Follow Us On

27

September

2020

Sunday

തിരുപ്പിറവി: ‘സ്നേഹക്രിയ’യുടെ ബലി- ബലിയൊരുക്കങ്ങൾ XXIII

തിരുപ്പിറവി: ‘സ്നേഹക്രിയ’യുടെ ബലി- ബലിയൊരുക്കങ്ങൾ XXIII
”ദൈവത്തിന്റെ സ്നേഹത്തിന്റെ യാഗാത്മകമായ നൽകലാണ് തിരുപ്പിറവി.” – ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 23′
ഫാ. ബെന്നി നൽക്കര സി.എം.ഐ

ദൈവസ്നേഹം അമൂർത്തമായ ഒരാശയമല്ലെന്നും ദൈവം ആനന്ദവിഹായസ്സിൽ മാത്രം വിരാജിക്കുന്ന ശക്തിയല്ലെന്നും മനുഷ്യനു വെളിവാക്കപ്പെട്ട രാത്രിയാണ് തിരുപ്പിറവിയുടെ രാത്രി. ദൈവം സ്നേഹക്രിയ ചെയ്ത ബലിരാത്രി.

നൂറ്റാണ്ടുകൾക്കുമുമ്പേ, “ബലിക്കുള്ള കുഞ്ഞാടെവിടെ?” എന്ന മകന്റെ നിഷ്കളങ്കമായ ചോദ്യത്തിനു “ദൈവം തരും” എന്ന് മറുപടി പറഞ്ഞ അബ്രാഹത്തിന്റെ വാക്കുകളുടെ നിറവേറൽ നടന്നത് സ്നേഹത്തിന്റെ ബലിയായ ക്രിസ്തുവിന്റെ ജനിമൃതികളിലൂടെയാണ്. ദൈവം തന്റെ ഏകജാതനെ ബലിക്കുഞ്ഞാടായി ഭൂമിയിലേക്കയച്ച രാത്രി മനുഷ്യചരിത്രത്തിൽ തന്നെ ഗതി മാറ്റിയ ഒന്നായി. സ്നേഹത്തിനു പുതിയ അർത്ഥതലങ്ങളുണ്ടായി. “സ്നേഹം” എന്നതു ദൈവത്തിന്റെ നാമം മാത്രമല്ല ക്രിയ(പ്രവൃത്തി) കൂടിയാണെന്ന് ലോകത്തിനു വ്യക്തമായി വെളിപ്പെട്ടുകിട്ടിയത് ആ രാത്രിയുടെ സ്നേഹബലിയിലൂടെയാണ്.

തന്റെ സ്നേഹത്തിൽ മനുഷ്യനെ ചേർത്ത് നിർത്താൻ ആഗ്രഹിക്കുകയും കുതറിയോടിയപ്പോൾ ശാസിക്കുകയും ശിക്ഷിക്കുകയും അവനെയോർത്തു വേദനിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിന്റെ ചിത്രങ്ങളാൽ സമ്പന്നമാണ് ഇസ്രായേൽ ചരിത്രം. പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമായും എഫ്രായിം എന്ന ഓമനക്കുട്ടനുവേണ്ടി തുടിക്കുന്ന ഹൃദയമായുമെല്ലാം ദൈവസ്നേഹചിത്രങ്ങൾ അവതരിപ്പിക്കപ്പെട്ടു. എങ്കിലും ദൈവസ്നേഹം ഒരു നാമമായും വിശേഷണമായുമെല്ലാം മാത്രമേ മനുഷ്യന് അനുഭവവേദ്യമായുള്ളൂ. ദുരിതക്കയങ്ങളിൽ നിലംപതിക്കുമ്പോഴും പാപച്ചുഴിയിൽ കറങ്ങുമ്പോഴും ദൈവസ്നേഹത്തിന്റെ തീവ്രാനുഭവങ്ങൾക്കുവേണ്ടി മനുഷ്യർ ആഗ്രഹിച്ചു. ഈ സ്നേഹാന്വേഷണങ്ങൾക്കുള്ള ഉത്തരമാണ് പിറവിയുടെ രാത്രിയിലെ ബലിയിലരങ്ങേറിയത്.

“തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുവാൻ വേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3:16)എന്ന “സുവിശേഷത്തിലെ സുവിശേഷ”മായി അറിയപ്പെടുന്ന തിരുവചനം സ്നേഹത്തിന്റെ ബലിയുടെ എല്ലാ അർത്ഥതലങ്ങളും പറഞ്ഞുതരുന്നു. ദൈവത്തിന്റെ സ്നേഹം ക്രിയാപദമായതെങ്ങനെയെന്നു മനസ്സിലാക്കിത്തരുന്നു. സ്നേഹം ക്രിയയാകുന്നതിന്റെ പിറകിലെ ബലിയെ ഈ വാക്യം അടയാളപ്പെടുത്തുന്നു. ഭാഷാപഠനം വാക്കുകളെ വാക്യത്തിൽ പ്രയോഗിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് നൽകാറുള്ളത്, പ്രവൃത്തിയിൽ പ്രയോഗിക്കുന്നതിനെക്കുറിച്ചു അത് പറയാറില്ല. അതിനു ഒരു അപവാദമല്ലേ ദൈവം ഏറ്റവും സാധ്യമായ വിധത്തിൽ സ്നേഹിച്ചു എന്ന് പറയുന്ന ഈ വാക്യം?

