Follow Us On

29

March

2024

Friday

മാംഗോ മാന്‍

മാംഗോ മാന്‍

മാവിന്‍ കൃഷിയിലൂടെ ഉയര്‍ന്ന വരുമാനം നേടാനാവുമെന്ന് തെളിയിച്ച കര്‍ഷകനാണ് ബോബന്‍ വെട്ടിക്കല്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്തുള്ള പൂഴിത്തോട് മേഖലയില്‍ കമുകിനും തെങ്ങിനും രോഗങ്ങള്‍ വര്‍ധിച്ചതോടെയാണ് ഒരേക്കര്‍ സ്ഥലത്ത് മാവിന്‍ കൃഷി ആരംഭിച്ചത്. 40 മാവില്‍ നിന്നായി വര്‍ഷത്തില്‍ ഇപ്പോള്‍ തന്നെ ഒന്നരലക്ഷത്തോളം രൂപ സമ്പാദിക്കുന്ന ബോബന്റെ മാമ്പഴത്തിന്റെ രുചിയും പ്രസിദ്ധമാണ്.
20 വര്‍ഷം പ്രായമുള്ള 40 മാവും എട്ട് വര്‍ഷം പ്രായമുള്ള 40 മാവുമാണ് ഒരേക്കറില്‍ കൃഷി ചെയ്യുന്നത്. 20 വര്‍ഷം പ്രായമുള്ളവ മൂവാണ്ടനും കണ്ണാപുരം ഇനത്തിലുള്ളവയുമാണ്. കണ്ണാപുരം ഇനത്തിലുള്ളവയാണ് ബാക്കിയുള്ള 40 മാവുകളും. ഈ ബാക്കി 40 മാവുകളില്‍ നിന്നുകൂടി മികച്ച വരുമാനം ലഭിച്ചു തുടങ്ങുന്നതോടെ ബോബന്‍ അക്ഷരാര്‍ത്ഥത്തില്‍ പൂഴിത്തോടിന്റെ മാംഗോ മാനായി മാറും.
മാവെട്ടത്തെ മാവ് കൃഷി
ജനുവരി മാസമാകുമ്പോഴേക്കും തന്നെ നൂറ് കിലോയോളം പച്ച മാങ്ങ വില്‍ക്കാന്‍ ലഭിക്കും. മാങ്ങയുടെ സീസണ്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പച്ചമാങ്ങയുടെ വില കുറയും. അതോടെ പച്ച മാങ്ങയുടെ വില്‍പ്പന നിറുത്തി മാമ്പഴം വില്‍ക്കുന്നതിലേക്ക് ശ്രദ്ധ തിരിക്കും. മാങ്ങ മൂത്ത് കഴിഞ്ഞാല്‍ പറിച്ചുവച്ചാണ് പഴുപ്പിക്കുന്നത്. ഈച്ചകളെ നശിപ്പിക്കുന്നതിനായി ഫെര്‍മോണ്‍ കെണി ഉപയോഗിക്കുന്നു. ചക്കിട്ടപാറയും കുറ്റ്യാടിയുമാണ് പ്രധാന വിപണന കേന്ദ്രങ്ങള്‍.
വീടിരിക്കുന്ന സ്ഥലത്ത് നിന്ന് കുറച്ച് മാറി മാവെട്ടം എന്ന സ്ഥലത്ത് 100 മാവിന്‍ തൈകളും 100 പ്ലാവിന്‍ തൈകളും വച്ചിട്ടുണ്ട്. ഹിറ്റാച്ചികൊണ്ട് മണ്ണിളക്കി കുഴികളെടുത്ത ശേഷം രണ്ടു കിലോ വേപ്പിന്‍ പിണ്ണാക്കും ഒരു കിലോ എല്ലുപോടിയും ചേര്‍ത്താണ് തൈകള്‍ നടുന്നത്. മാസം തോറും യൂറിയയും പൊട്ടാഷും നല്‍കുന്നതിനാല്‍ തൈകള്‍ക്ക് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണുള്ളതെന്ന് ബോബന്‍ സാക്ഷ്യപ്പെടുത്തുന്നു. മാവെട്ടം എന്ന സ്ഥലത്ത് ഈ കൃഷി ചെയ്തതിന് പിന്നില്‍ മറ്റൊരു ഉദ്ദേശ്യവും കൂടെ ബോബനുണ്ട്. കമുകിന്റെ മഞ്ഞളിപ്പും തെങ്ങിന്റെ മണ്ട ചീയലും നിമിത്തം ഈ പ്രദേശത്തുള്ള നിരവധിയാളുകള്‍ കൃഷി ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ നടത്തിയ ബദല്‍ കൃഷി വിജയിച്ചാല്‍ അവിടെനിന്ന് പോയവര്‍പോലും മടങ്ങി വന്ന് വീണ്ടും കൃഷി ആരംഭിക്കുമെന്ന സ്വപ്‌നവും ഈ കര്‍ഷകസ്‌നേഹി പങ്കുവയ്ക്കുന്നു.
