Follow Us On

22

February

2024

Thursday

കരുണയുടെ കരമൊന്ന് നീട്ടിയപ്പോള്‍..

കരുണയുടെ കരമൊന്ന് നീട്ടിയപ്പോള്‍..

നമ്മെ വേദനിപ്പിക്കുയും നൊമ്പരപ്പെടുത്തുകയും ചെയ്ത വ്യക്തിയോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍ ആര്‍ക്കും കഴിയണമെന്നില്ല. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ അത്ഭുതകരമായ ഫലം അനുഭവിക്കാന്‍ കഴിയും. വയനാട് സ്വദേശിനി നിര്‍മ്മലയുടെ അനുഭവം ഇതാണ് സൂചിപ്പിക്കുന്നത്. വിധവകള്‍ക്കായി വയനാട് നടത്തിയ സംഗമത്തിലാണ് അവര്‍ തന്റെ അനുഭവം പങ്കുവച്ചത്.
”എന്റെ അപ്പന്‍ തികഞ്ഞൊരു മദ്യപാനിയായിരുന്നു. സഹോദരന്മാരും അങ്ങനെതന്നെ. അതുകൊണ്ട് കുഞ്ഞുനാളില്‍ ഒരേയൊരു പ്രാര്‍ത്ഥന മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ: ഇതുപോലെ കുടിയനായ ഭര്‍ത്താവിനെ എനിക്ക് ഒരിക്കലും ലഭിക്കരുതേയെന്ന്. കാരണം മദ്യപാനികളുടെ ജീവിതം അത്രയേറെ ഞാന്‍ വെറുത്തിരുന്നു. എന്നാല്‍ അപ്പനും സഹോദരന്മാരും ചേര്‍ന്ന് മദ്യപനായൊരു വ്യക്തിയെയാണ് എന്റെ ഭര്‍ത്താവായി നിശ്ചയിച്ചതെന്ന് ഞാന്‍ അറിഞ്ഞില്ല. എല്ലാ പെണ്‍കുട്ടികളെയും പോലെ ഏറെ പ്രതീക്ഷയോടുകൂടിയാണ് ഞാന്‍ വിവാഹവേദിയിലേക്ക് കാലെടുത്ത് വെച്ചത്.
പക്ഷേ എല്ലാ പ്രതീക്ഷയും ഏതാനും ദിവസത്തിനുള്ളില്‍ അസ്തമിച്ചു എന്ന് പറയാം. കാരണം വിവാഹം കഴിഞ്ഞ് നാലാം ദിവസം നാലുകാലിലാണ് ഭര്‍ത്താവ് വീട്ടില്‍ വന്നുകയറിയത്. എന്റെ എല്ലാ പ്രതീക്ഷകളുടെയും ചില്ലുകൂടാരം പൊട്ടിതകരുന്നതുപോലെയാണ് അതു കണ്ടപ്പോള്‍ തോന്നിയത്. ഉറ്റവര്‍ തന്നെ ഇങ്ങനെ ചതിച്ചതോര്‍ത്തപ്പോള്‍ ഹൃദയം മുറിയുന്ന അനുഭവമായിരുന്നു.
ദൈവം എന്നോട് ഇങ്ങനെ ചെയ്തതിന്റെ അര്‍ത്ഥം എത്രയാലോചിച്ചിട്ടും എനിക്ക് മനസിലായില്ല. മദ്യപിച്ച് ഛര്‍ദിച്ച് വരാന്തയില്‍ വീണുകിടന്ന ഭര്‍ത്താവിനെ ഞാന്‍ നോക്കി. അദേഹത്തെ അവിടെനിന്ന് എഴുന്നേല്‍പ്പിക്കാന്‍ നോക്കിയെങ്കിലും അവിടെക്കിടന്ന് ഉറക്കെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു. വീടിന് പുറത്ത് ആരൊക്കെയോ ചിരിക്കുന്നതുകൂടി കണ്ടപ്പോള്‍ എന്റെ മനസ് പിന്നെയും പിടഞ്ഞു. ഇതൊക്കെ അപ്പനോടും സഹോദരങ്ങളോടും പറഞ്ഞപ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കുകയാണുണ്ടായത്. അല്പം മദ്യപിക്കുന്നത് കുടുംബത്തിന് നല്ല അന്തസാണെന്നായിരുന്നു അവരുടെ വീരവാദം. അതൊക്കെ കേട്ട് നിര്‍മ്മല പൊട്ടിക്കരയുകയായിരുന്നു.
