Follow Us On

22

February

2024

Thursday

ഒന്ന് ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…

ഒന്ന് ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…

വിധവയായൊരു അമ്മയെയും മകനെയും കുറിച്ചൊരു വൈദികന്‍ പറഞ്ഞ അനുഭവം.
അകാലത്തില്‍ വിധവയായ ഈ സ്ത്രീ ഏറെ കഷ്ടപ്പെട്ടാണ് മകനെ വളര്‍ത്തിയത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ നല്ല നിലയില്‍ വിവാഹവും നടത്തി. വിവാഹം വരെ അമ്മയ്ക്ക് എല്ലാത്തിനും മകനും മകന് എല്ലാത്തിനും അമ്മയുമായിരുന്നു.
പക്ഷേ വിവാഹം കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. മകന്റെ കാര്യങ്ങള്‍ അവന്റെ ഭാര്യ ശ്രദ്ധിക്കാന്‍ തുടങ്ങി. അവന്‍ പല കാര്യങ്ങളും അമ്മയെ ആശ്രയിക്കാതെ ഭാര്യയെ ആശ്രയിച്ചുതുടങ്ങി. അത് സ്വാഭാവികമാണല്ലോ. പക്ഷേ, അമ്മയ്ക്കത് വിഷമമുണ്ടാക്കി. അവള്‍ വന്നതില്‍പ്പിന്നെ അവന് തന്നെ വേണ്ടെന്നും തന്നോട് ആലോചന ചോദിക്കുന്നില്ലെന്നും അമ്മ പരിഭവിച്ചു.
പതുക്കെയത് അമ്മായിയമ്മ-മരുമകള്‍ വഴക്കായി രൂപപ്പെട്ടു. ഭാര്യ ഭര്‍ത്താവിനോട് താന്‍ അമ്മയില്‍ നിന്നും നേരിടുന്ന വേദനകള്‍ പറയുമായിരുന്നു. എന്നാല്‍ അയാളതൊന്നും മൈന്റ് ചെയ്യാതെ മുന്നോട്ട് പോയി. ഇതിനിടെ അവര്‍ക്കൊരു കുഞ്ഞ് പിറന്നു. അതോടെ ഭാര്യയും ഭര്‍ത്താവും കുഞ്ഞിനെ ലാളിക്കുന്നത് അമ്മയെ ഏറെ അസ്വസ്ഥയാക്കിത്തുടങ്ങി. മകനെ തന്റെ വരുതിയിലാക്കാന്‍ അമ്മ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. കുഞ്ഞ് പിറന്നതോടെ ഭാര്യയിലേക്ക് സ്‌നേഹം ഒഴുകുന്നത് അമ്മക്ക് തെല്ലും സഹിക്കാനായില്ല. മകന് അമ്മയെയും ഭാര്യയെയും തള്ളിപ്പറയാന്‍ വയ്യല്ലോ. അവന്‍ നിസഹായനായി. പറ്റുന്ന വിധത്തില്‍ അമ്മയെയും ഭാര്യയെയും സാന്ത്വനിപ്പിക്കും. അമ്മയാകട്ടെ മകനോട് നിരന്തരം മരുമകളുടെ കുറ്റങ്ങള്‍ പറഞ്ഞു. സഹികെട്ട മകന്‍ ഇടയ്ക്ക് അമ്മയുടെ മുന്നില്‍വെച്ച് ഭാര്യയെ ശകാരിച്ചത് അമ്മക്ക് ഇഷ്ടപ്പെട്ടു. അതോടെ അമ്മ മരുമകളോട് കൂടുതല്‍ മോശമായി പെരുമാറി.
ഒരിക്കല്‍ മകന്‍ വൈകുന്നേരം ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടില്‍ വന്നപ്പോള്‍ അമ്മായിയമ്മ മരുകളുടെ ഇല്ലാത്ത കുറെ കുറ്റങ്ങളുമായിവന്നു. ഇല്ലാകഥകള്‍കേട്ട് മരുമകളും ക്ഷോഭിച്ചു. ജോലി കഴിഞ്ഞ് ക്ഷീണിതനായി എത്തിയ ഭര്‍ത്താവിനിത് കേട്ട് കലിയിളകി. അയാള്‍ ഭാര്യയ്ക്കിട്ട് മറ്റൊന്നും നോക്കാതെ ഒന്നുകൊടുത്തു. ഭര്‍ത്താവുപോലും തനിക്ക് സപ്പോര്‍ട്ടില്ലല്ലോ എന്ന് തോന്നിയ ഭാര്യ കരഞ്ഞു, ഒച്ചവച്ചു. അതോടെ ഭര്‍ത്താവ് കുപിതനായി ഭാര്യയെ പിന്നെയും അടിക്കുകയും തൊഴിക്കുകയും ചെയ്തിട്ട് ബൈക്കില്‍ കയറി പുറത്തേക്ക് പോയി.
മകന്‍ ക്ഷുഭിതനായി പോയതിന്റെ കുറ്റംകൂടി അമ്മ, മരുമകളുടെ തലയിലേക്കിട്ടു. മാനസികവും ശാരീരികവുമായി മുറിവേറ്റ മരുമകള്‍ ഇനി മരിക്കുകയാണ് നല്ലതെന്ന് കരുതി അടുക്കളയിലേക്ക് പോയി മണ്ണെണ്ണ എടുത്ത് തീ കൊളുത്തി.
ആശുപത്രിയിലവള്‍ മരണവുമായി മല്ലടിക്കുന്നതിനിടയിലാണ് സന്ദര്‍ശനത്തിനെത്തിയ വൈദികന് മുന്നില്‍ അവള്‍ ഹൃദയം തുറന്നത്. അവള്‍ പറഞ്ഞൊരു വാചകം അച്ചന്റെ മനസിലിന്നുമുണ്ട്: ”ശരീരത്തിലുള്ളതിലും കൂടുതല്‍ വേദന മനസിലാണ് അച്ചാ…”
മകനും മരുമകളും കൂടി സമാധാനത്തില്‍ ജീവിക്കുവാന്‍ ആ അമ്മ സഹായിക്കുകയും അതില്‍ സന്തോഷിക്കുകയുമായിരുന്നു യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്നത്. മകനും ഭാര്യയും അമ്മയോട് സൗമ്യതയോടും സ്‌നേഹത്തോടും കൂടി ഇടപെടുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ഈ ദുര്‍ഗതി ആ കുടുംബത്തില്‍ ഉണ്ടാവുകയില്ലായിരുന്നു. ഇവിടെ എല്ലാവര്‍ക്കും വിവേകം നഷ്ടപ്പെട്ടു. എല്ലാവരും വികാരാവേശത്തില്‍ പെരുമാറി. അത് ആ കുടുംബത്തെ ഛിന്നഭിന്നമാക്കി മാറ്റി.
പ്രതികൂല സാഹചര്യങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ അവയോട് ശാന്തമായും സൗമ്യമായും ഇടപെടാന്‍ കഴിയണം. അല്ലെങ്കില്‍ നമ്മുടെ ജീവിത നൗക കാറ്റിലും കോളിലും ഉടഞ്ഞുവീഴും. ക്ഷമയുടെയും നന്മയുടെയും വിളനിലങ്ങ ളായി നമ്മുടെ കുടുംബങ്ങള്‍ ഇനി പ്രശോഭിക്കട്ടെ…

ജയ്‌മോന്‍ കുമരകം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?