Follow Us On

27

September

2020

Sunday

അപ്പൻ തന്ന ബലിയപ്പം- ബലിയൊരുക്കങ്ങൾXXII

അപ്പൻ തന്ന ബലിയപ്പം- ബലിയൊരുക്കങ്ങൾXXII
”ബെത്‌ലെഹെമിലെ ബലിയപ്പം,  ഭൂമിയുടെ വിശപ്പും ദാഹവുമറിഞ്ഞ ഒരു അപ്പന്റെ സ്നേഹത്തിന്റെ ഓർമ്മയാണ്, അപ്പത്തിന്റെ അർത്ഥമറിഞ്ഞ ഒരു മകന്റെ ആത്മത്യാഗത്തിന്റെയും”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 22′
ഫാ. ബെന്നി നൽക്കര സി.എം.ഐ
ലോകത്തിന്റെ മുഴുവൻ പാപമോചനത്തിനും രക്ഷയ്ക്കും നിത്യജീവനും വേണ്ടി അർപ്പിച്ച സ്നേഹബലിയിൽ സ്വപുത്രനെത്തന്നെ ബലിയപ്പമായി നൽകിയ സ്വർഗ്ഗീയ അപ്പന്റെ സമാനതകളില്ലാത്ത ത്യാഗമാണ് തിരുപ്പിറവിയുടെ മഹനീയത. അപ്പത്തിന്റെ വീട്ടിൽ (“ബേത്‌ “- വീട്‌, “ലെഹെം”-അപ്പം) പിറന്നവൻ ബലിയപ്പമായി മാറിയെന്ന ഓർമ്മയോളം ജീവിതത്തെ ദീപ്തമാക്കാൻ മറ്റെന്തിനാണ് കഴിയുന്നത്?
അപ്പൻ അപ്പം കൊണ്ട് വരികയും അമ്മ അപ്പം ചുട്ടെടുക്കുകയും ചെയ്യുകയാണല്ലോ നാട്ടുനടപ്പ്. ഇന്നതിനു വ്യതിയാനങ്ങളായെങ്കിലും അപ്പനോട് ചേർത്തു അപ്പത്തേയും  കാണുന്നതിലാണ്‌ പൊതുവേ, മനുഷ്യശ്രദ്ധ. “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയിൽ കേന്ദ്രസ്ഥാനത്തു വരുന്ന അപേക്ഷയാണ് “അന്നന്നു വേണ്ട അപ്പം ഞങ്ങൾക്കു നൽകണേ” എന്നത്. അപ്പനാണ് അപ്പം നൽകുന്നവൻ എന്ന് തന്നെയാണല്ലോ അത് വെളിവാക്കുന്നതും. മകൻ അപ്പം ചോദിച്ചാൽ ഏതു പിതാവാണ് കല്ലു കൊടുക്കുന്നതെന്ന് ചോദിച്ചവൻ അപ്പവും അപ്പവും തമ്മിലുള്ള ബന്ധത്തെയാണ് വർണ്ണാഭമാക്കിയത്.
മനുഷ്യന്റെ രക്ഷയ്ക്കും ജീവനത്തിനുമായി അന്നന്നുവേണ്ട അപ്പമായി സ്വപുത്രനെ തന്നെയാണ് സ്വർഗ്ഗീയപിതാവ് നൽകിയത്. അപ്പം രൂപപ്പെടുത്തുന്നതിൽ എത്രയോ വലിയ ബലിയാണുള്ളത്. അപ്പമെടുത്തു വാഴ്ത്തിക്കൊടുക്കുന്നതും അതുപോലെ തന്നെ ബലിയാണ്. ബെത്‌ലെഹെമിലെ ബലിയിൽ സ്വന്തം ജീവന്റെ ജീവനെത്തന്നെയാണ്  സ്വർഗ്ഗീയ അപ്പൻ എടുത്തു വാഴ്ത്തി നൽകിയത്.
മനുഷ്യന്റ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്നായ അപ്പം മറന്നൊരു കാര്യവും അവനില്ല. ഈ ഭൂമിയിൽ മനുഷ്യൻ ഏറ്റവുമധികമായി തത്രപ്പെടുന്നതും ഈ അപ്പത്തിനുവേണ്ടിത്തന്നെയാണല്ലോ. മനുഷ്യനു ഏറ്റവും എളുപ്പം മനസ്സിലാകുന്ന ഭാഷ അപ്പത്തിന്റെയും വിശപ്പിന്റെയും ഭാഷയാണെന്നു മനസ്സിലായതുകൊണ്ടാണ് അവിടുന്ന് അപ്പമായി സ്വപുത്രനെ നൽകിയത്. മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞ ഇസ്രായേൽ ജനം ആദ്യമേ പരാതിപ്പെട്ടത് അപ്പമില്ലാത്തതിനെപ്രതിയായിരുന്നല്ലോ. അവിടെ മന്നാ വർഷിച്ചു അവരുടെ വിശപ്പടക്കിയ ദൈവം ഭൂമിയുടെ മുഴുവൻ വിശപ്പു മാറ്റാൻ സ്വപുത്രനെതന്നെ അപ്പമായി നൽകി.
