Follow Us On

28

March

2024

Thursday

ദൈവവചന ഞായര്‍

ദൈവവചന  ഞായര്‍

പിതാവായ ദൈവം മനുഷ്യരക്ഷയ്ക്കായി ലോകത്തിലേക്കയച്ച സ്വപുത്രന്‍ മനുഷ്യരൂപമെടുത്ത് നമ്മുടെയിടയില്‍ കൂടാരമടിച്ചതിന്റെ ഓര്‍മയാണ് ആരാധനാവത്സരത്തിലെ ആഗമനകാലത്തിലും തിരുപ്പിറവി കാലത്തിലും നിറഞ്ഞുനില്‍ക്കുന്നത്. യേശുക്രിസ്തുവിനെ കൂടുതലായി അറിയാനും സ്‌നേഹിക്കാനും നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കാനുമാണ് ഈ ദിനങ്ങളില്‍ നാം പ്രത്യേകമായി ശ്രദ്ധിക്കുന്നത്. ബൈബിളിന് വ്യക്തിജീവിതത്തിലും സഭാജീവിതത്തിലുമുള്ള പ്രാധാന്യം സഭാമക്കള്‍ തിരിച്ചറിയാനും അത് ജീവിതത്തിന്റെ അടിത്തറയാക്കാനുമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ആരാധനാവര്‍ഷത്തിലെ മൂന്നാം സാധാരണ ഞായര്‍ ‘ദൈവവചന ഞായര്‍’ ആയി ആഘോഷിക്കണമെന്ന് ‘അപെരുയിത് ഇല്ലിസ്’ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ 2019 സെപ്റ്റംബര്‍ 30-ന് പ്രഖ്യാപിക്കുകയുണ്ടായി.
ദൈവവചനത്തില്‍ രൂപമെടുക്കുകയും (അപ്പ. 2:41-42, റോമ. 10:17) വചനത്താല്‍ പോഷിതയാകുകയും ചെയ്യുന്ന സഭയുടെ ജീവിതത്തില്‍ വചനമാകുന്ന യേശുക്രിസ്തു സന്നിഹിതനായിരിക്കുന്നത് യേശുവിന്റെ പ്രേഷ്ഠശിഷ്യനായ യോഹന്നാന് ലഭിക്കുന്ന മനോഹരമായ ദര്‍ശനത്തിലുണ്ട്: ”സ്വര്‍ണനിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു. ദീപപീഠങ്ങള്‍ക്ക് മധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍” (വെളി. 1:12-13). സഭയാകുന്ന ദീപപീഠങ്ങള്‍ക്കുമധ്യേ നില്‍ക്കുന്ന ഈ മനുഷ്യപുത്രന്‍ ആരെന്ന് വെളിപാടിലെ സമാപന ദൃശ്യം വ്യക്തമാക്കുന്നു: ”അവന്‍ വിളിക്കപ്പെടുന്ന നാമം ദൈവവചനം എന്നാണ്” (വെളി. 19:13). ദൈവവചനമാകുന്ന യേശുക്രിസ്തുവിനെ അറിയാനും അടുത്തനുകരിക്കാനും വിശുദ്ധ ഗ്രന്ഥത്തിലേക്കാണ് നാം തിരിയേണ്ടത്. ക്രിസ്തീയജീവിതത്തില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്, ദൈവവചന ഞായറിന്റെ പ്രധാന ലക്ഷ്യങ്ങളായി ദൈവവചനത്തിന്റെ പ്രഘോഷണവും പഠനവും വ്യാപനവും ഫ്രാന്‍സിസ് പാപ്പ എടുത്തുപറയുന്നു.