വളര്‍ന്നു വലുതായി കഴിഞ്ഞാല്‍ ഒരു വര്‍ഷം ഇടവെട്ട് രാസവളവും ജൈവവളവും മാറിമാറിയാണ് ചെയ്യുന്നത്. രാസവളമാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണയും ചാണകം ഒരു തവണയുമാണ് നല്‍കുന്നത്. മികച്ച ഫലം ലഭിക്കുന്നതിനായി മാവുകള്‍ തമ്മില്‍ 40 അടിയെങ്കിലും അകലം ഉണ്ടാകണമെന്ന് ബോബന്‍ അനുഭവത്തില്‍ നിന്ന് പറയുന്നു.
സമ്മിശ്ര കൃഷിയിലേക്ക്
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോബന്റെ പുരയിടത്തോടു ചേര്‍ന്നുള്ള അഞ്ചേക്കര്‍ സ്ഥലത്തും റബറായിരുന്നു കൃഷി ചെയ്തിരുന്നത്. എന്നാല്‍ പൂഴിത്തോടിന്റെ കാലാവസ്ഥ റബറിന് അത്ര അനുയോജ്യമല്ലെന്ന് മനസിലാക്കിയാണ് ബോബന്‍ സമ്മിശ്ര കൃഷിയിലേക്ക് തിരിഞ്ഞത്.
ആ അഞ്ചേക്കര്‍ ഭൂമിയില്‍ ഇന്ന് ഇല്ലാത്ത കൃഷികള്‍ ഇല്ലെന്ന് തന്നെ പറയാം. മാവും കൊക്കോയും തെങ്ങും ഗ്രാമ്പുവും ജാതിയുമൊക്കെയാണ് പ്രധാന കൃഷികള്‍. കൂടെ കുറച്ച് റബറുണ്ടെങ്കിലും അത് തേനീച്ചയെ ഉദ്ദേശിച്ചാണ് ബോബന്‍ വച്ചിരിക്കുന്നത്. ഇവയോടൊപ്പം തന്നെ ബട്ടര്‍ഫ്രൂട്ടും ഓറഞ്ചും മുന്തിരിയും സബര്‍ജില്ലിയും സപ്പോര്‍ട്ടയും മുസാംബിയും മാതളനാരങ്ങയും റംബൂട്ടാനും മംഗോസ്റ്റിനും പോലുള്ള നാനാവിധ ഫലവര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഫലവൃക്ഷങ്ങള്‍ക്ക് മാത്രമായി ഒരു പറമ്പ് പിതാവ് ജോസഫ് മാറ്റിയിട്ടിരുന്നത് കണ്ട് വളര്‍ന്ന ബോബന്‍ ആ മാതൃക തന്റെ കൃഷിയിടത്തിലും പിന്തുടരുന്നു.
ഇതില്‍ ബട്ടര്‍ഫ്രൂട്ടിന് പൂഴിത്തോട് പോലയുള്ള മലമ്പ്രദേശങ്ങളില്‍ വലിയ സാധ്യതയാണുള്ളതെന്ന് ബോബന്‍ പറയുന്നു. ഒരു മരത്തില്‍ നിന്ന് ഒരു ടണ്‍ വരെ ഫലം ലഭിക്കുന്ന ബട്ടര്‍ഫ്രൂട്ടിന് വേനല്‍ കാലത്ത് കിലോയ്ക്ക് 200 രൂപ വരെ ലഭിക്കും. കൂടുതല്‍ ഉല്‍പ്പാദനം ഉളളപ്പോള്‍ പോലും കിലോയ്ക്ക് 60 രൂപ വിലയുള്ള ബട്ടര്‍ഫ്രൂട്ട് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാന്‍ ബോബന് പദ്ധതിയുണ്ട്.
