Follow Us On

31

March

2020

Tuesday

സാധ്യതകളല്ല ഭാവി നിര്‍ണ്ണയിക്കുന്നത്…

സാധ്യതകളല്ല ഭാവി നിര്‍ണ്ണയിക്കുന്നത്…

സാധ്യതകളിലേക്ക് നോക്കാനാണ് മനുഷ്യന് താല്പര്യം. അങ്ങനെ ചെയ്യാനാണ് ബുദ്ധി നമ്മെ ഉപദേശിക്കുന്നതും. പ്രവര്‍ത്തനങ്ങളെ പ്രായോഗികമായി വിലയിരുത്തുന്നതും വിശകലനം ചെയ്യുന്നതും തെറ്റല്ല. അത് ആവശ്യമാണ്. ഏതു പ്രവൃത്തി ചെയ്യുന്നതിനുമുമ്പും ഗൃഹപാഠം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍, സാധ്യതകളെ മാത്രം മുന്‍നിര്‍ത്തി ജീവിതത്തെ കാണാനും മറ്റുള്ളവരെ വിലയിരുത്താനും ശ്രമിക്കുമ്പോഴാണ് തെറ്റുപറ്റുന്നത്. സാധ്യതകളിലേക്ക് നോക്കുമ്പോള്‍ നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് എപ്പോഴും അതിര്‍വരമ്പുകളാകും.
മുമ്പിലുള്ള സാധ്യതകളെ വച്ച് ആരുടെയും ഭാവി നിര്‍ണയിക്കാനും പാടില്ല. കാരണം, ഒന്നും ദൈവത്തിന് അസാധ്യമല്ല. ജീവിക്കുന്ന ചുറ്റുപാടുകളിലേക്ക് നോക്കിയാല്‍ അതിന് നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. സാധ്യകളിലേക്ക് നോക്കി ജീവിക്കുന്നവര്‍ക്ക് വിശ്വാസത്തിന്റെ കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല. പഠനത്തിലും മറ്റു മേഖലകളിലും പിന്നില്‍ നില്ക്കുന്ന മക്കള്‍ ജീവിതത്തില്‍ വിജയിക്കില്ലെന്ന് ചിന്തിക്കാന്‍ പാടില്ല. ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അവര്‍ ഉയരാന്‍ പോകുന്നില്ലെന്നും വിധിയെഴുതരുത്. ജീവിതത്തില്‍ ആത്മീയ-ഭൗതീക മേഖലകളില്‍ ഉയര്‍ച്ചകള്‍ പ്രാപിച്ച പലരുടെയും ജീവിതം പരിശോധിച്ചാല്‍ അവര്‍ക്കു മുമ്പില്‍ യാതൊരു സാധ്യകളും ഇല്ലായിരുന്നെന്ന് വ്യക്തമാകും.
അനേകരുടെ നിരാശകള്‍ക്കും അസ്വസ്ഥകകള്‍ക്കും കാരണം അവരുടെ ദൃഷ്ടികള്‍ സാധ്യതകളില്‍ ഉടക്കിക്കിടക്കുന്നു എന്നതാണ്. മാനുഷികമായി വിലയിരുത്തിയാല്‍ ഇനി മുമ്പില്‍ സാധ്യതകള്‍ ഒന്നും അവശേഷിക്കുന്നുണ്ടാവില്ല. കൈവച്ച രംഗങ്ങളില്‍ ഉണ്ടായ അപ്രതീക്ഷിതമായ പരാജയങ്ങള്‍ ആയിരിക്കും അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഉദാഹരണത്തിന്, ബിസിനസില്‍ തകര്‍ച്ച നേരിട്ടൊരാള്‍ നിരാശ നിറഞ്ഞ മനസോടെ ചിന്തിച്ചാല്‍ ജീവിതം തീര്‍ന്നെന്ന് തോന്നും. ഇനി തനിക്ക് ഉയരാന്‍ യാതൊരു വഴികളും അവശേഷിക്കില്ലെന്ന് മനസ് മന്ത്രിച്ചെന്നു വരാം. യഥാര്‍ത്ഥത്തില്‍ ആ ചിന്തതന്നെ തെറ്റാണ്. ഏതൊരു മനുഷ്യന്റെ മുമ്പിലും ഒരുപാടു വഴികള്‍ തുറന്നുകിടപ്പുണ്ട്. അപ്പോഴും ആരോഗ്യമുള്ള മനസും ശരീരവും തനിക്ക് ഉണ്ടെന്ന കാര്യം പലരും പ്രധാനപ്പെട്ടതായി കാണുന്നില്ല. തന്റെ അറിവും അനുഭവപരിചയവും പുതിയ വഴികളായി മാറുമെന്ന് ചിന്തിക്കണം. ജീവിതത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ എല്ലാവര്‍ക്കും പൊതുവായി ഉള്ളത് പരാജയങ്ങളുടെ അനുഭവങ്ങളായിരിക്കും. തിരിച്ചടികളില്‍നിന്നും പുതിയ പാഠങ്ങള്‍ പഠിക്കാന്‍ കഴിയണം.
