Follow Us On

22

October

2020

Thursday

ആഫ്രിക്കയുടെ മമ്മ

ആഫ്രിക്കയുടെ മമ്മ

”ലിഡിയായെയും ലിസായെയും മരണത്തിന് വിട്ടുകൊടുക്കരുതേ. നിന്റെ സ്വന്തം മക്കളെപ്പോലെ നീ അവരെ വളര്‍ത്തണം.” ഇത് പറഞ്ഞുകൊണ്ട് ജൂലിയറ്റ് എന്ന അമ്മ ഭര്‍ത്താവിനൊപ്പം ശത്രുക്കളുടെ വാളിന് ഇരയായി. ജൂലിയറ്റിന്റെ ഈ വാക്കുകള്‍ അവളുടെ കൂട്ടുകാരി മാഗിക്ക് ഒരു പുതിയ ഉത്തരവാദിത്വം നല്‍കുകയായിരുന്നു. അന്നുമുതല്‍ തനിക്ക് കിട്ടുന്ന അനാഥകുട്ടികളെയും വാരിയെടുത്തുക്കൊണ്ട് ഓടുകയാണ് മാഗി. സാമാധാനത്തിന്റെ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍.
ഈ സംഭവം നടക്കുന്നത് വംശീയകലാപങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ആഫ്രിക്കയിലെ ബുറുണ്ടി എന്ന രാജ്യത്താണ്. തന്റെ 36-ാമത്തെ വയസില്‍ തുടങ്ങിയ ഒട്ടം മാഗി അഥവാ മാര്‍ഗൂറൈറ്റ ബാരന്‍കിറ്റ്‌സെ ഇപ്പോഴും തുടരുകയാണ്. കത്തോലിക്ക വിശ്വാസത്തിന്റെയും ധീരതയുടെയും പര്യായ ഈ 63-കാരിയെ തേടി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.
രക്തം മണക്കുന്ന ചരിത്രം
1962-ല്‍ യൂറോപ്യന്‍ കോളനിഭരണത്തില്‍നിന്നും ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടി സ്വാതന്ത്ര്യം നേടി. അതോടെ ബുറുണ്ടിയുടെ ഭരണം ജനസംഖ്യയുടെ കേവലം 15 ശതമാനം വരുന്ന ടുട്‌സി ഗോത്രത്തിന്റെ കൈകളിലായി. ബാക്കി 85 ശതമാനത്തോളം വരുന്ന ഹുടു ഗോത്ര ജനത ഇവരുടെ ആധിപത്യത്തിന്റെ കീഴിലായി.
അങ്ങനെ പണ്ടുമുതലേ ഗോത്രങ്ങള്‍ തമ്മിലുണ്ടായിരുന്ന ശത്രുത വര്‍ധിക്കുകയും കൂട്ടക്കൊലകളും വംശീയ കലാപങ്ങളും ബുറുണ്ടിയില്‍ തുടര്‍ക്കഥയാവുകയും ചെയ്തു. 70 കളിലും 80 കളിലും ഉണ്ടായ കലാപങ്ങള്‍ പതിനായിരങ്ങളുടെ കൂട്ടക്കൊലക്ക് കാരണമായി. തീരാത്ത ശത്രുത 1993-ല്‍ ബുറുണ്ടിയെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചു. സൈന്യം അക്രമാസക്തമാവുകയും യുദ്ധം അടിച്ചമര്‍ത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ മൂന്നു ലക്ഷത്തിലേറെ പേരാണ് കൊലചെയ്യപ്പെട്ടത്.
