Follow Us On

24

October

2020

Saturday

2020-ല്‍ സഭയില്‍ എന്തു സംഭവിക്കും?

2020-ല്‍ സഭയില്‍  എന്തു സംഭവിക്കും?

2019 കേരളസഭയെ സംബന്ധിച്ചിടത്തോളം പീഡനങ്ങളുടെ ഒരു വര്‍ഷമായിരുന്നു. സഭയുടെ മഹത്വം, വിശ്വാസ്യത, വിശുദ്ധി ഇതെല്ലാം ചോദ്യം ചെയ്യപ്പെട്ട ഒരു വര്‍ഷം! ഇതില്‍ ഏറ്റവും വേദനാജനകം സഭ അവളുടെ മക്കളാല്‍ തന്നെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു എന്നതാണ്. പൗലോസ് ശ്ലീഹാ നേരിട്ട വ്യാജസഹോദരങ്ങളുടെ ഉപദ്രവം സന്യാസ സമൂഹങ്ങളിലും രൂപതകളിലും വ്യാപകമായിത്തീര്‍ന്നു. സ്റ്റേജില്‍ അഴിഞ്ഞാടുന്നവര്‍ക്ക്, തിരശീലയ്ക്ക് പിന്നില്‍ നിന്നുകൊണ്ട് ഒത്താശകള്‍ ചെയ്തുകൊടുക്കുന്നവരായിരിക്കാം ഒരുപക്ഷേ ഇനിയും സഭയ്ക്ക് ഏറെ കണ്ണീരുകള്‍ സമ്മാനിക്കുക. എന്നാല്‍ ആര്, എന്തൊക്കെ, എന്തിനുവേണ്ടി ചെയ്തു എന്നതിനെല്ലാം പ്രസക്തി നഷ്ടപ്പെടുത്തുന്ന മറ്റൊരു സത്യമുണ്ട്.
കര്‍ത്താവ് അറിയാതെയല്ല ഇതൊന്നും സംഭവിച്ചത്. നമ്മുടെ ‘പരിപാലകന്‍ മയങ്ങുന്നില്ല, ഉറങ്ങുന്നില്ല.’ നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറ പറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവം (2 മക്കബായര്‍ 8:18) എന്തുകൊണ്ട് ഇതെല്ലാം അനുവദിച്ചു? കര്‍ത്താവ് തന്റെ സഭയെ കൈവിട്ടോ? ഒരിക്കലും ഇല്ല. യഥാര്‍ത്ഥത്തില്‍ കര്‍ത്താവ് കേരളസഭയെ കൂടുതലായി കരുതുകയും പരിപാലിക്കുകയുമാണ് ഈ നാളുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ആയിരക്കണക്കിന് വൈദികരും സിസ്റ്റേഴ്‌സും വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും പരിഹാരപ്രവൃത്തികളിലും അധിഷ്ഠിതമായ ജീവിതം നയിക്കുമ്പോള്‍, വിരലില്‍ എണ്ണാവുന്ന വ്യക്തികളുടെ അപചയങ്ങള്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു? സഭയെ ദുര്‍ബലമാക്കുവാനും ക്രിസ്തീയ വിശ്വാസത്തെ അപമാനിക്കുവാനും കച്ചവടതാല്പര്യങ്ങള്‍ക്കുമായി ഇപ്രകാരം പ്രവര്‍ത്തിക്കുമ്പോള്‍ നാമതിനെ എങ്ങനെ സമീപിക്കണം? ലോകം മുഴുവനും അധാര്‍മികത വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലോകത്തിന്റെ തിന്മകള്‍ക്ക് പരിഹാരം ചെയ്യേണ്ടവളാണ് കര്‍ത്താവിന്റെ ശരീരമായ സഭ. അതിനാല്‍ ലോകം മുഴുവനുംവേണ്ടി പാപത്തിന്റെ അപമാനഭാരവും ദുരിതവും ഏറ്റുവാങ്ങാന്‍ സഭ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഈ കാഴ്ചപ്പാടില്‍, സഭയെന്ന നിലയില്‍ നാം സഹിക്കണം. പരിഹാരം ചെയ്യണം. അതേസമയം ഒരു സമുദായം എന്ന നിലയില്‍ നമുക്കെതിരെ ഉയരുന്ന അനീതിയുടെ ശക്തികള്‍ക്കെതിരെ പ്രതികരിക്കുകയും വേണം.
