Follow Us On

02

December

2020

Wednesday

കടുത്തുരുത്തി വലിയപള്ളി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയം പ്രഖ്യാപനം ഫെബ്രുവരി 4 ന് മൂന്നുനോമ്പ് തിരുനാളിൽ

കടുത്തുരുത്തി വലിയപള്ളി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയം പ്രഖ്യാപനം ഫെബ്രുവരി 4 ന്  മൂന്നുനോമ്പ് തിരുനാളിൽ

കടുത്തുരുത്തി: കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ തലപ്പള്ളിയും തീർത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോന പള്ളി (വലിയപള്ളി) മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ പദവിയിൽ. പ്രഖ്യാപനം ഫെബ്രുവരി 4 ന് മൂന്നുനോമ്പ് തിരുനാളിലെ പുറത്തുനമസ്‌ക്കാരത്തിനോടനുബന്ധിച്ച് മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തും. മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ പദവിയിലേക്ക് ഉയർത്തിയതു സംബന്ധിച്ചുള്ള അറിയിപ്പ് സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയത്തിൽനിന്നു ലഭിച്ചതായി വികാരി ഫാ. അബ്രാഹം പറമ്പേട്ട് അറിയിച്ചു. പൗരസ്ത്യസഭകളിൽ ദൈവാലയത്തിനു നൽകുന്ന ഏറ്റവും വലിയ പദവിയാണിത്. ഇടവക വികാരി മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ വികാരി എന്ന പദവിയിലേക്ക് ഉയർത്തപ്പെടും.
ക്‌നാനായ കുടിയേറ്റം
പാരമ്പര്യമനുസരിച്ച്, ക്‌നായി തൊമ്മന്റെ നേതൃത്വത്തിൽ ഏഴില്ലം എഴുപത്തിരണ്ടു കുടുംബങ്ങളിൽപ്പെട്ട നാനൂറോളം യഹൂദ ക്രൈസ്തവർ ദക്ഷിണ മെസൊപ്പൊട്ടാമിയായിൽ നിന്ന് പ്രേഷിത ദൗത്യവുമായി എ.ഡി. 345 ൽ കൊടുങ്ങല്ലൂരിലേക്ക് കുടിയേറി. ഇവരുടെ സന്തതി പരമ്പരകളാണ് ക്‌നാനായക്കാർ.
കുടിയേറ്റം നടന്ന ഏതാനും വർഷം കൊടുങ്ങല്ലുർ നഗരത്തിൽ മാത്രമായിരുന്നു ക്‌നാനായക്കാർ അധിവസിച്ചിരുന്നത്. കാലക്രമത്തിൽ, വാണിജ്യവും, രാജ്യസേവനവും, പ്രേഷിത ദൗത്യവും ലക്ഷ്യമാക്കി ജലമാർഗ്ഗം എത്തിച്ചേരാവുന്ന ഉദയംപേരൂർ, കല്ലിശ്ശേരി, ചെമ്മനത്തുകര, കടുത്തുരുത്തി, ചുങ്കം, കോട്ടയം എന്നീ നാട്ടുരാജ്യ തലസ്ഥാനങ്ങളിൽ അവർ താമസമാക്കി.

