ക്രിസ്മസ് കാലങ്ങളില്‍ സാന്താക്ലോസിനെ ഓര്‍ക്കാത്തവരുണ്ടാകില്ല. റെയിന്‍ഡിയര്‍ മാനുകള്‍ വലിക്കുന്ന രഥത്തില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് പൗരസ്ത്യദേശത്തും പാശ്ചാത്യനാടുകളിലും ഇന്നും നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണ്. എ.ഡി 270-ല്‍ പട്ടാറ എന്ന സ്ഥലത്തു ജീവിച്ചിരുന്നൊരു പുണ്യാത്മാവാണ് അദേഹം. നിരവധി കഥകളാണ് അദേഹത്തെക്കുറിച്ചുള്ളത്. അതില്‍ ചില കഥകള്‍.
ഒരു ക്രിസ്മസ് ദിനം!
നിക്കോളാസിന്റെ സഹോദരിയായ സാന്‍ഡെല്‍ പുറത്ത് കൂട്ടുകാരികളോടൊപ്പം കളിക്കുകയായിരുന്നു.
അപ്പോഴാണ് മനോഹരമായ പാവകള്‍ വില്ക്കാനായി ഒരു കച്ചവടക്കാരന്‍ നിരത്തിലൂടെ പോകുന്നത് കുട്ടികള്‍ കണ്ടത്. കൈയിലുള്ള നാണയങ്ങള്‍ കൊടുത്ത് കുട്ടികള്‍ പാവകള്‍ സ്വന്തമാക്കി. ദരിദ്രയായ സാന്‍ഡെല്‍, ആ കച്ചവടക്കാരന്റെ മുന്നില്‍ ഒരു പാവയ്ക്കുവേണ്ടി യാചിച്ചു. അയാളാകട്ടെ, മറ്റു കുട്ടികളോടൊപ്പംകൂടി അവളെ കളിയാക്കാനാണ് ശ്രമിച്ചത്.
വിഷമത്തോടെ അവള്‍ തന്റെ കുടിലിലേക്കോടി.
സഹോദരനായ നിക്കോളാസിന്റെ മുന്നില്‍ ചെന്ന് അവള്‍ കരഞ്ഞുകൊണ്ട് കാര്യം വിവരിച്ചു.
അദ്ദേഹം തന്റെ കുഞ്ഞിപെങ്ങളെ ചേര്‍ത്തു നിര്‍ത്തി ആ നെറുകയില്‍ മുത്തമിട്ടുകൊണ്ടു പറഞ്ഞു.
”നോക്കു മോളേ! നമുക്ക് പണമില്ലാത്തതുകൊണ്ടല്ലേ ആ പാവ വാങ്ങാന്‍ പറ്റാത്തത്. നമ്മെപ്പോലെ നിരവധി കുട്ടികള്‍ ഇതുപോലെ ദുഃഖിക്കുന്നുണ്ടാവും.”
ചേട്ടന്റെ ആശ്വാസപ്രദമായ ആ വാക്കുകള്‍ അവളുടെ എല്ലാ സങ്കടങ്ങളും മാറ്റി. അവള്‍ ചേട്ടന്റെ കണ്ണിലേക്കുറ്റുനോക്കി. എന്തോ ദൃഢനിശ്ചയം അവിടെ തെളിഞ്ഞു കണ്ടു. ”എന്റെ കുഞ്ഞുമോള്‍ക്ക് ഞാന്‍ ഇന്നു തന്നെ അതിനെക്കാള്‍ മനോഹരമായൊരു പാവയുണ്ടാക്കിത്തരാം പോരേ?”
അവളുടെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി നിക്കോളാസ് ഉടന്‍തന്നെ മാര്‍ക്കറ്റിലേക്ക് പോയി. മടങ്ങിയെത്തിയ ശേഷം അതിമനോഹരമായ പാവകള്‍ നിര്‍മ്മിച്ചു. ആ കച്ചവടക്കാരന്റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന പാവകളെക്കാള്‍ മനോഹരമായിരുന്നു നിക്കോളാസിന്റെ പാവകള്‍. അതിലൊന്ന് തന്റെ പൊന്നനുജത്തിക്ക് നല്‍കിയിട്ട് ബാക്കിയുള്ള പാവകളുമായി അദ്ദേഹം പാവപ്പെട്ട കുട്ടികളുടെ വീട്ടിലേക്ക് നടന്നു. അങ്ങനെ അവര്‍ക്കും ആഹ്ലാദം പകരാന്‍ നിക്കോളാസിനു കഴിഞ്ഞു. ആ ക്രിസ്മസ് ദിനത്തില്‍ തുടങ്ങിവെച്ച സമ്മാനദാനം പിന്നീട് അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ തുടര്‍ന്നു.
