Follow Us On

22

October

2020

Thursday

സന്യാസം സാംസ്‌കാരിക നായകരുടെ കണ്ണുകളിലൂടെ

സന്യാസം സാംസ്‌കാരിക നായകരുടെ  കണ്ണുകളിലൂടെ

ക്രിസ്തീയ സന്യാസത്തെക്കുറിച്ച് സാംസ്‌കാരിക ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന പ്രഫ. എം.കെ സാനു, ഡോ. സി. രാധാകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, പ്രഫ. തോമസ് മാത്യു എന്നിവര്‍ ബോധ്യങ്ങള്‍ പങ്കുവയ്ക്കുന്നു.

എന്താണ് സന്യാസം, എന്താണ് അതിന്റെ കാലിക പ്രസക്തി എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് തങ്ങളുടെ ജീവിതവും കാഴ്ചകളുമായി ബന്ധപ്പെട്ട ഉത്തരങ്ങളാണ് സാംസ്‌കാരിക നായകര്‍ക്ക് പങ്കുവയ്ക്കാനുള്ളത്. അവരുടെ ഉത്തരങ്ങള്‍ ഹൃദയംകൊണ്ടു ശ്രവിക്കേണ്ടവയാണ്. സമാനതകളില്ലാത്ത വിസ്മയ കൂട്ടായ്മകളാണ് സന്യാസമെന്ന് സാംസ്‌കാരിക കേരളത്തിന്റെ പ്രതിനിധികളായി നിന്നുകൊണ്ട് അവര്‍ പ്രഖ്യാപിക്കുന്നു.
നന്മരങ്ങളുടെ നേര്‍ക്കാഴ്ചകള്‍
വ്യക്തിഗതമായ അനുഭവങ്ങളുടെ പിന്‍ബലത്തിലാണ് പെരുമ്പടവം ശ്രീധരന്‍ സന്യാസത്തെക്കുറിച്ചും സന്യാസിനിമാരെക്കുറിച്ചും സംസാരിച്ചുതുടങ്ങിയത്. ”വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും ശിഷ്യനായി ജീവിച്ച ഒരു നല്ല കാലം എനിക്കുണ്ടായിരുന്നു. ഇത്രയും സ്‌നേഹവും വാത്സല്യവും! ഏറ്റവും പാവപ്പെട്ടവരോട് ഏറ്റവും സ്‌നേഹം. കരുതല്‍ എന്ന വാക്കിന്റെ അര്‍ഥം എനിക്ക് അപ്പോഴാണ് മനസിലായത്. എനിക്കവരോട് ബഹുമാനത്തോടും ആദരവോടും കൂടിയേ സംസാരിക്കാന്‍ സാധിക്കുകയുള്ളു.”
കൊടുത്തും പങ്കുവച്ചും കൊടുക്കാന്‍വേണ്ടി സ്വീകരിച്ചും പോരുന്ന ബദല്‍ ജീവിതത്തിന്റെ നന്മയും അനന്യതയും വിവാദങ്ങളുടെ കൊട്ടിലും കുരവയിലും തമസ്‌കരിക്കപ്പെടുവാന്‍ പാടുള്ളതല്ല എന്ന് പ്രഫ. എം.കെ സാനു ഓര്‍മിപ്പിക്കുന്നു. അദ്ദേഹം പങ്കുവയ്ക്കുന്നതും കണ്മുന്നില്‍ തൊട്ടറിഞ്ഞ ചില നന്മമരങ്ങളുടെ നേര്‍ക്കാഴ്ചകളില്‍നിന്നാണ്.
”ഇപ്പോഴത്തെ വിവാദങ്ങളില്‍ തമസ്‌കരിക്കപ്പെടുന്ന ഒരു വശമാണ് സന്യാസത്തിന്റെ നന്മകള്‍. എച്ച്.ഐ.വി ബാധിച്ച കുട്ടികള്‍. അവര്‍ക്കൊരു സംഘടനയുണ്ട്. അതിലെ ഒരു കന്യാസ്ത്രീ അവിടെ ഒരു കുട്ടി തനിച്ചായി എന്നറിഞ്ഞു. ചെന്നപ്പോള്‍ ആ കുട്ടിയുടെ പിതാവും മാതാവും സഹോദരനും ആത്മഹത്യ ചെയ്തിരുന്നു. ഇവന്‍മാത്രം അവിടെ ഇരിക്കുകയാണ്. അവനെ എടുത്തുകൊണ്ടു പോകുകയാണ് സിസ്റ്റര്‍ ചെയ്തത്. എനിക്കിതുപോലെ അനേകം സിസ്റ്റേഴ്‌സിനെ അറിയാം. അവരെല്ലാവരും ത്യാഗമനുഷ്ഠിക്കുന്നവരും ഒരുപാട് സ്‌നേഹുള്ളവരുമാണ്. എനിക്കുതന്നെയും ബുദ്ധിമുട്ട് വന്നപ്പോള്‍ രണ്ട് കന്യാസ്ത്രീമാരാണ് എന്റെ കൂടെ വന്നത്. ഞാന്‍ രാത്രിയില്‍ കിടന്ന് കരഞ്ഞപ്പോള്‍, മാഷെ ശുശ്രുഷിക്കാന്‍ ദൈവം എന്നെ അയച്ചതാണ്. എനിക്കെന്റെ പിതാവിനെ ശുശ്രുഷിക്കുന്നതുപോലെയാണ് തോന്നുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്.”