വലിയപള്ളിയുടെ സ്ഥാപന ചരിത്രം
കടുത്തുരുത്തിയിലെ പുരാതനമായ ദേവാലയം 5-ാം ശതകത്തിൽ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യം.  ആദ്യത്തെ ദേവാലയത്തിന് ‘ചതുരപ്പള്ളി’ എന്നായിരുന്നു പേര്. തടികൊണ്ട് സമചതുരാകൃതിയിൽ പണിത് തറയിൽ കരിങ്കൽ പാളികൾ പാകി മീതെ പനയോലമേഞ്ഞതിനാലാവണം ഈ പേരുവന്നത്.  ആ കാലഘട്ടങ്ങളിൽ സമീപപ്രദേശങ്ങളിൽ മറ്റൊരു പള്ളിയും ഇല്ലാതിരുന്നതിനാൽ എല്ലാ വിഭാഗം ക്രിസ്ത്യാനികളും തങ്ങളുടെ ആത്മീയ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് കടുത്തുരുത്തി വലിയപള്ളിയായിരുന്നു.  ആദ്യത്തെ ദൈവാലയം കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ചു. ക്രൈസ്തവ സമൂഹം  വർദ്ധിച്ചപ്പോൾ കുറെക്കുടി സ്ഥലസൗകര്യമുള്ള ദൈവാലയം ആവശ്യമായി വന്നു. അതിനുവേണ്ടി 1456ൽ വെട്ടുകല്ലുകൊണ്ട് പണിതുയർത്തിയതാണ് രണ്ടാമത്തെ ആരാധനാലയം. ഈ പള്ളിയുടെ വടക്കുവശത്തായി ഒരു പള്ളിമുറിയും  തൊട്ടു പടിഞ്ഞാറായി മൂടപ്പെട്ട ഒരു കിണറും പള്ളിയ്ക്കുചുറ്റും ഗോപുരങ്ങളോടുകുടിയ  കോട്ടയും ഉണ്ടായിരുന്നു.
1590-ൽ പളളി വലുതാക്കി പണിതു. 1456-ൽ പണിത പള്ളിയുടെ നെടും ഭിത്തിയും മദ്ബഹായും അതേപടി നിലനിർത്തിക്കൊണ്ടാണ് പള്ളി വലുതാക്കി പണിതിരിക്കുന്നത്. അതിനായി 1568 മുതൽ 1597 വരെ കേരളസഭയെ ഭരിച്ച സുറിയാനി മെത്രാപ്പോലീത്ത മാർ അബ്രാഹം നാലു വൈദികരുടെ സാന്നിദ്ധ്യത്തിൽ ഫെബ്രുവരി 22ന് കല്ലിട്ടു എന്ന് പള്ളിയുടെ  വടക്കുവശത്തെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള കരിങ്കൽ ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മാർ അബ്രാഹം മെത്രാപ്പോലീത്താതന്നെ പള്ളി കൂദാശ ചെയ്യുകയും ചെയ്തു.
മദ്ബഹായും അൾത്താരയും
വലിയപള്ളിയിലെ മദ്ബഹായും അൾത്താരയും 16-ാം നൂറ്റാണ്ടിലെ ശില്പകലാവൈദഗ്ധ്യം വിളിച്ചറിയിക്കുന്ന ഒന്നാണ്.
കടുത്തുരുത്തിയിലെ പുരാതനപ്രസിദ്ധമായ കരിങ്കൽകുരിശ്
ഭാരതത്തിലെ ഏറ്റവും വലിയ കരിങ്കൽ കുരിശാണിത്. പത്തടിനീളവും വീതിയും ഉയരവുമുള്ള പീഠത്തിൽ 40 അടി നീളത്തിൽ (161/2 കോൽ) ഒറ്റക്കല്ലിൽതീർത്ത കരിങ്കൽകുരിശിന് മൊത്തം (50) അമ്പതടി ഉയരമുണ്ട്. കടത്തുരുത്തി പള്ളിക്ക് അനുയോജ്യമായ ഒരു കരിങ്കൽകുരിശുകൂടി സ്ഥാപിക്കണമെന്ന് മാർ അബ്രാഹം അഭിലഷിച്ചിരുന്നു. വലിയപള്ളിയുടെ നീളം 127 അടിയാണ്. പള്ളിയിൽ നിന്നു കരിങ്കൽകുരിശിങ്കലേയ്ക്കുള്ള അകലവും 127 അടിതന്നെയാണ്. ഈ കുരിശ് 1596 -ൽ പൂർത്തിയാക്കിയെങ്കിലും അതു കൂദാശചെയ്യുവാനുള്ള ഭാഗ്യം അബ്രാഹം മെത്രാപ്പോലീത്തായ്ക്കു ലഭിച്ചില്ല. 1597 -ൽ അദ്ദേഹം ദിവംഗതനായി. മാർ എബ്രാഹം മെത്രാപ്പോലീത്താ ചരമമടഞ്ഞതിനുശേഷം രണ്ടുവർഷം കഴിഞ്ഞ് 1599-ലെ വലിയ നോമ്പിലെ ദു:ഖവെള്ളിയാഴ്ച ദിവസം മെനേസീസ് മെത്രാപ്പോലീത്തായാണ് ഈ കുരിശിന്റെ കൂദാശകർമ്മം നിർവ്വഹിച്ചത്.
