Follow Us On

29

November

2020

Sunday

ഭരണഘടന പദവികള്‍ക്കു നേരെ വിരലുകള്‍ ഉയരുമ്പോള്‍

ഭരണഘടന പദവികള്‍ക്കു നേരെ  വിരലുകള്‍ ഉയരുമ്പോള്‍

ഗവര്‍ണറും ഭരണ-പ്രതിപക്ഷ കക്ഷികളും തമ്മില്‍ കേരളത്തില്‍ തുറന്ന ഏറ്റുമുട്ടലിലാണ്. ഉടനെയെങ്ങും അതു തീരുമെന്നും തോന്നുന്നില്ല. ഗവര്‍ണര്‍മാര്‍ക്കു നേരെ കരിങ്കൊടികളും പ്രതിഷേധവും ഇതിനുമുമ്പും സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, അന്നൊന്നും അവര്‍ക്ക് എതിരെയുള്ള വ്യക്തിപരമായ പ്രതിഷേധങ്ങളായിരുന്നില്ല. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ഉണ്ടായ പ്രതിഷേധത്തെ നിസാരമായി കാണാനാവില്ല. ലോകം ആദരവോടെ കാണുന്ന ചരിത്ര പണ്ഡിതന്മാരും ഗവേഷകരും ചരിത്ര വിദ്യാര്‍ത്ഥികളുമടങ്ങിയ സദസില്‍നിന്നാണ് അത്തരമൊരു പ്രതികരണം ഉണ്ടായത്. അതിനാല്‍ നമ്മുടെ നാട്ടില്‍ സാധാരണ നടക്കുന്ന പ്രതിഷേധങ്ങളുടെ വിഭാഗത്തില്‍ അത് ഉള്‍പ്പെടുത്താനാവില്ല. പ്രതിഷേധത്തിന്റെ ശരിതെറ്റുകളെപ്പറ്റി അഭിപ്രായപ്രകടനം നടത്തുന്നില്ല. കാരണം, കേരളത്തില്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്.
എന്നാല്‍, ഇവിടെ യഥാര്‍ത്ഥ വസ്തുത പരിഗണിക്കപ്പെട്ടില്ലെന്നൊരു അഭിപ്രായമുണ്ട്. ഈ വിധത്തില്‍ പ്രതിഷേധിച്ചതു ശരിയോ തെറ്റോ എന്നതിലേക്കുമാത്രം ചര്‍ച്ചകള്‍ ഒതുങ്ങിയപ്പോള്‍ അടിസ്ഥാന കാരണം മറയ്ക്കപ്പെട്ടു. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചോ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി ആയിട്ടോ അല്ല ആ പദവിയില്‍ എത്തിയത്. എന്നിട്ടും അദ്ദേഹത്തിന്റെ നിഷ്പക്ഷതയില്‍ സംശയങ്ങള്‍ ഉയരുന്നതിന്റെ കാരണമാണ് പരിശോധിക്കപ്പെടേണ്ടത്. നമ്മുടെ ഭരണഘടനാ പദവികളെയുടെയും സ്ഥാപനങ്ങളുടെയും നിഷ്പക്ഷതയില്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ സംശയങ്ങളുണ്ട്.
ജനാധിപത്യത്തില്‍ ഭരണഘടനാ പദവികളുടെ മൂല്യം ഇടിയുന്നതും ജനങ്ങള്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നതും ഒട്ടും ഗുണകരമല്ല. ഭരണഘടനാശില്പികള്‍ ഉന്നത ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്ത പദവികള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിച്ചതിന്റെ പരിണിതഫലമാണിത്. അങ്ങനെ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഭരണനേതൃത്വത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ്. രാഷ്ട്രീയ നേതാക്കന്മാരുടെ റിട്ടയര്‍മെന്റ് തസ്തികകളായി ഗവര്‍ണര്‍ പദവികള്‍ മാറിയിരിക്കുന്നു. അല്ലെങ്കില്‍ രാഷ്ട്രീയ വിധേയത്വം അതിന്റെ മാനദണ്ഡമായി.
കേന്ദ്ര മന്ത്രിസഭ എടുത്ത നിര്‍ണായക തീരുമാനങ്ങളില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കാതെ തിരിച്ചയച്ച സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സംസ്ഥാന നിയമസഭകളെ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനങ്ങളില്‍. പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്കല്ല, രാജ്യത്തിന്റെ ഭരണഘടനക്കാണ് പ്രാധാന്യമെന്ന് അവര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു തീരുമാനം അത്തരം പദവികള്‍ വഹിക്കുന്നവരില്‍നിന്നും ഉണ്ടാകുമോ? ജനമനസുകളില്‍ നവസ്വപ്‌നങ്ങള്‍ നിറച്ച ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനെപ്പോലെ ഒരാള്‍ പ്രസിഡന്റു പദവിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതാനാകുമോ?