സന്യാസിനിമാരുടെ ശുശ്രൂഷകളില്‍ തിരിച്ച റിയേണ്ടത് സന്യാസം എന്ന ജീവിതചര്യ, ഭൗതിക കാഴ്ചപ്പാടുകള്‍ക്ക് എത്രമാത്രം വിപരീതമാണ് എന്നുള്ളതാണെന്ന് പ്രഫ. തോമസ് മാത്യു നിരീക്ഷിക്കുന്നു. സന്യാസം എന്നുള്ളത് ഒരു പ്രതിബോധമാണെന്ന് അദ്ദേഹം പറയുന്നു. ”നമ്മുടെ ആതുര ശുശ്രുഷാസ്ഥാപനങ്ങളെല്ലാം നിലനില്‍ക്കുന്നത് സന്യാസിനിമാരുടെ ശുശ്രുഷ കൊണ്ടാണ്. ആ അളവില്‍ അവര്‍ക്കു സ്‌നേഹിക്കാന്‍ കഴിയുന്നു. യാതൊരു പ്രതിഫലവും അവര്‍ ആഗ്രഹിക്കുന്നില്ല. മോക്ഷംപോലും അവരുടെ ലക്ഷ്യമല്ല. സന്യാസജീവിതം യഥാര്‍ത്ഥത്തില്‍ ഒരു പ്രതിബോധം ആണ്. അവരാണ് മനുഷ്യ ജീവിതത്തിലെ മൂല്യങ്ങളുടെ വക്താക്കള്‍. സമീപകാലത്ത് സന്യസ്തരെക്കുറിച്ചു ചര്‍ച്ചകളുണ്ടാകുകയും വിപരീത അര്‍ത്ഥങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. ചില ആളുകള്‍ സന്യാസവൃത്തിയെത്തന്നെ ഭൗതിക ആവശ്യങ്ങള്‍ക്കുവേണ്ടി മറയായി ഉപയോഗിക്കുമ്പോഴും യഥാര്‍ത്ഥ സന്യാസിമാര്‍ ഇല്ലാതാകുന്നില്ല. സന്യസ്ത ജീവിതം എന്നാല്‍ എത്രമാത്രം തങ്ങളെ ലോകത്തിന് നല്‍കാന്‍ കഴിയും എന്ന് ചിന്തിക്കുന്നതാണ്.”
സ്വയം നിയന്ത്രണം എന്ന സന്യാസതത്വം ലോകത്തിന്റെ നിലനില്പിനുതന്നെ അനിവാര്യമാണെന്ന് ഡോ. സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. ”സന്യാസം എന്നൊരാശയമില്ലാതെ ഒരു മനുഷ്യനും ഈ ഭൂമിയില്‍ സമാധാനമായി ജീവിക്കാനാവില്ല. സന്യാസം എന്ന വാക്കിന് സ്വയം നിയന്ത്രണം എന്നാണര്‍ത്ഥം. സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാള്‍ ആരാലും നിയന്ത്രിക്കപ്പെടാന്‍ കഴിയാത്ത ആളായിത്തീരും. അയാള്‍ക്ക് ആരെയും നിയന്ത്രി ക്കാനും കഴിയില്ല.”
ഡോ. സി. രാധാകൃഷ്ണന്റെ വാക്കുകളില്‍, ”നമ്മളിപ്പോള്‍ പ്രത്യേകിച്ചും ക്രിസ്തീയസഭകളിലെ സന്യാസത്തിനെതിരായിട്ടുള്ള ചില പ്രസ്താവനകളാണ് കാണുന്നത്. ഏതെങ്കിലും കുറച്ചാളുകള്‍ സന്യാസം എന്ന ആശയത്തെ ദുരുപയോഗം ചെയ്യുന്നു എങ്കില്‍ അതിനെ സാമാന്യവല്‍ക്കരിക്കുന്നത് ബുദ്ധിയാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരാള്‍ ചെയ്ത കാര്യത്തെ മുന്‍നിര്‍ത്തി ഇവരെല്ലാരും ഇങ്ങനെ ചെയ്തു എന്ന പേരില്‍ മാധ്യമവിചാരണ ചെയ്യുന്നതും അപഹാസ്യങ്ങള്‍ ചൊരിയുന്നതും സമൂഹത്തിന് ആത്മഹത്യാപരമായ കാര്യമാണ്. സാമാന്യവല്‍ക്കരണത്തില്‍ നിന്നും വിട്ടുനിന്ന് ത്യാഗമതികളായ മനുഷ്യരുടെ സേവനത്തെ ബഹുമതിക്കുകയാണ് വേണ്ടത് എന്നെനിക്ക് തോന്നുന്നു.”
