Follow Us On

28

March

2024

Thursday

പകരം നല്‍കാന്‍ ഒന്നുമില്ലാത്തവര്‍ക്കും കൂടി നല്‍കണം

പകരം നല്‍കാന്‍  ഒന്നുമില്ലാത്തവര്‍ക്കും കൂടി നല്‍കണം

അതിഥിക്കും ആതിഥേയനും യേശു നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ലൂക്കാ 14:7-14-ല്‍ നാം കാണുന്നത്. ഈ ഭാഗത്ത് യേശു പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, അതിഥിയായി ചെല്ലുമ്പോള്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത് കയറി ഇരിക്കരുത്. കാരണം നിന്നെക്കാള്‍ പ്രധാനിയായ ഒരുവന്‍ വന്നാല്‍, അവന് സീറ്റ് കൊടുക്കാന്‍വേണ്ടി ആതിഥേയന്‍ നിന്നെ അപ്രധാന സീറ്റിലേക്ക് മാറ്റും. അത് നിനക്ക് നാണക്കേട് ഉണ്ടാക്കും.
രണ്ട്, നീ കുറച്ച് പ്രധാനിയാണെങ്കിലും കുറച്ച് അപ്രധാന സ്ഥലത്ത് പോയി ഇരിക്കുക. അപ്പോള്‍ ആതിഥേയന്‍ വന്ന് നിന്നെ കുറേക്കൂടി പ്രമുഖ സ്ഥാനത്തേക്ക് ക്ഷണിച്ചിരുത്തും. അപ്പോള്‍ നിനക്ക് മഹത്വം കിട്ടും.
മൂന്ന്, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. യേശു പറഞ്ഞ ആദ്യത്തെ രണ്ട് കാര്യങ്ങളുടെ സംഗ്രഹമാണിത്. ഈ ഉപദേശങ്ങളെല്ലാം അതിഥികളായി വരുന്നവര്‍ക്ക് ഉള്ളവയാണ്.
തുടര്‍ന്ന് ആതിഥേയര്‍ക്കുള്ള ഉപദേശങ്ങള്‍ യേശു നല്‍കുന്നത് ഇപ്രകാരമാണ്. ഒന്ന്, നീ സദ്യ നടത്തുമ്പോള്‍ സ്‌നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരുപക്ഷേ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അത് നിനക്ക് പ്രതിഫലമാവുകയും ചെയ്യും. രണ്ട്, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും. എന്തെന്നാല്‍ പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്ക് പ്രതിഫലം ലഭിക്കും.
ഈ വചനങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് ചില ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാം. ചെയ്യുന്ന നന്മകള്‍ക്ക് രണ്ടുവിധത്തില്‍ പ്രതിഫലം ലഭിക്കാം. ആദ്യത്തേത് ഈ ലോകത്തില്‍വച്ച് മനുഷ്യര്‍ നല്‍കുന്ന പ്രതിഫലം. രണ്ടാമത്തേത്, ജീവിതകാലത്തും മരണശേഷവും ദൈവം തരുന്ന പ്രതിഫലം. മനുഷ്യരില്‍നിന്നുള്ള പ്രതിഫലം മാത്രം ആഗ്രഹിച്ചാണ് നമ്മള്‍ പല നന്മകളും ചെയ്യുന്നത്. മനുഷ്യരില്‍നിന്ന് പ്രതിഫലം കിട്ടിയെന്നും വരാം. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത്, പ്രതിഫലം തരാനില്ലാത്തവര്‍ക്ക് നമ്മള്‍ ചെയ്യുന്ന നന്മകളാണ്.
ഈ കാലഘട്ടത്തില്‍, പ്രതിഫലം നല്‍കാന്‍ ഇല്ലാത്തവര്‍ക്ക് നന്മകള്‍ ചെയ്യുന്നവരുടെ എണ്ണം വളരെയധികമാണ്. പഠനസഹായം, വിവാഹസഹായം, വീട് വയ്ക്കാന്‍ സഹായം, ജോലി കിട്ടാന്‍ സഹായം എന്നിവയെല്ലാം ചെയ്യുന്നവരുണ്ട്. തങ്ങളുടെ സമയവും കഴിവുകളും സ്വാധീനങ്ങളും പ്രതിഫലം തരാന്‍ കഴിവില്ലാത്തവര്‍ക്കായി മാറ്റിവയ്ക്കുന്നവര്‍ ഉണ്ട്. താന്‍ വലിയ വീട് വയ്ക്കുമ്പോള്‍ ഒരു പാവപ്പെട്ടവന് വീടുണ്ടാക്കാന്‍ സഹായിക്കുന്നവര്‍ ഉണ്ട്. മക്കളുടെ വിവാഹം ആഘോഷപൂരവം നടത്തുമ്പോള്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക് വിവാഹസഹായം നല്‍കുന്നവര്‍ ഉണ്ട്. വലിയ പള്ളി പണിത് വെഞ്ചരിക്കുന്നതോടൊപ്പം ഒരു പാവപ്പെട്ടവനെങ്കിലും