വിപ്ലവകാരിയായ അധ്യാപിക
ഈ സമയത്ത് മാഗി അഥവാ മാര്‍ഗൂറൈറ്റ ബാരന്‍കിറ്റ്‌സെ എന്ന 36 കാരി റുയിഗി രൂപതയുടെ ബിഷപ്പിന്റെ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു. തന്റെ രാജ്യത്ത് മനുഷ്യ ജീവന് വിലനല്‍കാതെ ഗോത്രങ്ങളുടെയും അധികാരമോഹങ്ങളുടെയും പേരില്‍ നടക്കുന്ന അക്രമങ്ങളോട് അവള്‍ക്ക് വല്ലാത്ത എതിര്‍പ്പായിരുന്നു. കത്തോലിക്കയായിരുന്ന അവള്‍ യേശുവിന്റെ പരസ്പരസ്‌നേഹത്തിന്റെ മാര്‍ഗത്തില്‍ ജീവിച്ചവളും മറ്റുളളവരെ ആ സ്‌നേഹത്തിലേക്ക് നയിക്കാന്‍ ആഗ്രഹിച്ചവളുമായിരുന്നു.
മാഗി 1956-ല്‍ ഈസ്റ്റ്ബുറുണ്ടിയിലെ റുയിഗിയില്‍ ജനിച്ചു. രാജ്യത്തെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നാണത്. പിതാവ് 1962-ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. അമ്മയ്ക്കും സഹോദരനും പുറമേ അമ്മ ദത്തെടുത്ത മറ്റ് എട്ട് കുട്ടികള്‍ കൂടി അടങ്ങുന്ന വലിയ കുടുംബത്തോടൊപ്പം അവള്‍ വളര്‍ന്നു. ഈ ജീവിതരീതി കുട്ടിക്കാലം മുതലേ പങ്കുവയ്ക്കാനുള്ള മനോഭാവം മാഗിക്ക് ഉണ്ടാകാന്‍ കാരണമായി.
ടുട്‌സി ഗോത്രത്തില്‍ ജനിച്ച മാഗി പഠനത്തില്‍ മിടുക്കിയായിരുന്നു. ഫ്രാന്‍സിലെ ലൂര്‍ദില്‍ മൂന്നുവര്‍ഷം ദൈവശാസ്ത്രം പഠിച്ചു. 1979-ല്‍ റൂയിഗി ഹൈസ്‌കൂള്‍ ഫ്രഞ്ച് അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എന്നാല്‍ മികച്ച ഹുട്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ക്ലാസില്‍ പ്രവേശനം നിഷേധിക്കല്‍, ഭരണകൂട അനുകൂല പാഠ്യപദ്ധതി, വ്യാജരാജ്യചരിത്രം പഠിപ്പിക്കല്‍ എന്നിവ മാഗിയെ രോഷാകുലയാക്കി. അവള്‍ വിദ്യാഭ്യാസത്തില്‍ നീതിയും സമത്വവും വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ ജോലിയില്‍നിന്നും പുറത്താക്കപ്പെട്ടു.
തുടര്‍ന്ന് നാല് ഹുടു കുട്ടികളെയും മൂന്ന് ടുട്‌സി കുട്ടികളും ദത്തെടുത്തുകൊണ്ട് മാഗി തന്റെ വംശീയ ഐക്യമെന്ന സ്വപ്‌നം പ്രയോഗത്തില്‍ വരുത്തി. അവിവാഹിതയായിരുന്ന അവള്‍ തന്റെ ദത്തുമക്കള്‍ ഒരിക്കലും അക്രമത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷത്തില്‍ വളരരുത് എന്ന് ആഗ്രഹിച്ചിരുന്നു. ഈ കാലത്ത് കാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചു. 1980-കളുടെ അവസാനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ചു. ബുറുണ്ടി കാര്‍ഷിക രാജ്യമായതിനാല്‍ അതിന് അടിസ്ഥാനപരമായി മാറ്റം വരുത്താന്‍ ഉള്ള അറിവുനേടാനാണ് മാഗി ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിച്ചത്. ശേഷം മാഗി റുയിഗിയിലേക്ക് മടങ്ങി. 1991-ല്‍ ബിഷപ്പിന്റെ സെക്രട്ടറിയായി ജോലിക്ക് ചേര്‍ന്നു.
