Follow Us On

23

November

2020

Monday

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ എളിയില്‍വച്ചുകൊണ്ട് ദിവ്യബലിയര്‍പ്പിച്ച വൈദികന്‍

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ എളിയില്‍വച്ചുകൊണ്ട്  ദിവ്യബലിയര്‍പ്പിച്ച വൈദികന്‍

രണ്ടായിരാം ആണ്ടിന്റെ ആരംഭം. മുംബൈയില്‍നിന്നും ഹൈദരാബാദിലേക്ക് ഒരു ട്രെയിന്‍ യാത്ര. ജോര്‍ജ് കുറ്റിക്കല്‍ അച്ചനും ടീമംഗങ്ങളും പുതുതായി തുടങ്ങുന്ന ആശ്രമത്തിലേക്ക് പോവുകയാണ്. ഉച്ചയായപ്പോള്‍ അച്ചനെ സീറ്റില്‍ കാണാനില്ല. ട്രെയിനിലെ ടോയ്‌ലറ്റിന്റെ അടുത്ത് ഒരാള്‍ക്കൂട്ടം. ആകാംക്ഷയോടെ എത്തിനോക്കിയപ്പോള്‍ കുഷ്ഠരോഗിയെന്ന് തോന്നിക്കുന്ന ഒരു യാചകനെ തോളോട് ചേര്‍ത്തുപിടിച്ച് വെളുത്ത ളോഹ ധരിച്ച അച്ചന്‍ നിലത്തിരിക്കുന്നു.
ഈശോയ്ക്ക് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞ് തന്റെ സീറ്റില്‍ ആ സഹോദരനെ പിടിച്ചിരുത്തി ഒരേ പാത്രത്തില്‍നിന്ന് വാരിക്കഴിച്ചു. വ്രണങ്ങള്‍ പഴുത്തൊലിക്കുന്ന അറ്റുപോയ വിരലുകള്‍കൊണ്ട് ആ യാചകന്‍ കഴിക്കുന്ന അതേ പാത്രത്തില്‍നിന്ന് അച്ചനും ഭക്ഷിച്ചപ്പോള്‍ കണ്ടുനിന്നിരുന്നവരോട് പ്രഘോഷിക്കാന്‍ മറ്റൊരു സുവിശേഷം ആവശ്യമില്ലായിരുന്നു. ഈ ചെറിയവന്‍ ഈശോയാണ് എന്ന് പറയാതെ പറഞ്ഞുവച്ച ആ സുവിശേഷം എന്നിലെ ദൈവവിളിക്ക് പുതിയ ദിശാബോധം നല്‍കി. അതുപോലെ സാക്ഷ്യം വഹിച്ച മറ്റ് പലര്‍ക്കും.
റെയില്‍വേ സ്റ്റേഷനില്‍നിന്നും സുഹൃത്തായ ഒരു പത്രപ്രവര്‍ത്തകന്റെ വീട്ടിലേക്കായിരുന്നു പോയത്. ആരും കണ്ടാല്‍ മുഖം തിരിച്ചുകളയുന്ന യാചകനെ അച്ചനോടൊപ്പം കണ്ടപ്പോള്‍ കുടുംബം തടസമൊന്നും പറയാതെ ഭവനത്തില്‍ സ്വീകരിച്ചു. ആ കുടുംബനാഥ അതിഥിയെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ അണിയിപ്പിച്ചു. അന്ന് വൈകുന്നേരം ആശ്രമത്തില്‍ എത്തിയപ്പോഴേക്കും അയാള്‍ പുതിയ വ്യക്തിയായി മാറിയിരുന്നു. ദീര്‍ഘനേരം അദ്ദേഹത്തിനോടൊപ്പം ചെലവഴിച്ച അച്ചന്‍ അദ്ദേഹത്തെ ഈശോയുടെ സ്വന്തമാക്കാന്‍ ഒരുക്കി. പിറ്റേന്ന് പ്രഭാതത്തില്‍ ശാന്തനായി അയാള്‍ ഈ ലോകത്തോട് വിടപറഞ്ഞു. ശരീരത്തില്‍ ഉണ്ടായിരുന്ന വ്രണങ്ങള്‍ പൂര്‍ണമായും സൗഖ്യപ്പെട്ടിരുന്നു.
ദിവ്യബലിയില്‍ സംഭവിച്ച അത്ഭുതം