അപവാദകേന്ദ്രീകൃതമായ മാധ്യമവിചാരണകളെ പ്രഫ. തോമസ് മാത്യു വിമര്‍ശിക്കുന്നു. ”എത്രയോ ലക്ഷം നല്ല സന്യസ്തരുണ്ട്. പക്ഷേ മാധ്യമങ്ങളും പൊതുരംഗത്തെ ചര്‍ച്ചകളും ഒക്കെ കേന്ദ്രീകരിക്കുന്നത് ഈ അപവാദങ്ങളെക്കുറിച്ചാണ്. അതുകൊണ്ടു സന്യാസത്തിന് വിലയില്ലാതാകുന്നില്ല. ഈ ലോകം നേടാനുള്ളതല്ല, കൊടുക്കാനുള്ളതാണ് എന്ന വലിയ ഒരു ദര്‍ശനം അതിന്റെ പിന്നിലുണ്ട്. ബഹുഭൂരിപക്ഷവും സന്യാസത്തിന്റെ അര്‍ത്ഥമറിയുന്നവരും സന്യാസം തങ്ങളുടെ തെരഞ്ഞെടുപ്പാണെന്നു വിശ്വസിക്കുന്നവരും ആ തെരഞ്ഞെടുപ്പിന്റെ അങ്ങേയറ്റത്ത് എത്തുക എന്നത് ജീവിതത്തിന്റെ സാഫല്യമായി കരുതുന്നവരുമാണ്. തെറ്റിപ്പോകുന്നവരെ വച്ചുകൊണ്ട് ഒരു പ്രസ്ഥാനത്തെ മുഴുവന്‍ വിലയിരുത്തുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.”
സന്യാസത്തിലെ സ്വാതന്ത്ര്യം
ഏതൊരു സമൂഹങ്ങളിലും സംവിധാനങ്ങളിലും എന്നതുപോലെ സന്യാസത്തിലും സന്യാസ സമൂഹങ്ങളിലും ചില നിയമങ്ങളും നിബന്ധനകളും ഉണ്ട്. ഭൗമിക സംവിധാനം എന്നതിനേക്കാള്‍, സന്യാസ കൂട്ടായ്മകളില്‍ ഇത്തരം ചില നിയന്ത്രണങ്ങള്‍ പ്രകടമാണ്. അതിന്റെ ആവശ്യകത എന്താണെന്നും, സ്വാതന്ത്ര്യം എന്ന പദത്തിന്റെ ഈ പശ്ചാത്തലത്തിലെ അര്‍ത്ഥം എന്താണെന്നും ഇവരുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. ഇക്കാലത്ത് സജീവമായ ചില ചര്‍ച്ചകള്‍ അതില്‍ത്തന്നെ എത്രമാത്രം അര്‍ത്ഥശൂന്യമാണ് എന്ന് ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നു. സന്യാസത്തെ സിവില്‍ മരണം എന്നാണ് സാനുമാഷ് വിശേഷിപ്പിക്കുന്നത്: ”സന്യാസത്തെക്കുറിച്ചു ഞാന്‍ മനസിലാക്കുന്നത് ലൗകിക ജീവിതത്തിന്റെ അവസാനവും ആത്മീയ ജീവിതത്തിന്റെ ആരംഭവും എന്നാണ്. സന്യാസം ഒരു civil death ആണ്.”
സ്വാതന്ത്ര്യത്തിന്റെ ആദര്‍ശതലമാണ് തോമസ് മാത്യു സന്യാസത്തില്‍ കാണുന്നത്: ”സന്യാസം സ്വാതന്ത്ര്യമില്ലാതാകലല്ല, സ്വാതന്ത്ര്യത്തിന്റെ മറ്റൊരു തലം അനുഭവിക്കലാണ്. സ്വാതന്ത്ര്യത്തിന് ഉപരിപ്ലവമായ ഒരു തലം ഉണ്ട്. അതുപോലെ ഗഹനമായ ഒരു തലവും ഉണ്ട്. ഈ ഗഹനമായ തലത്തിലേക്കുള്ള യാത്രയാണ് സന്യാസത്തില്‍ സംഭവിക്കുന്നത്. സന്യാസം വ്യക്തി സ്വാതന്ത്ര്യത്തിന്റെതല്ല, ചില വ്യക്തിസുഖങ്ങളുടെ നിഷേധമായിരിക്കാം.”