അനേകരുടെ മമ്മമാഗിയായ ദിനം
1993 ഒക്ടോബര്‍ 24, ബുറുണ്ടി ആഭ്യന്തരയുദ്ധം ആരംഭിച്ച ദിനം. ഭയത്തിന്റെയും കൊലപാതകത്തിന്റെയും പരിഭ്രാന്തിയുടെയും അന്തരീക്ഷത്തില്‍ റുയിഗി ബിഷപ് ഹൗസില്‍ തന്റെ ഏഴു മക്കളോടൊപ്പം മാഗി അഭയം തേടി. രണ്ടു ഗോത്രത്തിലും പെട്ട നിരവധിപേര്‍ക്ക് അവള്‍ രൂപതാകേന്ദ്രത്തില്‍ അഭയം നല്‍കി.
കുട്ടികളെ പള്ളിയിലെ വിശുദ്ധ മന്ദിരത്തില്‍ അലമാരയിലും മറ്റുമായി മാഗി ഒളിപ്പിച്ചു. അപ്പോഴേക്കും ഹുടുക്കളെ തേടി ടുട്‌സികളായ അക്രമികള്‍ എത്തിചേര്‍ന്നതോടെ മുതിര്‍ന്നവരെ ഒളിപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഹുടു കുടുംബങ്ങളെ തെരഞ്ഞുപിടിച്ച് അവര്‍ വധിച്ചു. കുട്ടികള്‍ എവിടെയാണെന്ന് പറയാന്‍ മാഗിയോട് ആവശ്യപ്പെട്ടു. പക്ഷേ മാഗി വിസമ്മതിച്ചപ്പോള്‍ അവളെ കൊല്ലാന്‍ അവര്‍ മടിച്ചു. കാരണം അവള്‍ ഒരു ടുട്‌സി വംശജയായിരുന്നു. കുട്ടികളെ കാട്ടികൊടുക്കാത്തതിന്റെ പകമൂലം മാഗിയെ അവര്‍ ക്രൂരമായി മര്‍ദിച്ച ശേഷം വിവസ്ത്രയാക്കി കസേരയില്‍ കെട്ടിയിട്ടു.
ഒളിച്ചിരിക്കുന്നവരെ പുറത്തുചാടിക്കാന്‍ ബിഷപ്‌സ് ഹൗസിന് തീയിട്ട അവര്‍ പുറത്തുവരുന്ന ഓരോരുത്തരെയും മാഗിയുടെ മുന്നില്‍വച്ച് കൊന്നു. ഈ കൊലപാതകങ്ങള്‍ കാണാന്‍ അവളെ നിര്‍ബന്ധിക്കുകയും ചെയ്തു. പീഡനങ്ങള്‍ വര്‍ധിപ്പിച്ചിട്ടും എവിടെയാണ് കുട്ടികളെ ഒളിപ്പിച്ചിരിക്കുന്നതെന്ന് പറയാന്‍ അവള്‍ കൂട്ടാക്കിയില്ല. 72-ഓളം ഹുടുക്കളും കുറെ കുട്ടികളും വധിക്കപ്പെട്ടു. അന്ന് കൊല്ലപ്പെട്ടവരില്‍ മാഗിയുടെ സുഹൃത്തായ ജൂലിയറ്റ് എന്ന ടുട്‌സി വംശജയായ ഒരു സ്ത്രീയുണ്ടായിരുന്നു, അവളുടെ ഹുടു വംശജനായ ഭര്‍ത്താവിനെ ഒറ്റയ്ക്ക് മരണത്തിന് വിട്ടുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. തന്റെ കുഞ്ഞുമക്കളായ ലിഡിയയെയും ലിസായെയും മരണത്തിന് വിട്ടുകൊടുക്കരുതേയെന്ന് മാഗിയോട് അപേക്ഷിച്ചുകൊണ്ടാണ് തന്റെ ഭര്‍ത്താവിനൊപ്പം മരിക്കാന്‍ തയാറായത്. അക്രമികള്‍ ജൂലിയറ്റിനെ ശിരഛേദം ചെയ്തു. അവര്‍ അവളുടെ തല മാഗിയുടെ മടിയിലേക്ക് എറിഞ്ഞു.
