Follow Us On

29

November

2020

Sunday

ആധുനികതയുടെ വെല്ലുവിളികള്‍

ആധുനികതയുടെ  വെല്ലുവിളികള്‍

ഇസ്രായേലിന്റെ അനിഷേധ്യ നേതാവും പ്രവാചകനുമായിരുന്നു മോശ. മറ്റു പ്രവാചകന്മാരില്‍ നിന്ന് മോശയെ വ്യത്യസ്തനാക്കിയ നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു. സ്‌നേഹിതനോടു സംസാരിക്കുന്നതുപോലെ മോശയും ദൈവവും പരസ്പരം സംഭാഷണം നടത്തിയിരുന്നു. ”കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല” (നിയമ.34:10). ഒരു സ്‌നേഹിതനോടെന്നപോലെ മോശ ദൈവത്തോടും ദൈവം മോശയോടും സംസാരിച്ചു. മോശ തന്റെ പ്രവാചകദൗത്യത്തിനുള്ള ഊര്‍ജം സംഭരിച്ചിരുന്നത് ഈ നിത്യപരിചയത്തില്‍നിന്നായിരുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താന്‍വേണ്ടിയോ അവരുടെ ആഗ്രഹത്തിനനുസരിച്ച് നാളത്തെ കാര്യങ്ങള്‍ ഇന്ന് പറഞ്ഞുകൊടുക്കുന്നവനോ അല്ല പ്രവാചകന്‍. മറിച്ച്, ദൈവത്തിന്റെ മുഖം കാണിച്ചുതരുന്നവനാണ് യഥാര്‍ത്ഥ പ്രവാചകന്‍. അങ്ങനെ നാം പോകേണ്ട വഴി ഏതെന്നും ജീവിതത്തില്‍ മുറുകെപ്പിടിക്കേണ്ട മൂല്യങ്ങള്‍ ഏതെന്നും കൈക്കൊള്ളേണ്ട നിലപാടുകള്‍ ഏതെന്നും അവന്‍ കാണിച്ചു തരുന്നു.
കരുണയുടെ മുഖം
മറ്റ് പ്രവാചകന്മാരില്‍നിന്ന് വ്യത്യസ്തനായ മോശ തന്റെ കാലഘട്ടത്തിന്റെ അവസാനനാളുകളില്‍ മഹോന്നതമായ ഒരു പ്രവചനം നടത്തി. ദൈവവുമായുള്ള വ്യക്തിപരവും നിരന്തരവുമായ കൂടിക്കാഴ്ചയുടെ ഫലമായി വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ മോശയ്ക്ക് ലഭിച്ചു. ആ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മോശയുടെ സുപ്രധാന പ്രവചനം ‘എന്നെപ്പോലൊരു പ്രവാചകനെ നിങ്ങള്‍ക്കായി നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഉയര്‍ത്തും.’ മോശയും ദൈവവുമായുള്ള സ്‌നേഹസംഭാഷണത്തിനിടയില്‍ ഒരിക്കല്‍ മോശ ദൈവത്തോടു പറഞ്ഞു: ”അങ്ങയുടെ മഹത്വം എന്നെ കാണിക്കണമെന്ന് ഞാനപേക്ഷിക്കുന്നു.” (പുറ 33:20). അവന്റെ അപേക്ഷ നിരസിച്ചു കൊണ്ടു ദൈവം പറഞ്ഞു: ”നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്റെ മുഖം കാണാനാകില്ല.” (പുറ 33:23). ഒരു സ്‌നേഹിതനോടെന്നപോലെ മോശ ദൈവവുമായി സംസാരിച്ചെങ്കിലും അവരുടെ ബന്ധത്തിന് ചില പരിമിതികളും നിയന്ത്രണങ്ങളുമുണ്ടായിരുന്നു. മോശയ്ക്ക് ദൈവത്തിന്റെ മുഖം കാണാന്‍ സാധിച്ചില്ല. ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരശ പാലിക്കാന്‍ മോശ പരിശ്രമിച്ചിട്ടും ഏറെ ത്യാഗം സഹിച്ചും ദൈവത്തിന്റെ കല്പനകള്‍ നടപ്പാക്കിയിട്ടും ദൈവത്തിന്റെ മുഖം കാണുക എന്ന സൗഭാഗ്യം മോശയ്ക്ക് നല്‍കിയില്ല.