ദൈവജനവും വചന വായനയും
വിശുദ്ധ ഗ്രന്ഥത്തിന് കാതുകൊടുക്കുന്നവരാണ് ദൈവജനം. ബാബിലോണിയായിലെ വിപ്രവാസത്തില്‍നിന്ന് സ്വദേശത്ത് തിരിച്ചെത്തിയ ഇസ്രായേല്‍ജനം ഒറ്റക്കെട്ടായി (നെഹ. 8:1) ജറുസലേമില്‍ ജലകവാടത്തിന് മുന്നിലെ മൈതാനത്ത് നില്‍ക്കുന്നതും അതിരാവിലെ മുതല്‍ മധ്യാഹ്നംവരെ എസ്രാ നിയമഗ്രന്ഥം വായിക്കുന്നത് ശ്രദ്ധാപൂര്‍വം ശ്രവിക്കുന്നതും നെഹമിയായുടെ പുസ്തകം വിവരിക്കുന്നു (നെഹ. 8:3). ദൈവവചനം വിശ്വാസികളേവരെയും ഒന്നിപ്പിക്കുകയും അവരെ ഒരു ജനമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ദൈവവചനമാണ് പുതിയ ദൈവജനമായ വിശ്വാസിസമൂഹത്തെ ഒന്നിപ്പിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലൂടെ നമ്മുടെയിടയില്‍ സന്നിഹിതനായിരിക്കുന്ന യേശുവിന് ആരാധനാക്രമത്തിന്റെ ആഘോഷത്തിലൂടെയും വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെയും കാതുകൊടുക്കുകയെന്നത് വിശ്വാസികളായ നാമേവരുടെയും കടമയാണ്. കൗദാശികമായും ഏറ്റവും ആഘോഷകരമായും ബൈബിള്‍ വായിക്കപ്പെടുന്നത് വിശുദ്ധ കുര്‍ബാന മധ്യേയാണല്ലോ. കര്‍ത്താവായ യേശു തന്റെ മണവാട്ടിയായ സഭയോട് നിരന്തരം സംസാരിക്കുന്ന സജീവ വചനമാണ് ബൈബിള്‍ എന്ന ബോധ്യത്തോടെയായിരിക്കണം കുര്‍ബാനയിലെ ദൈവവചന വായന. ക്രൈസ്തവ ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കേരളസഭ ഏതാനും വര്‍ഷങ്ങളായി ഡിസംബര്‍ മാസം വചനപാരായണമാസമായി ആചരിക്കുന്നത്. മാംസം ധരിച്ച വചനമായ യേശുവിന്റെ തിരുപ്പിറവിയുടെ ആഘോഷത്തിനായുള്ള നല്ലൊരു ഒരുക്കംകൂടിയാണ് വചന പാരായണം.
രക്ഷയുടെ സന്ദേശം
വചനത്തിന് സമര്‍പ്പിക്കപ്പെടുന്ന ദിവസം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ളതല്ല, അത് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ടതാണ് എന്ന് ബൈബിള്‍ ഞായര്‍ പ്രഖ്യാപിച്ച വേളയില്‍ പരിശുദ്ധ പിതാവ് ഓര്‍മിപ്പിക്കുന്നുണ്ട്. വചനം വായിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന ശീലം കേരളസഭയില്‍ വ്യാപകമായിരിക്കുന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്.
ഈ വചനാഭിമുഖ്യം സഭയുടെ വലിയ ശക്തിതന്നെയാണ്. ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം ബൈബിള്‍ എന്താണെന്ന് ആഴത്തില്‍ മനസിലാക്കേണ്ടതും ആവശ്യമാണ്.
മനുഷ്യചരിത്രത്തില്‍ ഇടപെടുന്ന ദൈവം തിന്മയുടെയും മരണത്തിന്റെയും അധീനതയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുന്നതിന്റെ വിവരണമാണല്ലോ ബൈബിള്‍. വിശുദ്ധ ലിഖിതം ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നുവെന്ന് പൗലോസ്ശ്ലീഹ പറയുന്നു (2 തിമോ. 3:15). വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്ളതെല്ലാം രക്ഷയിലേക്ക് നയിക്കുന്നതാണ്. രക്ഷയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതുവഴിയാണ് മണവാളനായ യേശുവിനോടുള്ള സ്‌നേഹത്തിലും വിശ്വസ്തതയിലും സഭ വളരുന്നത്. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ക്ക് യേശു വചനം വ്യാഖ്യാനിച്ചുകൊടുത്തപ്പോള്‍ അവരുടെ ഹൃദയം ജ്വലിച്ചുവെന്ന (ലൂക്കാ 24:32) വചനം ബൈബിള്‍ പഠിതാക്കള്‍ക്ക് പ്രോത്സാഹനമാകണം.