സ്വയം അപ്പമായി ലോകത്തിനു മുൻപിൽ പരിചയപ്പെടുത്തിയവനാണ് ക്രിസ്തു. താൻ ലോകത്തിനു മുഴുവൻ ജീവൻ നൽകുന്ന സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പമാണെന്നും താൻ നിത്യജീവൻ നൽകുന്ന അപ്പമാണെന്നും ഒരിക്കലും മരിക്കാത്ത ജീവനേകാൻ തനിക്കാകുമെന്നും പറഞ്ഞപ്പോൾ അപ്പമെന്ന അവശ്യ വസ്തുവിന് മനുഷ്യർ കാണാത്ത മാനങ്ങളാണ് അവൻ നൽകിയത്. അപ്പത്തിനോടും വിശപ്പിനോടും ചേർന്നു എപ്പോഴും നടന്നവനാണ് അവൻ. വിശന്ന ശിഷ്യന്മാരെ സാബത്തിനതീതമായി അവൻ പരിഗണിച്ചു. അപ്പമില്ലാത്ത ജനക്കൂട്ടത്തിനോട് അവനു അലിവുണ്ടായി. വിരുന്നുകളിൽ അവൻ സ്ഥിരസാന്നിധ്യമായി.
വിരുന്നിന്റെ പശ്ചാത്തലത്തിലാണ് അവൻ പലപ്പോഴും സാരോപദേശങ്ങൾ നൽകിയത്. അപ്പം വർദ്ധിപ്പിച്ചാണവൻ ചിലപ്പോഴെക്കെ ജനക്കൂട്ടത്തെ സ്നേഹിച്ചതും ശുശ്രൂഷിച്ചതും. ഒടുവിൽ ആ കാലം മറക്കാത്ത അത്താഴവിരുന്നിൽ അവൻ സ്വയം അപ്പമായി എടുത്തു വാഴ്ത്തി നൽകി. ബെത്‌ലെഹെമിൽ, അപ്പത്തിന്റെ വീട്ടിൽ, അപ്പൻ നൽകിയ അപ്പം അങ്ങനെ ലോകത്തിന്റെ മുഴുവൻ ബലിയപ്പമായി.
ബെത്‌ലെഹെമിലെ ബലിയപ്പം,  ഭൂമിയുടെ വിശപ്പും ദാഹവുമറിഞ്ഞ ഒരു അപ്പന്റെ സ്നേഹത്തിന്റെ ഓർമ്മയാണ്, അപ്പത്തിന്റെ അർത്ഥമറിഞ്ഞ ഒരു മകന്റെ ആത്മത്യാഗത്തിന്റെയും. ഭൂമിയുടെ കലവറക്കാരൻ തന്റെ കരുതലിൽ നിന്നും ഏറ്റവും അമൂല്യമായ അപ്പമെടുത്തു ലോകത്തിനു ബലിയായി നൽകി. ആ ബലിയെ അനശ്വരമാക്കുന്ന സ്വയം മുറിച്ചു നൽകലായി മകന്റേത്. “അന്നന്നു വേണ്ട ആഹാരം ഞങ്ങൾക്കു ഇന്ന് തരണേ” എന്നു പ്രാർത്ഥിക്കുമ്പോൾ നമ്മൾ ആദ്യം ആഗ്രഹിക്കേണ്ടത് ഈ ബലിയപ്പത്തെയാകണമെന്നു ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു.
ലോകത്തു ഇന്നും വിശപ്പും ദാഹവുമനുഭവിക്കുന്നവർക്കൊക്കെ അപ്പമായി തങ്ങളുണ്ടെന്ന് ബെത്‌ലെഹെമിലെ ആ ബലിയപ്പത്തിലൂടെ ആ അപ്പനും മകനും ലോകത്തോടു മുഴുവൻ വെളിപ്പെടുത്തുകയാണ്.  ബെത്‌ലെഹെമിലെ ബലിയപ്പം നമുക്കൊരു ഓർമ്മപ്പെടുത്തലാണ്, ഈ ഭൂമിയിൽ വിശപ്പും ദാഹവുമനുഭവിക്കുന്നവരുടെ ജീവിതങ്ങളിലേക്കു അപ്പമായി സ്വയം വാഴ്ത്തി നൽകാനുള്ള ഓർമ്മിപ്പിക്കൽ.
കാരുണ്യത്തിന്റെ കണ്ണോടെ വിശപ്പിനേയും ദാഹത്തെയും കാണാനുള്ള ഓർമ്മപ്പെടുത്തൽ. നമുക്കായി ബലിയപ്പമായിത്തീർന്നവരെയൊക്കെ  നന്ദിയോടെയോർക്കാൻ ഉള്ള ഓർമ്മപ്പെടുത്തൽ. അപ്പത്തിന്റെ വീട്ടിൽ അനശ്വരജീവന്റെ ബലിയപ്പം നൽകിയ അപ്പന്റെയും മകന്റെയും ആത്മത്യാഗത്തിനു മുമ്പിൽ നമുക്കു കൈകൂപ്പാം: “എവ്ക്കരിസ്തിയ.”
സ്വർഗീയപിതാവിന്റെ ബലിയപ്പമായ യേശുവിനെ ഞാൻ നന്ദി നിറഞ്ഞ ഹൃദയത്തോടെ എന്റെ കൈകളിലേക്കും ഹൃദയത്തിലേക്കും ഏറ്റു  വാങ്ങുന്നുണ്ടോ? സ്വയം പകുത്തുകൊടുത്തു ലോകത്തിന്റെ മുഴുവൻ വിശപ്പകറ്റിയ യേശുക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്ക് അപ്പമേകാനും അപ്പമാകാനും എനിക്കാകുന്നുണ്ടോ?
പ്രാർത്ഥന: എനിക്കായി അനശ്വരജീവന്റെ ബലിയപ്പമായിത്തീർന്ന കർത്താവേ, മറ്റുള്ളവരുടെ വിശപ്പിലും ദാഹത്തിലും അലിവ് തോന്നുന്ന ഒരു ഹൃദയം എനിക്കു നൽകണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?