പുതിയ പ്രവാചകനെക്കുറിച്ചുള്ള വാഗ്ദാനം നിറവേറിയത് യേശുവിലാണ്. ദൈവപിതാവുമായി നേരിട്ടുള്ളതും അടുത്തറിഞ്ഞതുമായ ബന്ധത്തില്‍ നിന്നാണ് അവന്റെ പ്രബോധനങ്ങള്‍ ഉത്ഭവിക്കുന്നത്. രാത്രിയുടെ യാമങ്ങളില്‍ പിതാവുമായി ഒറ്റയ്ക്കായിരിക്കാന്‍ അവന്‍ മലമുകളിലേക്ക് പിന്‍വാങ്ങി. പിതാവിന്റെ ആന്തരികസത്ത മുഴുവനായി പുത്രനിലേക്ക് കാന്തികപ്രസരണം പോലെ പ്രവഹിക്കുന്ന നിമിഷങ്ങളായിരുന്നു ആ പ്രാര്‍ത്ഥനകള്‍. യേശു ദൈവത്തിന്റെ മുമ്പില്‍ ഒരു സ്‌നേഹിതന്‍ എന്ന നിലയില്‍ അല്ല പുത്രന്‍ എന്ന നിലയില്‍ ദൈവബന്ധത്തില്‍ നിലകൊള്ളുകയും ജീവിക്കുകയും ചെയ്യുന്നു. ദൈവപിതാവിന്റെ അതേ സത്ത തന്നെ പുത്രനായ യേശുവിനുമുള്ളത് (നസ്രത്തിലെ യേശു, ബനഡിക്ട് 16-ാമന്‍ പാപ്പ). അതിനാല്‍ യേശുവിനെ കാണുന്നവന്‍ പിതാവിനെ കാണുന്നു. യേശുവിന്റെ ശിഷ്യന്മാരിലൊരുവനായ പീലിപ്പോസ് യേശുവിനോടപേക്ഷിച്ചു: കര്‍ത്താവേ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരിക. ഞങ്ങള്‍ക്ക് അതു മാത്രം മതി. യേശു പറഞ്ഞു: എന്നെ കാണുന്നവന്‍ പിതാവിനെയും കാണുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലേ? പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖമാണ് യേശുക്രിസ്തു. എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഈ വാദത്തിന് കൂടുതല്‍ കരുത്തേകുന്നു. യേശുവിനോടൊപ്പം സഞ്ചരിക്കുന്ന ശിഷ്യന്‍ പിതാവുമായി ഐക്യത്തിലാകുന്നു. അതിനെയാണ് വീണ്ടെടുപ്പ് അഥവാ രക്ഷ എന്നു പറയുന്നത്.
വിശാല പാതകള്‍
മനുഷ്യപ്രകൃതിയുടെ പരിമിതിയില്‍ നിന്ന് അതിനപ്പുറത്തേക്ക് ചുവടുവയ്ക്കാന്‍ കഴിയുന്നതാണ് വീണ്ടെടുപ്പ്. സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ മനുഷ്യനില്‍ നിലനിന്നിരുന്ന ഈ സാധ്യത യേശു നിര്‍വഹിച്ച പരിത്രാണ കര്‍മ്മത്തിനുശേഷം പ്രായോഗികമായി സാക്ഷാത്കരിക്കാന്‍ കഴിയുന്നു. മാനുഷിക പരിമിതികളെ ഉല്ലംഘിച്ചുകൊണ്ട് പരമാവധിയിലേക്ക് എത്തിച്ചേരുവാന്‍ പരിശ്രമിക്കുക. യേശുവിന്റെ വിളി സ്വീകരിച്ച്, യേശുവിന്റെ കൂടെ നടന്ന്, അവന്റെ പാതയിലൂടെ സഞ്ചരിച്ചാണ് ഓരോ ക്രിസ്തു ശിഷ്യനും ബലഹീന പ്രകൃതിയില്‍ നിന്ന് രക്ഷയിലേക്കു ചുവടുവയ്ക്കുന്നത്. യേശുവിനെ കാണുക അവന്റെ കൂടെ നടക്കുക, അവന്റെ പാതയില്‍ സഞ്ചരിച്ച് രക്ഷ പ്രാപിക്കുക എന്ന സമവാക്യത്തില്‍ അധിഷ്ഠിതമായാണ് ആട്ടിടയന്മാര്‍-രാജാക്കന്മാര്‍ തുടങ്ങി നല്ല കള്ളന്‍ വരെ ഒരര്‍ത്ഥത്തില്‍ രക്ഷ സ്വന്തമാക്കിയത്. സഭാപിതാക്കന്മാരും ആദിമക്രൈസ്തവരും രക്തസാക്ഷികളും സഭയിലെ വിശുദ്ധരും ഈ സമവാക്യത്തില്‍ അധിഷ്ഠിതമായ ജീവിതം നയിച്ച് രക്ഷ നേടിയവരാണ്.
രക്ഷകനെ അന്വേഷിക്കുവാനും അവന്റെ പാത തെരഞ്ഞെടുക്കുവാനും ഉള്ള വിമുഖത വര്‍ധിക്കുന്നുവെന്നാണ് ആധുനിക സഭ നേരിടുന്ന പ്രധാന വെല്ലുവിളി. സുഖലോലുപതയുടെ വിശാലപാത അന്വേഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരംവും ഇന്റര്‍നെറ്റിന്റെ വശ്യതയും ധാര്‍മ്മികതയുടെ വേലിക്കെട്ടുകള്‍ പൊളിച്ച് വിശാലമാക്കുകയും തിന്മയുടെ അതിര്‍വരമ്പുകള്‍ ചെറുതാക്കുകയും ചെയ്യുന്നു. പല തെറ്റുകളും ശരിയുടെ കൂട്ടത്തില്‍ എണ്ണപ്പെടുകയും അവയ്ക്ക് നിയമത്തിന്റെ പരിരക്ഷയും ലഭിക്കുന്നു. മദ്യവും മറ്റു ലഹരിവസ്തുക്കളും സുലഭ്യമാകുന്നു. അദ്ധ്വാനിച്ച് ക്ഷീണിച്ചവരെ ഉല്ലസിപ്പിക്കാനും ഉന്മേഷഭരിതരാക്കാനും നിശാക്ലബും നര്‍ത്തകിമാരും. എല്ലാ തിന്മകള്‍ക്കും നിയമത്തിന്റെ പരിരക്ഷ. സമ്പത്തും സ്വാധീനവും അധികാരവും കുന്നുകൂടുമ്പോള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞൊടിയിടയില്‍ സാധ്യമാകുമ്പോള്‍ ദൈവത്തെ ഓര്‍ക്കേണ്ടതുണ്ടോ? ഈ ലോകത്ത് സാത്താനും അവന്റെ സാമ്രാജ്യവും കൂടുതല്‍ ശക്തിപ്പെടുന്നു.
സാഹസിക യാത്രകള്‍
ഇത്തരം ചുറ്റുപാടുകളില്‍ ആരാണ് ക്രിസ്തുവിന്റെ പാത അന്വേഷിക്കുവാന്‍ തുനിയുന്നത്? ക്രിസ്തുവിന്റെ പാത ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ള ദൈവവിളി തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു. ഇതൊരു സാഹസികതയാണ്. മനുഷ്യപ്രകൃതിയുടെ പരിമിതികളെ ഉല്ലംഘിക്കുക എന്ന സാഹസികത. ലൗകികമോഹങ്ങളും സമ്പത്തും അധികാരവും സ്വാധീനവും നല്‍കുന്ന സുരക്ഷിതത്വത്തിന്റെ വേലിക്കെട്ടിന് പുറത്തേക്ക് ചുവടുവയ്ക്കുന്ന സാഹസികത.
2019 ഒക്‌ടോബര്‍ 24-ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ‘ഭൂമി നമ്മുടെ അമ്മ’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ലേഖനം ചര്‍ച്ച ചെയ്യുന്നത് മനുഷ്യകുലം സംഘാതമായി നേരിടേണ്ട ഗൗരവമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചാണ്. ഭൂമി എല്ലാ ജീവജാലങ്ങളുടെയും പൊതുഭവനമാണെന്ന് പാപ്പ ഓര്‍മിപ്പിക്കുന്നു.
സുന്ദരവും സുസ്ഥിരവുമായ പ്രപഞ്ചം ദൈവത്തിന്റെ ദാനമാണ്. പ്രകൃതിയെപ്പറ്റിയും തന്നെപ്പറ്റിയുമുള്ള മനുഷ്യന്റെ കാഴ്ചപ്പാടില്‍ മാറ്റം വരണം. തിന്നുകുടിച്ച് ജീവിക്കുന്നതിനപ്പുറത്ത് ഒന്നുമില്ലെന്ന ഭൗതിക- പ്രായോഗിക വീക്ഷണം തിരുത്തപ്പെടേണ്ടതാണെന്ന് പാപ്പ ഉദ്‌ബോധിപ്പിക്കുന്നു. ജീവിതശൈലിയില്‍ മാറ്റം അഥവാ മാനസാന്തരം ഉണ്ടാകണമെന്ന് പാപ്പ നിര്‍ദേശിക്കുന്നു. ഇതുവരെയും സഞ്ചരിച്ചിരുന്ന ജീവിതത്തിന്റെ ട്രാക്കില്‍ നിന്ന് പുതിയ ട്രാക്കിലേക്കുള്ള മാറ്റം അനിവാര്യമാണ്. ക്രിസ്തുവിന്റെ മുഖം കാണാന്‍ ക്രിസ്തു കാണിച്ച വഴിയിലൂടെയുള്ള സാഹസികയാത്ര. ആ യാത്ര ചെന്നെത്തുന്നത് കാലിത്തൊഴുത്തിലാണ്. അവിടെ മാതാവും യൗസേപ്പിതാവും മാലാഖമാരും ആട്ടിടയരും നക്ഷത്രങ്ങളും ഉണ്ട്.
കണ്ണീരുകൊണ്ട് ബലിയര്‍പ്പിച്ച അമ്മമാരും ദരിദ്രരായ ലാസര്‍മാരുണ്ട്. അനേകം പിശാചുക്കള്‍ പുറത്താക്കപ്പെട്ട മഗ്ദലനമാരുണ്ട്. വിശപ്പിന്റെ പൊരിച്ചിലില്‍ അപ്പം മോഷ്ടിച്ച് അടിച്ചുകൊല്ലപ്പെട്ട അത്തപ്പാടികളുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെട്ട് അതിര്‍വരമ്പുകളില്‍ ഒതുങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുമുണ്ടവിടെ. അവിടെയാണ് ക്രിസ്തു പിറക്കുന്നത്.

ഫാ. ജോണ്‍ ബ്രിട്ടോ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?