Follow Us On

02

December

2020

Wednesday

വിശുദ്ധ പാദ്രേ പിയോ എന്ന സ്‌നേഹസ്പര്‍ശം

വിശുദ്ധ പാദ്രേ പിയോ എന്ന സ്‌നേഹസ്പര്‍ശം

വിശുദ്ധ പാദ്രേ പിയോ ഒരു സാധാരണ വൈദികനായി ജീവിച്ചിരുന്ന കാലം. 1925 ഡിസംബറില്‍ ഒരു വ്യക്തി ഫാ. പിയോക്കെതിരായി നുണക്കഥകളെഴുതി പ്രസിദ്ധീകരിക്കുമെന്നും അപ്രകാരം ചെയ്യാതിരിക്കണമെങ്കില്‍ വലിയ ഒരു തുക കൊടുക്കണമെന്നും പറഞ്ഞു അദ്ദേഹത്തിന്റെ സഹോദരനായ മിഖേലിനെ ഭീഷണിപ്പെടുത്തി.
മിഖേലിന് അതുകേട്ട് വിഷമമായി. വൈദികനായ സഹോദരന്റെ സത്‌പേരിനു കളങ്കം വരരുതെന്ന് കരുതി ആ വ്യക്തി ചോദിച്ചപ്പോഴെല്ലാം പണം നല്‍കിപ്പോന്നു. എന്നാല്‍ ഫാ. പാദ്രേ പിയോയെ അടുത്തറിയാമായിരുന്ന ബ്രൂണെത്തോ എന്നൊരാള്‍ മിഖേലില്‍നിന്നും കാര്യങ്ങളെല്ലാം മനസിലാക്കി. നുണക്കഥകളെഴുതി പണം പിടുങ്ങുന്ന ഈ റിപ്പോര്‍ട്ടറെ എങ്ങനെയെങ്കിലും കയ്യോടെ പിടിക്കണമെന്ന് അദേഹം തീരുമാനിച്ചു. അതിന്‍പ്രകാരം ആ മനുഷ്യനെ ബ്രൂണെത്തോ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം തൊണ്ടിസഹിതം ബ്രൂണത്തോ ആ മനുഷ്യനെ പിടിക്കുകയും പോലീസില്‍ ഏല്പിക്കുകയും ചെയ്തു. അതോടെ അയാളുടെ ജോലി നഷ്ടപ്പെട്ടു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഫാ. പിയോയ്ക്ക് ഏറെ വേദനയുണ്ടായി.
ആ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പാദ്രേ പിയോ ഏര്‍പ്പാട് ചെയ്തു. അതോടെ നഷ്ടപ്പെട്ട ജോലി ഫാ. പിയോ മൂലം അയാള്‍ക്ക് തിരികെ ലഭിക്കുകയും ചെയ്തു. അതോടെ അയാളുടെ മനസ് മാറി. പിന്നീട് അയാള്‍ ഫാ. പിയോയെക്കുറിച്ച് എഴുതിയത് ഹൃദയസ്പര്‍ശിയായ അനുഭവങ്ങളായിരുന്നു. അധികം വൈകാതെ രോഗിയായ ആ മനുഷ്യന്‍ സാവധാനം മരണത്തിലേക്കാണ് നടന്നടുത്തത്. ആ സമയത്ത് അയാള്‍ക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ അരികിലായി ഫാ. പിയോ ഉണ്ടാകണം. ഇക്കാര്യമാണ് അയാള്‍ ആശുപത്രി അധികൃതരോടെല്ലാം പറഞ്ഞത്. അതിന്‍ പ്രകാരം ഫാ. പിയോ മരണസമയത്ത് അയാളുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്തു.
************* ************* ************
ഫാ. പാദ്രേ പിയോയെ കാണാന്‍ ധാരാളം ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു. ഒരിക്കല്‍ ഫ്ലോറൻസ് എന്ന സ്ഥലത്ത് മരിയ എന്ന സ്ത്രീക്ക് വായില്‍ കാന്‍സര്‍ ബാധിച്ചു. അനേകം മാസങ്ങളായി അവള്‍ വേദന സഹിച്ചുകൊണ്ടിരുന്നു. ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ അവള്‍ പരിഭ്രമിച്ചു. വേദനക്ക് മേല്‍ വേദനയാണുണ്ടാകുന്നതെന്നും ചിലപ്പോള്‍ മരണംപോലും നേരിടേണ്ടിവരുമെന്നും അവള്‍ക്ക് മനസിലായി. അങ്ങനെയാണവള്‍ കരഞ്ഞുകൊണ്ട് ഫാ. പിയോയെ കാണാന്‍ എത്തുന്നത്. അദ്ദേഹം അവള്‍ക്കുവേണ്ടി ശക്മായി പ്രാര്‍ത്ഥിച്ചു. ‘ദൈവം നിന്നെ അനുഗ്രഹിക്കും’ എന്ന ആശംസയോടെയാണ് അദ്ദേഹം അവളെ യാത്രയാക്കിയത്.
