Follow Us On

27

September

2020

Sunday

ആനന്ദത്തിലേക്കൊരു ബലിവഴി- ബലിയൊരുക്കങ്ങൾ XIX

ആനന്ദത്തിലേക്കൊരു ബലിവഴി- ബലിയൊരുക്കങ്ങൾ XIX
”തിരുപ്പിറവിയാഘോഷങ്ങളിൽ സന്തോഷിക്കുമ്പോഴും ആ ആനന്ദത്തിന്റെ പിറകിൽ ക്രിസ്തുവിന്റെ ബലിയുണ്ടെന്നോർക്കാൻ നമുക്കു കഴിയണം.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ 19′
ഫാ. ബെന്നി നൽക്കര സി.എം.ഐ
സകലജനത്തിനും ആനന്ദത്തിന്റെ സദ്വാർത്തയുണ്ടാകാൻവേണ്ടി സ്വന്തമായുള്ള സകലതും ബലി ചെയ്ത ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മ, ആനന്ദത്തിലേക്കു ഓരോരുത്തരും യാത്ര ചെയ്യേണ്ട ബലിവഴികളെ അടയാളപ്പെടുത്തുന്നു.
ക്രിസ്തുമസ്സിന്റെ മുഖപ്രസാദം തന്നെയും ആനന്ദമാണല്ലോ. പിറവികളൊക്കെയും ആനന്ദാനുഭവങ്ങളാകുന്ന ലോകത്തു, തീർത്തും അസാധാരണത്വം നിറഞ്ഞ ചുറ്റുപാടിൽ സാധാരണക്കാരായ മനുഷ്യരിലൊരുവനായി പിറന്നുവീണ ക്രിസ്തുവിന്റെ ജനനവും ഒരു ആനന്ദവാർത്തയായിട്ടാണ് പ്രഘോഷിക്കപ്പെട്ടത്. പക്ഷേ, ആ ആനന്ദവാർത്തയ്ക്കു പിറകിലെ ബലിവഴികളെ നാം കാണാതെ പോകരുത്. ലോകത്തിനു മുഴുവൻ ആനന്ദമുണ്ടാകാൻ തന്റെ ഏകജാതനെ ബലിയായി നൽകിയ പിതാവിന്റെയും മറ്റുള്ളവർക്ക് ആനന്ദമുണ്ടാകുവാനും അത് അതിന്റെ പൂർണ്ണതയിൽ നല്കാനുമായി മനുഷ്യനായി പിറന്ന പുത്രന്റെയും, ഈ ദൈവികനിയോഗപൂർത്തിക്കായി ത്യാഗവും സഹനങ്ങളുമേറ്റുവാങ്ങുന്ന ഒരു കുടുംബത്തിന്റെയും ബലിവേദിയിൽ നിന്നാണ് ഈ ആനന്ദവാർത്തയുണ്ടായതെന്നു ക്രിസ്തുമസ്സ് നമ്മെ ഓർമ്മപ്പെടുത്തുന്നു.
ആരാണു സന്തോഷമാഗ്രഹിക്കാത്തത്? “സന്തോഷസൂചിക”യുടെ ഉയർച്ചതാഴ്ചകൾതേടി മനുഷ്യർ പരക്കം പായുന്ന കാലത്തിലാണ്‌ നാം ജീവിക്കുന്നത്. സന്തോഷം സ്വന്തമാക്കാനുള്ള തത്രപ്പാടുകൾക്കൊടുവിൽ എല്ലാ സന്തോഷവും നഷ്ടപ്പെട്ടുപോകുന്നവരുടെ എണ്ണം നമുക്കു ചുറ്റും ഏറുകയാണ്. സുഖാന്വേഷണത്തിന്റെ പൂർത്തീകരണത്തെയാണ് പലരും സന്തോഷമായി മനസ്സിലാക്കുന്നത്. ഈ സന്തോഷത്തെ ആനന്ദമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. “ആനന്ദം” ചിലപ്പോഴെങ്കിലും അതിന്റെ അർത്ഥം പൂർണ്ണമായി ഉൾക്കൊള്ളാനാകാത്ത “സന്തോഷം”എന്നു വിവർത്തനം ചെയ്യപ്പെടുകയും ചെയ്യാറുണ്ട്.