കരുണയുടെ വഴികള്‍
നമ്മെ രക്ഷയിലേക്ക് നയിക്കുന്ന ദൈവവചനം വലിയൊരു ഉത്തരവാദിത്വംകൂടി നമ്മെ ഭരമേല്‍പിക്കുന്നുണ്ട്. യേശുവിലുള്ള രക്ഷയുടെ സന്ദേശം ലോകം മുഴവന്‍ വ്യാപിപ്പിക്കാനുള്ള ദൗത്യം യേശു നമുക്ക് നല്‍കിയിരിക്കുന്നു: ”നിങ്ങള്‍ ലോകമെങ്ങും പോയി സര്‍വസൃഷ്ടികളോടും എന്റെ സുവിശേഷം പ്രഘോഷിക്കുവിന്‍” (മര്‍ക്കോ. 16:15). പരിശുദ്ധാത്മാവിനാല്‍ ശാക്തീകരിക്കപ്പെട്ട ശിഷ്യന്മാര്‍ (യോഹ. 20:23, അപ്പ. 24) യേശുവിന്റെ സുവിശേഷം സധൈര്യം പ്രഘോഷിച്ചു. ദൈവവചനം അവര്‍ക്ക് വായില്‍ തേന്‍പോലെ മധുരിക്കുന്നതും ഉദരത്തില്‍ കയ്പായി മാറുന്നതുമായിരുന്നു (എസെ. 3:3, വെളി. 10:10). ദൈവവചനത്തിലൂടെ നാമോരോരുത്തരും അനുഭവിക്കുന്ന രക്ഷ തേന്‍പോലെ മധുരിക്കുന്നതാണ്. ദൈവവചനത്തിന്റെ മാധുര്യം നാം കണ്ടുമുട്ടുന്നവരുമായി അത് പങ്കുവയ്ക്കാനും അതിലടങ്ങിയിരിക്കുന്ന പ്രത്യാശ പ്രഘോഷിക്കാനും (1 പത്രോ. 3:15-16) നമ്മെ പ്രചോദിപ്പിക്കുന്നു. വചനത്തിന്റെ പ്രകാശം ലോകമെമ്പാടും എത്തിക്കുകയെന്ന ക്രിസ്തുശിഷ്യന്മാര്‍ തുടങ്ങിവച്ച ദൗത്യം ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവര്‍ക്കുമുള്ളതാണെന്ന് ഒക്‌ടോബര്‍ 2019-ലെ അസാധാരണ പ്രേഷിതമാസത്തെക്കുറിച്ചുള്ള മാര്‍ഗദനിര്‍ദേശക രേഖയില്‍ ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിക്കുന്നു. ദൈവവചനത്തിന് സാക്ഷ്യം നല്‍കാന്‍ അയക്കപ്പെട്ടവരാണ് ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും.
ദൈവവചനത്തിന് സാക്ഷ്യം നല്‍കുകയെന്നാല്‍ പിതാവായ ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് അര്‍ത്ഥമാക്കുന്നത്. കരുണാര്‍ദ്രസ്‌നേഹത്തിന്റെ സമ്പൂര്‍ണ പ്രകടനമായിരുന്നു ഒന്നും തനിക്കായി മാറ്റിവയ്ക്കാതെ, എല്ലാവര്‍ക്കുമായി സര്‍വതും ദാനം ചെയ്ത യേശുവിന്റെ ജീവിതം. ദൈവവചനം നമ്മെ കരുണയിലേക്ക് നയിക്കണമെന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ലാസറിന്റെ ഉപമ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഈ ഉപമയില്‍ ഏറെ ശക്തമാണ് അബ്രാഹത്തിന്റെ വാക്കുകള്‍: ”അവര്‍ക്ക് മോശയും പ്രവാചകരും ഉണ്ടല്ലോ. അവരെ കേള്‍ക്കട്ടെ” (ലൂക്കാ 16:29). ‘മോശയും പ്രവാചകരും’ എന്നതുകൊണ്ട് ഉദ്ദേശിച്ചത് വിശുദ്ധലിഖിതം തന്നെയാണ്. വചനം ശ്രവിക്കുന്നവര്‍ നമ്മുടെ ചുറ്റുമുള്ള ലാസറുമാരെ അവഗണിക്കരുതെന്ന് ചുരുക്കം.
