Follow Us On

27

September

2020

Sunday

കാലിത്തൊഴുത്തിലൊരു കാരുണ്യത്തിന്റെയും ക്ഷമയുടേയും ബലിവേദി- ബലിയൊരുക്കങ്ങൾ XXI

കാലിത്തൊഴുത്തിലൊരു കാരുണ്യത്തിന്റെയും ക്ഷമയുടേയും ബലിവേദി- ബലിയൊരുക്കങ്ങൾ XXI
”നിരന്തരമായി തന്നോട് മറുതലിക്കുകയും തന്നെ വേദനിപ്പിക്കുകയും ചെയ്ത മനുഷ്യരോട് ദൈവം കരുണ കാണിച്ചപ്പോൾ അവിടുന്ന് തീർച്ചയായും ഒരുപാടു ബലിവഴികളിലൂടെ കടന്നുപോയിട്ടുണ്ട്.”-  ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 21′
ഫാ. ബെന്നി നൽക്കര സി.എം.ഐ
ദൈവകാരുണ്യം മനുഷ്യരൂപം സ്വീകരിച്ചതാണ്‌  ക്രിസ്തു. ദൈവത്തിന്റെ മുഖം കാരുണ്യത്തിന്റെ മുഖമാണെന്നു ലോകത്തിനു വെളിപ്പെടുത്തപ്പെട്ടതു യേശു ക്രിസ്തുവിലൂടെയാണ്. തന്റെ സ്നേഹത്തിന്റെ മറുവാക്കായ കാരുണ്യത്തെ ദൈവം തന്റെ പുത്രന്റെ ജനിമൃതികളിലൂടെ ലോകത്തിന്റെ മുമ്പിലവതരിപ്പിച്ചതിന്റെ ഓർമ്മയുണർത്തുന്നു, അവിടുത്തെ തിരുപ്പിറവി. ബേത്‌ലെഹെമിലെ ക്രിസ്തുവിന്റെ  ബലി കാരുണ്യത്തിന്റെ ബലിയാണ്.
ദൈവത്തെക്കുറിച്ചുള്ള മനുഷ്യസങ്കല്പങ്ങളിലൊക്കെയും ദൈവം അപ്രാപ്യനും വിധിയാളനും പ്രതികാരം ചെയ്യുന്നവനുമൊക്കെയായാണ് അവതരിപ്പിക്കപ്പെട്ടത്. ദൈവത്തിന്റെ നാമം ഉച്ചരിക്കുന്നതിനോ അവിടുത്തെ മുഖാമുഖം ദർശിക്കുന്നതിനോ ഇസ്രായേൽ ജനം ഭയപ്പെട്ടത്, ഈ ദൈവസങ്കല്പങ്ങളുടെ പേരിലാണ്. എന്നാൽ ഇസ്രയേലിന്റെ ചരിത്രത്തിലെ നിർണ്ണായക ഇടപെടലുകളിലൂടെയും പ്രവാചകവചനങ്ങളിലൂടെയും താൻ ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്ന ദൈവമാണെന്ന് അവിടുന്നു മനസ്സിലാക്കികൊടുത്തു. തന്റെ മാതൃ- പിതൃഭാവങ്ങളിലൂടെ കരുണയെ ദൈവം തുറന്നു കാട്ടി. “തലമുറകൾ തോറും അവിടുന്നു കരുണ വർഷിച്ചു. പക്ഷെ, ദൈവത്തിനു മനുഷ്യരോടുള്ള ഉള്ളടുപ്പം  ഏറ്റവും അനുഭവവേദ്യമായതു കാരുണ്യത്തിന്റെയും ക്ഷമയുടെയും ആൾരൂപമായ ക്രിസ്തുവിലൂടെയാണ്.