സന്യാസികളുടെ സ്വാതന്ത്ര്യത്തിന്റെ നിഷേധത്തിലാണ് ചില സമകാലീന സന്യാസവിമര്‍ശനങ്ങള്‍ എത്തിനില്‍ക്കുന്നതെന്ന് സി. രാധാകൃഷ്ണന്‍: ”പ്രായപുര്‍ത്തിയ ഒരാള്‍ തന്റെ ഇഷ്ടമനുസരിച്ചു ബോധപൂര്‍വം ഒരു പ്രത്യേക ജീവിത രീതി, സന്യാസ രീതി തെരഞ്ഞെടുക്കുമ്പോഴും ഇതെന്റേതല്ല എന്നും തീരുമാനിക്കുമ്പോള്‍ അതിനെ നിഷേധിക്കുന്നതോ അരുതേ എന്നോ പറയുന്നതാണ് സ്വാതന്ത്ര്യത്തിന്റെ നിഷേധം. എന്റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കുക എന്നാല്‍ എന്റെ ഇഷ്ടം എന്താണ് എന്നതും പ്രധാനമായ കാര്യമാണ്. ഒരു ശങ്കരാചാര്യരോ സന്യാസിയോ ആയി ജീവിക്കാനാണ് എന്റെ തീരുമാനമെങ്കില്‍ അത് എന്റെ സ്വാതന്ത്ര്യമാണ്. ഞാനത് എനിക്കും പ്രകൃതിക്കും ദൈവത്തിനും ഇടക്ക് ഉണ്ടാക്കിവക്കുന്ന ഒരു കരാറാണ്. അത് ചെയ്യാനുള്ള എന്റെ അവകാശം നിഷേധിക്കുന്നതായിരിക്കും സ്വാതന്ത്ര്യത്തിന്റെ നിഷേധം.”
പെരുമ്പടവത്തിന് ക്രിസ്തു നല്‍കുന്ന സ്വാതന്ത്ര്യമാണ് സന്യാസം: ”അടിമയാവുക എന്നല്ല. ക്രിസ്തു ചെയ്തത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. ആ അവകാശം സഭയുടെ നിയമങ്ങള്‍ക്ക് വിധേയമായി സന്യാസിമാര്‍ക്കും ഉണ്ട് എന്നാണ് എന്റെ വിശ്വാസം.”
ആന്തരിക നവീകരണം
തിരുത്തലുകളും നവീകരണവും ഇവിടെ ആവശ്യമാണ് എന്ന കാര്യത്തില്‍ ആര്‍ക്കുംതന്നെ എതിരഭിപ്രായങ്ങളില്ല. സന്യാസത്തില്‍ കാലികമായ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നതോടൊപ്പം തന്നെ, അതിന്റെ അടിസ്ഥാന ധാരയോട് ചേര്‍ന്നുനിന്നാവണം എല്ലാ മാറ്റങ്ങളും എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും നേതൃത്വങ്ങള്‍ക്കുണ്ട്. രണ്ടായിരം വര്‍ഷത്തെ ആത്മാവിന്റെ മുദ്രയുള്ള ചരിത്രം പേറുന്ന സഭയ്ക്ക് തിരുത്താനാവാത്ത തെറ്റുകളോ ഉള്‍ക്കൊള്ളാനാവാത്ത വിമര്‍ശനങ്ങളോ ഇല്ല. തെറ്റുകളെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന ശുശ്രുഷകളാല്‍ സുരഭിലമാണ് സഭാചരിത്രം.
സന്യാസത്തെ ചുറ്റിപ്പറ്റിയുള്ള സമകാലീന വിവാദങ്ങളിലൂടെ സംഭവിക്കുന്ന ഭാവാത്മക മാറ്റങ്ങളെ ആരും തടഞ്ഞുനിര്‍ത്തേണ്ടതില്ല. സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ അംഗീകാരവും പങ്കാളിത്തവും ആകാം എന്ന ഫ്രാന്‍സിസ് പാപ്പയുടെ നിഗമനങ്ങളോട് കൂട്ടിവായിക്കാവുന്നവയാണ് സാംസ്‌കാരികനായകരുടെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും.