എല്ലാ പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ തന്റെ ദത്തെടുത്ത മക്കളും അവശേഷിക്കുന്ന അനാഥക്കുട്ടികളും അടക്കം 32 കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിച്ച് അടുത്തുള്ള ഒരു സ്‌കൂളില്‍ ഒളിപ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷം 80 കുട്ടികളും ഒരു മാസം കഴിഞ്ഞ് 200 കുട്ടികളും അവളുടെ അടുത്ത് അഭയം തേടിയെത്തി. കുറേനാള്‍ ഒരു ജര്‍മ്മന്‍ സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ അവിടെ കഴിച്ചുകൂട്ടി. കുട്ടികളുടെ ആവശ്യങ്ങളാണ് അവളെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തത്. അങ്ങനെ അവള്‍ അവരുടെ അമ്മയായി. വരുന്ന എല്ലാകുട്ടികളും അവളെ മമ്മ മാഗിയെന്ന് വിളിച്ചുതുടങ്ങി.
സമാധാന വീട്
പ്രാര്‍ത്ഥനയിലൂടെ ശക്തിസംഭരിക്കന്‍ അവള്‍ ചാപ്പലിലേക്ക് ഓടി. അപ്പോഴൊക്കെ അവള്‍ക്ക് ദൈവത്തിന്റെ ശക്തി അനുഭവപ്പെട്ടു. യേശുവിനെ ക്രൂശില്‍ തറച്ചത് അവള്‍ കണ്ടു. നമുക്കുണ്ടാകുന്ന കഷ്ടപ്പാടുകളുടെ ഭാരം വഹിക്കാന്‍ നമുക്ക് ശക്തി ലഭിക്കുന്നത് ഈ പീഡാനുഭവത്തില്‍ നിന്നാണ്. വളരെ വലിയ ഒരു ദൗത്യം തനിക്കുണ്ടെന്ന് അവള്‍ മാനസിലാക്കി. തുടക്കത്തില്‍ ഈ കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ മാഗിക്ക് ഒന്നുമുണ്ടായിരുന്നില്ല. അവര്‍ക്ക് സ്‌നേഹം ആവശ്യമാണ്, സുരക്ഷ ആവശ്യമാണ്, ഭക്ഷണവും വസ്ത്രവും ആവശ്യമാണ്.
അവരെ സഹായിക്കാനുള്ള വഴികള്‍ മാഗിക്ക് കണ്ടുപിടിക്കേണ്ടി വന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍ ഉള്‍പ്പെടെ എല്ലാ വാതിലുകളിലും മുട്ടിയെങ്കിലും ആരും കൂടെനിന്നില്ല. അവള്‍ വളരെ ബുദ്ധിമുട്ടിലായി.
ഒടുവില്‍ മാഗി അവരുടെ ബിഷപ്പിന്റെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു. അങ്ങനെ സഭ അവര്‍ക്ക് ഒരു സ്ഥലം നല്‍കി. അവിടെ ചെറിയ വീടുകള്‍ പണിത് കൃഷിചെയ്യാന്‍ തുടങ്ങി. ഒരു ചെറിയ സ്‌കൂളും പണിതു. ‘ശാലോം’ എന്ന വാക്കിന്റെ അര്‍ത്ഥം സമാധാനം എന്നാണെന്ന് കുട്ടികള്‍ റേഡിയോയില്‍ കേട്ടതിനാല്‍ അവര്‍ ‘മെയിസണ്‍ ശാലോം’ എന്ന പേര് സ്വീകരിച്ചു. അതാണ് ശരിക്കും അവരുടെ സ്വപ്‌നം. ആ വീട് എല്ലാ വംശത്തിലും വര്‍ഗത്തിലും ദേശത്തിലും പെട്ടവര്‍ക്കുവേണ്ടി തുറന്നിട്ടിരുന്നു.