******* ******* ******* *******
മറ്റൊരു ദിവസം നിക്കോളാസ് കുട്ടികള്‍ക്ക് സമ്മാനം കൊടുക്കാന്‍ വേണ്ടി ധനവാന്മാരില്‍നിന്നും സാമ്പത്തികസഹായം യാചിച്ച് നടക്കുകയായിരുന്നു. ആ പ്രദേശത്തെ ഏറ്റവും വലിയ ധനാഢ്യന്റെ വീട്ടിലേക്ക് തന്നെ നിക്കോളാസ് കയറിച്ചെന്നു. അയാള്‍ തന്റെ ജോലിക്കാരെക്കൊണ്ടു ക്രിസ്മസ് ക്രിബ് ഒരുക്കുന്ന തിരക്കിലായിരുന്നു. ഒരു ഭിക്ഷക്കാരനെപ്പോലെ തോന്നിപ്പിച്ച നിക്കോളാസിനെ അയാള്‍ ഒട്ടും പരിഗണിച്ചില്ല. ഭൃത്യന്റെ അപേക്ഷപ്രകാരം ഒരു ചെറിയ നാണയം അയാള്‍ ഒടുവില്‍ എറിഞ്ഞുകൊടുത്തു. ആ നാണയം കൈയിലെടുത്തുകൊണ്ട് നിക്കോളാസ് പറഞ്ഞു.
”ഹേ മനുഷ്യാ! ദരിദ്രരെ സഹായിക്കാത്ത ഈ ക്രിസ്മസ് ആഘോഷങ്ങള്‍ വെറും ഉപരിപ്ലവമല്ലേ? ഇത് ആര്‍ക്കുവേണം?” ഇത്രയും പറഞ്ഞ് നിക്കോളാസ് ആ നാണയമെടുക്കാതെ തിരിഞ്ഞു നടന്നു. പക്ഷേ, ഈ വാക്കുകള്‍ ആ ധനാഢ്യന്റെ ഹൃദയത്തില്‍ തുളഞ്ഞുകയറി. ദരിദ്രരെ ചെറിയതോതില്‍ സഹായിക്കാമെന്ന് അയാള്‍ തീരുമാനിച്ചു. അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു ദരിദ്രന്‍ ആ ധനാഢ്യന്റെ വീട്ടിലെത്തി. ഒരു ‘വലിയ നാണയം’ കൊടുക്കാന്‍ ആദ്യം മനസില്‍ തോന്നിയെങ്കിലും പിശുക്ക് അതു വിലക്കി. അതുകൊണ്ട് ഒരു ചെറിയ നാണയം തന്നെ ഇവിടെയും എറിയപ്പെട്ടു. രണ്ടു നിമിഷങ്ങള്‍ കഴിഞ്ഞു കാണില്ല. അതിനുമുമ്പേ അടുത്ത ആളെത്തി. ഒരു പടുവൃദ്ധ. അവരും യാചിക്കുകയാണ്.
ധനവാന്റെ മനസ് അല്പം കൂടി ദാക്ഷിണ്യം കാട്ടി.
രണ്ടു നാണയങ്ങള്‍ വൃദ്ധയുടെ കൈവെള്ളയില്‍ വച്ചുകൊടുത്തു. അതു സ്വീകരിച്ചപ്പോള്‍ ആ വൃദ്ധയുടെ മുഖത്തെ സന്തോഷം അയാളെ അമ്പരിപ്പിച്ചു.
വൃദ്ധ നന്ദി പറഞ്ഞു തിരിയുന്നതിനു മുമ്പേ ഇതാ കീറിയ വസ്ത്രങ്ങള്‍ ധരിച്ച ഒരു കുട്ടി.
നാണയം അവനും നല്‍കി.
ഇങ്ങനെ സായാഹ്നം വരെ ആവര്‍ത്തിച്ചു. അപ്പോഴാണ് നിക്കോളാസിന്റെ വാക്കുകളുടെ അര്‍ത്ഥം അയാള്‍ക്കു മനസിലായത്. താനിന്ന് ചെറുതായെങ്കിലും ദരിദ്രരെ സഹായിച്ചല്ലോ! അതോര്‍ത്തപ്പോള്‍ അയാള്‍ സന്തോഷചിത്തനായി.
ശേഷിച്ച കാലം തന്റെ പിശുക്കെല്ലാം മാറ്റി അയാള്‍ നല്ല മനസോടെ ജീവിച്ചു.