വളരെ ലളിതമായ അർത്ഥത്തിൽ പറഞ്ഞാൽ ഏതെങ്കിലും ഒരു ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് സന്തോഷം. ഇഷ്ടപ്പെട്ട ഒന്നു സ്വന്തമാക്കുമ്പോൾ നമുക്ക് സന്തോഷമുണ്ടാകുന്നു. ആ സന്തോഷം അപേക്ഷികവും ക്ഷണികവുമാണ്. പക്ഷേ, ആനന്ദമെന്നതു സംതൃപ്തിയുടെ നിറവാണ്. അത് നില നിൽക്കുന്ന സന്തോഷമാണ്. ക്രിസ്തു ആവർത്തിച്ചു പറഞ്ഞ “സന്തോഷത്തിന്റെ പൂർണ്ണതയാണ്.” ജീവിതത്തിലെ ദുഃഖങ്ങൾക്കും സഹനങ്ങൾക്കും ഇടയിലും ഒരാൾക്ക് ആനന്ദിക്കാൻ കഴിയും.ആഗ്രഹിക്കുന്നതെല്ലാം ലഭിച്ചില്ലെങ്കിലും ആനന്ദിക്കാനാകും , ഒരു പൂവിൽ പൂന്തോട്ടം കാണുന്നവരെപ്പോലെ.
ക്രിസ്തു വാഗ്ദാനം ചെയ്തത് ഈ ആനന്ദമാണ്. പക്ഷേ, പലപ്പോഴും ഈ ആനന്ദാനുഭവത്തിനു വലിയ വില നൽകേണ്ടതുണ്ട്.
മനുഷ്യരുടെ ആനന്ദാനുഭവത്തിനായി അവിടുന്നു അർപ്പിച്ച വലിയ ബലിയുടെ ഓർമ്മയാണ് ക്രിസ്തുവിന്റെ ജനനവും ജീവിതവും. നൂറ്റാണ്ടുകളായി ദുഃഖത്തിലും സങ്കടങ്ങളിലും കഴിഞ്ഞിരുന്ന മാനവരാശിക്കു അവർണ്ണനീയമായ ആനന്ദമാണ്. അവന്റെ ദൈവികതയും സ്ഥാനമാനങ്ങളും സമ്പന്നതയും  ശൂന്യവത്കരിച്ചത് നമ്മുടെ ആനന്ദാനുഭവത്തിനുവേണ്ടിയായിരുന്നു. ദാരിദ്ര്യത്തിന്റെ വേദനകളും അവഗണയുടെയും തിരസ്കാരത്തിന്റെയും സഹനങ്ങളും അരക്ഷിതത്വത്തിന്റെ വിഷമങ്ങളും അവൻ ഏറ്റുവാങ്ങിയത് നമ്മുടെ ആനന്ദത്തിനു വേണ്ടിയായിരുന്നു. അവന്റെ “സന്തോഷം അതിന്റെ പൂർണ്ണതയിൽ” നമുക്കുണ്ടാകണമെന്നായിരുന്നു എപ്പോഴും അവന്റെയാഗ്രഹം ( യോഹ 15:11; 16:22; 16:24;17:13).
അതിനായി സ്വന്തം ആനന്ദങ്ങൾ അവൻ  വേണ്ടായെന്നു വച്ചു. പങ്കുവയ്ക്കുന്നതിലൂടെയും പകുത്തുകൊടുക്കുന്നതിലൂടെയും ആണ് മറ്റുള്ളവരുടെ ജീവിതത്തിൽ ആനന്ദം നിറയ്ക്കാനാകുമെന്നവൻ കാണിച്ചുതന്നു. പരിഭവിക്കാനും പരാതി പറയാനും ഏറെയുണ്ടായിട്ടും അവൻ സന്തുഷ്ടനായിരുന്നു. അപ്പോഴും ആത്മാവിൽ ആനന്ദിച്ചു പിതാവിനു നന്ദി പറയുകയാണവൻ. കാലിത്തൊഴുത്തു മുതൽ കാൽവരിവരെ അവന്റെ ബലിവഴികൾ നമുക്ക് ആനന്ദനടനമായി. ഒപ്പം ഏതൊരു സങ്കടനടുവിലും എങ്ങനെ ആനന്ദമനുഭവിക്കാമെന്നുള്ള പാഠവും.
