Follow Us On

27

September

2020

Sunday

‘ഈഗോ’യെ ബലി ചെയ്യാം, ഈശോയ്ക്കു പിറക്കാൻ- ബലിയൊരുക്കങ്ങൾ XXIV

‘ഈഗോ’യെ ബലി ചെയ്യാം, ഈശോയ്ക്കു പിറക്കാൻ- ബലിയൊരുക്കങ്ങൾ XXIV
”ഈശോ എന്ന പദത്തിനോടു പ്രാസം ചേർന്നു പോകുന്ന പദമല്ല ഈഗോ. ഈശോ എന്ന പദത്തിന്റെ വിപരീതമാണത്. ഈഗോയുള്ളിടത്ത് ഈശോയുണ്ടാവില്ല.” – ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 24′
ഫാ. ബെന്നി നൽക്കര സി.എം.ഐ
ക്രിസ്തുമസ്, ക്രിസ്തുവിന്റെ ബലിയെ ഓർമ്മിപ്പിക്കുന്ന ബലിപ്പെരുന്നാളാകയാൽ ആ ബലിവഴികളിലൂടെയുള്ള എന്റെ ചുവടുവയ്പുകൾക്കും ബലിയൊരുക്കത്തിന്റെ പിൻബലമുണ്ടാകണം. ഈശോയുടെ പിറവി- അവന്റെ ബലി, എന്നിൽ സംഭവിക്കണമെങ്കിൽ എന്നിലെ “ഈഗോ”യെ ബലിചെയ്യാൻ ഞാൻ തയ്യാറാകണം. ഈശോ എന്ന പദത്തിനോടു പ്രാസം ചേർന്നു പോകുന്ന പദമല്ല ഈഗോ. ഈശോ എന്ന പദത്തിന്റെ വിപരീതമാണത്. ഈഗോയുള്ളിടത്ത് ഈശോയുണ്ടാവില്ല.
ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും ഒരുവനെ അകറ്റിനിർത്തുന്നതെന്തോ, അവനെ  അഹങ്കാരത്തിലേക്കും താൻ പോരിമാ വാദത്തിലേക്കും അധികാരഗർവ്വിലേക്കും നയിക്കുന്നതെന്തോ, തോറ്റുകൊടുക്കാനും, പങ്കുവയ്ക്കാനും അപരനെ അംഗീകരിക്കാനും തടസ്സപ്പെടുത്തുന്നതെന്തോ അതൊക്കെയും അയാളുടെ ഈഗോയുടെ വകഭേദങ്ങളാണ്. ഇവയൊക്കെയും ഈശോയുടെ വ്യക്തിത്വത്തിന്റെ വിപരീതങ്ങളും. അവിടുന്നു എല്ലാവരുടെ മുമ്പിലും എളിമപ്പെട്ടവനാണ്. എല്ലാവരുടെയും മുമ്പിൽ തോറ്റുകൊടുത്തവനാണ്. ദൈവമായിരുന്നിട്ടും സ്വയം ശൂന്യവൽക്കരിച്ചവനാണ്. തന്റെ സമ്പന്നതയും, അധികാരവും ബലി ചെയ്തവനാണ്. പിതാവായ ദൈവത്തോടും മനുഷ്യരോടും അടുപ്പം കാത്തുസൂക്ഷിച്ചവനാണ്.
കാലിത്തൊഴുത്തിലെ പുൽത്തൊട്ടി അഹത്തെ ബലിചെയ്തവന്റെ ഉദയമാണ്. തള്ളിപ്പറയാനും ഒറ്റിക്കൊടുക്കാനുമൊരുങ്ങിയിരിക്കുന്നവരുടെ കാലുകഴുകൽ ഈഗോയെ ജയിച്ചവന്റെ വിജയഗാഥയാണ്. കുരിശിലെ മരണം “എന്റെ ഹിതമല്ല, നിന്റെ ഹിതം നിറവേറട്ടെ” എന്നു രക്തമൊഴുക്കി പ്രാർത്ഥിച്ചവന്റെ അതിജീവനമാണ് . ക്രിസ്തുമസ്സ് വിരൽ ചൂണ്ടുന്നത്, എന്നിൽ ക്രിസ്തു പിറക്കാൻ ബലിയായിത്തീരേണ്ട അഹം ഭാവങ്ങളിലേക്കാണ്.
“ഇനി ഞാനല്ല, ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്നു പറയാൻ പൗലോസിനായത് തന്റെ അഹങ്കാരത്തിന്റെയും അന്ധമായ മതബോധത്തിന്റെയും വിദ്വേഷത്തിന്റെയും ഈഗോയെ ജയിച്ചപ്പോളാണ്. “ഞാൻ” മാറി ക്രിസ്തു എന്നിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യണമെങ്കിൽ അവനു വിപരീതമായി നിൽക്കുന്ന എല്ലാറ്റിനെയും ഞാൻ ബലി ചെയ്യണം.
