Follow Us On

02

December

2020

Wednesday

ലാറ്റിനമേരിക്കയുടെ സ്വന്തം യു.എസ് മിഷനറി ബ്രദർ ‘ഫിക്‌സ് ഇറ്റ്’ ഇനി വാഴ്ത്തപ്പെട്ടവൻ

ലാറ്റിനമേരിക്കയുടെ സ്വന്തം യു.എസ് മിഷനറി ബ്രദർ ‘ഫിക്‌സ് ഇറ്റ്’ ഇനി വാഴ്ത്തപ്പെട്ടവൻ

സങ്കീർണമായ ഏത് കാര്യവും നിസാരമാംവിധം കൈകാര്യം ചെയ്യാനുള്ള പ്രത്യേക കഴിവിനാൽ ബ്രദർ ഫിക്‌സ് ഇറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രദർ ജെയിംസ് മിലറിനെ അടുത്തറിയാം.

ഗ്വാട്ടിമാല: ജന്മംകൊണ്ട് അമേരിക്കൻ ഐക്യനാട്ടുകാരനെങ്കിലും തങ്ങളിലൊരുവനായി ജീവിച്ച ബ്രദർ ജെയിംസ് മിലർ എന്ന ‘ബ്രദർ ഫിക്‌സ് ഇറ്റ്’ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട സന്തോഷത്തിലാണ് ലാറ്റിൻ അമേരിക്ക. ഗ്വാട്ടിമാലയിലെയും നിക്കാരഗ്വയിലെയും ദരിദ്രരായ കുട്ടികൾക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ബ്രദർ ജെയിംസ് മിലർ വിശുദ്ധാരാമത്തിലേക്ക് പ്രവേശിതനാകാനുള്ള പ്രാർത്ഥനകൾ ശക്തമാക്കിയിരിക്കുകയാണ് വിശ്വാസീസമൂഹം.

സങ്കീർണമായ ഏത് കാര്യവും നിസാരമാംവിധം കൈകാര്യം ചെയ്യാനുള്ള പ്രത്യേക കഴിവാണ് ലാസല്യൻ ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് സമൂഹത്തിലെ സന്യാസിയായിരുന്ന ബ്രദർ ജെയിംസ് മില്ലറിന് ‘ബ്രദർ ഫിക്‌സ് ഇറ്റ്’ എന്ന പേര് നേടിക്കൊടുത്തത്. സഹപ്രവർത്തകരും അദ്ദേഹം ജോലി ചെയ്തിരുന്ന സ്‌കൂളിലെ കുട്ടികളുമാണ് ഈ വിശേഷണം അദ്ദേഹത്തിന് നൽകിയത്.

1982 ഫെബ്രുവരി 13ന് അത്തരമൊരു ജോലിയിൽ വ്യാപൃതനായിരുന്നു അദ്ദേഹം. സ്‌കൂൾ കെട്ടിടത്തിന് പുറത്തുള്ള ഒരു വൈദ്യുതി പോസ്റ്റ് ശരിയാക്കുകയായിരുന്ന അദ്ദേഹത്തിന് നേരെ തെരുവിലൂടെ നടന്നുവന്ന ഒരാൾ വെടിയുതിർത്തു. ആദ്യം കഴുത്തിലേക്കും പിന്നീട് ചങ്കിലേക്കും തുടർന്ന് ശരീരത്തിന്റെ വലത് വശത്തേക്കും. യു.എസിൽ ജനിച്ച് ഗ്വാട്ടിമാലയിലെയും നിക്കാരഗ്വയിലെയും ദരിദ്രരായ കുട്ടികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മിഷനറി അവിടെ തൽക്ഷണം മരിച്ചു വീണു.

