Follow Us On

25

April

2024

Thursday

ജനുവരി 17: വിശുദ്ധ അന്തോണീസ്

ജനുവരി 17: വിശുദ്ധ അന്തോണീസ്

‘സന്യാസികളുടെ പിതാവ്‌’ എന്നറിയപ്പെടുന്ന മഹാനായ വിശുദ്ധ അന്തോണിയുടെ സ്ഥാനം വളരെ വലുതാണ്. ഏതാണ്ട് 250-ല്‍ മധ്യ-ഈജിപ്തിലാണ് വിശുദ്ധന്‍ ജനിച്ചത്‌. വളരെ ശ്രേഷ്ഠരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. അവരുടെ പെട്ടെന്നുള്ള മരണത്തോടെ വിശുദ്ധന്‍ തന്നെതന്നെ പൂര്‍ണ്ണമായും അനശ്വരതക്കര്‍ഹമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം സമര്‍പ്പിച്ചു.

ഒരിക്കല്‍ ദേവാലയത്തിലായിരിക്കുമ്പോള്‍ അദ്ദേഹം ഒരു സുവിശേഷ വാക്യം ശ്രവിക്കുവാനിടയായി,ഇപ്രകാരമായിരിന്നു അത്, “നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക.” (മത്തായി 19:21) ഈ വാക്യം ക്രിസ്തു നേരിട്ട് തന്നോട്‌ വ്യക്തിപരമായി ആവശ്യപ്പെടുന്നതായി വിശുദ്ധനു തോന്നി. ഒട്ടും വൈകാതെ തന്നെ വിശുദ്ധന്‍ തന്റെ സ്വത്തെല്ലാം വിറ്റ് ദരിദ്രര്‍ക്ക്‌ കൊടുത്തു. ഏതാണ്ട് 270-ല്‍ ദൈവീക ജീവിതത്തിനായി മരുഭൂമിയിലേക്ക്‌ പോയി. ക്ഷീണമനുഭവിക്കുമ്പോള്‍ അദ്ദേഹം കിടന്നിരുന്ന കിടക്ക ഉറച്ച പാറയായിരുന്നു.അദ്ദേഹം തന്നെതന്നെ കഠിനമായ സഹനങ്ങള്‍ക്ക് വിധേയനാക്കി. വെറും അപ്പവും, ഉപ്പും മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. വെറും വെള്ളം മാത്രം കുടിക്കുകയും ചെയ്തിരുന്നു. സൂര്യാസ്തമനത്തിനു മുന്‍പ്‌ വിശുദ്ധന്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. രാവും പകലും പ്രാര്‍ത്ഥനകളുമായി രണ്ടു ദിവസത്തോളം ഒരു ഭക്ഷണവും കഴിക്കാതെ അദ്ദേഹം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

നിരന്തരമായി വിശുദ്ധന്‍ പൈശാചിക ആക്രമണങ്ങള്‍ക്ക് വിധേയനായിരുന്നു, പക്ഷേ ഇവയെല്ലാം വിശുദ്ധന്റെ നന്മയും ഭക്തിയും കൂട്ടുവാനേ ഉപകരിച്ചുള്ളു. സ്വയം സ്വീകരിക്കുന്ന ദാരിദ്ര്യം, ക്രിസ്തുവിനോടുള്ള അടിയുറച്ച സ്നേഹം, എളിമ, ഉപവാസം കുരിശടയാളം” എന്നിവ വഴിയായി സാത്താനെ തോല്‍പ്പിക്കാന്‍ അദ്ദേഹം തന്റെ ശിഷ്യരോട് ആഹ്വാനം ചെയ്തു.