മലമ്പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കാന്‍ പോകുന്ന കൃഷി കൊക്കോയാണെന്നാണ് ബോബന്റെ അഭിപ്രായം. രണ്ടര ഏക്കര്‍ സ്ഥലത്താണ് കൊക്കോ കൃഷി ചെയ്യുന്നത്. ഏകദേശം എഴുന്നോറോളം കൊക്കോയാണ് ഇവിടെ ഉള്ളത്. എലി, അണ്ണാന്‍, മരപ്പട്ടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ ഉപദ്രവത്തെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ഉറപ്പാക്കാന്‍ കഴിയും. കൊക്കോ പരിപ്പ് ഉണക്കിയാണ് വില്‍ക്കുന്നത്. കിലോയ്ക്ക് 160 രൂപയോളം ലഭിക്കുന്നു. കൊക്കോ വച്ചിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷമായി. മൂന്നാം വര്‍ഷം തുടങ്ങി കായ്ക്കാന്‍ തുടങ്ങി. പത്താം വര്‍ഷം ആകുമ്പോഴേക്കും ഒരു കൊക്കോയില്‍ നിന്ന് 200 കായോളം ലഭിക്കും. ഇപ്പോള്‍ തന്നെ ഒന്നരലക്ഷത്തോളം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ട്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ പറിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര കൊക്കോ ലഭിക്കുമെന്ന് പറയുന്ന ബോബന്റെ വാക്കുകളില്‍ ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്നു.
മനസിനെ സ്പര്‍ശിച്ച ഉപദേശം
20 തേനീച്ച പെട്ടികളില്‍ നിന്നായി 300 കിലോയോളം തേന്‍ ലഭിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയോളം വരുമാനമാണ് ഈ ഇനത്തില്‍ ലഭിക്കുന്നത്. 10 കലങ്ങളില്‍ ചെറു തേനീച്ചയും കൃഷി ചെയ്യുന്നുണ്ട്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ തേന്‍ ശേഖരിച്ചാല്‍ ഒാരോ കലത്തില്‍ നിന്നും ഒരു കിലോയോളം തേന്‍ ലഭിക്കും. ഒരു കിലോ ചെറു തേനിന് രണ്ടായിരത്തിലധികം രൂപ വിലയുണ്ട്.
നേരെത്തെ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവുമായി (കെവികെ) സഹകരിച്ച് തേനീച്ച കൃഷിയെക്കുറിച്ച് ക്ലാസുകളെടുക്കാനായി പോയിരുന്നു. അങ്ങനെയാണ് കെവികെയിലെ ശാസ്ത്രജ്ഞരുമായി സൗഹൃദം ഉണ്ടായത്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ബോബന്‍ ഒരവധിക്കാലത്ത് നാട്ടില്‍ എത്തിയപ്പോള്‍ കെവികെയിലെ ശാസ്ത്രജ്ഞരെ കാണാനിടയായി. കൃഷിയോട് താല്‍പര്യമുള്ള ബോബനെപ്പോലുള്ളവര്‍ മരുഭൂമിയില്‍ കിടക്കാതെ നാട്ടില്‍ കൃഷി ചെയ്ത് ജീവിച്ച് മാതൃക കാണിക്കണമെന്ന സ്‌നേഹത്തോടെയുള്ള അവരുടെ ഉപദേശം ബോബന്റെ മനസിനെ സ്പര്‍ശിച്ചു. അങ്ങനെയാണ് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് വീണ്ടും നാട്ടിലെ മരുപ്പച്ചയിലേക്ക് ബോബന്‍ എത്തുന്നത്. കെവികെയിലെ ശാസ്ത്രജ്ഞരുടെ ഉപദേശം ബോബന്‍ ഗൗരവത്തോട എടുത്തതിന്റെ ഫലമാണ് ഇന്ന് പൂഴിത്തോട്ടിലുള്ള ബോബന്റെ കൃഷിയിടങ്ങള്‍.