ദൈവവചനം ശ്രവിക്കുകയും കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയുമാണ് നമ്മുടെ മുന്നിലുള്ള വലിയ വെല്ലുവിളി. ദൈവവചനത്തിന് ജീവിതത്തില്‍ സാക്ഷ്യം നല്‍കാനും ദൈവവചന വ്യാപനത്തിനായി ജീവന്‍ സമര്‍പ്പിക്കാനും മുന്നിട്ടിറങ്ങുന്നവരെ കാത്തിരിക്കുന്നത് എന്താണെന്നതിന്റെ പ്രതീകമാണ് എസെക്കിയേല്‍ പ്രവാചകന്‍ മുകളില്‍ സൂചിപ്പിച്ച ‘ഉദരത്തില്‍ അനുഭവപ്പെടുന്ന കയ്പ്.’ ദൈവവചനം ജീവിതത്തില്‍ സ്ഥിരതയോടെ പിഞ്ചെല്ലുക എത്ര ദുഷ്‌കരമാണെന്ന തിരിച്ചറിവാണിത്. നമ്മുടെ കണ്ണുകള്‍ തുറക്കാനും മുരടിപ്പിക്കുന്നതും തരിശുമായ വ്യക്തിവാദത്തില്‍നിന്ന് പങ്കുവയ്ക്കലിന്റെയും ഐകമത്യത്തിന്റെയും പുതിയ പാതയിലേക്ക് നമ്മെ നയിക്കാനും ശക്തമാണ് ദൈവവചനം. ദൈവവചന ഞായര്‍ ആഘോഷങ്ങള്‍ ദൈവാനുഭവത്തില്‍നിന്ന് പങ്കുവയ്ക്കലും സ്വയംദാനവുമാകുന്ന കാരുണ്യപ്രവൃത്തികളിലേക്ക് നമ്മെ നയിക്കണമെന്നാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ഇവിടെ ഉദ്‌ബോധിപ്പിക്കുന്നത്.
ലോഗോസ് ക്വിസ്
ഫ്രാന്‍സിസ് പാപ്പ ആഗോളസഭയ്ക്കായി ബൈബിള്‍ ഞായര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍, വര്‍ഷങ്ങളായി ബൈബിള്‍ ഞായറും ബൈബിള്‍ മാസവും ആഘോഷിച്ചുവരികയാണെന്ന് കേരളസഭയ്ക്ക് അഭിമാനപൂര്‍വം പറയാന്‍ കഴിയും. കെ.സി.ബി.സി ബൈബിള്‍ കമ്മീഷനും രൂപതകളിലെ ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്ന് വിവിധങ്ങളായ ബൈബിള്‍ അധിഷ്ഠിത പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വചനചൈതന്യം സജീവമായി നിറഞ്ഞുനില്‍ക്കുന്ന കേരളസഭ ആഗോള സഭയ്ക്ക് മാതൃകയും പ്രചോദനവുമാണ്.