ലോകം പലവിധത്തിലുള്ള പ്രശ്‌നങ്ങളുടെ നടുവിലാണ്. അവ വിവിധ തരത്തില്‍ സമൂഹത്തെ ബാധിച്ചികഴിഞ്ഞിരിക്കുന്നു. കാര്‍ഷിക, ബിസിനസ് മേഖലകളില്‍ വലിയ തിരിച്ചടികള്‍ പലര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്. പ്രതിസന്ധികളുടെ നടുവില്‍ പ്രത്യാശ നഷ്ടപ്പെട്ട അവസ്ഥയിലാണ് അനേകര്‍. മാനുഷികമായി നോക്കിയാല്‍ അതിനെ തരണം ചെയ്യാന്‍ മുമ്പില്‍ വഴികളൊന്നും അവശേഷിക്കുന്നുണ്ടായിരിക്കില്ല. പ്രതിസന്ധികളുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അവ ഇനിയും ശക്തപ്പെടാന്‍ സാധ്യത ഉണ്ടെന്നും തോന്നാം. ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്‌നങ്ങള്‍ കൈമോശം വരാന്‍ അനുവദിക്കരുതെന്നതാണ്. മനസില്‍ നിരാശനിറഞ്ഞാല്‍ ദൈവം ഒരുക്കിവച്ചിരിക്കുന്ന സാധ്യതകള്‍ കാണാന്‍ കഴിയാതെപോകും. പ്രതിസന്ധികളെ വിശ്വാസത്തില്‍ അതിജീവിക്കാന്‍ കഴിയണം. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന ബോധ്യമായിരിക്കണം മനസിനെ നയിക്കേണ്ടത്. ഇതിലും എത്രവലിയ പ്രതിസന്ധികളെ വിശ്വാസത്തില്‍ നാം അതിജീവിച്ചിട്ടുണ്ടെന്ന് ഓര്‍ക്കണം. കടന്നുവന്ന വഴികള്‍ വിസ്മരിക്കുന്നതിനാലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ നമ്മെ തകര്‍ക്കുന്നതാണെന്ന് തോന്നുന്നത്. എല്ലാം പ്രശ്‌നങ്ങളും സ്വന്തം കഴിവുകൊണ്ട് മറികടക്കാന്‍ കഴിയുമെന്ന് ചിന്തിക്കരുത്. നമ്മുടെ ഉയര്‍ച്ചയും നേട്ടങ്ങളുമെല്ലാം ദൈവാനുഗ്രഹങ്ങളായിരുന്നെന്ന് തിരിച്ചറിയണം. ദൈവം അറിയാതെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ലെന്ന് മനസിനെ ബോധ്യപ്പെടുത്തണം. പ്രതിസന്ധികളെ സാധ്യതകള്‍ കൊണ്ടല്ല മറികടക്കേണ്ടത്. മറിച്ച്, വിശ്വാസംകൊണ്ടായിരിക്കണം.
ഇന്നലകളിലേക്ക് തിരിഞ്ഞാല്‍ അത്തരം അനുഭവങ്ങള്‍ ധാരാളം ഓര്‍ത്തെടുക്കാന്‍ എല്ലാവര്‍ക്കും ഉണ്ടാകും. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ദൈവം കൂടുതല്‍ കരുത്തരാക്കുന്നതിന് അനുവദിച്ചതാകാം. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും മാനുഷികമായി ഉത്തരം കണ്ടെത്താന്‍ നമുക്ക് കഴിയില്ല. അതെല്ലാം ദൈവത്തിന്റെ അനന്തജ്ഞാനത്തിന് വിട്ടുകൊടുക്കുക. എന്നിട്ട് ദൈവത്തോട് ചേര്‍ന്നുനടക്കുക. അവിടുന്ന് നമ്മുടെ കരങ്ങളില്‍ പിടിക്കുമെന്ന് വിശ്വസിക്കുക. ”ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല” (ഏശയ്യാ 40:31).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?