സര്‍ജറി ദിവസം വന്നപ്പോള്‍ അവളെ പരിശോധിച്ച ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടു. അവള്‍ക്ക് കാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തുന്ന യാതൊരു തെളിവും വായിലുണ്ടായിരുന്നില്ല. അവര്‍ അതിനുമുമ്പ് നടത്തിയ എല്ലാ റിപ്പോര്‍ട്ടുകളുമെടുത്തുവച്ച് വീണ്ടും വീണ്ടും പരിശോധിച്ചു. എന്നാല്‍ അത്തരമുളള യാതൊരു തെളിവുകളും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവള്‍ അപ്പോള്‍ത്തന്നെ ഓടിയെത്തി വിശുദ്ധന് നന്ദി പറഞ്ഞു.
************* ************* ************
1925-ാം പൗലിനോ പ്രേസിയോസി എന്ന സ്ത്രീക്ക് ന്യൂമോണിയോ ബാധിച്ചു. ഇതിനുള്ള മരുന്നായി ഉപയോഗിക്കേണ്ട പെന്‍സിലിന്‍ എന്ന ഔഷധം അന്ന് കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ അവളുടെ ബന്ധുക്കള്‍ ഫാ. പിയോയുടെ ആശ്രമത്തിലെത്തി. കാര്യങ്ങളെല്ലാം അവര്‍ കണ്ണീരോടെ പറഞ്ഞു. അവളെ സുഖപ്പെടുത്തണമെന്നു അവര്‍ അപേക്ഷിച്ചു. അന്ന് ദുഃഖവെള്ളിയാഴ്ച ആയിരുന്നു. ഫാ. പിയോ അവരോട് പറഞ്ഞത് ഇങ്ങനെയാണ്. ”നിങ്ങള്‍ ഭയപ്പെടേണ്ട. ഇതൊരു ദുഃഖ വെള്ളിയാണ്. എന്നാല്‍ ഒരു ദിനം കഴിഞ്ഞാല്‍ ഈസ്റ്റര്‍ വരും. നിങ്ങളുടെ ഹൃദയം സന്തോഷമാകുന്ന ദിനം ഉടന്‍ വരും.”
എന്നാല്‍ അന്നു രാത്രി അവളുടെ വേദന അധികമായി മാറി. ബന്ധുക്കള്‍ പിന്നെയും അച്ചനെ കാണാന്‍ ഓടി. അച്ചന്റെ മറുപടി ഇപ്രകാരമായിരുന്നു. ”ഭയപ്പെടാതെ, വിശ്വാസത്തോടെ ഇരിക്കു. നാളെ പള്ളിമണികള്‍ മുഴങ്ങുന്നതോടെ അവള്‍ക്കു സൗഖ്യമുണ്ടാകും.”
ബന്ധുക്കള്‍ ഉത്സാഹത്തോടെ വീട്ടിലെത്തിയപ്പോള്‍ ആ സ്ത്രീ മയങ്ങിക്കിടക്കുകയായിരുന്നു. അവള്‍ മരിച്ചു എന്നുകരുതി അവിടെ കൂട്ടനിലവിളി മുഴങ്ങിക്കൊണ്ടിരുന്നു. പെട്ടെന്ന് പള്ളിമണികള്‍ മുഴങ്ങാന്‍ തുടങ്ങി. അവളുടെ ശരീരത്തില്‍ എവിടെയോ ജീവന്റെ തുടിപ്പ് കരഞ്ഞുകൊണ്ടിരുന്ന മക്കള്‍ കണ്ടു. അവര്‍ നോക്കിയിരിക്കെ ആ സ്ത്രീയുടെ കൈകാലുകള്‍ക്ക് അനക്കമുണ്ടായി. പതുക്കെ അവള്‍ കട്ടിലില്‍ എണീറ്റിരുന്നു. ആ വീട്ടില്‍നിന്നും പിന്നെയും കരച്ചില്‍ ഉയര്‍ന്നു, ആരൊക്കെയോ ചിലര്‍ വിശുദ്ധനെ കാണാനും ഓടി. അത് ദൈവത്തിനുള്ള നന്ദി പറയാനും ഫാ. പിയോയുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറയാനുമായിരുന്നു.
ദൈവഹിതത്തിനനുസരണം നാം മുന്നോട്ട് പോയാല്‍ നമ്മുടെ ജീവിതം അനുഗ്രഹകരമായി മാറുമെന്ന് വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം പഠിപ്പിക്കുന്നു.

ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?