ഇക്കഴിഞ്ഞ ഡിസംബർ ഏഴിന്, ആ ധീരരക്തസാക്ഷി ജോലി ചെയ്തിരുന്ന ഗ്വാട്ടിമാലയിലെ സ്‌കൂൾ ഗ്രൗണ്ടിൽ ക്രമീകരിച്ച തിരുക്കർമമധ്യേയായിരുന്നു അദ്ദേഹത്തെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയർത്തിയത്. പാപ്പയുടെ പ്രതിനിധിയായി എത്തിയകർദിനാൾ ജോസ് ലൂയിസ് ലാകുൻസാ മാസ്‌ട്രോജന്റെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ.

പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസം നൽകുന്ന പ്രക്രിയയെ ഇടതുപക്ഷ, വലതുപക്ഷ ഏകാധിപതികൾ ഒന്നുപോലെ ഭയപ്പെട്ടിരുന്നു. അതാണ് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന ബ്രദർ മില്ലറിന്റെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചതെന്ന് കർദിനാൾ ജോസ് ലൂയിസ് ലാകുൻസ പറഞ്ഞു. ആഭ്യന്തര യുദ്ധകാലത്ത് രക്തം ചിന്തിയ നിഷ്‌കളങ്കരായ അനേകം രക്തസാക്ഷികളെ മറക്കാതിരിക്കാൻ ബ്രദർ മില്ലറിന്റെ വാഴ്ത്തപ്പെട്ട പദവി കാരണമാകുമെന്ന് മില്ലറിന്റെ നാമകരണ നടപടികളിൽ സഹായിച്ച ബ്രദർ ബെഞ്ചമിൻ നിവാസ് പ്രതികരിച്ചു.

1944ൽ യു.എസിലെ വിസ്‌കോൻസിനിലാണ് മില്ലറിന്റെ ജനനം. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന ലാസല്യൻ ക്രിസ്റ്റ്യൻ ബ്രദേഴ്‌സിന്റെ ശുശ്രൂഷയിൽ ആകൃഷ്ടനായ മില്ലർ 1962ൽ സന്യാസിയായി വ്രതവാഗ്ദാനം നടത്തി. മധ്യ അമേരിക്കയിൽ മിഷൻ പ്രവർത്തനം നടത്താൻ ആഗ്രഹിച്ചിരുന്ന മില്ലർ കൂടുതൽ കാലവും നിക്കാരഗ്വയിലെ സ്‌കൂളിൽ ദരിദ്രരായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്.

1979ൽ അവിടുത്തെ ഏകാധിപതിയുടെ നോട്ടപ്പുള്ളിയായതിനെ തുടർന്ന് യു.എസിലേക്ക് മടങ്ങി. 1981ലാണ് ഗ്വാട്ടിമാലയിലെ ഹുയിഹുയിതെനാൻഗോയിൽ മില്ലർ എത്തിയത്. ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയമായിരുന്നു അത്. സൈന്യത്തിന്റെ ഡെത്ത് സ്‌ക്വാഡുകൾ മായൻ ഗ്രാമങ്ങൾ ഉന്മൂലനം ചെയ്യുകയും യുവജനങ്ങളെ നിർബന്ധപൂർവം സൈന്യത്തിലേക്ക് ചേർക്കുകയും ചെയ്തിരുന്ന കാലഘട്ടം.

സ്‌കൂളിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനം ചെയ്തിരുന്ന മില്ലർ, അദ്ദേഹത്തിന്റെ ബോർഡിംഗിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികളെ സൈന്യത്തിലേക്ക് നിർബന്ധപൂർവം ചേർത്തതിനെ ചോദ്യം ചെയ്തു. അധികം താമസിയാതെ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന വാർത്ത പുറത്തുവന്നു. 1981ലെ ക്രിസ്മസിനോട് അനുബന്ധിച്ച് അദ്ദേഹം വീട്ടിലേക്കയച്ച കത്തിൽ തന്റെ ജീവൻ ദൈവ കരങ്ങളിൽ സമർപ്പിക്കുകയാണെന്നും ഗ്വാട്ടിമാലയിൽ തന്നെ തുടരാനാണ് ദൈവം തന്നെ പ്രചോദിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത വർഷമായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?