തേക്കിന്‍തോട്ടം എന്ന നിക്ഷേപം
‘കുന്നിന്‍ചെരുവിലെ സ്ഥിരനിക്ഷേപം’ എന്നാണ് പൂഴിത്തോട് ആലമ്പാറയില്‍ മൂന്നേക്കറിലായി ബോബന്‍ നടത്തുന്ന തേക്കിന്‍ തോട്ടത്തെ ഒരു കര്‍ഷക മാസിക വിശേഷിപ്പിച്ചത്. വര്‍ഷം തോറും 30 ക്വിന്റലോളം കപ്പലണ്ടി കിട്ടിയിരുന്ന കശുമാവ് വെട്ടിക്കളഞ്ഞ ശേഷമാണ് അദ്ദേഹം ഇവിടെ 1800-റോളം തേക്ക് വച്ചത്. 30 ക്വിന്റല്‍ കശുവണ്ടി ലഭിച്ചിരുന്ന ഈ കശുമാവിന്‍തോട്ടം വെട്ടിക്കളഞ്ഞതിന് പിന്നിലെ ഒരു പ്രധാന കാരണം കശുവണ്ടിയുടെ വലിപ്പക്കുറവും അതിനെക്കുറിച്ചുള്ള വ്യാപാരികളുടെ പരാതിയുമായിരുന്നെന്ന് ബോബന്‍ പറഞ്ഞു.
ഏതായാലും കശുമാവ് മുറിച്ച് തേക്ക് വയ്ക്കാനുള്ള തീരുമാനം തെറ്റിയില്ലെന്ന് തേക്കിന്റെ വളര്‍ച്ച സാക്ഷ്യപ്പെടുത്തുന്നു. നിലമ്പൂരില്‍നിന്ന് സ്റ്റമ്പ് കൊണ്ടുവന്ന് 2012-ലാണ് ബോബന്‍ തേക്ക് കൃഷിക്ക് തുടക്കംകുറിക്കുന്നത്. 30 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ തേക്ക് വെട്ടിത്തുടങ്ങാമെന്നാണ് കണക്ക്.
നല്ല തേക്കിന് ഒരു ലക്ഷം രൂപ വരെ കിട്ടിയ അനുഭവമുള്ള ബോബന് കുന്നിന്‍ചെരുവിലെ ഈ സ്ഥിരനിക്ഷേപം മറ്റേത് ബാങ്ക് നിക്ഷേപത്തെക്കാളും തന്റെ മക്കള്‍ക്ക് ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിന് പ്രോത്സാഹനമായി പ്രകൃതിമിത്ര അവാര്‍ഡ് നല്‍കി വനംവകുപ്പ് ബോബനെ ആദരിച്ചു.
താളിപ്പാറയില്‍ കൃഷി ചെയ്യുന്ന 80 ജാതിയില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ ജാതി നനയ്ക്കുകയും ചെയ്യും. കൂടാതെ ഇവിടെ കാപ്പിയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ ആയിരം പാളയംകോടന്‍, പൂവന്‍, ചാരപ്പൂവന്‍ തുടങ്ങിയ വാഴകളും കൃഷി ചെയ്യുന്നുണ്ട്. പുതിയ കൃഷി ചെയ്യുന്നതിന് മുമ്പ് വാഴ കൃഷി ചെയ്ത് പുതിയ കൃഷിക്ക് ആവശ്യമായ ചിലവിനുള്ള തുക സ്വരൂപിക്കുക എന്നതാണ് ബോബന്റെ ശൈലി. വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും കൃഷി ചെയ്യുന്നു.
പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം നല്‍കുന്ന മികച്ച തേനീച്ച കര്‍ഷകനുള്ള അവാര്‍ഡ്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ്, കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ ആത്മയുടെ സമ്മിശ്ര കര്‍ഷകനുള്ള പ്രോത്സാഹനം തുടങ്ങിയ അംഗീകാരങ്ങളും മറ്റ് നിരവധി പ്രാദേശിക അംഗീകാരങ്ങളും ബോബന് ലഭിച്ചിട്ടുണ്ട്.
കഠിനാധ്വാനം എന്ന രഹസ്യം
കാര്‍ഷികവിളകളുടെ വിലയിടിവും കമുകുപോലുള്ള കൃഷികള്‍ക്കുണ്ടായ രോഗങ്ങളും വന്യമൃഗങ്ങളുടെ ശല്യവും നിമിത്തം പൂഴിത്തോട് പ്രദേശത്തുള്ള പലരും ഇന്ന് മറ്റ് പ്രദേശങ്ങളിലേക്ക് മാറിയിരിക്കുന്നു. മലമുകളിലുള്ള പലരും മെച്ചപ്പെട്ട സാധ്യത തേടി താഴ്‌വാരങ്ങളിലേക്കും പട്ടണങ്ങളിലേക്കും പോയപ്പോള്‍ സ്വന്തമായുള്ള പത്തേക്കറോളം സ്ഥലത്തിന് പുറമെ സുഹൃത്തിന്റെ രണ്ടര ഏക്കറോളം സ്ഥലത്ത് കൂടി കൃഷി നടത്തുകയാണ് ബോബന്‍ ചെയ്യുന്നത്. കൃഷി ചെയ്യുക മാത്രമല്ല കൃഷിക്കാര്‍ക്കൊപ്പം ഏതാവശ്യത്തിനും കൂടെയുണ്ടാവുമെന്ന് ആവര്‍ത്തിക്കുന്ന ബോബന്‍ പൂഴിത്തോടിന് മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പ്രചോദനമാണ്. ഗള്‍ഫിലെ ഉയര്‍ന്ന വരുമാനമുള്ള ജോലി ഉപേക്ഷിച്ച് കൃഷി നടത്തി അതില്‍ വിജയം കൊയ്യുന്നതിന് പിന്നില്‍ ഒരേ ഒരു രഹസ്യമേയുള്ളൂ. കഠിനാധ്വാനം എന്ന രഹസ്യം.