തിരുപ്പിറവിയാഘോഷങ്ങളിൽ സന്തോഷിക്കുമ്പോഴും ആ ആനന്ദത്തിന്റെ പിറകിൽ ക്രിസ്തുവിന്റെ ബലിയുണ്ടെന്നോർക്കാൻ നമുക്കു കഴിയണം. “മെറി ക്രിസ്മസ്” എന്നും “ഹാപ്പി ക്രിസ്മസ്” എന്നും ആശംസിക്കുമ്പോൾ അതിനു പിറകിലെ ത്യാഗമറിയാതെ പോകരുത്, നാം. നമുക്കാനന്ദമുണ്ടാകാൻവേണ്ടി ബലിയർപ്പിക്കുന്നവരെയൊക്കെ നാം നന്ദിയോടെയോർക്കണം. കുടുംബങ്ങളിലും സമൂഹങ്ങളിലും നമ്മുടെ ആനന്ദാനുഭവത്തിനായി ബലിയാകുന്നവർ… സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളും വേണ്ടെന്നു വച്ചു നമുക്കാനന്ദം പകരുന്ന നമ്മുടെ പ്രിയപ്പെട്ടവർ… ആരോരുമില്ലാത്തവർക്കും അശരണർക്കും ആനന്ദമുണ്ടാകാൻ വേണ്ടി ജീവിതമൊഴിഞ്ഞു വയ്ക്കുന്നവർ… അവരിലൊക്കെ ക്രിസ്തു പിറക്കുന്നുണ്ട്.
നമ്മളും മറ്റുള്ളവർക്ക് ആനന്ദാനുഭവമുണ്ടാകാൻവേണ്ടി ബലിയനുഭവങ്ങളിലൂടേ കടന്നു പോകണം. പങ്കുവയ്ക്കലിന്റെയും പകുത്തുകൊടുക്കലിന്റെയും ജീവിതശൈലി സ്വായത്തമാക്കാൻ കഴിയുമ്പോൾ, സമയവും സമ്പത്തും മറ്റുള്ളവർക്കായി വ്യയം ചെയ്യുമ്പോൾ അവിടെയൊക്കെ ആനന്ദാനുഭവമുണ്ടാകും, ക്രിസ്തു പിറക്കും. ക്രിസ്തുവിന്റെ ജനനം ഒരുപാടു പേർക്ക് ആനന്ദത്തിനു കാരണമായെങ്കിൽ ഹേറോദേസിനെപ്പോലുള്ളവർക്കു അത് അസ്വസ്ഥതയ്ക്കും കരണമാകുന്നുണ്ട്. ക്രിസ്തുവിന്റെ ബലിജീവിതത്തോടും മൂല്യങ്ങളോടും താത്പര്യവും തുറവിയുമില്ലാത്തവർക്ക്‌ അവൻ നൽകുന്ന ആനന്ദം അനുഭവിക്കാനും കഴിയുകയില്ല.
ക്രിസ്തുവിന്റെ തിരുപ്പിറവി നൽകുന്ന സന്തോഷത്തിന്റെ പൂർണ്ണത – ആനന്ദം അനുഭവിക്കാൻ എനിക്കാകുന്നുണ്ടോ? സ്വന്തം താത്പര്യങ്ങളെയും ഇഷ്ടങ്ങളെയും സമയത്തേയും   ബലി ചെയ്തു മറ്റുള്ളവർക്ക് ആനന്ദം സമ്മാനിക്കാൻ എനിക്കാകുന്നുണ്ടോ?
പ്രാർത്ഥന: എനിക്കാനന്ദമുണ്ടാകാനും അത് പൂർണ്ണതയിൽ ഉണ്ടാകാനും വേണ്ടി ബലിവഴികൾ പിന്നിട്ട കർത്താവേ, എന്റെ ത്യാഗജീവിതത്തിലൂടെ മറ്റുള്ളവർക്കു ആനന്ദമേകുവാൻ എന്നെ  സഹായിക്കണമേ. 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?