2003-ല്‍ കാഞ്ഞങ്ങാട്ടുള്ള സ്‌നേഹാലയത്തില്‍ അച്ചന്‍ ദിവ്യബലിയര്‍പ്പിക്കുന്ന സമയം. ബുദ്ധിവൈകല്യമുള്ള മൂന്ന് കുഞ്ഞുങ്ങളെ ഞങ്ങളുടെ അമ്മമാര്‍ കുളിപ്പിച്ചൊരുക്കി മുമ്പിലിരുത്തും. അതില്‍ ഒരുവനായ ശിമയോന്‍ എപ്പോഴും കരയുമായിരുന്നു. മറ്റൊന്നും അവനറിയില്ല. തുടര്‍ച്ചയായി മലമൂത്രവിസര്‍ജനം നടത്തുന്നതിനാല്‍ മറ്റെല്ലാവര്‍ക്കും അവന്റെ സാന്നിധ്യം അല്പസ്വല്പം അലോസരം ഉണ്ടാക്കിയിരുന്നു. എങ്കിലും ആ കുഞ്ഞുങ്ങളെ കൂടാതെ ദിവ്യബലിയര്‍പ്പിക്കാന്‍ അച്ചന്‍ ഒരുക്കമല്ലായിരുന്നു. ഒരു ദിവസം ബലിയര്‍പ്പണമധ്യേ ശിമയോന്‍ വളരെയധികം അസ്വസ്ഥനായി. ആര്‍ക്കും അവനെ ശാന്തനാക്കാന്‍ പറ്റിയില്ല. ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന അച്ചന്‍ അവനെയെടുത്ത് തന്റെ എളിയില്‍വച്ച് വിശുദ്ധ ബലിയര്‍പ്പണം തുടര്‍ന്നു. അവന്‍ ശാന്തനായി. പിന്നീടൊരിക്കലും അവന്‍ ദൈവാലയത്തില്‍ കരഞ്ഞ് ബഹളമുണ്ടാക്കിയിട്ടില്ല. അവന്‍ ചിരിക്കാന്‍ തുടങ്ങി. പ്രായമായ അപ്പച്ചന്മാരെ അവനാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കാന്‍ ആരംഭിച്ചു.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു. അവനെ ഡല്‍ഹിയിലുള്ള സ്വര്‍ഗ്ധ്വാര്‍ ആശ്രമത്തിലേക്ക് മാറ്റി. അവിടെവച്ച് ഗുരുതരമായ കാന്‍സര്‍ രോഗത്താല്‍ ഹോളിഫാമിലി ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. ഓപ്പറേഷന് വിധേയനായ അവന്റെ ആഗ്രഹപ്രകാരം വിശ്രമത്തിനായി മലയാറ്റൂരുള്ള ആശ്രമത്തിലേക്ക് കൊണ്ടുവന്നു. അവന്‍ ഒരേയൊരു കാര്യംമാത്രം എന്നും ആവശ്യപ്പെട്ടു. വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന്. മരിക്കുന്ന അന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോട് തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ അവന്‍ ആവശ്യപ്പെട്ടു. പ്രാര്‍ത്ഥനയ്ക്കുശേഷം അച്ചന്‍ ആശ്രമത്തിലേക്ക് പോയി. ശിമയോന്‍ ശാന്തനായി കര്‍ത്താവിന്റെ സന്നിധിയിലേക്കും യാത്രയായി.
വാടക കൊലയാളിയുടെ മാനസാന്തരം
2001-2002 കാലഘട്ടം. കോട്ടയത്തിനടുത്ത് നടക്കുന്ന ‘ലവ് ഫെസ്റ്റ്’ ക്യാമ്പ്. ഭിക്ഷാടകരായ ധാരാളം സഹോദരങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതിനിടയില്‍ വാടകകൊലയാളിയും മയക്കുമരുന്നിന് അടിമയായ ഒരു സഹോദരനെയും പ്രേഷിതര്‍ അച്ചന്റെ അടുക്കല്‍ കൊണ്ടുവന്നു. ലഹരിയുടെ പിടിവിട്ടപ്പോള്‍ അവന്‍ അക്രമാസക്തനായി. പ്രേഷിതര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതെവന്നു. കുറ്റിക്കലച്ചന്‍ അവനെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് അദ്ദേഹത്തിന്റെ കൂടെ നിലത്ത് പായയില്‍ കിടത്തി ഉറക്കി. പിറ്റേന്ന് മുതല്‍ അവന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. കാലക്രമേണ അവനൊരു പുതിയ മനുഷ്യനായി മാറി.