കരുണക്കുവേണ്ടി കരയുന്നവനാണ്‌ മനുഷ്യൻ, ക്ഷമക്കുവേണ്ടി അലയുന്നവനും. ഇടർച്ചകളുടെയും വീഴ്ചകളുടെയും നടുവിൽ മനുഷ്യരാഗ്രഹിക്കുന്നതു കരുണയും ക്ഷമയുമാണ്. മനുഷ്യചരിത്രം മുഴുവൻ  കരുണയ്ക്കുവേണ്ടിയുള്ള കാത്തിരുപ്പുകളുടെ കഥ പറയുന്നുണ്ട്. “കരുണയിൽ സമ്പന്നനായ ദൈവം” മനുഷ്യന്റെ ഈ കാത്തിരിപ്പിലേക്കു കടന്നുവന്നതു തന്റെ തിരുക്കുമാരന്റെ മനുഷ്യാവതാരത്തിലൂടെയാണ്. തന്റെ ഏകജാതനെ മനുഷ്യരക്ഷക്കായി അയച്ചതു തന്നെ കരുണ ദൈവത്തിന്റെ സ്വഭാവമാണെന്നാണ് വെളിപ്പെടുത്തുന്നത്‌.
പാപിയായ മനുഷ്യർക്ക് നേരെയുള്ള ദൈവത്തിന്റെ മനോഭാവമാണ് കാരുണ്യം. അതു ഒരു മാതാവിനോ പിതാവിനോ തങ്ങളുടെ കുഞ്ഞിനോടുള്ള അഗാധമായ സ്നേഹം പോലെയുള്ളതാണ്. ഈ സ്നേഹമാണ് മനുഷ്യാവതാരത്തിൽ വെളിപ്പെട്ടതും ക്രിസ്തുവിൽ ദൃശ്യമായതുമായ കാരുണ്യം. ആൾക്കൂട്ടത്തെ കണ്ടപ്പോൾ അലിവുതോന്നിയതും, “ഞാനും നിന്നെ വിധിക്കുന്നില്ല” എന്നു പറഞ്ഞു പാപിനിക്കുമേൽ കരുണാമൃതം ചൊരിഞ്ഞതും, കാരുണ്യം തുളുമ്പുന്ന ഉപമകൾ പറഞ്ഞതും ദൈവത്തിന്റെ മുഖം വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു.
ക്ഷമിക്കുന്ന സ്നേഹത്തെ മുഖമുദ്രയാക്കാൻ പറഞ്ഞപ്പോൾ ശത്രു പോലും നമ്മുടെ കാരുണ്യം അർഹിക്കുന്നുവെന്നു മനസ്സിലാക്കിത്തന്നു. സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ കരുണയുള്ളവരാകാൻ പറഞ്ഞപ്പോൾ നമ്മിൽ നടക്കേണ്ട പിറവിയെക്കുറിച്ചും രൂപാന്തരീകരണത്തെക്കുറിച്ചും അവബോധമുണ്ടാക്കി.
കരുണ കാണിക്കലും ക്ഷമിക്കലും ഒരു ബലിയർപ്പണം തന്നെയാണ്. നിരന്തരമായി തന്നോട് മറുതലിക്കുകയും തന്നെ വേദനിപ്പിക്കുകയും ചെയ്ത മനുഷ്യരോട് ദൈവം കരുണ കാണിച്ചപ്പോൾ അവിടുന്ന് തീർച്ചയായും ഒരുപാടു ബലിവഴികളിലൂടെ കടന്നുപോയിട്ടുണ്ട്. ക്രിസ്തുവിന്റെ കാരുണ്യം നിറഞ്ഞ പ്രവൃത്തികൾക്കും ആത്മസമർപ്പണത്തിനും പിറകിൽ തീർച്ചയായും ബലിനിരയുണ്ട്. ഉപാധികൾ കൂടാതെ ക്ഷമിക്കുന്നതിൽ ഒരുപാടു ബലികളുണ്ടല്ലോ, സ്വന്തം സുഖസൗകര്യങ്ങൾ മറന്നും ത്യാഗമനുഷ്ഠിച്ചും മറ്റുള്ളവർക്കു കരുണയേകുന്നതിലും.
