Follow Us On

27

September

2020

Sunday

ക്രിസ്തുമസ്സ്‌: എന്റെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലി- ബലിയൊരുക്കങ്ങൾ xxv

ക്രിസ്തുമസ്സ്‌: എന്റെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലി- ബലിയൊരുക്കങ്ങൾ xxv

“കടം വീട്ടാൻ കഴിയാത്ത കാരുണ്യമാണ് ദൈവം ഞാനുൾപ്പെടുന്ന മനുഷ്യവംശത്തോടു കാണിച്ചിരിക്കുന്നതെന്ന ഓർമ്മയാകണം എന്റെ ജീവിതം.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 25′

ഫാ. ബെന്നി നൽക്കര സി.എം.ഐ

ബലിയൊരുക്കങ്ങൾ പൂർത്തിയാകുന്നു. മോറിയായിൽ നിന്നും ബെത്‌ലെഹെമിലെത്തുന്ന സ്നേഹബലിയുടെ ദൂരം പിന്നിടുന്ന ഞാൻ സ്വയം ഒരു ബലിയായി മാറേണ്ട ദിനമാണ് ക്രിസ്തുമസ്. “ആകയാൽ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ” (റോമാ 12:1) എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകൾ വിരൽചൂണ്ടുന്നത് ക്രിസ്തുവിന്റെ ബലിയിലൂടെ പ്രകാശിതമായ ദൈവകാരുണ്യത്തിനുള്ള പ്രത്യുത്തരമാകണം എന്റെ ജീവിതമെന്ന സത്യത്തിലേക്കാണ്.

മനുഷ്യവംശത്തോടുള്ള തന്റെ ഉള്ളടുപ്പം സ്വപുത്രനെ യാഗമായി നൽകിക്കൊണ്ട് പിതാവായ ദൈവം ബെത്‌ലെഹെമിൽ വെളിപ്പെടുത്തി. ആ ആത്മത്യാഗത്തിനു പിറകിൽ ദൈവത്തിന്റെ കാരുണ്യത്തിന്റെ അനന്തമായ ചരിത്രമുണ്ട്. ഒരുപാടുപേരുടെ ബലിവഴികളുണ്ട്. തന്റെ സമ്പന്നതയും അധികാരവും അധീശത്വവുമെല്ലാം ദൈവം ബലി ചെയ്തു. ബലിക്കുഞ്ഞാടിനു പകരം താൻ നെഞ്ചോടു ചേർത്തുവച്ചതിനെ ഔദാര്യത്തോടെ നൽകി. അനുസരണത്തിന്റെ മഹത്വം വിളിച്ചോതി അവിടുത്തെ പുത്രൻ ബലിയായി. അവനു പകരം മുൾപ്പടർപ്പിൽ ഒരാടും കുരുങ്ങിക്കിടന്നില്ല. അവൻ ദൈവസാദൃശ്യം വെടിഞ്ഞു മനുഷ്യനായി. പരമദരിദ്രനായി. അടിമസമാനം സ്വയം ചെറുതായി. അവന്റെ ബലിയിലൂടെ എനിക്കവൻ വില നൽകി. കാരുണ്യത്തിന്റെ വഴിഞ്ഞൊഴുകലാണ് ഈ ബലികളൊക്കെയും.

കടം വീട്ടാൻ കഴിയാത്ത കാരുണ്യമാണ് ദൈവം ഞാനുൾപ്പെടുന്ന മനുഷ്യവംശത്തോടു കാണിച്ചിരിക്കുന്നതെന്ന ഓർമ്മയാകണം എന്റെ ജീവിതം. ഒരുപാടു മനുഷ്യരിലൂടെ ചൊരിയപ്പെട്ട കാരുണ്യം. നന്ദിയോടും കടപ്പാടോടും കൂടി ഞാനർപ്പിക്കുന്ന അനുദിനബലിയാകണം ഈ ജീവിതം.
ദൈവഹിതത്തിന്റെ വഴികളിൽ ആത്മാർത്ഥതയോടെ നിന്നും ദൈവത്തോടു ഐക്യപ്പെട്ടും മനുഷ്യരോടു കലവറയില്ലാത്ത സ്നേഹം പകർന്നും എന്റെ ജീവിതം സജീവബലിയാകണം. അവിടെ യേശുക്രിസ്തുവിനുണ്ടായിരുന്ന മനോഭാവത്തിലേക്കു മനസിന്റെ നവീകരണം വഴി ഞാൻ രൂപാന്തരപ്പെടണം. മറ്റുള്ളവരെ എന്നേക്കാൾ ശ്രേഷ്ഠരായി കരുതുന്ന, അവരുടെ താത്പര്യങ്ങൾക്കു മുൻഗണ കൊടുക്കുന്ന മനോഭാവം. ഊനമില്ലാത്ത ബലികുഞ്ഞാടുകളെ കാഴ്ച നൽകിയ ബലിയർപ്പകരെപ്പോലെ ഞാനർപ്പിക്കുന്ന ജീവിതവും ഊനമറ്റതാകണം. ലോകത്തിനു അനുരൂപനാകാതെ ഞാൻ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ ബലിയായി മാറണം. എന്റെ ബലിനിയോഗങ്ങൾക്കു പിറകിൽ ഞാനൊളിപ്പിച്ചു വയ്ക്കുന്ന സ്വകാര്യലാഭേച്ഛകൾ എന്റെ ബലികളെ അശുദ്ധമാക്കുന്നുണ്ട്. ദൈവപ്രീതിയേക്കാൾ മനുഷ്യപ്രീതി തേടുന്ന കെട്ടുകാഴ്ചയായി എന്റെ ബലിജീവിതം മാറിപ്പോകുന്നു. ഉദ്ദിഷ്ടകാര്യത്തിന്റെ മാത്രം ഉപകാരണസ്മരണയായി അതു ചുരുങ്ങിപ്പോവുകയും ചെയ്യുന്നു.

മനുഷ്യാവതാരത്തിലൂടെ നിത്യപുരോഹിതനായ ക്രിസ്തുവിന്റെ ബലി തുടരാൻ ഞാൻ വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമസ്സ് അനുസ്മരണവും ആഘോഷവും ദൈവത്തിനു ഞാനർപ്പിക്കേണ്ട വിശുദ്ധവും പ്രീതികരവുമായ എന്റെ ജീവിതബലിയുടെ ഓർമ്മയുണർത്തനം. “ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല. അപ്പോൾ പുസ്തകത്തിന്റെ ആരംഭത്തിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ ഞാൻ പറഞ്ഞു, ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാൻ ഞാനിതാ വന്നിരിക്കുന്നു” (ഹെബ്രാ 10:6-7). ബെത്‌ലെഹെമിലെ ബലിവേദിക്കരികിൽ നിൽക്കേ, ബലിക്കുഞ്ഞാടായ ക്രിസ്തുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഞാൻ തിരിച്ചറിയണം, അതു ഞാൻ തന്നെയാണെന്ന്. ദൈവം തരുമെന്നു പറഞ്ഞ ആ ബലിക്കുഞ്ഞാടിനു എന്റെ മുഖമുണ്ടെന്ന്. “ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു” (2 തിമോ 4:6).

പ്രാർത്ഥന: മനുഷ്യാവതാരത്തിലൂടെ നിത്യപുരോഹിതനായ മിശിഹായേ, എന്റെ ജീവിതത്തെ വിശുദ്ധവും അങ്ങേക്കു പ്രീതികരവുമായ വിശുദ്ധബലിയായർപ്പിക്കുവാൻ എന്നെ സഹായിക്കണമേ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?