കരിങ്കൽ കുരിശിന്റെ മറ്റൊരു പ്രത്യേകതയാണ് മനോഹരമായ കൊത്തുപണികളോടുകൂടിയ ഉയർന്ന പീഠം. ക്‌നായിത്തൊമ്മന്റെ കൊടുങ്ങല്ലൂർ കുടിയേറ്റം, അദ്ദേഹത്തിന് ചേരമാൻ പെരുമാൾ ചെമ്പുപട്ടയം നൽകുന്ന രംഗം, കൊടുങ്ങല്ലൂരിന്റെ നാശത്തിന് വഴിതെളിച്ച യുദ്ധങ്ങൾ, ചെപ്പേടിന് കടുത്തുരുത്തിക്കാരൻ വിക്രമൻ ചിങ്ങൻ സാക്ഷിയായി നിൽക്കുന്ന രംഗം, കേരളവും തോമ്മാശ്ലീഹായും മൈലാപ്പൂരുമായുള്ള ബന്ധം തുടങ്ങിയ ചരിത്രസത്യങ്ങൾ ചിത്രരൂപേണ പീഠത്തിൽ കൊത്തിവച്ചിട്ടുണ്ട്. പ്രസ്തുതപീഠത്തിൽ പടിഞ്ഞാറുവശത്തുള്ള കമാനത്തിൽ കന്യകാമറിയം ഉണ്ണിയേശുവിനെ കൈയ്യിലേന്തി പള്ളിയ്ക്ക് അഭിമുഖമായി നിലകൊള്ളുന്നു. വടക്കുവശത്ത് ഒരു യഹൂദസ്ത്രീ – മറിയത്തിന്റെ അമ്മ – മകളെ തന്റെ സമീപത്തുചേർത്തുനിർത്തിയിരിക്കുന്ന ചിത്രം, കുരിശിന്റെ സമീപത്തേയ്ക്കു കടന്നുവരുന്ന പ്രേഷിതയെ ആഹ്വാനം ചെയ്തുകൊണ്ടു നിൽക്കുന്ന തോമ്മാശ്ലീഹാ, തെക്കുവശത്ത് പ്രേഷിതകുടിയേറ്റത്തിന്റെ നേതാവ് ക്‌നായിത്തോമ്മാ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹൃദ്യവും സുന്ദരവുമാണ്.
മൂന്നുനോമ്പു തിരുന്നാൾ
കടുത്തുരുത്തി വലിയപള്ളിയിലെ പ്രധാന തിരുനാളാണ് മൂന്നുനോമ്പുതിരുനാൾ. എ.ഡി. 570 നും 581-നും ഇടയ്ക്ക് നിനിവേ, ബേസ് ഗർമയി, അത്തൂർ എന്നീ പ്രദേശങ്ങളിൽ കഠിനമായ പ്ലേഗുബാധയുണ്ടായി. ജനങ്ങൾ കൂട്ടായി ദൈവത്തോടു പ്രാർത്ഥിക്കുകയും തിങ്കളാഴ്ചമുതൽ വ്യാഴാഴ്ചവരെ കഠിനമായി ഉപവസിക്കുകയും ചെയ്തു. പ്ലേഗിൽ നിന്നും വിമോചിതരായതിന്റെ  നന്ദി സൂചകമായി എല്ലാ വർഷവും ഈ ആചരണം തുടരണമെന്ന് അവർ തീരുമാനിച്ചു. പഴയനിയമ പ്രവാചകനായ യൗനാൻ ദീർഘദർശി രക്ഷയുടെ പാതയിലേക്ക് തങ്ങളെ നയിച്ച ചരിത്രസംഭവമാണ് മുന്നു നോമ്പിന്റെ ആരംഭകഥയായി ചിത്രീകരിക്കുന്നത്. ഒരു ജനം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്റെ അന്തസത്ത. ധ്യാനത്തിനും ജീവിതനവീകരണത്തിനും ഉദ്ദേശിച്ചിട്ടുള്ള ഒരു അവസരമായിട്ടാണ് പിതാക്കന്മാർ മൂന്നു നോമ്പിനെ ദർശിക്കുന്നത്.