1993-ലെ സംഭവങ്ങള്‍ക്ക് ശേഷം 20,000 ത്തിലധികം കുട്ടികളും യുവാക്കളും മെയിസണ്‍ ശാലോമിലെത്തി. ഈ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ദീര്‍ഘകാല പദ്ധതികള്‍ കണ്ടെേത്തണ്ടിയിരിക്കുന്നുവെന്ന് മാഗി തിരിച്ചറിഞ്ഞു. നിരവധി ആളുകള്‍ സന്നദ്ധപ്രവര്‍ത്തകരായിത്തീര്‍ന്നു. ഒരു അനാഥാലയം സൃഷ്ടിക്കുന്നതിനുപകരം ഓരോ കുടുംബങ്ങള്‍ സൃഷ്ടിക്കാന്‍ മാഗി ആഗ്രഹിച്ചു. കുട്ടികളെ നോക്കാന്‍ സ്വയം സന്നദ്ധരായ അമ്മമാര്‍ നിരവധിയുണ്ടായത് മാഗിക്ക് കൂടുതല്‍ ശക്തി നല്‍കി. അവരുടെ വരവോടെ ആ കൂട്ടായ്മയ്ക്ക് സ്‌നേഹഭവനത്തിന്റെ അനുഭൂതി ലഭിച്ചു തുടങ്ങി.
എല്ലാ വംശീയ പശ്ചാത്തലത്തിലുമുള്ള കുട്ടികളെ മെയിസണ്‍ ശാലോം സ്വാഗതം ചെയ്തു. ഹുടുസിനും ടുട്‌സിയും ഒരുമിച്ച് ജീവിക്കുന്ന മറ്റൊരു സ്ഥലവും അവിടെയെങ്ങും ഉണ്ടായിരുന്നില്ല. സാധ്യമാകുന്നിടത്തെല്ലാം കുട്ടികളെ അവരുടെ യഥാര്‍ത്ഥ കുടുംബങ്ങളുമായി ഒത്തുചേരാനും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കാനും മാഗി ശ്രമിച്ചു.
അപൂര്‍വ്വമായി ചില കുട്ടികള്‍ അവരുടെ മാതാപിതാക്കളെ വധിച്ച കുടുംബങ്ങളോടൊപ്പം ജീവിക്കാന്‍ തയാറായി. മെയ്‌സണ്‍ ശാലോമിലെ അന്തരീക്ഷം അവര്‍ക്ക് ക്ഷമിക്കാനുള്ള ശക്തി നല്‍കിയിരിക്കണം. അവിടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമുപരിയായി അധികം അധികം സ്‌നേഹം നല്‍കിയിരുന്നുവെന്നുവേണം പറയാന്‍.
നിരവധി സംഘടനകളുടെയും സുമനസുകളുടെയും സഹായത്തോടെ ഈ സമാധന ഭവനം വളര്‍ന്നു. ബുറുണ്ടിയിലെ 22 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍, മെയ്‌സണ്‍ ശാലോം അടിസ്ഥാനപരമായ നിരവധി സംരംഭങ്ങളും സേവനങ്ങളും വികസിപ്പിച്ചു. നഴ്‌സറി സ്‌കൂളുകള്‍, പ്രൈമറി സ്‌കൂള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സ്‌കൂളുകള്‍, അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള സംരക്ഷണ കേന്ദ്രം, ആശുപത്രി, നഴ്‌സിംഗ് സ്‌കൂള്‍, കര്‍ഷകരുടെ സഹകരണ ശൃംഖല, ജയിലില്‍ കിടക്കുന്ന കുട്ടികള്‍ക്ക് നിയമ സഹായം, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുനര്‍ വിദ്യാഭ്യാസ കേന്ദ്രം, സിനിമ തിയേറ്റര്‍, ലൈബ്രറി, നീന്തല്‍ക്കുളം, ഇന്റര്‍നെറ്റ് കഫേ, റെസ്റ്റോറന്റ്, ഗസ്റ്റ് ഹൗസ്, ബാങ്ക് തുടങ്ങിയവ പ്രവര്‍ത്തനമാരംഭച്ചു.