356-ല്‍ വിശുദ്ധനു 105 വയസ്സ് പ്രായമായപ്പോള്‍ ചെങ്കടലിന് സമീപമുള്ള കോള്‍സീന്‍ പര്‍വ്വതത്തില്‍ വെച്ച് വിശുദ്ധന്‍ മരണപ്പെട്ടു. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ സുഹൃത്തും, നിര്‍ഭയനുമായിരുന്ന മെത്രാന്‍ വിശുദ്ധ അത്തനാസിയൂസ് വിശുദ്ധ അന്തോണിയുടെ ജീവചരിത്രമെഴുതി. ഇത് നൂറ്റാണ്ടുകളോളം സന്യസ്തരുടെ ഇതിഹാസ ഗ്രന്ഥമായി തുടര്‍ന്നു.

വിശുദ്ധ അന്തോണിയുടെ കാഴ്ചപ്പാടില്‍ സന്യാസജീവിതത്തിന്റെ ലക്ഷ്യം, ശരീരത്തെ നശിപ്പിക്കുകയെന്നല്ല, മറിച്ച് അതിനെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന്, ദൈവം നല്‍കിയിട്ടുള്ള കാരുണ്യവുമായി സമന്വയിപ്പിക്കുകയെന്നതാണ്.

ഏതാണ്ട് 20 വര്‍ഷത്തോളം വിശുദ്ധ അന്തോണി ഏകാന്തവാസം നയിച്ചു. ഒരു വേദനയും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നില്ല, ഒരു സന്തോഷവും അദ്ദേഹത്തെ അന്ധനാക്കിയിരുന്നുമില്ല. ആളുകളുടെ വശ്യതയാര്‍ന്ന പ്രശംസാ വാചകങ്ങളോ അഭിനന്ദനങ്ങളോ അദ്ദേഹത്തെ ഇളക്കിയിരുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ലോകത്തിലെ പൊങ്ങച്ചങ്ങള്‍ക്കൊന്നും വിശുദ്ധനെ സ്വാധീനിക്കുവാന്‍ കഴിഞ്ഞിരുന്നില്ല, ആന്തരികമായ ശാന്തതയും, സൗഹാര്‍ദ്ദവും അനുഭവിച്ചുകൊണ്ട്, യുക്തിബോധത്താല്‍ നയിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍.

“നാം തുടങ്ങിവെച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ്‌ തളരാതിരിക്കുക എന്നത് നമ്മുടെ ഏറ്റവും പ്രധാന ലക്ഷ്യമായിരിക്കണം. ക്ലേശത്തിന്റേയും സഹനത്തിന്റേയും നാളുകളില്‍ നമ്മുടെ ധൈര്യം ഒട്ടും തന്നെ കൈവിടാതെ നാം പറയണം: എന്റെ മക്കളെ, നമുക്ക്‌ നമ്മുടെ സന്യാസജീവിതത്തെ സംരക്ഷിക്കാം. ആയതിനാല്‍ നമുക്ക്‌ ക്ഷീണിതരും, ഹൃദയം നുറുങ്ങിയവരുമാകാതിരിക്കാം, എപ്പോഴും നാം നമ്മുടെ കണ്‍മുന്‍പില്‍ മരണത്തെ കുറിച്ചുള്ള ചിത്രവുമായി ജീവിക്കുകയാണെങ്കില്‍, നാം പാപം ചെയ്യുകയില്ല. അപ്പസ്തോലന്‍മാരുടെ വാക്കുകള്‍ നമ്മോടു പറയുന്നത്.”

“നാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടു കൂടിവേണം ഓരോ ദിവസവും രാവിലെ നാം എഴുന്നേല്‍ക്കേണ്ടത്, രാവിലെ എഴുന്നേല്‍ക്കുകയില്ല എന്ന ബോധ്യത്തോടുകൂടിവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തേ ക്കുറിച്ച് യാതൊരു ഉറപ്പുമില്ല. നാം ഇത് മനസ്സിലാക്കി ജീവിക്കുകയും അപ്പസ്തോലന്മാരുടെ വാക്കുകള്‍ അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍, നമ്മള്‍ പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക്‌ മരണത്തെ നേരിടുവാന്‍ സാധിക്കും.” സന്യാസിന്മാരോടായി വിശുദ്ധന്‍ പറഞ്ഞ വാക്കുകളാണിവ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?