“ഏകജാതൻ” എന്ന പ്രയോഗം ദൈവം ചെയ്ത  ബലിയുടെ ആഴം വെളിപ്പെടുത്തുന്ന ഒന്നാണ്. അവിടുത്തെ എല്ലാമെല്ലാമായ, സ്വപ്നങ്ങളുടെ ആൾരൂപമായ, നെഞ്ചോടു ചേർത്തു പിടിച്ച മകനെയാണ് അവിടുന്നു നൽകിയത്. അബ്രാഹത്തിന്റെ ഏകജാതനിലേക്കും ബലിയിലേക്കും നീളുന്ന സൂചന. “നൽകുക” എന്നതിനു യോഹന്നാൻ സുവിശേഷകൻ ഉപയോഗിച്ചത്  “പാരദിദൊമായി” എന്ന ഗ്രീക്കുപദമാണ്. പിതാവ്‌ ഏകജാതനെ നൽകിയതിനും യൂദാസ് യേശുവിനെ ഏൽപ്പിച്ചു കൊടുത്തതിനും ഒരേ വാക്ക് തന്നെയാണുപയോഗിച്ചിരിക്കുന്നതിൽ വലിയൊരു സൂചനയുണ്ട്. “തന്റെ ഏകജാതനെ കൊലയ്ക്കു ഏല്പിച്ചുനൽകാൻ തക്ക  വിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” എന്ന ദൈവത്തിന്റെ “സ്നേഹക്രിയ”യുടെ സൗന്ദര്യം അതു വെളിവാക്കുന്നു. ദൈവത്തിന്റെ സ്നേഹത്തിന്റെ യാഗാത്മകമായ നൽകലാണ് തിരുപ്പിറവി.

ഈ “സ്നേഹക്രിയ”യുടെ നിരന്തരമായ കാഴ്ചയും ദൃശ്യവുമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. സ്നേഹം ക്രിസ്തുവിൽ നന്മയായി, കാരുണ്യമായി, സൗഖ്യമായി, സാന്ത്വനമായി, സ്വയം ചെറുതാകലായി, പാദക്ഷാളനമായി, പകുത്തുകൊടുക്കലായി,ജീവനർപ്പിക്കലായി… സ്നേഹത്തിന്റെ ക്രിയാപദങ്ങളുടെ ശബ്ദതാരാവലിയായി. സ്നേഹിതനുവേണ്ടി ജീവനർപ്പിക്കുന്ന സ്നേഹം, ശത്രുവിനോടു ക്ഷമിക്കുന്ന സ്നേഹം എന്നിങ്ങനെ പുതിയ സ്നേഹഭാഷ്യങ്ങൾ അവൻ ചമച്ചു, എല്ലാം വാക്യത്തിലൊതുക്കാതെ, പ്രവൃത്തിയിൽ പ്രയോഗിച്ചുകൊണ്ടു തന്നെ. “ക്രിസ്തു  നമുക്കുവേണ്ടി സ്വന്ത ജീവൻ പരിത്യജിച്ചു എന്നതിൽ  നിന്നു സ്നേഹം എന്താണെന്നു നാം അറിയുന്നു, നാമും അതുപോലെ സഹോദരർക്കുവേണ്ടി സ്വജീവൻ പരിത്യജിക്കാൻ കടപ്പെട്ടിരിക്കുന്നു” (1 യോഹ 3:16) എന്നതല്ലേ ഒരർത്ഥത്തിൽ യോഹന്നാനുണ്ടായ ഏറ്റവും വലിയ വെളിപാട്.   ബെത്‌ലെഹെമിലെ സ്നേഹക്രിയയുടെ ബലിവേദിയിൽ നിന്നും പിതാവ്‌ എനിക്ക് നൽകുന്ന വെളിപാടും.

സ്നേഹിക്കുകയെന്നാൽ കുരിശോളം എത്തുന്ന ക്രിയയാണെന്നു ഓർമ്മപ്പെടുത്തുന്ന  ക്രിസ്തുവിന്റെ പിറവി, മറ്റുള്ളവർക്കു വേണ്ടിയുള്ള മുൻഗണനാക്രമങ്ങളുടെയും കരുതലിന്റെയും സമർപ്പണത്തിന്റെയും പിറവിയാകണം എന്നിൽ.  എന്റെ സമയവും കഴിവുകളും സമ്പത്തും മറ്റുള്ളവർക്കായി കലവറകൂടാതെ കൊടുക്കാൻ കഴിയുമ്പോൾ എന്നിലും ആ സ്നേഹക്രിയ നടക്കും, ഒരു ബലിയായി. അതിനുള്ള തുറവിയും സന്മനസ്സും എനിക്കുണ്ടോ?

പ്രാർത്ഥന: എനിക്കായി അങ്ങേ ഏകജാതനെ നൽകി സ്നേഹത്തെ അതിന്റെ തീവ്രതയിൽ അനുഭവവേദ്യമാക്കിയ ദൈവമേ, സ്നേഹമെന്ന ക്രിയയുടെ നാനാർത്ഥങ്ങൾ എന്നെ പഠിപ്പിക്കണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?