വലിയ ലക്ഷ്യങ്ങളോടെ വിഭാവനം ചെയ്യപ്പെട്ട പദവികള്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും അനുഭാവികള്‍ക്കുമായി വിഭജിക്കപ്പെട്ടതിന്റെ തിക്തഫലങ്ങള്‍ കേരളവും അനുഭവിക്കുന്നുണ്ട്. 2005-ല്‍ വിവരാവകാശ നിയമം നിലവില്‍വന്നപ്പോള്‍ വളരെ വിപ്ലവകരമെന്നായിരുന്നു വിശേഷിക്കപ്പെട്ടത്. രാജ്യം ഞെട്ടിയ പല അഴിമതിക്കഥകളും പുറംലോകം അറിയുന്നതിന് കാരണമായത് ഈ നിയമമായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും കുറയ്ക്കുന്നതില്‍ വിവരാവകാശ നിയമം വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യസമയത്ത് മറുപടി നല്‍കാതെയും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് നിയമത്തെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഇടപെടലുകളെ ചെറുത്തുതോല്പിക്കാന്‍ കഴിഞ്ഞത് വിവരാവകാശ കമ്മീഷണര്‍മാരുടെ ശക്തമായ ഇടപെടലുകള്‍ മൂലമായിരുന്നു. നിഷ്പക്ഷരെന്ന് പേരുകേട്ടവരായിരുന്നു ആ പദവികള്‍ വഹിച്ചിരുന്ന പലരും. അതിനാല്‍ത്തന്നെ ഭരണനേതൃത്വവുമായി പല വിവരാവകാശ കമ്മീഷണര്‍മാര്‍ക്കും ഇടയേണ്ടിവന്നിട്ടുണ്ട്. വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കുന്നതില്‍ ഇപ്പോള്‍ രാഷ്ട്രീയം ഒരു ഘടകമായിരിക്കുന്നു. ഇനി അധികം കഴിയാതെ വിവരാവകാശ നിയമവും ചിറകരിയപ്പെടും. ടി.എന്‍ ശേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയപ്പോഴാണ് ആ പദവിയുടെ ശക്തി രാജ്യം തിരിച്ചറിഞ്ഞത്. പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ വളരെ പ്രധാനപ്പെട്ടവരാണെന്ന് ചുരുക്കം.
കേരളത്തിലെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ പദവികള്‍ തീരുമാനിക്കപ്പെടുന്നതിന്റെ മാനദണ്ഡംപോലും രാഷ്ട്രീയമാണ്. ഗാന്ധിജി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. യു.ആര്‍ അനന്തമൂര്‍ത്തിയെപ്പോലുള്ള ഒരു പ്രതിഭാശാലി സമീപ ഭാവിയിലൊന്നും കേരളത്തിലെ ഏതെങ്കിലുമൊരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ എത്തുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനംവരെ രാഷ്ട്രീയ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനിക്കപ്പെടുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം പരാമര്‍ശിക്കപ്പെടുന്നതാണ് വനിതാ കമ്മീഷന്‍. 1996-ല്‍ കേരളത്തില്‍ ഈ കമ്മീഷന്‍ നിലവില്‍ വന്നപ്പോള്‍ പ്രഥമ അധ്യക്ഷ കവയത്രി സുഗതകുമാരിയായിരുന്നു. ജസ്റ്റീസ് ടി. ശ്രീദേവി കൂടി കഴിഞ്ഞാല്‍ പിന്നീട് ഭരിക്കുന്ന പാര്‍ട്ടികളിലെ വനിതാ നേതാക്കന്മാര്‍ക്ക് നല്‍കുന്ന പദവിയായി വനിതാ കമ്മീഷനും മാറി. അതിന്റെ നഷ്ടം കേരളത്തിലെ സ്ത്രീകള്‍ക്കാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തുടങ്ങിയ നിരവധി കമ്മീഷനുകളുടെ തലപ്പത്ത് എത്തുന്നതിന്റെ മാനദണ്ഡവും രാഷ്ട്രീയമാണ്.
നിയമനത്തിന് രാഷ്ട്രീയം പ്രധാന ഘടകമാകുമ്പോള്‍ പാര്‍ട്ടികളുടെ താല്പര്യം സംരക്ഷിക്കാന്‍ ആ പദവികളില്‍ എത്തുന്നവര്‍ നിര്‍ബന്ധിതരാകും. സ്വഭാവികമായും നിഷ്പക്ഷത നഷ്ടപ്പെടും. കേരളത്തിലെ പല ഗവര്‍ണര്‍മാരും രാഷ്ട്രീയം ഉള്ളവരായിരുന്നു. എന്നാല്‍ അവരുടെ തീരുമാനങ്ങളില്‍ രാഷ്ട്രീയം പ്രതിഫലിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിയിരുന്നില്ല. എന്നാല്‍, ക്രമേണ നിഷ്പക്ഷതയുടെ അരിക് നേര്‍ത്തുവരാന്‍ തുടങ്ങി. ഇപ്പോള്‍ തീര്‍ത്തും ഇല്ലെന്നായ അവസ്ഥയിലെത്തിയിരിക്കുന്നു. ഇതേ രീതിയില്‍ പോയാല്‍ മറ്റു പദവികള്‍ക്കും സമാനമായ അവസ്ഥ ഉണ്ടാകാം. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയമായിരിക്കുന്നു.

ജോസഫ് മൈക്കിള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?