ഇതിലൂടെ കുട്ടികള്‍ക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ഒരു അന്തരീക്ഷം രൂപ്പെടുത്താനായി.
2015-ല്‍ ബുറുണ്ടിയിലെ ഭരണാധികരികള്‍ തുടര്‍ന്നുകൊണ്ടിരുന്ന കൂട്ടക്കൊലകളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് സമാധാനപരമായി മാഗി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ മാഗിയെ വധിക്കാന്‍ ഉത്തരവിടുകയും മെയ്‌സണ്‍ ശാലോം അടച്ചുപൂട്ടുകയും ചെയ്തു. ഒടുവില്‍ മാഗിക്ക് ബുറുണ്ടിയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു.
ഒയാസിസ് ഓഫ് പീസ്
മാഗിയുടെ പലായനം ആദ്യം യൂറോപ്പിലേക്കായിരുന്നു. എന്നാല്‍ ബുറുണ്ടിയുടെ അയല്‍രാജ്യമായ റുവാണ്ടയില്‍ 90,000 ബുറുണ്ടിയന്‍ അഭയാര്‍ഥികള്‍ ഉണ്ടെന്ന് മനസിലാക്കിയപ്പോള്‍ മാഗി അവിടേക്ക് പോയി. അവള്‍ റുവാണ്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളെ നിരാശയില്‍ നിന്ന് ഉയര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം വിദ്യാഭ്യാസമാണെന്ന് മാഗി മനസിലാക്കിയിരുന്നു. അഭയാര്‍ഥികള്‍ക്ക് വീണ്ടും പുതിയജീവിതം തുടങ്ങാന്‍ കഴിയുന്ന ഒരു ഇടം-‘ഒയാസിസ് ഓഫ് പീസ്’ തുറക്കാന്‍ മാഗിക്ക് പ്രേരണയുണ്ടായി. കുട്ടികള്‍ക്കും യുവാക്കള്‍ക്കും വിദ്യാഭ്യാസം ആരംഭിച്ചു. പീഡനത്തിനും ബലാത്സംഗത്തിനും ഇരയായവര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.
മഹാമ അഭയാര്‍ത്ഥിക്യാമ്പില്‍ എലൈറ്റ് സെന്റര്‍ എന്നൊരു കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. കാരണം ഒരു അഭയാര്‍ത്ഥിക്യാമ്പില്‍ താമസിക്കുന്നത് വ്യക്തിത്വത്തെത്തന്നെ നഷ്ടപ്പെടുത്താന്‍ ഇടയുണ്ട്. പക്ഷേ അവര്‍ അന്തസോടെ ജീവിക്കണമെന്നും മാറ്റങ്ങള്‍ ശാക്തീകരണ അനുഭവമാക്കി മാറ്റണമെന്നും മാഗി ആഗ്രഹിച്ചു.
നല്ല ക്രിസ്ത്യാനിയാകുക
ക്രിസ്ത്യാനിയല്ലായിരുന്നുവെങ്കില്‍, ആത്മഹത്യ ചെയ്തുപോയേനെയെന്ന് മാഗി പറയുന്നു. മാഗിയുടെ വിശ്വാസമാണ് മാഗിയുടെ ശക്തി. പ്രശ്‌നങ്ങള്‍ വര്‍ധിക്കുമ്പോള്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്ന ശീലം മാഗിക്ക് നേരത്തെയുണ്ട്. അതിലൂടെ തന്റെ പാതയിലെ തടസങ്ങള്‍ നീക്കി ദൈവം അവളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കിയിരുന്നു. ക്ഷമിക്കാനും അനുരഞ്ജനം നടത്താനും കരുത്ത് നല്‍കുന്ന സ്‌നേഹത്തിന്റെ സാമീപ്യം പലപ്പോഴും മാഗി ആഗ്രഹിച്ചിരുന്നു. മാഗിയുടെ വിശ്വാസം പൂര്‍ണമാകുന്നത് സ്‌നേഹത്തിലൂടെയാണ്.
