Follow Us On

02

December

2020

Wednesday

പുണ്യവും കര്‍മവും സംയോജിപ്പിച്ച പൈകടയച്ചന്‍

പുണ്യവും കര്‍മവും സംയോജിപ്പിച്ച പൈകടയച്ചന്‍

മണ്‍മറഞ്ഞ ഒരു സന്യാസ വൈദികനെ രണ്ട് വിധത്തില്‍ വിലയിരുത്താം. ഒന്ന്, അദ്ദേഹം ചെയ്ത നന്മപ്രവൃത്തികളുടെ പേരില്‍. രണ്ട്, അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയുടെ പേരില്‍. ഈ രണ്ട് മാനദണ്ഡങ്ങള്‍വച്ച് വിലയിരുത്തിയാലും ഏറെ സ്‌നേഹവും ആദരവും ബഹുമാനവും അര്‍ഹിക്കുന്ന വ്യക്തിയാണ് ഫാ. ജോസഫ് പൈകട സി.എം.ഐ. 2019 ഡിസംബര്‍ 20-ന് ഹൃദയാഘാതംമൂലം 83-ാം വയസില്‍ അദ്ദേഹം ഈ ലോകംവിട്ട് പോകുകയായിരുന്നു. മരിക്കുമ്പോള്‍ തുടര്‍ച്ചയായി ഒമ്പതാം വര്‍ഷം അദ്ദേഹം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിന്റെ മാനേജര്‍ ആയിരുന്നു.
കര്‍മനിരതമായിരുന്നു പൈകടയച്ചന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതം. മദ്രാസ് ലെയോള കോളജില്‍നിന്ന് ചരിത്രത്തില്‍ ഉപരിപഠനം നേടിയശേഷം 1970-ല്‍ ദേവഗിരി കോളജില്‍ ചരിത്രാധ്യാപകനായിട്ടാണ് ജീവിതം ആരംഭിക്കുന്നത്. അധ്യാപനത്തോടൊപ്പം ഹോസ്റ്റല്‍ വാര്‍ഡന്‍, കോളജ് ബര്‍സാര്‍, ദേവഗിരി ആശ്രമം സുപ്പീരിയര്‍, ദേവഗിരി ഇടവക വികാരി, കോഴിക്കോട് സി.എം.ഐ സെന്റ് തോമസ് പ്രൊവിന്‍സിന്റെ കൗണ്‍സിലര്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങളും അദ്ദേഹം നിര്‍വഹിച്ചു. 1982 ഏപ്രില്‍ ഒന്നുമുതല്‍ 1989 മാര്‍ച്ച് 31 വരെ ദേവഗിരി കോളജിന്റെ പ്രിന്‍സിപ്പലായി സേവനം ചെയ്തു.
കോളജില്‍നിന്നും വിരമിച്ച അദ്ദേഹം പോയത് കോഴിക്കോട് സി.എം.ഐ പ്രൊവിന്‍സിന്റെ മിഷന്‍പ്രദേശമായ പൂഞ്ച് മിഷനിലേക്കായിരുന്നു. പാക്കിസ്ഥാനോട് ചേര്‍ന്നുകിടക്കുന്ന പൂഞ്ച്, ദജോറി ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് പൂഞ്ച് മിഷന്‍. പൂഞ്ചില്‍ അന്നൊരു ചെറിയ ഇടവക ഉണ്ടായിരുന്നു. തോട്ടിപ്പണി ചെയ്യുന്ന ഏതാനും കുടുംബങ്ങള്‍ മാത്രമായിരുന്നു ഇടവകക്കാര്‍. ഇവര്‍ സാമ്പത്തികമായും സാമുദായികമായും പിന്നോക്കാവസ്ഥയിലും ആയിരുന്നു. പൂഞ്ചില്‍ താമസമാക്കിയ അച്ചന്‍ അവിടുത്തെ ജനങ്ങളുടെ ഏറ്റവും വലിയൊരു പ്രശ്‌നമായി കണ്ടത് വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവമായിരുന്നു.
ശക്തമായ ജാതിചിന്തകള്‍, വര്‍ഗീയത, സാമ്പത്തിക പിന്നോക്കാവസ്ഥ, തൊഴില്‍ ഇല്ലായ്മ, വിദ്യാഭ്യാസത്തിന്റെ കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രദേശത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ നല്ല വിദ്യാഭ്യാസം ഉതകും എന്ന് അറിഞ്ഞിരുന്ന അച്ചന്‍ നേതൃത്വം എടുത്ത് പൂഞ്ചി ല്‍ ആദ്യത്തെ സ്‌കൂള്‍ ആരംഭിച്ചു. തുടര്‍ന്ന് അച്ചന്റെ നേതൃത്വത്തിലുള്ള മിഷനറിമാര്‍ പൂഞ്ച് മിഷനില്‍ മറ്റ് നാല് സ്‌കൂളുകള്‍കൂടി തുടങ്ങി. എല്ലാ സ്‌കൂളുകളും അറിയപ്പെടുന്നത് ക്രൈസ്റ്റ് സ്‌കൂള്‍ എന്നാണ്.
