Follow Us On

30

November

2020

Monday

തീ പിടിക്കുന്ന കുടുംബങ്ങള്‍

തീ പിടിക്കുന്ന  കുടുംബങ്ങള്‍

വിശുദ്ധ ചാവറപിതാവിന്റെ സ്വര്‍ഗീയ യാത്രയുടെ നൂറ്റി അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. ചാവറയച്ചന്‍ മരിക്കുമ്പോള്‍ 65 വയസും പത്തുമാസവും ഇരുപത്തിയഞ്ചു ദിവസവും മാത്രമായിരുന്നു പ്രായം. ചാവറപിതാവ് സ്മരിക്കപ്പെടുക അദ്ദേഹത്തിന്റെ ആയുസിന്റെ നീളംകൊണ്ടല്ല. മറിച്ച്, വര്‍ഷിച്ച ജീവിതത്തിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കൊണ്ടാണ്. ചാവരുളിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗം ഒന്നുമുതല്‍ 26 വരെയുള്ള കുടുംബദര്‍ശന സൂക്തങ്ങളാണ്. പതിനാറ് നല്ല പാഠങ്ങള്‍ അടങ്ങുന്ന രണ്ടാം ഭാഗം മക്കളെ വളര്‍ത്തലിനെ കുറിച്ചുള്ളതാണ്. അത്യന്താധുനിക പോസിറ്റീവ് പേരന്റിംഗിന്റെ സമഗ്രമായ അവതരണം ചാവരുളിന്റെ രണ്ടാം ഭാഗത്തുകാണാം. ഒന്നും രണ്ടും ഭാഗങ്ങള്‍ ചേര്‍ത്തുവായിച്ചാലേ നന്മനിറഞ്ഞ നാളയെക്കുറിച്ച് സ്വപ്‌നം കാണാന്‍ ഈ തലമുറയ്ക്കു കഴിയൂ.
നല്ല പാഠം
ചാവരുളിന്റെ രണ്ടാം ഭാഗത്തിലെ ഒന്നാം പാഠത്തിന്റെ ആദ്യപാദത്തിലേക്ക് കടക്കുന്നതുതന്നെ ഒരു അഭിസംബോധനയിലൂടെയാണ്. കാരണവന്മാരെ (ചാവരുള്‍ 1:1) എന്നു വിളിച്ചുകൊണ്ടാണ്. മാതാപിതാക്കളെ എന്നത് വീടിന്റെ കൂരയ്ക്കുള്ളില്‍ മാത്രം ഉള്‍ക്കൊള്ളുമ്പോള്‍ കാരണവന്മാരെ എന്നത് ഒരു പൗരനെ വാര്‍ത്തെടുക്കുന്നതില്‍ ആരെല്ലാം എവിടെ നിന്നെല്ലാം എന്തെല്ലാം ചെയ്യുന്നുവോ അവരെല്ലാം ഉത്തമ പൗരന്മാര്‍ക്കു ജന്മം നല്‍കുന്നതില്‍ കാരണവര്‍ ഭാവം പേറുന്നു എന്ന സങ്കല്പത്തിലാണ്.
വേദപുസ്തകത്തില്‍ ഇതുപോലെയൊരു സൂചനയുണ്ട്. ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവിനെ കാണാന്‍ അമ്മയും സഹോദരങ്ങളും വന്നിരിക്കുന്നു എന്ന വിവരം അറിയിക്കുന്നുണ്ട്. എന്റെ പിതാവിന്റെ ഇഷ്ടം നിര്‍വഹിക്കുന്നവരാരോ അവരാണ് എന്റെ അമ്മയും സഹോദരങ്ങളുമെന്ന് യേശു പ്രഖ്യാപിക്കുന്നു. പേരന്റിംഗില്‍ കാരണക്കാരായിട്ടുള്ളവരുടെ കരുതലിന്റെ സാന്നിധ്യം കുറച്ചുകൂടി വിപുലമാക്കുകയാണ് ചാവറയെന്ന ഹൃദയവിശാലതയുള്ള നല്ല അപ്പന്‍.
