Follow Us On

27

September

2020

Sunday

തിരുപ്പിറവി: ലോകത്തിനു ദീപാവലിയൊരുക്കിയ ക്രിസ്തുവിന്റെ ബലി- ബലിയൊരുക്കങ്ങൾ XX 

തിരുപ്പിറവി: ലോകത്തിനു ദീപാവലിയൊരുക്കിയ ക്രിസ്തുവിന്റെ ബലി- ബലിയൊരുക്കങ്ങൾ XX 
”ജനനം മുതൽ മരണം  വരെ ആത്മത്യാഗത്തിന്റെ കത്തിയെരിയലിലൂടെ കടന്നുപോയവനാണ് ക്രിസ്തു.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ 20′
ഫാ. ബെന്നി നൽക്കര സി.എം.ഐ
തിന്മയുടെ ഇരുട്ടിലും നിരാശയുടെ നിഴലിലും കഴിഞ്ഞിരുന്നവർക്കായി നന്മയുടെയും ജീവന്റെയും പ്രകാശമായിത്തീരാൻ സ്വയം കത്തിയെരിഞ്ഞ ക്രിസ്തുവിന്റെ ജനിമൃതികൾ എന്നും പ്രകാശം പരത്തുന്ന ബലിയോർമ്മയാണ്.
“സ്വസ്തി ഹേ, സൂര്യതേ സ്വസ്തി!
മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന
സുസ്‌നേഹമൂർത്തിയാം സൂര്യാ
വറ്റാത്ത നിറവാർന്ന നിൻ തപ്തദീപ്തമാം
അക്ഷയപാത്രത്തിൽ നിന്നൂറുന്നൊഴുകുന്ന
ഇത്തിരിച്ചുടുപാൽ വെളിച്ചം കുടിച്ചിവിടെയീ-
ചെറുവെട്ടത്തി, ലീ കൊച്ചുഭൂമിയിൽ
ജീവന്റെ, യുന്മത്ത നൃത്തം”
“സൂര്യഗീതം” എന്ന കവിതയിൽ ഒ. എൻ.വി കുറുപ്പ് എഴുതിയ ഈ സുന്ദരവരികൾ ക്രിസ്തുവിന്റെ ജീവിതത്തെ തൊട്ടെഴുതിയതോ എന്നു സംശയമുണർത്തിയേക്കാം. മറ്റുള്ളവർക്കായി സ്വയം  കത്തിയെരിഞ്ഞു പ്രകാശം പരത്തിയവനാണ് ക്രിസ്തു. അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു.” യേശുവിന്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കുമുമ്പേ ഏശയ്യാ പ്രവാചകൻ നടത്തിയ പ്രവചനത്തിന്റെ നിറവേറലായി മാറി, അവിടുത്തെ ജനനവും ജീവിതവും.
“സ്വയം കത്തിയെരിയുന്ന സൂര്യൻ” ക്രിസ്തുവിനെ ഏറ്റവും തീവ്രമായി അവതരിപ്പിക്കുന്ന പ്രതീകങ്ങളിലൊന്നാണ്. സൂര്യദേവന്റെ തിരുനാളാണ് പിന്നീട് ചരിത്രത്തിൽ ഡിസംബർ 25 നീതിസൂര്യനായ ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി രൂപാന്തരപ്പെട്ടത് എന്നതിൽ ഒരു കാവ്യനീതി കൂടിയുണ്ട്. അവന്റെ ജനനം തന്നെയും ലോകത്തിനു മുഴുവൻ പ്രകാശമാകാനുള്ള ദൗത്യത്തോടെയായിരുന്നല്ലോ. ആകാശത്തു അസാധാരണമായി തെളിഞ്ഞ വെള്ളിനക്ഷത്രമാണവനെ ലോകത്തിനു മുൻപിൽ വെളിപ്പെടുത്തിയതെന്നതും ആ സൂര്യോദയത്തിന്റെ പ്രസക്തി വെളിപ്പെടുത്തുന്നു.
