപമൊന്നും ഇല്ലെങ്കിലും ക്രിസ്മസിനുമുമ്പ് കുമ്പസാരിക്കുന്നു. അങ്ങനെ വിശുദ്ധിയോടെ അവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസ് ദിനത്തില്‍ വീട്ടില്‍ ആഘോഷം ഉണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളും വന്നെന്നുവരും. പക്ഷേ അവര്‍ മദ്യം കുടിക്കുകയോ കൊടുക്കുകയോ ഇല്ല. മുമ്പ് ക്രിസ്മസിനുമുമ്പ് നോമ്പ് നിര്‍ബന്ധമായിരുന്നു. ഇന്ന് നിര്‍ബന്ധം അല്ല. എന്നിട്ടും അനേകംപേര്‍ നോമ്പ് കൃത്യമായി പാലിച്ച് ഒരുങ്ങുന്നു. ഇതാണ് ക്രിസ്തു ഉള്ള ക്രിസ്മസ് ആഘോഷം. അഥവാ ക്രിസ്തുവിനോടുകൂടിയുള്ള ക്രിസ്മസ് ആഘോഷം. അവര്‍ ഇങ്ങനെ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, അവരുടെ ഹൃദയത്തില്‍ ക്രിസ്തു നല്‍കുന്ന സമാധാനവും സന്തോഷവും നിറയും.
രണ്ടാമത്തെ കൂട്ടരെപ്പറ്റി പറയാം. അവര്‍ ക്രിസ്തു ഇല്ലാതെയാണ് അഥവാ ക്രിസ്തുവിന് എതിര്‍സാക്ഷ്യം നല്‍കിക്കൊണ്ടാണ് അഥവാ ക്രിസ്മസിന്റെ ചൈതന്യത്തിന് ചേരാത്ത വിധമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ആഗമനകാലത്ത് അവര്‍ ആത്മീയമായ ഒരുക്കവും വിശുദ്ധീകരണവും നടത്തുന്നില്ല. ക്രിസ്മസ് ദിനത്തില്‍പ്പോലും അവര്‍ മദ്യപിച്ച് ലഹരി പിടിക്കുകയും മറ്റുള്ളവര്‍ക്ക് മദ്യം വിളമ്പുകയും ചെയ്യുന്നു. ക്രിസ്മസിനുപോലും ദൈവാലയത്തില്‍ പോകാത്തവരും കുമ്പസാരിക്കാത്തവരും ഉണ്ട്. കുമ്പസാരിക്കാതെ, പാപാവസ്ഥയില്‍ കുര്‍ബാന സ്വീകരിക്കുന്നവരും ഉണ്ടാകാം. ഭൗതികമായ ആഘോഷങ്ങള്‍ മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം ക്രിസ്മസ്. ചില കരോള്‍ സംഘങ്ങളെക്കുറിച്ചുപോലും പരാതികള്‍ ഉണ്ട്. ക്രിസ്മസ് പപ്പായുടെ വേഷവും കെട്ടി ഒരു രൂപവും പിടിച്ച് ചില പാട്ടുകളും പാടി അവര്‍ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങുന്നു. ശരിക്കും പണപ്പിരിവ് മാത്രമാണ് അവരുടെ ലക്ഷ്യം. അവരില്‍ പലരും മദ്യലഹരിയിലും ആയിരിക്കും. ദൈവാലയങ്ങളില്‍നിന്ന് വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തുന്ന കരോളുകളില്‍ പോലും പലരും മദ്യലഹരിയില്‍ പങ്കെടുക്കുന്നതായി പരാതി ഉണ്ട്. ഉണ്ണിയുടെ രൂപം പാന്റിന്റെ പോക്കറ്റില്‍ ഇടുകയും ഓരോ വീട്ടില്‍ എത്തുമ്പോള്‍ പോക്കറ്റില്‍നിന്നെടുത്ത് ഒരുക്കിയിരിക്കുന്ന സ്ഥലങ്ങളില്‍ വയ്ക്കുകയും ചെയ്യുന്ന, ഇടവകയില്‍നിന്ന് അയക്കുന്ന ഗ്രൂപ്പുകളെപ്പറ്റി പോലും പരാതികള്‍ കേട്ടിട്ടുണ്ട്. അതിനാല്‍ വീടുകളിലേക്ക് കരോള്‍ സംഘങ്ങളെ അയക്കുമ്പോള്‍ വികാരിയച്ചന്മാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. മദ്യം ഉപയോഗിച്ചുകൊണ്ട് കരോളില്‍ പങ്കെടുക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം. ഓരോ ഗ്രൂപ്പിലും പക്വതയും പ്രാര്‍ത്ഥനയുമുള്ള ഒരാള്‍ ലീഡറായി ഉണ്ടായിരിക്കണം. കരോള്‍സംഘത്തോടുകൂടി ക്രിസ്തു ഉണ്ടായിരിക്കണം. ആ ക്രിസ്തു ആ കുടുംബത്തെ അനുഗ്രഹിക്കുവാന്‍ കരോള്‍സംഘം പ്രാര്‍ത്ഥിക്കണം. അത് ആ കുടുംബത്തിന് അനുഗ്രഹമായി മാറണം. ആകയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
1. ക്രിസ്തു ഉള്ള ക്രിസ്മസ് ആഘോഷിക്കുവാന്‍ ഓരോ വ്യക്തിയും ഒരുങ്ങണം. 2. ക്രിസ്തു ഉള്ള ക്രിസ്മസ് ആഘോഷിക്കുവാന്‍ ഓരോ കുടുംബവും ഒരുങ്ങണം. 3. ക്രിസ്തു ഉള്ള ക്രിസ്മസ് ആഘോഷിക്കുവാന്‍ ഓരോ ഇടവകയും ഒരുങ്ങണം.
അങ്ങനെ ക്രിസ്തു ഉള്ള, ക്രിസ്തുവിനോടുകൂടിയുള്ള ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ അവരുടെ ഹൃദയത്തില്‍ ദൈവം സ്വര്‍ഗീയ ആനന്ദവും സമാധാനവും നിറയ്ക്കും. ദൈവം കൂടുതല്‍ അനുഗ്രഹിക്കും.
ഡിസംബര്‍ ഒന്നു മുതല്‍ ക്രിസ്മസിനുവേണ്ടി ആത്മീയമായ ഒരു ഒരുക്കവും നടത്താത്തവര്‍ ഉണ്ടാകാം. അവര്‍, രണ്ടുമൂന്ന് ദിവസങ്ങളെങ്കിലും ക്രിസ്തു ഉള്ള ക്രിസ്മസിനായി ഒരുങ്ങണം എന്ന് ആഗ്രഹിക്കുന്നു. ചില ത്യാഗപ്രവൃത്തികള്‍, ചില പുണ്യപ്രവൃത്തികള്‍, ചില പരോപകാര പ്രവൃത്തികള്‍, ചില ആശയടക്കങ്ങള്‍, ഒരു നല്ല കുമ്പസാരം എന്നിവയൊക്കെ അവര്‍ നടത്തണം. കൂടുതല്‍ വ്യക്തികളും കൂടുതല്‍ കുടുംബങ്ങളും ക്രിസ്തുവിനോടുകൂടി ക്രിസ്മസ് ആഘോഷിക്കുവാന്‍ ഇടയാകട്ടെ. നാനാജാതി മതസ്ഥരായ എല്ലാവരിലും ക്രിസ്തു തന്റെ സമാധാനം നിറയ്ക്കട്ടെ.
എല്ലാവര്‍ക്കും അനുഗ്രഹീതമായ, കൃപ നിറഞ്ഞ, ദൈവം നല്‍കുന്ന ആനന്ദം നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു!

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?