കുട്ടികളോടും യുവജനങ്ങളോടും ഏറെ സംവദിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഈയൊരു സന്ദേശത്തിന്റെ സംവാഹകനായി കാരണവന്മാരുടെ രീതിയില്‍ ഇന്ത്യയില്‍ നിറസാന്നിധ്യമായിരുന്നു. അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു നാളത്തെ നമ്മുടെ രാജ്യം ഇന്ത്യയിലെ ചെറുപ്പക്കാരുടെ കരങ്ങളില്‍ സുരക്ഷിതമാക്കേണ്ടതുണ്ട് എന്ന്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ വിഭവസമൃദ്ധി കണ്ടറിഞ്ഞ കാരണവരായിരുന്നു ഡോ. കലാം.
പ്രധാനപ്പെട്ട കടമ
ചാവരുളിന്റെ ഒന്നാം പാഠം ഒന്നാം ഖണ്ഡികയില്‍ ‘നിങ്ങളുടെ മക്കളെ വളര്‍ത്തുന്ന കാര്യം നിങ്ങളുടെ എത്രയും പ്രധാനപ്പെട്ട കാര്യവും കടമയും (ചാവരുള്‍ 1.1) ആകുന്നു എന്ന് നന്നായി അറിഞ്ഞുകൊള്ളുക’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പേരന്റിംഗിനെക്കുറിച്ചുള്ള അത്യാധുനിക മനഃശാസ്ത്രവും മാനവികശാസ്ത്രവും എവിടംവരെ എത്തി നില്‍ക്കുന്നുവോ അവിടംവരെ സ്വന്തമാക്കുവാനും നമ്മുടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിലേക്ക് അവ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു ത്വര ചാവറയച്ചന്റെ വിജ്ഞാന ദാഹമായിരുന്നു. ഈ അറിവിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ശരിയും തെറ്റും അടങ്ങുന്ന വിവര സാങ്കേതിക വിദ്യയുടെ നടുവിലാണ് നാം ജീവിക്കുന്നത്.
കുട്ടികളുടെ വളര്‍ത്തലില്‍ മാതാപിതാക്കള്‍ക്ക് അതിമാനുഷ പരിവേഷം കൊടുക്കുന്ന ഒരുകാലം കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ട്. അതുകഴിഞ്ഞ് അമ്മയ്ക്കും അപ്പനും ഒന്നും അറിയില്ല എന്നു പറയുന്ന കാലം വരും. അതുകഴിഞ്ഞ് അധ്യാപകര്‍ക്ക് സ്റ്റാര്‍ പരിവേഷം കൊടുക്കുന്ന മറ്റൊരു കാലം. അതും ജലരേഖപോലെ നഷ്ടമാകും. ജീവിതത്തില്‍ അനുകരിക്കാനോ ആശ്രയം വയ്ക്കാനോ ആരും ഇല്ലാത്ത കാലം. ഇവിടെയാണ് മക്കള്‍ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത്. നേടിക്കൊടുത്ത സമ്പത്തോ വിദ്യാഭ്യാസമോ ഒരിടത്തും അവരെ എത്തിക്കില്ല എന്നുപറഞ്ഞ് മാതാപിതാക്കളുമായി കലപിലകൂടുന്ന കാലം. മക്കള്‍ക്കുവേണ്ടി ഈശ്വര ചിന്ത എന്ന സമ്പത്ത് നല്‍കാതിരിക്കുന്നതിന്റെ പാപ്പരത്വം മാതാപിതാക്കള്‍ക്ക് ഇവിടെ അനുഭവപ്പെടും.
കുഞ്ഞുങ്ങള്‍ ഈശ്വരചിന്തയില്‍ വളരുക എന്നത് മറ്റു ഭൗതിക വളര്‍ച്ചയ്ക്ക് തടസമായിത്തീരും എന്ന് ചിന്തിക്കുന്ന മാതാപിതാക്കളുണ്ട്. അപ്പനുമുകളില്‍ ഒരപ്പനുണ്ട് എന്ന ചിന്ത കുഞ്ഞുങ്ങള്‍ക്ക് വേണ്ടകാലത്ത് വേണ്ടതുപോലെ നല്‍കിയാല്‍, പ്രാര്‍ത്ഥനക്ക് ദൈവത്തിന്റെ മുമ്പില്‍ മുട്ടുകുത്തുന്ന മാതാപിതാക്കളെ കാണുന്ന കുഞ്ഞുങ്ങള്‍, ദൈവാശ്രയ ബോധത്തില്‍ വളരും. സ്വര്‍ണനിക്ഷേപമുള്ള ഇടങ്ങളില്‍ ഖനനം ചെയ്‌തെങ്കിലേ സ്വര്‍ണം കിട്ടൂ എന്നു പറയുംപോലെ കുഞ്ഞുങ്ങള്‍ ഖനനം ചെയ്യപ്പെടണം. മാതാപിതാക്കളുടെ കടമയും കരുതലും അതിനുവേണ്ടി ആയിരിക്കണം.