വിശുദ്ധ കുര്‍ബാനയര്‍പ്പണം ജോര്‍ജച്ചന് ലഹരിയായിരുന്നു. വിശുദ്ധ കുര്‍ബാനയിലൂടെ ലഭിക്കുന്ന വിമോചനത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കിയിരുന്ന അച്ചന്റെ ഓരോ ബലിയര്‍പ്പണവും ലോകം മുഴുവനുമുള്ള ചിതറിപ്പോയ ഭിക്ഷാടകസഹോദരങ്ങളെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു.
താപസ സന്യാസത്തെ ആര്‍ദ്രമായി സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന് തന്റെ എം.റ്റി.എച്ച് പഠനകാലത്ത് ദൈവമാതാവ് നല്‍കിയ പ്രേരണകള്‍ അനുസരിച്ച് ഒരു വര്‍ഷം ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഈഴവ സഹോദരങ്ങള്‍ക്കിടയില്‍ ഒരു ചെറിയ കുടിലില്‍ ഒരു സന്യാസിയായി ജീവിക്കാന്‍ അധികാരികള്‍ അനുവാദം നല്‍കി. സ്വര്‍ഗസ്ഥനായ പിതാവിന്റെ അനന്തമായ പരിപാലനയില്‍മാത്രം ആശ്രയിച്ച് സ്വന്തമായി ഒന്നുമില്ലാതെ സമ്പൂര്‍ണ ശൂന്യവല്‍ക്കരണത്തിലൂടെ അച്ചന്‍ ജീവിച്ച ജീവിതം പില്‍ക്കാലത്ത് അച്ചനിലൂടെ ദൈവം രൂപം നല്‍കിയ ദിവ്യകാരുണ്യ ഉടമ്പടി സമൂഹത്തിന്റെ ജീവിതശൈലിയായി രൂപപ്പെട്ടു. തപസനുഷ്ഠിക്കാന്‍ വിജനതയിലേക്കും മരുഭൂമിയിലേക്കും പോകുന്നതിന് പകരം, മരുഭൂമിയെക്കാള്‍ ഊഷരമായ മനുഷ്യജീവികളുടെ സഹനങ്ങളുടെ നടുവില്‍ തപസിരിക്കാന്‍ അച്ചന്‍ തന്റെ ശിഷ്യരെ പരിശീലിപ്പിച്ചു.
ബലിപീഠത്തില്‍ വിരിഞ്ഞ സന്യാസം
ചിതറിപ്പോയ ഭിക്ഷാടക മക്കളെ ദൈവാരാധനയിലേക്ക് നയിക്കാനാണ് ദൈവം കുറ്റിക്കലച്ചനോട് ആവശ്യപ്പെട്ടത്. തന്റെ അടുത്തുവരുന്ന ഒരാളെയും അദ്ദേഹം ക്രിസ്തുവിനെ കൊടുക്കാതെ പറഞ്ഞുവിട്ടില്ല. ഇന്ത്യയിലുടനീളം ഭിക്ഷാടകര്‍ക്കുവേണ്ടി നിരവധി ആശ്രമങ്ങളും ശുശ്രൂഷകളും രൂപമെടുത്തു. അവരെ ശുശ്രൂഷിക്കാന്‍വേണ്ടി ‘ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം’ എന്ന താപസ സന്യാസ സമൂഹത്തിന് അച്ചനിലൂടെ ദൈവം രൂപം നല്‍കി.
മാനസിക രോഗികള്‍ വളരെ വേഗം സുഖം പ്രാപിക്കുന്നതും സ്വന്തം ഭവനത്തില്‍ തിരിച്ചെത്തിക്കുമ്പോള്‍ ആ ദേശത്തിന്റെ സുവശേഷവല്‍ക്കരണത്തിനുള്ള വിത്തുകളായി മാറുന്നതും അത്ഭുതത്തോടെ ഞങ്ങള്‍ നോക്കിനിന്നിട്ടുണ്ട്. ഓരോ പ്രശ്‌നത്തെയും ദൈവികരഹസ്യമായും സുവിശേഷവല്‍ക്കരണത്തിനുള്ള അനന്ത സാധ്യതയായുമായാണ് അച്ചന്‍ കണ്ടത്.

 സിസ്റ്റര്‍ ചെറുപുഷ്പാമ്മ ഡി.ഇ.സി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?