സ്വയം ഉരുകിയാണ് സൂര്യൻ വെളിച്ചവും തെളിച്ചവുമാകുന്നത്. അതു വലിയൊരു ആത്മത്യാഗത്തിലേക്കാണ് വിരൽ  ചൂണ്ടുന്നത്. ക്രിസ്തു,  തന്റെ ജനനം മുതൽ മരണം  വരെ ഈയൊരു ആത്മത്യാഗത്തിന്റെ കത്തിയെരിയലിലൂടെ കടന്നുപോയവനാണ്. ജീവിതം മറ്റുള്ളവർക്കായി വ്യയം ചെയ്തും സഹനങ്ങളേറ്റു വാങ്ങിയും മോചനദ്രവ്യമായി മാറിയപ്പോൾ, അവൻ സൂര്യനാവുകയായിരുന്നു. ഇരുളടഞ്ഞ ഇസ്രയേലിന്റെ ചരിത്രത്തിലും ഒരുപാടു മനുഷ്യമനസ്സുകളിലും അവൻ പ്രത്യാശയുടെയും ജീവന്റെയും പ്രകാശമായി. ആ സ്നേഹമൂർത്തിയുടെ കാരുണ്യത്തിന്റെ അക്ഷയപാത്രത്തിൽ നിന്നു വെളിച്ചം സ്വീകരിച്ചാണ് ഭൂമിയിൽ ജീവന്റെ തെളിച്ചവും വീണ്ടെടുപ്പുമുണ്ടായത്.
സൂര്യൻ ഒരിക്കലും സ്വാർത്ഥനാകുന്നില്ല. ക്രിസ്തു എന്ന  നീതിസൂര്യനും ഇതുപോലെ തന്നെയായിരുന്നു. ബോനോഫർ ക്രിസ്തുവിനെ നിർവ്വചിച്ചതു “മറ്റുള്ളവർക്കുവേണ്ടിയുള്ള മനുഷ്യൻ” എന്നാണല്ലോ. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്കായി ജീവിച്ച ആരാണുള്ളത്? മറ്റുള്ളവരുടെ താത്പര്യങ്ങളെ പരിഗണിച്ച ഏതു മനുഷ്യനാണുള്ളത്? സ്വയം ശൂന്യവത്കരണത്തിന്റെ, ശുശ്രൂഷയുടെ, ജീവത്യാഗത്തിന്റെ കത്തിയെരിയലിലൂടെയാണ് ക്രിസ്തു ലോകത്തിനു ദീപാവലിയൊരുക്കിയത്. പാപത്തിന്റെയും തിന്മയുടെയും നിരാശയുടെയും നിഴലിൽ കഴിഞ്ഞിരുന്ന എത്രയോ പേർക്കാണ് അവിടുന്ന് കത്തിയെരിഞ്ഞു വെളിച്ചമായത്. അവൻ ഈ ഭൂമിയിൽ ചെയ്ത അത്ഭുതങ്ങളിൽ ശ്രദ്ധേയമായത് പലതും കാഴ്ചയുടെ വെളിച്ചം നൽകിയതാണ്. “ഞാൻ  ലോകത്തിന്റെ പ്രകാശമാകുന്നു” എന്നു അവിടുന്നു പറയുമ്പോൾ എല്ലാവരുടെയും ശ്രദ്ധയും പ്രീതിയും ഏറ്റുവാങ്ങി നിൽക്കുന്ന പ്രകാശധോരണിയിൽ മാത്രം നമ്മുടെ കണ്ണു തറഞ്ഞു പോകരുത്. ആ പ്രകാശത്തിനു പിറകിലെ കത്തിയെരിയലിന്റെ ബലികൾ നാം കാണണം, കാലിത്തൊഴുത്തു മുതൽ കാൽവരി വരെ നീളുന്ന ബലികൾ.