അധിക അടുപ്പവും അധിക അനുഗ്രഹവും
ചാവരുളിന്റെ രണ്ടാം അധ്യായം ആറാം പാഠത്തിന്റെ ആദ്യഭാഗം മക്കളുടെ സ്‌കൂള്‍ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഒരു പാഠഭാഗമാണ്. മക്കളെ സ്‌കൂളില്‍ അയക്കുന്നതിനെക്കുറിച്ചും, പഠിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനെക്കുറിച്ചും ആരുടെ കൂടെ കൂട്ടുകൂടുന്നു എന്നതും ഞായറാഴ്ചതോറും പഠിച്ചതിനെ പരിശോധിക്കുന്നതിനെക്കുറിച്ചും ഈ പാഠം മാതാപിതാക്കള്‍ക്ക് പ്രചോദനം നല്‍കുന്നു.
ചാവരുളിന്റെ രണ്ടാം അധ്യായം ഒന്‍പതാം പാഠത്തിന്റെ ഒന്നാം ഭാഗം മക്കളെ ശിക്ഷിക്കാമോ? ശിക്ഷിക്കുന്നെങ്കില്‍ എപ്രകാരമാകാം എവിടെവരെ ആകാം എന്നതാണ്. ഇന്നത്തെ പോസിറ്റീവ് പേരന്റിംഗില്‍ പറയുന്ന ശിക്ഷണ സമ്പ്രദായമാണ് ചാവറപിതാവ് തന്റെ എഴുത്തില്‍ സൂചിപ്പിക്കുക.
കുടുംബത്തിലെ പ്രൈം ടൈം
മാതാപിതാക്കളുടെ പ്രൈം ടൈം കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും മാത്രം ഉള്ളതായിരിക്കട്ടെ. ദിവസത്തില്‍ കുറച്ചുസമയം കുഞ്ഞുങ്ങളോടൊത്ത് ചിലവിടാന്‍ കണ്ടുപിടിക്കണം. വൈകിട്ട് കുരിശുമണി അടിക്കുമ്പോള്‍ മക്കളെല്ലാം വീട്ടിലുണ്ടായിരിക്കാനും നമസ്‌കാരം കഴിഞ്ഞാലുടന്‍ അവര്‍ സ്തുതി ചൊല്ലി അപ്പന്റെയും അമ്മയുടെയും കൈമുത്താനും അവരെ ശിലിപ്പിക്കണം (ചാവരുള്‍ 11.1).
ഇത് ഒരു ക്രൈസ്തവ കുടുംബത്തിന്റെ പ്രൈം ടൈം ആയിട്ടാണ് ചാവറയച്ചന്‍ അവതരിപ്പിക്കുക. ഇതൊരു കുടുംബത്തിന്റെ ഒത്തുകൂടല്‍ അനുഭവമാണ്. പ്രാര്‍ത്ഥനയ്ക്ക്, ഭക്ഷണത്തിന്, സംസാരത്തിന്. ഇതുമൂന്നും അണുകുടുംബങ്ങളില്‍ കാര്യക്ഷമമാക്കാന്‍ കഴിയില്ല. അപ്പന്‍ ഓഫീസ് ജോലികള്‍ തീര്‍ക്കാനുള്ളത് ലാപ്‌ടോപ്പിന്റെ മുന്നിലിരുന്ന് തീര്‍ക്കുന്നു. അമ്മ മൊബൈലില്‍ വാട്‌സ് ആപ്പിലൂടെ മെസേജ് അയക്കുന്നു. കുഞ്ഞ് ടിവിയുടെ മുന്നിലിരുന്ന് കാര്‍ട്ടൂണ്‍ കാണുന്നു. ഓരോരുത്തരും ഭക്ഷണം അവരവരുടെ സമയത്ത് കഴിക്കുന്നു. രാത്രിയാകുന്നു നേരം പുലരുന്നു. അവരവരുടെ പണിയുമായി ഇറങ്ങിത്തിരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ ‘കുടുംബങ്ങള്‍ക്ക് തീപിടിക്കുന്ന’ അവസ്ഥയാണ്.
വൃദ്ധ മാതാപിതാക്കള്‍
