Follow Us On

02

December

2023

Saturday

സുവിശേഷത്തിനായി പുത്തനൊരു മേച്ചില്‍പ്പുറം

സുവിശേഷത്തിനായി പുത്തനൊരു മേച്ചില്‍പ്പുറം

മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും ദൈവത്തിന് വേണ്ടി ദാഹിക്കുന്ന വിജാതീയ ജനതകളുടെ വേദനയും നിസഹായാവസ്ഥകളും ഫ്രാന്‍സിസ് അച്ചന്‍ തിരിച്ചറിഞ്ഞു. ഏറെപ്പേരും മനസ് തകര്‍ന്ന് ജീവിക്കുന്നവര്‍. തുടര്‍ന്ന് അച്ചനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അതില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്ച അച്ചന്റെ ജീവിതത്തില്‍ മറ്റൊരു യൂടേണ്‍ ആയി. പിതാവിന്റെ അടുക്കല്‍ പോയി പറഞ്ഞു.‘”പിതാവേ അങ്ങ് അനുവദിക്കുകയാണെങ്കില്‍ ഒരു ക്രിസ്ത്യാനി പോലുമില്ലാത്ത ഏതെങ്കിലുമൊരു ദേശത്ത് സേവനം ചെയ്ത് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇടവകകളിലെ സേവനത്തെക്കാള്‍ ഫലപ്രദമായ രീതിയില്‍ എനിക്ക് അക്രൈസ്തവരുടെ ഇടയില്‍ സേവനം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. ഒരു പുരോഹിതന്‍ ക്രിസ്തുവിനെപ്പോലെ തന്നെ സര്‍വജനതകള്‍ക്കുംവേണ്ടി ശുശ്രൂഷ ചെയ്യാന്‍ കടപ്പെട്ടവനാണ്.”
നമുക്കറിയാം പിന്നാക്ക പ്രദേശങ്ങളിലെ അശരണരായ ജനങ്ങള്‍ക്ക് ആരുടെയും ആശ്രയമോ സഹായമോ കിട്ടാന്‍ മാര്‍ഗമില്ലാത്തവരാണ്. അവര്‍ക്കായി ജീവിതം മാറ്റിവയ്ക്കാന്‍ എന്റെ മനസ് കൊതിച്ചു. മാത്രമല്ല ഒരു മാസം മുമ്പ് നടത്തിയ എക്‌സിബിഷനിലും വന്നവരില്‍ 95 ശതമാനവും അക്രൈസ്തവരായിരുന്നു. ക്രിസ്തുവിനെപ്പറ്റി അറിയാനുള്ള അവരുടെ ആകാംക്ഷയും അറിയുമ്പോള്‍ അവരുടെ കണ്ണുകളിലെ തിളക്കവും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എത്ര ജിജ്ഞാസയോടും താല്‍പര്യത്തോടും കൂടിയാണ് അവരെല്ലാം ദൈവത്തെ അന്വേഷിക്കുന്നത്. ക്രിസ്തുവിനെ അറിയുന്ന നമ്മള്‍ അവര്‍ക്കറിയാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ വിമുഖത കാണിക്കുന്നു.’
എന്റെ ആശയങ്ങള്‍ ബിഷപ്പും അംഗീകരിച്ചു. ബിഷപ് പറഞ്ഞു, ”ഞാന്‍ എന്റെ വൈദികരോടും സെമിനാരിക്കാരോടും പലപ്പോഴും ആവശ്യപ്പെട്ട കാര്യമാണിത്. സുവിശേഷവല്‍ക്കരണരംഗത്ത് നൂതനമായ എന്തെങ്കിലും ആശയങ്ങള്‍ കൊണ്ടുവരാന്‍. പക്ഷേ ആരും എന്റെ നിര്‍ദേശം അത്ര സീരിയസ് ആയി എടുക്കുന്നില്ല.’അദ്ദേഹം തുടര്‍ന്ന് ചോദിച്ചു. ”അച്ചന്‍ എന്തു പദ്ധതിയുമായിട്ടാണ് മുമ്പോട്ട് പോകുന്നത്..?”’