******* ******* ******* *******
ഒരു വ്യാപാരി അക്കാലത്ത് തന്റെ പെണ്‍മക്കളെ അടിമകളാക്കി വില്‍ക്കുന്നു എന്നുള്ള വാര്‍ത്ത നിക്കോളാസിനെ നടുക്കി. ജനങ്ങള്‍ ആ വ്യാപാരിയെ കുറ്റം പറയുന്നതില്‍ ആനന്ദം കണ്ടെത്തി. നിക്കോളാസ്, ഒരു ഭിക്ഷക്കാരന്റെ വേഷം ധരിച്ച് നേരെ ആ വ്യാപാരിയുടെ വീട്ടിലെത്തി. അയാള്‍ കാട്ടിയ കൊടിയ അനീതിക്കെതിരെ ആഞ്ഞടിക്കാനാണു നിക്കോളാസ് ചെന്നതെങ്കിലും, കച്ചവടം മുഴുവന്‍ പൊളിഞ്ഞ ആ വ്യാപാരിയുടെ നില വളരെയേറെ ശോചനീയമായിരുന്നു.
വീട് വലുതെങ്കിലും അതില്‍ ഫര്‍ണിച്ചറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വിലപിടിച്ച ഒന്നും അവിടെ കാണാന്‍ നിക്കോളാസിനു കഴിഞ്ഞില്ല. തന്റെ വീട്ടില്‍ ഭിക്ഷയ്ക്കായി വന്ന യാചകനെ അയാള്‍ കീറപ്പായില്‍ സ്വീകരിച്ചിരുത്തി. പിന്നീട് തന്റെ സ്വകാര്യ ദുഃഖങ്ങളെല്ലാം അയാള്‍ ആ ഭിക്ഷക്കാരന്റെ മുന്നില്‍ നിരത്തി.
സാമ്പത്തിക ബാധ്യത വീട്ടാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് പെണ്‍മക്കളെപ്പോലും വില്‍ക്കേണ്ടി വന്നതെന്ന് പറഞ്ഞപ്പോള്‍ അയാളുടെ കണ്ഠം ഇടറി. അതെല്ലാം കേട്ടപ്പോള്‍ നിക്കോളാസിന്റെയും കണ്ണുകള്‍ നിറഞ്ഞു. പിന്നീട് ഭിക്ഷയായി വ്യാപാരി അന്നത്തെ ആകെയുള്ള ഭക്ഷണത്തിന്റെ പകുതിതന്നെ നല്‍കി.
ആ സാമ്പത്തിക വൈഷമ്യത്തില്‍പോലും, തനിക്കുള്ളത് നല്‍കാന്‍ തയ്യാറായ ആ വലിയ മനസ് കണ്ടപ്പോള്‍ നിക്കോളാസ് സര്‍വ്വം മറന്നു. തന്റെ കൈയിലുള്ള സഞ്ചി ആ ‘ധനവാനെ’ ഏല്പ്പിച്ചിട്ട് ഭിക്ഷക്കാരനായ നിക്കോളാസ് നടന്നു മറഞ്ഞു. ആ സഞ്ചി തുറന്നു നോക്കിയപ്പോള്‍ വ്യാപാരി സന്തോഷം കൊണ്ട് മതിമറന്നു.
അതു മുഴുവന്‍ സ്വര്‍ണ്ണനാണയങ്ങളായിരുന്നു. അതുകൊണ്ട് കച്ചവടം നടത്തി അയാള്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുവാങ്ങി.
നിക്കോളാസ് സേവനങ്ങള്‍ ചെയ്യുന്നതിനുവേണ്ടി, തന്റെ ജീവിതം പൂര്‍ണമായും ക്രിസ്തുവിനു നല്‍കാന്‍ തന്നെ തീരുമാനിച്ചു. അതിനുവേണ്ടി അദ്ദേഹം വൈദികവൃത്തി തെരഞ്ഞെടുത്തു. അധികസമയവും പാവങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്നതില്‍ അദ്ദേഹം സന്തോഷിച്ചു. അധികം വൈകാതെ മീറയിലെ മെത്രാനായി ഫാ. നിക്കോളാസ് ഉയര്‍ത്തപ്പെട്ടു. എ.ഡി 342 ഡിസംബര്‍ മാസം ആറാംതിയതി അദേഹം അന്തരിച്ചു. ഇന്ന് ഫ്രാന്‍സില്‍ ഏറ്റവുമധികം ദൈവാലയങ്ങള്‍ ഉളളത് ഈ വിശുദ്ധന്റെ പേരിലാണ്.
ജയ്‌മോന്‍ കുമരകം
Leave a Comment
Your email address will not be published. Required fields are marked with *