“നിനക്കൊരു കുറവുണ്ട്” എന്ന അവന്റെ വചനം എന്നിലുള്ള ചില “കൂടുതലുകളെ”-അഹന്തയുടെ, അധികാരത്തിന്റെ, ധനത്തിന്റെ- കൂടുതലുകളെ ബലിചെയ്യാനുള്ള ഓർമ്മപ്പെടുത്തലാണ്. എന്നിൽ ഇനിയും ക്രിസ്തു രൂപപ്പെടാത്തതിനു കാരണം അവനു ചേരാത്ത രൂപഭാവങ്ങൾ എന്റെ അഹത്തിൽ നിറയുന്നതുകൊണ്ടാണ്. എന്റെ ഈഗോ പ്രതിരോധം തീർക്കുമ്പോൾ ഹൃദയവാതിലുകൾ ഈശോയ്ക്കു മുമ്പിൽ കൊട്ടിയടക്കപ്പെടും, ബെത്‌ലെഹെമിലെ സത്രങ്ങളെപ്പോലെ.
നമ്മുടെ യുദ്ധങ്ങളൊക്കെയും, വീട്ടിലായാലും നാട്ടിലായാലും അഹംഭാവത്തിൽ നിന്നല്ലേ തുടങ്ങുന്നത്. ഈഗോയുടെ ഇമ്മിണി വലിപ്പത്തിൽ ക്ഷമയുടെ ശക്തി നമ്മൾ വിസ്മരിച്ചു കളയുന്നു. “ഞാനാണു ശരി”, “ഞാൻ മാത്രമാണ് ശരി”, “ഞാനില്ലാതെ നീയില്ല”‘ എന്നിങ്ങനെയുള്ള അശ്ലീലഭാഷണങ്ങൾ കൊണ്ടല്ലേ നമ്മുടെ വീടുകൾ മലീമസമാകുന്നത്. “ഇന്നു ഞാൻ, നാളെ ഞാൻ” എന്നു ചിന്തിച്ചു കാലം കഴിക്കുന്നവരിൽ മറ്റുള്ളവരിലേക്കെങ്ങനെ തുറവിയുണ്ടാകും?
അറിവിന്റെയും സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും വല്ലാത്ത പൊങ്ങച്ചസഞ്ചികളുടെ ഭാരവും പേറി നീങ്ങുന്നവരിൽ ക്രിസ്തു എങ്ങനെ പിറന്നു വീഴും? അഹംഭാവത്തിന്റെ അന്ധതയിൽ ഞാൻ നീങ്ങുമ്പോൾ “കാണപ്പെടുന്ന സഹോദരനെയും കാണപ്പെടാത്ത ദൈവത്തേയും” കാണാൻ എനിക്കെങ്ങനെയാകും?
ഞാൻ എന്റെ ധനമോഹത്തിന്റെ ഈഗോയെ ബലിചെയ്യുമ്പോഴാണ് എന്നിൽ പങ്കുവയ്പ്പിന്റെ പിറവിയുണ്ടാകുന്നത്. ഞാൻ എന്റെ അധികാരത്തിന്റെ ശാഠ്യങ്ങളെ ബലിചെയ്യുമ്പോഴാണ് തോറ്റുകൊടുക്കലിലെ സുഖമനുഭവിക്കാൻ എനിക്കാകുന്നത്. ഞാൻ എന്റെ അഹങ്കാരത്തെ ബലിചെയ്യുമ്പോഴാണ് മറ്റുള്ളവരെ അംഗീകരിക്കുന്നതിലെ സന്തോഷം എന്നിൽ ജനിക്കുന്നത്. ഞാൻ എന്റെ വിദ്വേഷത്തിന്റെ പടയൊരുക്കങ്ങളെ ബലിചെയ്യുമ്പോഴാണ് എന്നിൽ സമാധാനത്തിന്റെ തിരുപ്പിറവിയുണ്ടാകുന്നത്.
ഞാൻ എന്റെ താൻപോരിമയുടെ വിചാരങ്ങളെ ബലിചെയ്യുമ്പോഴാണ് മറ്റുള്ളവർക്കായി വാതിൽ തുറക്കാൻ എനിക്കാകുന്നത്.
ക്രിസ്തുമസ്സ്, എന്ന ഈശോയുടെ ബലി എന്റെ ഈഗോയുടെ ബലിയിലേക്കു എന്നെ ക്ഷണിക്കുകയാണ്, അവന്റെ ജീവിതശൈലിക്കു വിപരീതമായി നിൽക്കുന്ന എല്ലാറ്റിനെയും ബലി ചെയ്തു അവനു പിറവിയൊരുക്കാൻ. ബെത്‌ലെഹെമിലെ ബലിവേദി മുതൽ കാൽവരിയിലെ കുരിശിൽ വരെ ആത്മബലിയർപ്പിച്ചവന്റെ അഹംഭാവമില്ലാത്ത സമർപ്പണമാകട്ടെ എന്റെയും പ്രേരകശക്തി.
പ്രാർത്ഥന: എനിക്കായി സ്വയം ബലിയായി മാറിയ ഈശോയെ, എന്റെ അഹംഭാവത്തെ ബലിചെയ്തു നിനക്കു രൂപം നൽകുവാൻ എന്നെ സഹായിക്കണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?