സാനുമാഷിന്റെ അഭിപ്രായത്തില്‍: ”സഭയില്‍ വൈദികരില്‍നിന്നും കന്യാസ്ത്രീകളില്‍നിന്നും പ്രതീക്ഷിക്കുന്നത് സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടണം എന്നുള്ളതാണ്. നമുക്ക് ഒരു പക്ഷം പിടിക്കേണ്ടിവരും. അത് ഇല്ലാത്തവരുടെ പക്ഷമാണ്. ദുരിതമനുഭവിക്കുന്നവരുടെ പക്ഷമാണ്. ആ പക്ഷംപിടിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വൈദികര്‍ക്കുണ്ടാവണമെന്നും ഈ ഭൂമിയില്‍ ദേവതകളെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പരിത്യാഗത്താല്‍ സുരഭിലവും ത്യാഗംകൊണ്ട് ധന്യവുമായ ജീവിതമാണ് സന്യാസജീവിതത്തില്‍നിന്നും ലോകം പ്രതീക്ഷിക്കുന്നത്.”
പാവങ്ങളുടെ പക്ഷം ചേരുന്ന സഭയാണ് പെരുമ്പടവവും നിര്‍ദ്ദേശിക്കുന്നത്: ”ആധ്യാത്മികത ഒരിക്കലും അടിമത്തത്തെ നിര്‍ദേശിക്കുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തെ അത് കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ അനുവദിച്ചുകൊടുക്കുക എന്നതാണ് യഥാര്‍ത്ഥത്തിലുള്ള ആത്മീയത എന്നാണ് എനിക്ക് തോന്നുന്നത്. രോഗികളുടെയും പാപികളുടെയും പരദേശികളുടെയും കാര്യത്തില്‍ കാണിക്കുന്ന ഉല്‍ക്കണ്ഠ! എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ആത്മീയത ക്രിസ്തു കാണിച്ച ഈ ആത്മീയതയാണ്.”
തുറവിയെക്കുറിച്ചാണ് പ്രഫ. തോമസ് മാത്യുവിന് പറയാനുള്ളത്. ”സത്യസ്ഥിതി അറിയിക്കണം. തെറ്റുപറ്റിയാല്‍ തിരുത്തണം. സഭ അതിന്റെ ദര്‍ശനത്തില്‍നിന്നും പിന്‍വാങ്ങില്ല എന്നറിയിക്കണം.”
വിവാദങ്ങളുടെയും അപവാദങ്ങളുടയും ഇരുളിന് കീഴടക്കാനാവാത്ത സര്‍വ്വജനീന നന്മയാണ് സന്യാസം എന്ന് സാംസ്‌കാരിക നായകര്‍ പറഞ്ഞുതരുന്നു. വ്യക്തിപരമായ സിദ്ധിയും നന്മയും വ്യവസ്ഥാപിത ഘടനകളിലൂടെ പൂവണിയപ്പെടുന്നു. നന്മയുടെ ഈ പുഷ്പിക്കലില്‍ വ്യക്തിയും സമൂഹവും വിമലീകരിക്കപ്പെടുന്നു. പക്ഷംചേരലുകളിലൂടെ ഉദാത്തീകരിക്കപ്പെടേണ്ട മാനവികതയുടെ വിജയഗാഥയാവണം സന്യാസം. ആകാശവും ഭൂമിയും കടന്നുപോയശേഷം മാത്രം കടന്നുപോകാന്‍ പാടുള്ള നന്മയുടെ ഭാവഗീതം! സമകാലീന ക്രൈസ്തവ സന്യാസത്തില്‍ സാംസ്‌കാരിക നായകര്‍ കാണുന്ന കാഴ്ചകളും അവര്‍ കാണിച്ചുതരുന്ന വഴികളുമാണ് ഈ ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സന്യാസത്തെ എക്കാലവും ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ പെരുമ്പടവം ആഹ്വാനം ചെയ്യുന്നു: ”ആ ജീവിതത്തിന് ഒരിക്കലും വിഘാതമുണ്ടാക്കാന്‍ പാടില്ല. ആ വിശ്വാസത്തെ ഹനിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍പറ്റില്ല.” എല്ലാവരും സന്യസിക്കാനുള്ള ഹൃദ്യമായ നിര്‍ദേശമാണ് സി. രാധാകൃഷ്ണനുള്ളത്: ”നമുക്ക് മാനസികമായി വേണ്ടുവോളം സന്യസിക്കാം. ഭൗതികമായിത്തന്നെ സന്യസിച്ചുകൊണ്ട് മാനസികമായി സന്യാസത്തിന് ആമുഖവും കോട്ടയും പരിരക്ഷയും ഒരുക്കുന്നവരെ ആദരിക്കുകയും ചെയ്യാം.”