വീട് നല്‍കി വെഞ്ചരിക്കുന്ന ഇടവകകള്‍ ഉണ്ട്. മാമോദീസ, ആദ്യകുര്‍ബാന, വിവാഹിനിശ്ചയം, വിവാഹം, വീടുവെഞ്ചരിപ്പ് തുടങ്ങിയവ നടത്തുമ്പോള്‍ ഏതെങ്കിലും അനാഥശാലയിലെയോ വൃദ്ധമന്ദിരങ്ങളിലെയോ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സമയത്ത് പാവപ്പെട്ടവര്‍ക്ക് പഠനസഹായം ആരും ചോദിക്കാതെപോലും നല്‍കുന്നവര്‍ ഉണ്ട്. ദൈവത്തില്‍നിന്നും ഈ ജീവിതകാലത്തും മരണശേഷവും അവര്‍ക്ക് പ്രതിഫലം ലഭിക്കും. എന്നാല്‍ വേറെ ചിലരെ നമ്മള്‍ കണ്ടിട്ടുണ്ട്. അവര്‍ ചില പ്രത്യേക അവസരങ്ങളില്‍ അവര്‍ക്ക് വേണ്ടാത്ത സാധനങ്ങള്‍ കൊണ്ടുപോയി ഒഴിവാക്കാനുള്ള സ്ഥലങ്ങളായി പാവപ്പെട്ടവരെ കാണാറുണ്ട്. പ്രളയം വന്നാല്‍ അവര്‍ അവര്‍ക്കുവേണ്ടാത്ത വസ്ത്രങ്ങള്‍ ദാനം ചെയ്യാന്‍ തയാര്‍. സദ്യക്ക് ഉണ്ടാക്കിയ ഭക്ഷണം മിച്ചം വന്നാല്‍ അനാഥശാലയിലോ വൃദ്ധമന്ദിരത്തിലോ ഏതെങ്കിലും പാവപ്പെട്ടവന്റെ വീട്ടിലോ ദാനം ചെയ്യാന്‍ അവര്‍ തയാര്‍. എന്നാല്‍ സദ്യക്ക് ക്ഷണിച്ചപ്പോള്‍ ഈ അനാഥശാലയിലെ അന്തേവാസികളെയോ വൃദ്ധമന്ദിരത്തിലെ അന്തേവാസികളെയോ ക്ഷണിക്കാനോ അല്ലെങ്കില്‍ ഭക്ഷണം എത്തിച്ചു നല്‍കുവാനോ അവര്‍ മനസ് കാണിക്കുന്നില്ല. മിച്ചം വന്നാല്‍ ഒഴിവാക്കാനുള്ള സ്ഥലങ്ങളായി മാത്രമേ ഇത്തരക്കാരെ അവര്‍ കാണാറുള്ളൂ.
നമുക്ക് സ്വീകരിക്കാവുന്ന ഒരു പ്രായോഗികവഴിയുണ്ട്. നമ്മള്‍ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ അത്യാവശ്യം ഉള്ളവരെ വിളിക്കാതെ വയ്യ. പക്ഷേ, ഈ കൂട്ടത്തില്‍ തിരിച്ചൊരു സദ്യക്കുപോലും നമ്മെ വിളിക്കുവാന്‍ കഴിവില്ലാത്തവരെകൂടി സദ്യസ്ഥലത്തേക്ക് ആദരവോടെ കൊണ്ടുവന്ന് സദ്യ നല്‍കാന്‍ ശ്രമിക്കാം.
മത്തായി 25:31 മുതലുള്ള വാക്യങ്ങളില്‍ അന്ത്യവിധിയെപ്പറ്റിയുള്ള ഉപമ യേശു പറയുന്നുണ്ട്. ആളുകളെ തന്റെ വലതുവശത്തും ഇടതുവശത്തുമായി വേര്‍തിരിച്ച് നിര്‍ത്തിയിട്ട് വലതുവശത്ത് ഉള്ളവരോട് യേശു പറയുന്നുണ്ട്, ഈ എളിയവരില്‍ ഒരാള്‍ക്ക് ചെയ്തപ്പോള്‍ എനിക്കുതന്നെയാണ് നിങ്ങള്‍ ചെയ്തത്. ഇടതുവശത്തുള്ളവരോട് പറയുന്നത് ഇതാണ്: ഈ എളിയവരില്‍ ഒരാള്‍ക്ക് നിങ്ങള്‍ ഇത് ചെയ്യാതിരുന്നപ്പോള്‍ എനിക്കുതന്നെയാണ് ചെയ്യാതിരുന്നത്. ചെയ്ത പരോപകാര പ്രവൃത്തികള്‍ ദൈവം ഓര്‍മപ്പെടുത്തിക്കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും. നമ്മള്‍ ചെയ്യേണ്ടിയിരുന്നതും ചെയ്യാതെ പോയതുമായ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് ദൈവം നമ്മെ അമ്പരപ്പിക്കും. വിധിയുടെ സമയത്ത് അത്ഭുതപ്പെടുവാനും ആനന്ദിക്കുവാനും ഇഷ്ടംപോലെ കാരണങ്ങള്‍ നമുക്ക് ഉണ്ടാകട്ടെ. അതിനായി പ്രതിഫലം തരാന്‍ പറ്റാത്തവര്‍ക്ക് നമുക്ക് കൂടുതല്‍ നന്മകള്‍ ചെയ്യാം. പ്രതിഫലം തരാന്‍ പറ്റാത്തവരുടെ കൂട്ടത്തില്‍ ഒരു നന്ദിവാക്ക് പോലും പറയാന്‍ അറിയാത്തവരും മനസില്ലാത്തവരും കാണും. അത് പലപ്പോഴും നമ്മുടെ മനസിനെ മടുപ്പിക്കുകയും നന്മ ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ദൈവം തരാന്‍ പോകുന്ന പ്രതിഫലത്തിലേക്ക് നോക്കിയാല്‍ നമുക്ക് മടുപ്പ് തോന്നുകയില്ല.

ഫാ. ജോസഫ് വയലില്‍ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?