പാഠം പതിനഞ്ച്, മറ്റു പാഠഭാഗങ്ങളില്‍നിന്നെല്ലാം വ്യതിരിക്തമായ ഒരു പാഠഭാഗമാണ്. ചാവറയച്ചന്റെ മക്കളെ വളര്‍ത്തലിലെ പല പാഠഭാഗങ്ങളും പോസിറ്റീവ് പേരന്റിംഗിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഈ പാഠഭാഗത്തില്‍ വൃദ്ധമാതാപിതാക്കളോട് പക്ഷം ചേരുന്ന ചാവറയച്ചനെയാണ് നാം കാണുക. മക്കള്‍ക്ക് പ്രായപൂര്‍ത്തിയും ബുദ്ധിയും പ്രാപ്തിയും ഉണ്ടായാലും അവരുടെ മുന്നില്‍ മടുപ്പും ബലക്ഷയവും കാണിക്കേണ്ട എന്നാണ് ചാവറയച്ചന്‍ ഓര്‍മിപ്പിക്കുന്നത്.
മാതാപിതാക്കള്‍ തങ്ങളുടെ ഏകമകനെ കുട്ടിക്കാലംമുതല്‍ പറഞ്ഞു പഠിപ്പിച്ച ഒരു പാഠം ഉണ്ട്. ‘നീ എന്തിനാ മറ്റുള്ളവരുടെ കാര്യം നോക്കുന്നത്. നിനക്ക് നിന്റെ കാര്യം നോക്കിയാല്‍ പോരേ?’ ഈയൊരു പല്ലവി അറംപറ്റിയതുപോലെയായി പോയി. കല്യാണം കഴിച്ച് സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ മകന്‍ സ്വന്തം കാര്യം നോക്കി മാതാപിതാക്കളെ തനിച്ചാക്കി തന്റെ ജീവിതപങ്കാളിയുമായി പുതിയ കൂടുണ്ടാക്കി പോയി. മാതാപിതാക്കളുടെ സാന്നിധ്യം തന്ത്രപൂര്‍വം, വേണ്ടെന്നു വയ്ക്കുന്ന ഏറെ കുടുംബങ്ങള്‍ ഇന്ന് സൃഷ്ടിക്കപ്പെടുന്നു. മാതാപിതാക്കളെ വീട്ടില്‍നിന്നും വൃദ്ധമന്ദിരങ്ങളില്‍ ആക്കുന്ന മക്കള്‍ വിദ്യാഭ്യാസം ഇല്ലാത്തവരല്ല.
വളരെ വിശാലമായ ക്യാന്‍വാസിലാണ് ചാവറയച്ചന്‍ മക്കളെ വളര്‍ത്തലിനെ കാണുന്നത്. ചാവറപിതാവിന്റെ പതിനാറാം അരുളിന്റെ (ചാവരുള്‍ 16.1) ആദ്യഭാഗം മക്കളെ മാറ്റി പാര്‍പ്പിക്കലിലുള്ള കാരണവന്മാരുടെ കടമയെക്കുറിച്ചാണ്. കാരണവന്മാര്‍ മരിക്കുന്നതിനുമുമ്പുതന്നെ അവരെ മാറ്റി പാര്‍പ്പിക്കണം. ബോധത്തിന് ബലക്ഷയം വരുന്നതിനുമുമ്പ് അവര്‍ക്ക് വസ്തുക്കള്‍ ഭാഗം ചെയ്തുകൊടുക്കുക. ഇതല്ലാഞ്ഞാല്‍ മരണത്തിനുശേഷം അവര്‍ തമ്മില്‍ ഉണ്ടാകുന്ന വഴക്ക്, തര്‍ക്കം മുതലായ പാപങ്ങള്‍ക്കു മാതാപിതാക്കന്മാര്‍ ഉത്തരവാദികളാകും. മക്കളെ വളര്‍ത്തി പക്വതയിലേക്ക് പാകപ്പെടുത്തി എടുക്കുക എന്നതിന് ചാവറയച്ചന്‍ ഉപയോഗിക്കുന്ന വാക്ക് ‘കുടിമതിയാക്കുക’ എന്നതാണ്. ഇതൊരു ജീവിത കാലചക്രത്തിന്റെ പരിണാമ പരമായ പ്രയാണമായി കണക്കാക്കാം.
വിശുദ്ധ ചാവറപിതാവ് നല്ല അപ്പന്റെ ചാവരുളിലൂടെ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും കരുതിയതിന്റെ ആഴം അളക്കാന്‍ ആവുന്നതല്ല.

 ഫാ. ഫ്രാന്‍സിസ് വള്ളപ്പുര CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?