Follow Us On

05

December

2023

Tuesday

പ്രൊട്ടസ്റ്റൻറ് പാസ്റ്റർ ഫ്രാൻസിസ് ചാൻ: കുർബാന മധ്യേ അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറും

പ്രൊട്ടസ്റ്റൻറ് പാസ്റ്റർ ഫ്രാൻസിസ് ചാൻ: കുർബാന മധ്യേ അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറും

സച്ചിൻ എട്ടിയിൽ

കാലിഫോർണിയ: വിശുദ്ധ കുർബാന മധ്യേ അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറുമെന്ന കത്തോലിക്കാ സഭയുടെ പ്രബോധനം പൊതുവേദിയിൽ ഏറ്റുപറഞ്ഞ് അമേരിക്കയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ്പാസ്റ്ററായ ഫ്രാൻസിസ് ചാൻ. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന വീഡിയോയിലാണ് വിശുദ്ധ കുർബാനയിലെ യേശുവിന്റെ സജീവ സാന്നിദ്ധ്യത്തെക്കുറിച്ച് ഫ്രാൻസിസ് ചാൻ ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നത്.

ക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ചതിനു ശേഷം 1500 വർഷങ്ങൾ ലോകത്തിലുള്ള സകല ക്രൈസ്തവരും കുർബാനയിലെ അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറുമെന്ന് വിശ്വസിച്ചിരുന്നതായും, ഇതിനെപ്പറ്റി കഴിഞ്ഞ നാളുകളിലാണ് തനിക്ക് ബോധ്യം ലഭിച്ചതെന്നും ഫ്രാൻസിസ് ചാൻ പറയുന്നു.

അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പാണ് ഒരു വ്യക്തി ഇതിന് വിപരീതമായി പഠിപ്പിക്കാൻ ആരംഭിച്ചതെന്നും ഫ്രാൻസിസ് ചാൻ തന്റെ പ്രസംഗത്തിൽ വിശദീകരിക്കുന്നു.

പ്രസ്തുത നാളുകളിൽ തന്നെയാണ് ദേവാലയങ്ങളിൽ പ്രസംഗ പീഠങ്ങൾക്ക് പ്രാമുഖ്യം നൽകാൻ ആരംഭിച്ചതെന്നും, അതിന് മുൻപ് ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറുന്ന അപ്പത്തിനും, വീഞ്ഞിനുമാണ് ക്രിസ്ത്യാനികൾ പ്രാധാന്യം നൽകിയിരുന്നതെന്നും ഫ്രാൻസിസ് ചാൻ പറഞ്ഞു. പല കഷണങ്ങളായി ക്രിസ്തുവിന്റെ അനുയായികൾ ചിന്നിച്ചിതറി പോയിരിക്കുകയാണെന്നും, എന്നാൽ ക്രിസ്തുവിന് തന്റെ ജനം ഒന്നായി കാണാനാണ് ആഗ്രഹമെന്നും, അതിനാലാണ് തനിക്ക് ഈ സത്യം ലോകത്തോട് വിളിച്ചു പറയേണ്ടി വന്നതെന്നും അദ്ദേഹം ഉറച്ച സ്വരത്തിൽ പ്രഘോഷിച്ചു.

1500 വർഷങ്ങൾ ഒരൊറ്റ സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഫ്രാൻസിസ് ചാൻ ചൂണ്ടിക്കാട്ടി. പ്രാസംഗികനല്ല, മറിച്ച് വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ ശരീരത്തിനും, രക്തത്തിനും ദേവാലയങ്ങളിൽ പ്രാധാന്യം നൽകുന്ന നാളുകളിലേക്ക് തിരികെ മടങ്ങണമെന്നും, അത് തന്റെ സ്വപ്നമാണെന്നും, അതിനു വേണ്ടിയാണ് താൻ പ്രാർത്ഥിക്കുന്നതെന്നും ഇടറുന്ന ശബ്ദത്തോടെ ഫ്രാൻസിസ് ചാൻ  പറഞ്ഞു നിർത്തി.

വിശുദ്ധ കുർബാനയിലൂടെ നിരവധി അത്ഭുതങ്ങൾ കത്തോലിക്കാസഭയിൽ  സംഭവിക്കുന്നുണ്ടെന്ന് പെന്തക്കോസ്ത പാസ്റ്റർ ബെന്നി ഹിൻ കുറച്ചുനാളുകൾക്കു മുമ്പ് പ്രസംഗിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?