Follow Us On

02

December

2020

Wednesday

അവര്‍ ക്രിസ്തുവിലേക്ക് നടന്നെത്തിയത്

അവര്‍ ക്രിസ്തുവിലേക്ക് നടന്നെത്തിയത്

ഒരു കുടുംബം ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനിടയായതെങ്ങനെയെന്ന് വ്യക്തമാക്കുന്നൊരനുഭവം അടുത്തനാളില്‍ സോഷ്യല്‍ മീഡിയയില്‍ വായിക്കാനിടയായി. ആ അനുഭവം ഇങ്ങനെയാണ്.
”ഒരു ദിവസം രാവിലെ ബിഷപ്പ് ഹൗസിന്റെ കോളിംഗ് ബെല്‍ അടിച്ചു. സെക്രട്ടറിയച്ചനാണ് വാതില്‍ തുറന്നത്.
രണ്ടു മക്കള്‍ അവരുടെ അപ്പനെ താങ്ങിയെടുത്തുകൊണ്ടുവന്നിരിക്കുന്നു. ഒപ്പം അമ്മയുമുണ്ട്. വാര്‍ധക്യത്തിലെത്തി ക്ഷീണിച്ച ആ അപ്പന്റെ പേര് ദാമോദരന്‍നായര്‍. അവര്‍ക്ക് ബിഷപ്പിനെ കാണണം, സംസാരിക്കണം.
തീര്‍ന്നില്ല, അപ്പോള്‍ത്തന്നെ ക്രിസ്ത്യാനികളാകണം!
ബിഷപ്പു വന്നു, അവരോടു ചോദിച്ചു:
‘നിങ്ങള്‍ പോട്ടയിലോ മറ്റേതെങ്കിലും ധ്യാനകേന്ദ്രങ്ങളിലോ പോയി യേശുവിനെ അറിഞ്ഞ്, സ്‌നേഹിച്ച് മാമോദീസാ മുങ്ങാന്‍ വന്നതാണോ?’
‘അല്ല’ അവര്‍ പറഞ്ഞു.
‘പിന്നെ, ബൈബിള്‍ മുഴുവന്‍ വായിച്ച് യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ വന്നതാണോ?’
‘അല്ല!’
‘പിന്നെ എങ്ങനെയാണ് നിങ്ങള്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാന്‍ തയ്യാറായി വന്നിരിക്കുന്നത്?’
അതിന് അവര്‍ നല്‍കിയ മറുപടി ഓരോ ക്രിസ്ത്യാനിയെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ചാക്കോമാപ്പിളയും ദാമോദരന്‍നായരും പണ്ട് മലബാറിലേക്ക് കുടിയേറിയ രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ്. രണ്ടു പേരും വിവാഹം കഴിച്ചു, മക്കളുണ്ടായി, അടുത്തടുത്ത് താമസവുമായി.
ഒരു ദിവസം, പെട്ടന്ന് ദാമോദരന്‍ നായര്‍ സ്‌ട്രോക്കുണ്ടായി തളര്‍ന്നു വീണു, ആ കടുംബത്തിന്റെ കാര്യം അവതാളത്തിലായി. ദാരിദ്ര്യമവിടെ കൂടുകെട്ടി വാഴുമെന്നായി. എന്നാല്‍ ചാക്കോച്ചേട്ടന്‍ അവരെ കൈവിട്ടില്ല. തന്റെ വയലില്‍ കന്നു പൂട്ടിക്കഴിയുമ്പോള്‍, ചാക്കോ മാപ്പിള മക്കളോടു പറയും, ” മക്കളേ, ദാമോദരന്‍ നായരുടെ കണ്ടം കൂടി പൂട്ടി വിതച്ചു കൊടുക്കണം, കേട്ടോ.”
തന്റെ പറമ്പില്‍ കപ്പ (മരച്ചീനി) നട്ടു കഴിയുമ്പോള്‍ മക്കളോടു പറയും, ‘മക്കളെ, ദാമോദരന്റെ പറമ്പിലും കപ്പയിട്ടു കൊടുക്ക്.’
തന്റെ മക്കളുടെ സ്‌കൂളിലെയും കോളജിലെയും ഫീസ് കൊടുക്കേണ്ട സമയമാകുമ്പോള്‍, അവരുടെ കൈയ്യില്‍ പണം കൊടുത്തിട്ടു പറയും.
‘ആ ദാമോദരന്റെ മക്കളുടെ ഫീസുകൂടി അടച്ചേക്ക്!’
ഒരു ദിവസം ദാമോദരന്‍ നായരുടെ ഭാര്യ ചാക്കോയോട് ചോദിച്ചു. ”ചാക്കോ മാപ്പിള എന്തിനാ ഇങ്ങനെ ഞങ്ങളെ സഹായിക്കുന്നത്? ഒന്നും തിരിച്ചു തരാന്‍ പറ്റുന്ന അവസ്ഥയിലല്ലല്ലോ ഞങ്ങള്‍.”
ചാക്കോ മാപ്പിള മറുപടി പറഞ്ഞു. കണ്ണു തുറപ്പിച്ച ഒന്നൊന്നര മറുപടി: ”എന്റെ കര്‍ത്താവു പറഞ്ഞിട്ടാ ഞാനിതൊക്കെ ചെയ്യുന്നത്, എനിക്കുള്ള പ്രതിഫലം എന്റെ കര്‍ത്താവു തരും.”
ആ സ്ത്രീ ബിഷപ്പിനോടു പറഞ്ഞു, ”ഞങ്ങള്‍ക്ക് ചാക്കോ മാപ്പിളയുടെ ആ ദൈവത്തെ വേണം, അതിനാണ് മാമോദീസാ മുങ്ങാന്‍ തയ്യാറായി വന്നിരിക്കുന്നത്.”
ഞാനും ഒരു ക്രിസ്ത്യാനിയാണല്ലോ! എന്റെ ജീവിതം കണ്ടിട്ട് എന്റെ ദൈവത്തെ വേണമെന്നോ, കൂടുതലറിയണമെന്നോ ആരെങ്കിലും പറയാന്‍ ഇടയായിട്ടുണ്ടോ? ഇടയുണ്ടോ? ഇല്ലെങ്കില്‍ പിന്നെന്തു ക്രിസ്തീയസാക്ഷ്യമാണ് ഞാനീ സമൂഹത്തിന് നല്‍കുന്നത്? സാക്ഷ്യ ജീവിതം കര്‍ത്താവേല്‍പിച്ച ദൗത്യമല്ലെ? പിന്നെന്തിന് ഞാന്‍ മടിക്കുന്നു?”
ഈ ക്രിസ്മസ്‌ക്കാലത്ത് നമ്മുടെ നിസ്വാര്‍ത്ഥമായ സത്പ്രവൃത്തികള്‍ കണ്ടിട്ട് നമ്മുടെ സ്വര്‍ഗീയ പിതാവിനെപ്പറ്റിയും അവിടുത്തെ പ്രിയപുത്രനായ ഈശോമിശിഹായെപ്പറ്റിയും എല്ലാം നവീകരിക്കുന്ന പരിശുദ്ധാത്മാവിനെപ്പറ്റിയും അടുത്തിടപഴകുന്നവരെങ്കിലും അന്വേഷിക്കാന്‍ കഴിയുമാറ് നവീകരിക്കാം നമ്മുടെ ജീവിതം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?