സ്വന്തം നാട്ടിന്‍പുറങ്ങളില്‍ ഒതുങ്ങിക്കഴിയുമായിരുന്ന അനേകര്‍ ഇന്ന് ഉന്നത വിദ്യാഭ്യാസം നേടി രക്ഷപ്പെടുകയും കുടുംബത്തിനും രാജ്യത്തിനും അനുഗ്രഹമായിത്തീരുകയും ചെയ്തിരിക്കുന്നു. ഐ.എ.എസ് പാസായവര്‍, ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, അധ്യാപകര്‍, നഴ്‌സുമാര്‍, ഇതര സര്‍ക്കാര്‍ ജോലികള്‍ നേടിയവരും ധാരാളം ഉണ്ട്. ഈ വര്‍ഷം അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫഡ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ഗവേഷണത്തിന് പ്രവേശനം കിട്ടിയ ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍മാന്‍പ്രീത് കൗര്‍ പൈകടയച്ചന്‍ ആരംഭം കുറിച്ച പൂഞ്ച് ക്രൈസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
കാല്‍ നൂറ്റാണ്ടോളം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അദ്ദേഹം പൂഞ്ച് മിഷനില്‍ സേവനം ചെയ്തു. കോഴിക്കോടുനിന്ന് തിങ്കളാഴ്ച വൈകിട്ട് ട്രെയിന്‍ കയറി വ്യാഴാഴ്ച വൈകുന്നേരം ജമ്മുവില്‍ എത്തി അവിടെനിന്നും ഒരു പകല്‍ മുഴുവന്‍ നീളുന്ന സാഹസികവും കഷ്ടപ്പാട് നിറഞ്ഞതുമായ ബസ് യാത്ര നടത്തിയാണ് ആദ്യകാലങ്ങളില്‍ അദ്ദേഹവും മറ്റ് മിഷനറിമാരും പൂഞ്ച് മിഷനില്‍ എത്തിയിരുന്നത്. വിദ്യാഭ്യാസം നല്‍കുകവഴി പൂഞ്ചിലുള്ള ക്രൈസ്തവരുടെ മക്കളും ഉന്നതനിലകളില്‍ എത്തിയപ്പോള്‍ ആ കുടുംബങ്ങള്‍ക്കും നിലയും വിലയും ഉണ്ടാകാന്‍ തുടങ്ങി. വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ ജനങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മിഷനറിമാരെ പല സ്ഥലങ്ങളിലേക്കും ക്ഷണിക്കുന്നുണ്ട്.
2011-ല്‍ കേരളത്തില്‍ തിരിച്ചെത്തിയ പൈകടയച്ചന്‍ ദേവഗിരി ആശ്രമം സുപ്പീരിയര്‍, ഇടവക വികാരി, ദേവഗിരി കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ എന്നീ ചുമതലകള്‍ ഏറ്റെടുത്തു. അച്ചന്‍ മാനേജര്‍ ആയിരിക്കെ ദേവഗിരി കോളജിന് വന്‍കുതിപ്പും ഉണ്ടായി.
ദേവഗിരിക്കാരുടെ സ്വന്തം അച്ചനായിരുന്നു പൈകടയച്ചന്‍. അച്ചന്റെ വേര്‍പാട് അറിഞ്ഞ് വന്നെത്തിയ വന്‍ ജനാവലി ജനഹൃദയങ്ങളില്‍ അച്ചനുള്ള വലിയ സ്ഥാനത്തിന്റെ തെളിവായിരുന്നു. ലളിത ജീവിതമായിരുന്നു അച്ചന്റേത്. മാനേജര്‍ ആയിരിക്കെപ്പോലും അച്ചന്റെ മിക്ക പ്രാദേശിക-ദീര്‍ഘദൂര യാത്രകളും ബസില്‍ ആയിരുന്നു. പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു അദേഹം.
തന്റെ വിശുദ്ധവും ലളിതവും സന്യാസ നിയമങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ളതുമായ ലളിത ജീവിതവും ഉജ്വലമായ സേവനങ്ങളുംവഴി പൈകടയച്ചന്‍ പ്രചോദനവും മാര്‍ഗദര്‍ശിയുമായി നിലകൊള്ളുന്നു. ഈ പ്രായത്തില്‍പ്പോലും വീണ്ടും പൂഞ്ച് മിഷനിലേക്ക് പോകാന്‍ ആഗ്രഹം ഉണ്ടായിരുന്നു.
ഈ ലോകത്തില്‍ ചെയ്ത വന്‍ കാര്യങ്ങളെക്കാള്‍ ഉപരി ഒരു സന്യാസിക്ക് പ്രധാനം വിശുദ്ധ ജീവിതവും നല്ല മരണവും സ്വര്‍ഗവും ആണ്. പൈകടയച്ചന്‍ സ്വര്‍ഗരാജ്യം സ്വന്തമാക്കിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.

ഫാ. ജോസഫ് വയലില്‍ സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?