സന്യാസത്തില്‍ ചോദ്യം ചെയ്യലുകളാകാമോ?

ചോദ്യം ചെയ്യലുകള്‍ക്കും വാഗ്വാദങ്ങള്‍ക്കും മധ്യേ ശബ്ദകലുഷിതമായ പശ്ചാത്തലമാണ് ഇന്ന് മാധ്യമങ്ങള്‍ സന്യാസ സംബന്ധിയായ ചര്‍ച്ചകള്‍ക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. അവയുടെ സാംഗത്യമെന്ത് എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ക്രിസ്തുവും ചോദ്യങ്ങളും തിരുത്തലുകളുമായാണ് തന്റെ പരസ്യ ജീവിത കാലത്തുടനീളം പ്രത്യക്ഷപ്പെട്ടത്. ആ സമര്‍പ്പണ ലക്ഷ്യബോധങ്ങളുടെ വിശുദ്ധി ഈ കോലാഹലങ്ങള്‍ക്ക് ഉണ്ടോ എന്ന ആത്മപരിശോധന ആവശ്യമാണ്.
കൂട്ടായ്മ ഉപവിപ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്ന് സാനുമാഷ് അഭിപ്രായപ്പെടുന്നു. ”സന്യാസസഭകള്‍ക്ക് അവയുടെ ഒരു ശിക്ഷണം ഉണ്ടായേ തീരൂ. ഇല്ലെങ്കില്‍ സഭ നിലനില്‍ക്കുകയില്ല. ആ ശിക്ഷണത്തിന് അവര്‍ വിധേയരാകണം എന്ന പക്ഷക്കാരനാണ് ഞാന്‍. സഭയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സംഘടിതമായ പ്രവര്‍ത്തനമാണ് ആതുരശുശ്രുഷക്ക് ആവശ്യമായത് എന്നതുകൊണ്ട് അവിടെ സഭയുടെ നിയമങ്ങള്‍, തത്വങ്ങള്‍ പാലിക്കപ്പെടേണ്ടതാണ് എന്ന പക്ഷക്കാരനാണ് ഞാന്‍.” സാമൂഹിക വ്യവസ്ഥിതികള്‍ക്ക് അനിവാര്യമായ അച്ചടക്കത്തെ സി. രാധാകൃഷ്ണനും ഊന്നിപ്പറയുന്നു: ”പട്ടാളത്തിലായാലും പൗരോഹിത്യത്തിലായാലും ചിട്ടകള്‍ പാലിക്കപ്പെടേണ്ടത് അതിന്റെ നിലനില്പിനും ഉപയോഗത്തിനും അത്യാവശ്യമാണ്.”

വിനോദ് നെല്ലയ്ക്കല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?