പേത്തുർത്തായ്ക്കു മുമ്പ് മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നോമ്പാചരണവും വ്യാഴാഴ്ച തിരുന്നാളാഘോഷവുമാണ് പതിവ്.
കേരളത്തിൽ പ്രധാനമായും മൂന്നുനോമ്പാചരണവും ആഘോഷവും കടുത്തുരുത്തിയിലും കുറവിലങ്ങാടും മാത്രമേയുള്ളു. കടുത്തുരുത്തി വലിയപള്ളിയിൽ മൂന്നു നോമ്പ് പുരാതന കാലം മുതലേ നടന്നുവന്നിരുന്നതായി വിദേശ മിഷണറിമാരുടെ സാക്ഷ്യങ്ങളുണ്ട്.
പുറത്തുനമസ്‌ക്കാരം
അതിപുരാതനകാലം മുതൽതന്നെ കടുത്തുരുത്തി വലിയപള്ളിയിൽ മുന്നുനോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച്ച വൈകുന്നേരം കരിങ്കൽകുരിശുങ്കൽ നടത്തിവരുന്ന ഒരു പ്രാർത്ഥനായജ്ഞമാണ് പുറത്തുനമസ്‌കാരം. കടുത്തുരുത്തിയുടെ സമീപപ്രദേശങ്ങളിലുള്ള നാനാജാതി മതസ്ഥർ ഈ ശുശ്രൂഷയിൽ പങ്കെടുത്തു വരുന്നു. ഇന്നോളം കടുത്തുരുത്തി വലിയപള്ളിയിൽ മാത്രമുള്ള ഈ സവിശേഷ പ്രാർത്ഥന വലിയപള്ളിയുടെ ഏറ്റം പ്രധാനപ്പെട്ട ആത്മീയ പൈതൃകമായി കരുതാം.
സുറിയാനിയിലുള്ള കാനോനനമസ്‌കാരത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തുനമസ്‌കാരത്തിന് ഉപയോഗിക്കുക. ആദ്യകാലങ്ങളിൽ സുറിയാനിക്രമത്തിലായിരുന്നു ഈ പ്രാർത്ഥന നടത്തിയിരുന്നത്.  പാപബോധത്തിൽ നിന്നുളവാകുന്ന പശ്ചാത്താപവും ദൈവകാരുണ്യത്തി നായുള്ള മുറവിളിയുമാണ് പുറത്തുനമസ്‌ക്കാരത്തിന്റെ ഉള്ളടക്കം.
കടുത്തുരുത്തി വലിയപള്ളിയുടെ പ്രാധാന്യം വിളിച്ചോതുന്ന ഏതാനും ചില ചരിത്ര സംഭവങ്ങൾ
1. മാർ അബ്രഹാം 1568 മുതൽ 1597വരെ മലബാർ സഭയെ ഭരിച്ച അവസാനത്തെ കൽദായ മെത്രാനായിരുന്നു. മാർ അബ്രഹാം ഏറെക്കാലം കടുത്തുരുത്തിയിൽ താമസിച്ചു ഇപ്പോഴത്തെ പള്ളിക്കു അദ്ദേഹം നാലു വൈദികരുമൊന്നിച്ചു കല്ലിട്ടു (1590) എന്ന് പള്ളിഭിത്തിയിൽ ശിലാഫലകം ഉണ്ട്. പള്ളിക്കനുയോജ്യമായ കൽക്കുരിശു പള്ളിയങ്കണത്തിൽ വേണമെന്നു നിശ്ചയിച്ചു അതിന്റെ പണി നടത്തിച്ചതും മാർ അബ്രഹാം തന്നെ.