കാരുണ്യത്തിന്റെയും ക്ഷമിക്കുന്ന സ്നേഹത്തിന്റെയും അർഹിക്കാത്ത വിരുന്നൊരുക്കുന്ന ദിവ്യബലിയെ ദിവ്യകാരുണ്യം എന്നു വിശേഷിപ്പിക്കുന്നതിൽ പരം ചേതോഹരമായ വർണ്ണനകൾ ഭാഷയിൽ കുറവായതിൽ അത്ഭുതമില്ല! ബെത്‌ലെഹെമിൽ ദൈവത്തിന്റെ അനന്തമായ കാരുണ്യം വെളിപ്പെട്ടപ്പോൾ അത് ദൈവം അനുഷ്ഠിച്ച ബലിയുടെയും തന്റെ തിരുക്കുമാരൻ അർപ്പിക്കാൻ പോകുന്ന കാരുണ്യബലിയുടെയും ഓർമ്മയായി മാറി. കാലിത്തൊഴുത്തിൽ കാരുണ്യത്തിന്റെ കുരിശുബലിയുടെ നിഴൽ പതിഞ്ഞത് കാണാം.
ദൈവത്തിന്റെ കരുണയുടെ മുഖമായ ക്രിസ്തുവിന്റെ പിറവി എന്നെയും ആ ബലിവഴികളിലേക്കു ക്ഷണിക്കുകയാണ്. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഞാൻ പ്രകാശിപ്പിക്കേണ്ട കരുണയെക്കുറിച്ചു അതെന്നെ ഓർമ്മപ്പെടുത്തുന്നു. ഉപാധികൾ കൂടാതെ, എണ്ണമില്ലാത്ത ക്ഷമിക്കാൻ അതെന്നെ പ്രേരിപ്പിക്കുന്നു. ഈ ചെറിയവരിൽ ഒരുവനു ചെയ്യാൻ, ജറുസലേമിൽ നിന്നു ജെറിക്കോയിലേക്കുള്ള യാത്രയിൽ അലിവിന്റെ അയൽക്കാരനാകാൻ ആ കരുണയുടെ പിറവി എന്നെ നിർബന്ധിതനാക്കുന്നു. എന്റെ പിടിവാശികളുടെ, താൻപോരിമയുടെ, സ്വാർത്ഥതയുടെ, അഹംഭാവത്തിന്റെ ബലി നടക്കാതെ എനിക്കു ക്ഷമയുടെയും കാരുണ്യത്തിന്റെയും ആൾരൂപമാകാനാകില്ല. സ്വയം വ്യയം ചെയ്യാതെ എന്നിൽ കാരുണ്യത്തിന്റെ ബലിയുടെ തനിയാവർത്തനമുണ്ടാവുകയില്ല.
ദൈവത്തിന്റെ കാരുണ്യമാണ് എന്റെ ജീവിതമെന്ന സത്യത്തെ ഉൾക്കൊണ്ടു നന്ദിയോടെ ജീവിക്കാൻ എനിക്കാകുന്നുണ്ടോ? ദൈവകാരുണ്യം സ്വീകരിക്കുന്ന ഞാൻ മറ്റുള്ളവർക്കു ദൈവത്തിന്റെ കാരുണ്യമായി മാറുന്നുണ്ടോ? ജീവിതത്തിൽ ഞാനർപ്പിക്കുന്ന ബലികൾക്കു ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖത്തെ പ്രകാശിപ്പിക്കാനാകുന്നുണ്ടോ?
പ്രാർത്ഥന: കാലിത്തൊഴുത്തു മുതൽ കാൽവരിവരെ കാരുണ്യത്തിന്റെ ബലിയർപ്പിച്ച കർത്താവേ, അങ്ങയുടെ കരുണയുടെ മുഖത്തെ പുനരവതരിപ്പിക്കുവാൻ എന്നെ സഹായിക്കണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?