ജനസംഖ്യയുടെ 80 ശതമാനം കത്തോലിക്കരായ ഒരു രാജ്യത്ത്, അവരുടെ വംശീയത കാരണം ആളുകള്‍ പരസ്പരം ആക്രമിക്കുന്നത് മാഗിയെ വിഷമിപ്പിച്ചു. ക്രിസ്തീയ മൂല്യങ്ങളിലൂടെ ബുറുണ്ടിയെ ഒരു സ്വര്‍ഗമാക്കിമാറ്റാന്‍ സാധിക്കുമെന്ന് മാഗിക്ക് മനസിലായി. ഒരു ടുട്‌സി എന്നതിനേക്കാള്‍ ഒരു ക്രിസ്ത്യാനിയാകുക എന്നതായിരുന്നു മാഗിക്ക് പ്രധാനം.
തനിക്ക് ഭ്രാന്താണോ? ഈ തെരഞ്ഞെടുപ്പ് ഉറച്ചതാണോ? എന്തുകൊണ്ട് വിവാഹം കഴിച്ചുകൂടാ? എന്നോക്കെ മാഗിയോട് ചോദിക്കുന്നവരുണ്ട്. എല്ലാവരോടും മാഗിക്ക് ഒന്നേ പറയാനുള്ളൂ. തന്റെ ഉള്ളില്‍ മാതൃത്വമുണ്ട്. അത് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതുകൊണ്ട് ലഭിക്കുന്നതല്ല. ആ മാതൃത്വമാണ് ബുറുണ്ടിയിലെ ജീവനെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കാന്‍ മാഗിയെ പ്രേരിപ്പിച്ചത്.
ഈ ഹോമുകളിലെ കുട്ടികള്‍ ഒരിക്കലും ഗോത്രത്തിന്റെ പേരില്‍ വഴക്കുണ്ടാക്കാറില്ല. കാരണം അവരെല്ലാവരും ഒരുപോലെയുള്ള മനുഷ്യരാണെന്നും എകദൈവത്തിന്റെ മക്കളാണെന്നും അവര്‍ ചെറുപ്പം മുതല്‍ മനസിലാക്കുന്നു. മാഗിക്ക് ജീവിതം ആഘോഷമാണ്. എല്ലാ വെറുപ്പിനെയും നിയന്ത്രിക്കാനുള്ള കഴിവ് നമ്മുടെ ഉള്ളിലുണ്ട്. എന്തെന്നാല്‍ സ്‌നേഹത്തിനാണ് ആത്യന്തിക വിജയം.
മെയ്‌സണ്‍ ശാലോം നശിപ്പിച്ചാലും മാഗിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കില്ല. ഭയപ്പെടേണ്ട, ഞാന്‍ അന്ധകാരത്തിനുമേല്‍ വിജയം വരിച്ചിരിക്കുന്നു. അവസാനം വരെ അവന്‍ നമ്മോടുകുടെ ഉണ്ടായിരിക്കും എന്ന ക്രിസ്തുവിന്റെ വാഗ്ദാനത്തിലാണ് മാഗി പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത്. 2015-നുശേഷം ഒയാസിസ് ഓഫ് പീസിലൂടെയും മഹാമ എലൈറ്റ് സെന്റര്‍ വഴിയും മാഗി പ്രവര്‍ത്തനം ശക്തമാക്കി. മെയ്‌സണ്‍ ശാലോം ഇല്ലാതായാലും മാഗിക്ക് സങ്കടമില്ല. കാരണം ലോകത്തിന് അത് ഒരു സന്ദേശമാണ്-എത്ര പ്രശ്‌നങ്ങളുണ്ടായാലും സഹോദര്യത്തോടും സ്‌നേഹത്തോടും വീണ്ടും നമുക്ക് ഒരു പുതുജീവിതം ആരംഭിക്കാന്‍ സാധിക്കുമെന്ന്.

മാത്യു സൈമണ്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?