2. മെനേസീസ് മെത്രാപ്പോലീത്ത
കേരളസഭയെ സത്യവിശ്വാസത്തിൽ ഉറപ്പിക്കാനെന്ന ലക്ഷ്യത്തോടെ ഗോവാക്കാരൻ മെനേസിസ് മെത്രാപ്പോലീത്ത    ഉദയംപേരൂർ സുഹദോസ് 1599 ജൂണിൽ വിളിച്ചുകൂട്ടുകയും തുടർന്നും അനുഭാവമുള്ള പള്ളികളിൽ ആദ്യമാദ്യം സന്ദർശിച്ചു ശരിയായ വിശ്വാസം ഉണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്തു. അങ്ങനെ കടുത്തുത്തിയിലെത്തി ദുഃഖവെള്ളിയാഴ്ച സുപ്രസിദ്ധമായ കടുത്തുരുത്തി കൽക്കുരിശു അദ്ദേഹം വെഞ്ചരിച്ചു.
3. അർണോസ് പാതിരി
പുത്തൻപാന (അമ്മ കന്യാമണിതന്റെ) എന്ന സുന്ദരമായ കാവ്യം രചിച്ച യൂറോപ്യനായ അർണോസ് പാതിരി 1700 മുതൽ 1732 വരെ കൊടുങ്ങല്ലൂരും തൃശൂരുമൊക്കെ വച്ചു മലയാളവും സംസ്‌കൃതവും പഠിച്ച സുന്ദരമായ മണിപ്രവാളകാവ്യങ്ങൾ വിചരിച്ചു. എന്നാൽ കത്തോലിക്കർക്കു ഭക്തമാർഗ്ഗത്തിനു ഉപകരിക്കത്തവിധം ലളിതമായ മലയാളഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കാനാഗ്രഹിച്ച ഈശോസഭാംഗമായ അർണോസ് പാതിരി കടുത്തുരുത്തിയിൽ വന്നു താമസിക്കുകയും വനിതകളെ വിളിച്ചുകൂട്ടി പുരാതന പാട്ടുകൾ കേട്ടുപഠിക്കുകയും ചെയ്തു. ഉപ്പുട്ടിൽ കുടുംബത്തിലെ സ്ത്രീകൾ ഈ പാട്ടിൽ നൈപുണ്യമുള്ളവരെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. മഹാകവി പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന യുടെ മാതൃകയിലാണ് പുത്തൻപാന രചിച്ചത്.
4. പറമ്പിൽ ചാണ്ടി മെത്രാൻ
1663 ജനുവരി 31 -ാം തീയതി മലബാർ സഭയിലെ ആദ്യ നാട്ടുമെത്രാനായ കുറവിലങ്ങാട്ടുകാരൻ പറമ്പിൽ ചാണ്ടി മെത്രനെ വാഴിച്ചത് കടുത്തുരുത്തി വലിയപള്ളിയിൽ വച്ചാണ്. വാഴിച്ച ബിഷപ്പ് സെബസ്ത്യാനി അന്ന് താമസിച്ചിരുന്നത് കടുത്തുരുത്തിയിലായിരുന്നു. അസ്വസ്ഥതകൾ നിറഞ്ഞ മലബാർ സഭയിൽ എവിടെ വച്ച് മെത്രാൻപട്ടം നൽകണമെന്നതിനെപ്പറ്റി ചർച്ചകളും വിവാദങ്ങളുമുണ്ടായി. അപ്പോൾ ക്‌നാനായക്കാരുടെ നേതാവായിരുന്ന ചുങ്കം പച്ചിക്കര തരകൻ കടുത്തുരുത്തി വലിയ പള്ളിയിൽ വച്ച് നടത്താമെന്ന് ഏറ്റെടുത്തു. അങ്ങനെ കടുത്തുരുത്തി വലിയപള്ളി അതിന് വേദിയായി.