ലോകത്തില്‍നിന്ന് അംഗീകാരവും പുകഴ്ചയും ലഭിക്കുമ്പോള്‍ അതോടൊപ്പം ലോകത്തിന്റെ അരൂപിയും സഭയ്ക്കുള്ളിലേക്ക് കടന്നുവരുന്നത് നാം അറിയുകയില്ല. രാഷ്ട്രീയശക്തിയും സാമുദായികശേഷിയും സംഘടനാവൈഭവവും എല്ലാം ദൈവത്തിലുള്ള ആശ്രയത്വം കുറയ്ക്കാനും ലോകം ചിന്തിക്കുന്ന രീതിയില്‍ ചിന്തിക്കാനും പ്രതികരിക്കാനും നമ്മളെ പ്രേരിപ്പിക്കും. പ്രതാപകാലത്ത് കടന്നുവന്നിട്ടുള്ള താന്‍പോരിമയും ലൗകീകതാല്പര്യങ്ങളും പരിത്യജിക്കാന്‍ സഭ വിനീതമാക്കപ്പെടുന്ന പീഡനകാലം അനിവാര്യമാണ്. നിസഹായതകള്‍ ദൈവത്തില്‍ പൂര്‍ണമായി ശരണപ്പെടാന്‍ നമ്മെ പഠിപ്പിക്കും. ദൈവത്തില്‍ ശരണപ്പെടുന്നവരെ ദൈവം ഒരിക്കലും കൈവിടുകയില്ല. അവിടുന്ന് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകതന്നെ ചെയ്യും. കര്‍ത്താവിന്റെ മുന്നില്‍ മുട്ടുമടക്കുമ്പോള്‍ നാം മറ്റുള്ളവരുടെ മുന്നില്‍ മുട്ടുമടക്കേണ്ടതായി വരികയില്ല.
മാനുഷിക ശക്തിയെക്കാള്‍ അധികമായി ദൈവികശക്തികൊണ്ട് സഭാസമൂഹം നിറയുവാന്‍ ഒരു ശുദ്ധീകരണം ദൈവം നമുക്ക് നല്‍കി. ഇത് ശക്തീകരണത്തിനും മഹത്വീകരണത്തിനുമുള്ള ഒരുക്കപ്പെടല്‍ മാത്രമാണ്. അതിനാല്‍ നഷ്ടധൈര്യരാകാതെ ദൈവത്തിലേക്ക് നോക്കിയാല്‍ വരും കാലങ്ങളില്‍ കൂടുതല്‍ മഹത്വമാര്‍ജിച്ച സഭയെ നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും.
സഭ തകര്‍ന്നു, വിശ്വാസം ക്ഷയിച്ചു, സഭയ്ക്കിനി ഭാവിയില്ല എന്നൊക്കെ എല്ലാവരും ചിന്തിച്ചിരുന്ന നിരവധി കാലഘട്ടങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അന്ന് ‘മീഡിയ’ ഇല്ലാത്തതുകൊണ്ട് ഇത്രയധികം പ്രചാരം അത്തരം കാര്യങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല എന്നുമാത്രം. പക്ഷേ സഭ വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. എത്ര തകര്‍ന്നുവെന്ന് തോന്നിയാലും ദൈവത്തിന് പുനരുദ്ധരിക്കാന്‍ കഴിയാത്ത തകര്‍ച്ചകളില്ല. മെക്‌സിക്കോയിലും ക്യൂബയിലും സഭ നിശേഷം ഇല്ലാതായി. വിയറ്റ്‌നാമിലും