പല കൃഷികളും പരാജയപ്പെടുന്നതിന്റെ കാരണം ഉല്‍പ്പാദനച്ചെലവും ഉല്‍പ്പന്നത്തിന്റെ വിലയും തമ്മിലുള്ള അന്തരമാണ്. കര്‍ഷകര്‍ക്ക് ഉല്‍പ്പാദനച്ചിലവിന്റെ ഏറിയ പങ്കും പണിക്കൂലിയായാണ് ചെലവാകുന്നതെങ്കില്‍ ബോബന് ആ ഇനത്തില്‍ യാതൊരു ചിലവുമില്ല. കാരണം ബോബന്‍ കൃഷി ചെയ്യുന്ന 12 ഏക്കറിലെ സകല പണികളും ബോബനും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ചെയ്യുന്നത്. ഭാര്യ ജിഷയും മക്കളായ സ്‌നേഹയും സാന്ദ്രയും തോംസണും ബോബനോട് ഒപ്പം തന്നെ അധ്വാനിക്കുന്നു. കൂടാതെ അമ്മ ത്രേസ്യാമ്മയും സഹോദരനും ബോബന്റെ കൂടെയുണ്ട്. കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള കുറുക്കുവഴിയെന്ന് ബോബന്റെ വിജയം തെളിയിക്കുന്നു.
പശു കറവയോടെയാണ് ദിവസം ആരംഭിക്കുന്നത്. സൊസൈറ്റിയില്‍ പാല് കൊടുത്തതിന് ശേഷം പിന്നെ കൃഷിയിടത്തിലേക്ക് ഇറങ്ങുകയായി. രണ്ട് പടുതാക്കുളങ്ങളിലായി വളര്‍ത്തുന്ന മീനിനും കോഴിക്കും പശുവിനും തീറ്റ കൊടുക്കാനും കാപ്പിയും കൊക്കോയും ജാതിക്കയുമൊക്കെ ഉണക്കാനും ഇതിനിടയില്‍ സമയം കണ്ടെത്തുന്നു. വളം ചെയ്യുന്നതിനും കൊക്കോ പറിക്കുന്നതിനും ജാതിക്ക പെറുക്കുന്നതിനും എന്നു വേണ്ട, കാടു വെട്ടുന്നതിനോ പശുവിന് പുല്ലു ചെത്തുന്നതിനോ ഒന്നിനും ഇവര്‍ മറ്റാരെയും ആശ്രയിക്കാറില്ല.
ഒറ്റയ്ക്ക് വളമിടുന്നതിനാല്‍ ചിലപ്പോള്‍ മുഴുവന്‍ കൊക്കോയ്ക്കും ചാണകമിട്ടുതീരാന്‍ നാല് മാസം വരെ എടുക്കും. എങ്കിലും നാല് വ്യത്യസ്ത സ്ഥലത്തായി കിടക്കുന്ന ഓരോ കൃഷിയിലും ബോബന്റെ കണ്ണെത്തും. ഏതെങ്കിലും മരത്തിനോ ചെടിക്കോ കേടോ മൃഗങ്ങളുടെ ഉപദ്രവമോ ഉണ്ടായാല്‍ അത് ബോബനറിയും. ചെടിയെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കാരണം ശരീരം മാത്രമല്ല ഈ കര്‍ഷകന്റെ ഹൃദയവും കൃഷിയോടൊപ്പമുണ്ട്. ഫോണ്‍: 9562406291

 രഞ്ജിത് ലോറന്‍സ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?