5. മാർ മാത്യു മാക്കീൽ
മാർ മാത്യു മാക്കീൽ മെത്രാനാകുന്നതിനുമുമ്പ് അദ്ദേഹത്തെ ചങ്ങനാശ്ശേരി വികാരിയത്തിലുള്ള ക്‌നാനായക്കാരുടെ വികാരി ജനറളായി ലവീഞ്ഞ് മെത്രാൻ നിയമിച്ചു. 1890 ജനുവരി മാസം എട്ടാം തീയതി ലവീഞ്ഞ് മെത്രാൻ കൈപ്പുഴ പള്ളിയിൽ ചെല്ലുകയും അവിടെ വികാരിയായിരുന്ന മാക്കീൽ അച്ചനെ വികാരി ജനറാളായി പ്രഖ്യാപിക്കുകയും ചെയ്തു. വികാരി ജനറാളിന്റെ സ്ഥാനാരോഹണത്തെപ്പറ്റി ആലോചിക്കുവാൻ ലവീഞ്ഞു മെത്രാന്റെ സാന്നിധ്യത്തിൽ ക്‌നാനായ വൈദികരും ജനപ്രതിനിധികളും കൈപ്പുഴയിൽ ചേരുകയും സ്ഥാനാരോഹണം കടുത്തുരുത്തിയിലെ ക്‌നാനായക്കാരുടെ തലപ്പള്ളിയായ വലിയപള്ളിയിൽ വച്ച് നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ച് 1890ലെ മൂന്നു നോമ്പിന് മാക്കീൽ മത്തായി അച്ചൻ അംശവസ്ത്രങ്ങൾ അണിഞ്ഞ് പൊന്തിഫിക്കൽ സുറിയാനി പാട്ടുകുർബാന അർപ്പിച്ചാണ് സ്ഥാനാരോഹണം ചെയ്തത്.
6) ഡൊമിനിക്കൻ സന്യാസി ഫാ. ഡൊണാത്തി
1626 ൽ ഇറ്റലിയിലെ ഫ്‌ളോറൻസിൽ നിന്നും കേരളത്തിൽ വന്നു. സുറിയാനി ക്രിസ്ത്യാനികളോടുള്ള മമത നിമിത്തം തന്റെ ആസ്ഥാനം കടുത്തുരുത്തിയിലാക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. സ്വന്തം ചിലവിൽ അദ്ദേഹം അവിടെ ഒരു സെമിനാരി പണിയിച്ചു. ഫാ. ഡൊണാത്തി കടുത്തുരുത്തി വലിയപള്ളിയെ കത്തീഡ്രൽ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
അലക്‌സാണ്ടർ ഏഴാമൻ മാർപ്പാപ്പയുടെ തിരുവെഴുത്ത്
1653 ജനുവരി3 ന് നടന്ന കൂനൻകുരിശ് സത്യത്തെ തുടർന്ന് മലങ്കരസഭയിൽ പിളർപ്പുണ്ടായപ്പോൾ ക്‌നാനായക്കാരിൽ ഭൂരിഭാഗവും മാർപ്പാപ്പയ്ക്ക് വിധേയത്വം പ്രഖ്യാപിച്ചു. ഈ നിലപാടിനെ ശ്ലാഘിച്ചുകൊണ്ട്‌ അലക്‌സാണ്ടർ ഏഴാമൻ മാർപ്പാപ്പ മലങ്കരസഭയ്ക്ക് ഒരു തിരുവെഴുത്ത് അയച്ചു തന്നു. 1660 ജൂലൈ 3-ാം തീയതി കടുത്തുരുത്തി വലിയപള്ളിയിൽ വച്ചാണ് അത് വായിച്ച് വിളംബരം ചെയ്തത്.
മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയിലേക്ക് ദൈവാലയം ഉയർത്തിയതിന്റെ സന്തോഷത്തോടെയും കൃതജ്ഞതയോടെയും തിരുനാൾ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ഇടവകയിലെ ദൈവജനം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?