വാസ്തവത്തില്‍ അതിനെക്കുറിച്ച് കൃത്യമായ ഒരു ഉത്തരം കൊടുക്കാന്‍ എനിക്കറിയാമായിരുന്നില്ല. പക്ഷേ പെട്ടെന്ന് മനസില്‍ ഇങ്ങനെ തോന്നി. എന്റെ അച്ചാച്ചന്‍ നല്ലൊരു കൃഷിക്കാരനായിരുന്നു. പിതാവ് സ്ഥലം വാങ്ങിത്തന്നാല്‍ ഞാനവിടെ നല്ല രീതിയില്‍ കൃഷിചെയ്യാം. ബി.എഡ് പഠിച്ചതുകൊണ്ട് ട്യൂഷന്‍ സെന്റര്‍ തുടങ്ങാം.’പിതാവ് അതിനുത്തരമൊന്നും പറഞ്ഞില്ല. ഞാന്‍ എന്റെ ഇടവകയായ ഭദ്രാവതിയിലേക്ക് തിരികെ പോയി. എന്റെ ഇടവകയിലെ ഒരു മനുഷ്യന്‍ എന്നോട് ചോദിച്ചു. ”ഫാദര്‍ ഹോമിയോപ്പതി പഠിച്ച് ഗ്രാമങ്ങളില്‍ പാവപ്പെട്ടവരുടെ ഇടയില്‍ സേവനം ചെയ്യ്തു കൂടേ?”
ഈ ചോദ്യം എന്റെ ചങ്കില്‍ തുളച്ച് കയറി.
ബിഷപ്പുമായി ആലോചിച്ചു. അങ്ങനെ ഞാന്‍ പ്രൈവറ്റായിട്ട് ഹോമിയോപ്പതി ചികില്‍സാ പഠനം പൂര്‍ത്തി. ചെകിച്ചിക്കര എന്ന കുഗ്രാമത്തില്‍ പോയി മുറി വാടക്കെടുത്ത് ഒരു ബോര്‍ഡും വച്ചു. ആളുകള്‍ വരാന്‍ തുടങ്ങി. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. അതിനിടയില്‍ അങ്കിളായ വൈദികന്‍ എന്നെക്കാണാന്‍ വന്നു. അദ്ദേഹം ചോദിച്ചു.
”ആളുകള്‍ പുറമെനിന്ന് എത്തിപ്പെടാന്‍ ബുദ്ധിമുട്ട് ഉള്ള ഇവിടെ ആര് വരാനാ? നീ അല്‍പ്പം കൂടി സൗകര്യമുള്ള സ്ഥലത്ത് ഡിസ്‌പെന്‍സറി ആരംഭിക്കൂ.”
കേട്ടപ്പോള്‍ സത്യമായി തോന്നി. ചില നേരങ്ങളില്‍ പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കാന്‍ നമുക്ക് ആരുടെയെങ്കിലും സപ്പോര്‍ട്ട് വേണം. എന്റെ വിഷമതകള്‍ ഞാന്‍ ബിഷപ്പിനെ ധരിപ്പിച്ചു. അദ്ദേഹം എനിക്ക് കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയില്‍ ഗണ്‍സി ഹാന്റ്‌പോസ്റ്റ് എന്നസ്ഥലത്ത് ടൗണിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലം വാങ്ങിത്തന്നു. താമസം, ചാപ്പല്‍, ഗസ്റ്റ് റൂം എന്നിങ്ങനെ വലിയോരു കെട്ടിടസമുച്ചയമാണ് ബിഷപ് പ്ലാന്‍ ചെയ്യുന്നതെന്ന് മനസിലായി.
അത് വേണ്ടായെന്ന് ഞാന്‍ പറഞ്ഞു. എന്റെ ആഗ്രഹമനുസരിച്ച് അത്യാവശ്യ സൗകര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച ഒരു കെട്ടിടം പണിത് തന്നു. ബാംഗളൂരുവില്‍നിന്ന് ഏകദേശം ആറ് മണിക്കൂര്‍ ബസില്‍ യാത്രവേണം ഗണ്‍സി ഹാന്റ് പോസ്റ്റിലെത്താന്‍. വീടകളും കടകളും വളരെക്കുറവ്. ടൗണ്‍ ഇത്രയും വളര്‍ന്നിട്ടില്ല. പ്രദേശം കള്ളന്‍ന്മാരുടെയും കൊള്ളക്കാരുടെയും വിഹാരഭൂമിയായിരുന്നു. പല രാത്രികളും ഉറക്കം നഷ്ടപ്പെടുത്തുന്ന അനുഭവങ്ങള്‍…ദൈവാനുഗ്രഹം കൊണ്ട് ഒരു അപകടവും സംഭവിച്ചില്ല.
എന്നാല്‍ ദൈവം ഇവിടെ അത്ഭുതകമരമായ ചില കാര്യങ്ങളാണ് ചെയ്തത്. ജീവിതത്തില്‍ സ്വപ്‌നം പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍. അത്ഭുതകരമായ കൃപയിലേക്ക് നടന്നുനീങ്ങിയ ആ വഴിക്കാഴ്ചകളെക്കുറിച്ച് അടുത്ത ലക്കം വായിക്കാം.

ജയിംസ് ഇടയോടി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?