വചനമേഖലയില്‍ കേരളസഭ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹപ്പെരുമഴ വലിയ ഉത്തരവാദിത്വവും നമ്മെ ഭരമേല്‍പിക്കുന്നുണ്ട്. ബൈബിള്‍ സാധാരണ ലത്തീന്‍ഭാഷയില്‍ (വുള്‍ഗാത്ത) വിവര്‍ത്തനം ചെയ്ത് ദൈവവചനം എല്ലാവരിലും എത്തിക്കാന്‍ പരിശ്രമിച്ച വിശുദ്ധ ജറോമിന്റെ 1600-ാം മരണവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നുമുതല്‍ 2020 സെപ്റ്റംബര്‍ 30 വരെ കൂടുതല്‍ ബൈബിള്‍ അധിഷ്ഠിത പരിപാടികള്‍ നടത്താന്‍ അന്തര്‍ദേശീയ ബിബ്ലിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ താഗ്ലേ ആഹ്വാനം ചെയ്തിട്ടുണ്ട്. ബൈബിളിനുള്ള പ്രാധാന്യം എടുത്തുകാണിക്കാന്‍ ബൈബിള്‍ ഞായറിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയില്‍ ബൈബിള്‍ ആഘോഷപൂര്‍വം പ്രതിഷ്ഠിക്കുന്നത് ഉചിതമാണെന്ന് ഫ്രാന്‍സിസ് പാപ്പ വചന ഞായറിനെക്കുറിച്ചുള്ള അപ്പസ്‌തോലിക ലേഖനത്തില്‍ പറയുന്നുണ്ട്. വചനപാരായണ മാസമായി ആചരിക്കുന്ന ഡിസംബര്‍ മാസത്തില്‍ ഇടവകകള്‍തോറും പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഒരു ദിവസമെങ്കിലും നീളുന്ന വചനപാരായണം സംഘടിപ്പിക്കേണ്ടതാണ്. ‘ദിവ്യവായന’ എന്നറിയപ്പെടുന്ന പ്രാര്‍ത്ഥനാരീതി വിശ്വാസികളായ എല്ലാവരും പരിശീലിക്കുന്നത് നല്ലതാണ്. ശ്രദ്ധയോടും ഭക്തിയോടുംകൂടി വിശുദ്ധ ഗ്രന്ഥം വായിക്കുന്നതാണ് ഇതിലെ ആദ്യഘട്ടം. തുടര്‍ന്ന് വിചിന്തനത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നത് മനസിലാക്കുന്നു. ദൈവവുമായുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന പ്രാര്‍ത്ഥനയാണ് അടുത്തത്. അവസാനം നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിന്റെ സാന്നിധ്യാനുഭവത്തിലേക്ക് ഉയര്‍ത്തുന്ന പൂര്‍ണധ്യാനത്തില്‍ നാം എത്തിച്ചേരുന്നു. ഇടവകകളില്‍ ദൈവവചനം വായിച്ച് പ്രാര്‍ത്ഥിക്കുന്ന കൂട്ടായ്മകള്‍ക്ക് രൂപംകൊടുക്കുന്നതുവഴി ഇടവകസമൂഹത്തിന്റെ വിശ്വാസജീവിതം ശക്തിപ്പെടുത്താന്‍ കഴിയും.
ഈ വര്‍ഷവും കേരളം പ്രകൃതിദുരന്തത്തിന് ഇരയായി. ഇത്തവണയും ബൈബിള്‍ നഷ്ടമായവര്‍ക്ക് അവ എത്തിച്ചു നല്‍കാന്‍ ബൈബിള്‍ കമ്മീഷനോടൊപ്പം രൂപത ബൈബിള്‍ അപ്പോസ്തലേറ്റും സംഘടനകളും വ്യക്തികളും മുന്നിട്ടിറങ്ങിയെന്നത് സന്തോഷകരമാണ്. ബൈബിള്‍ ഇല്ലാത്ത കുടുംബങ്ങളില്‍ ഇടവകതന്നെ മുന്‍കൈയെടുത്ത് ബൈബിള്‍ കൊടുക്കുന്നത് ഇടവകസമൂഹത്തിന്റെ കടമയായി മാറണം. ബൈബിള്‍ പഠനവേദികള്‍ ഒരുക്കുന്നതിന് കൂടുതല്‍ ഇടവകകള്‍ മുന്നോട്ട് വരുന്നതിനെ അഭിനന്ദിക്കുന്നു.
കേരളസഭയുടെ അഭിമാനമായ ലോഗോസ് ക്വിസ് ഒരു മത്സരമെന്നതിലുപരി വചനപഠനവേദിയാണെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ പേരെ വചനത്തിലേക്കടുപ്പിക്കാന്‍ ഏവരും ഉത്സാഹിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ശ്രവണവൈകല്യമുള്ളവര്‍ക്കായി ലോഗോസ് സംഘടിപ്പിച്ചതുവഴി അവരുടെയിടയില്‍ വചനസ്‌നേഹവും വചനപഠനൗത്സുക്യവും വളര്‍ത്താനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞു. ശാരീരിക പരാധീനതകളുള്ളവര്‍പോലും വചനത്തോട് കാണിക്കുന്ന ആവേശം നാം എത്രമാത്രം വചനത്തിനായി സമയം കണ്ടെത്തണമെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?