ക്രിസ്തുമസ്സ്, മറ്റുള്ളവർക്കായി സ്വയം കത്തിയെരിയാനുള്ള നിയോഗം ഏറ്റെടുത്തവന്റെ പിറവിയാണ്. “നിങ്ങൾ ലോകത്തിന്റെ ദീപമാകുന്നു” എന്നു പറഞ്ഞപ്പോൾ മറ്റുള്ളവരുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കാനും നന്മയുടെ നറുവെളിച്ചം തൂകാനുമായി ഈയൊരു ആത്മത്യാഗത്തിലേക്കു നാം വളരണമെന്നല്ലേ അവിടന്നു ഉദ്ദേശിച്ചത്? സ്വന്തം സമയവും സമ്പത്തും ആരോഗ്യവും കഴിവുകളും മറ്റുള്ളവർക്കായി സമർപ്പിക്കുന്നവരിലൊക്കെ ക്രിസ്തു പിറക്കുന്നുണ്ട്, സുസ്നേഹമൂർത്തിയാം സൂര്യനായ്. മക്കൾക്കായി ഉരുകിത്തീരുന്ന അച്ഛനമ്മമാരിൽ, സഹോദരങ്ങൾക്കുവേണ്ടി സ്വന്തം സ്വപ്നങ്ങളെ ബലികഴിക്കുന്നവരിൽ, ഈ ഭൂമിയിൽ അലിവിന്റെ മാലാഖാമാരായി ജീവിതം ഹോമിക്കുന്നവരിൽ ഈ സൂര്യോദയമുണ്ട്.
മനസ്സിലും മണ്ണിലും ഒരുപാടു ഇരുട്ട് ബാധിച്ചിരിക്കുന്ന കാലത്തിലാണ് നാം. അധികാരത്തിന്റെ, സ്വാർത്ഥതയുടെ, വർഗീയതയുടെ, വിദ്വേഷത്തിന്റെ ഇരുട്ട് നമ്മെ വല്ലാതെ മൂടിക്കളയുന്നു. മനുഷ്യത്വം മറന്നു മനുഷ്യർ മൃഗതുല്യം പെരുമാറുന്ന കാലം. വെറുപ്പ് നമ്മെ വല്ലാതെ അന്ധരാക്കിക്കളയുന്നു. മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ മറന്നുപോകുന്ന കാലം. മറ്റുള്ളവരെ കത്തിച്ചു വെളിച്ചമുണ്ടാക്കാൻ വെമ്പുന്നവരുടെ കാലം. ക്രിസ്തു എന്ന സൂര്യൻ നമ്മുടെ അകക്കണ്ണുകളിലേക്കു വെളിച്ചമായിയിറങ്ങണം. ഒരായിരം നക്ഷത്രവിളക്കുകൾ തെളിച്ചു വച്ചു നാം അവന്റെ പിറവി  കൊണ്ടാടുമ്പോൾ മറ്റുള്ളവർക്കായി കത്തിയെരിയുന്ന സൂര്യനാകാൻ നമുക്കു മറക്കാതിരിക്കാം.
നീതിസൂര്യനായ ക്രിസ്തുവിനെപ്പോലെ സ്വയം കത്തിയെരിഞ്ഞു മറ്റുള്ളവരെ പ്രകാശിപ്പിക്കാൻ തക്കവിധം  ഞാൻ  നിസ്വാർത്ഥനും പരോന്മുഖനുമാണോ? നന്മയുടെ പ്രകാശം പരത്തുന്ന ജീവിതമാണോ എന്റേത്? മറ്റുള്ളവർക്ക് വെളിച്ചമാകാൻ ഞാൻ എന്നിലെ അന്ധകാരത്തെ നീക്കിക്കളയുന്നുണ്ടോ?
പ്രാർത്ഥന: ആത്മത്യാഗത്തിലൂടെ ലോകത്തിനു വെളിച്ചവും ജീവനുമേകിയ നീതിസൂര്യനായ കർത്താവേ, എന്റെ  ബലിജീവിതത്തിലൂടെ മറ്റുള്ളവരുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുവാൻ എനിക്കു കൃപ ചെയ്യണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?