റഷ്യയിലുമെല്ലാം സഭ തകര്‍ക്കപ്പെടുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അവിടെയെല്ലാം സഭ കൂടുതല്‍ ശക്തിയോടെ തിരിച്ചുവന്നു. ഫ്രഞ്ചു വിപ്ലവത്തിന്റെ നാളുകളില്‍ സഭ എന്തുമാത്രം അടിച്ചമര്‍ത്തപ്പെടുകയുണ്ടായി. ആല്‍ബി ജന്‍സിയന്‍ പാഷണ്ഡത വളര്‍ന്ന് യൂറോപ്പില്‍ ഇനി കത്തോലിക്കാ സഭയ്ക്ക് ഭാവിയില്ല എന്ന് അനേകര്‍ പ്രവചിച്ചു. സഭയുടെ ശത്രുക്കളെല്ലാം ചരിത്രത്തിന്റെ ഭാഗമായപ്പോള്‍ ചരിത്രത്തെ നയിക്കുന്ന കര്‍ത്താവിന്റെ സഭ വര്‍ധിത ശോഭയോടെ ഉയിര്‍പ്പുനേടി. കാരണം സഭ മാനുഷികസംവിധാനമല്ല. അതിന്റെ അടിസ്ഥാനം ദൈവമാണ്. മാനുഷികമായ എല്ലാ കുറവുകള്‍ക്കും ജീര്‍ണതകള്‍ക്കും ഉപരിയായി അതിനെ നയിക്കുവാന്‍ ദൈവത്തിന്റെ ആത്മാവുണ്ട്. അതിനാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന എല്ലാ പരിമിതികള്‍ക്കും ജീര്‍ണതകള്‍ക്കും അപ്പുറത്ത് സഭയ്ക്ക് മഹത്വപൂര്‍ണമായ ഭാവിയുണ്ട്. ആ മഹത്വത്തിലേക്കുള്ള ഈറ്റുനോവിന്റെ വേദന മാത്രമാണ് ഇപ്പോഴുള്ള നൊമ്പരങ്ങള്‍.
വിശുദ്ധരും പരിശുദ്ധാത്മാവ് നിറഞ്ഞവരുമായ മനുഷ്യര്‍ ധാരാളമായി ഈ കാലഘട്ടത്തില്‍ ഉണ്ടാകണം. കാരണം വിശുദ്ധര്‍ക്ക് മാത്രമേ ഇനിയും ലോകത്തെ ചലിപ്പിക്കുവാന്‍ സാധിക്കൂ. അന്ധകാരം നിറഞ്ഞ നാളുകളില്‍ ഒരു ഫ്രാന്‍സിസ് അസീസിയിലൂടെ സഭയെയും ലോകത്തെയും ചലിപ്പിക്കുവാന്‍ കര്‍ത്താവിന് സാധിച്ചു. വിശുദ്ധ ഡൊമിനിക്കും വിശുദ്ധ അന്തോനീസും ദൈവകരങ്ങളിലെ ഉപകരണമായി മാറിയപ്പോള്‍ സഭയുടെ ഭാവി മാറ്റിമറിക്കപ്പെട്ടു. അതെ, ദൈവത്തിന് എല്ലാം നിസാരമാണ്. അവിടുത്തോട് പൂര്‍ണമായി വിധേയപ്പെടുന്ന ആത്മാക്കളിലൂടെ അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. അതിനാല്‍ 2020-ലേക്ക് പ്രത്യാശയോടെ നാം കടന്നുവരണം. സഭയെ സ്‌നേഹിക്കുന്നവര്‍ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവാക്കി കൂടുതല്‍ പ്രാര്‍ത്ഥിക്കുവാന്‍ ഒരുങ്ങണം. ആരെയും കുറ്റപ്പെടുത്താതെ സ്വയം വിശുദ്ധനും വിശുദ്ധയും ആയി മാറുക. അതാണ് സഭയെ നവീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള ഏകമാര്‍ഗം.
2020-ല്‍ സഭയില്‍ ധാരാളം വിശുദ്ധര്‍ ആത്മാവിന്റെ ശക്തിയില്‍ ഉദയം ചെയ്യട്ടെ. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?