അയല്‍പക്കത്ത് മീനാക്ഷിചേച്ചിയാണ് ധൈര്യവും പ്രതീക്ഷയും പകര്‍ന്ന് തന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഭര്‍ത്താവിനെ മനസുകൊണ്ടും ശരീരംകൊണ്ടും സ്വീകരിക്കാന്‍ അവര്‍ പ്രേരിപ്പിച്ചു. പക്ഷേ ഞാന്‍ എത്രയേറെ സ്‌നേഹിച്ചിട്ടും അയാള്‍ മദ്യപിച്ച് വന്ന് നിരന്തരം ഉപദ്രവിക്കുമായിരുന്നു. അപ്പനോടും സഹോദരങ്ങളോടുമുളളവിരോധം മൂലം ഞാന്‍ അപ്പോഴൊന്നും സ്വന്തം വീട്ടിലേക്ക് പോയില്ല. ഭര്‍ത്താവ് മദ്യപിച്ചെത്തുന്ന ദിവസങ്ങളില്‍ ഭയംമൂലം കാപ്പിത്തോട്ടത്തിലാണ് അന്തിയുറങ്ങിയത്. സഹമദ്യപന്മാരുമായി വാക്കുതര്‍ക്കവും മറ്റും ഉണ്ടാകുന്ന ദിവസങ്ങളില്‍ അദേഹത്തില്‍ നിന്നും എനിക്ക് മര്‍ദനവും പതിവായിരുന്നു. ചിലപ്പോള്‍ ആയുധങ്ങളുമൊക്കെയായിട്ടായിരിക്കും വീട്ടില്‍ വരുന്നത്.
ഒരു ദിവസം മദ്യപിച്ച് രാത്രിയില്‍ വന്ന അദേഹം എന്നെ തെറിപറയാനും കയ്യില്‍കിട്ടിയൊരു വാക്കത്തിയെടുത്ത് എന്നെ കൊല്ലുമെന്ന് പറഞ്ഞ് ഉറക്കെ അട്ടഹസിക്കാനും തുടങ്ങി. അതില്‍ നിന്ന് രക്ഷപെടാന്‍ ഞാനൊരു മരച്ചുവട്ടില്‍ ഒളിച്ചു. എന്നെ കിട്ടാത്ത ദേഷ്യം മൂലം ഭര്‍ത്താവ് പ്രസവിക്കാറായിനിന്ന ആടിനെ തുണ്ടം തുണ്ടമായി വെട്ടിക്കൊന്നു. അത് കൂട്ടില്‍ തന്നെ ചോരയില്‍ പിടയുന്നത് ഞാന്‍ നെഞ്ചിടിപ്പോടെ കാണുന്നുണ്ടായിരുന്നു. എന്നെ അപ്പോള്‍ കണ്ടാലും അവസ്ഥ അതു തന്നെയായിരുന്നു. ഒടുവില്‍ അയാള്‍ പതിവുപോലെ അട്ടഹസിച്ച് വരാന്തയില്‍ക്കിടന്ന് ഉറങ്ങി.
ജീവിതം അവസാനിപ്പിച്ചാലോ എന്നെനിക്ക് തോന്നിയ നിമിഷങ്ങളാണത്. എന്നാല്‍ അയല്‍ക്കാരി മീനാക്ഷിയമ്മ അതിനെ എതിര്‍ത്തു.
അവരെന്നോട് പറഞ്ഞത് ഹൃദയത്തില്‍ ഭര്‍ത്താവിനോട് ക്ഷമിക്കാനാണ്. അതൊടൊപ്പം ഇതിന് കാരണമാക്കിയ അപ്പനോടും സഹോദരങ്ങളോടും പൊറുക്കണമെന്നും…”
എനിക്കത് വലിയ പ്രയാസമായിരുന്നു. എങ്കിലും ഞാന്‍ അതിനുവേണ്ടി പരിശ്രമിക്കാന്‍ തുടങ്ങി. ഹൃദയത്തില്‍ അവരോട് ക്ഷമിച്ചപ്പോള്‍ മനസിലെ ഭയവും വേദനയും മാറി. പിന്നീട് ആറുവര്‍ഷം കൂടി ഭര്‍ത്താവ് മദ്യപാനിയായി ജീവിച്ചെങ്കിലും അക്രമസംഭവങ്ങള്‍ കുറഞ്ഞു. മദ്യത്തില്‍ നിന്ന് അയാള്‍ പതുക്കെ പിന്‍വലിഞ്ഞത് ക്ഷമയോടെയുള്ള എന്റെ കാത്തിരിപ്പിന് ദൈവം നല്‍കിയ ഉത്തരമായിരുന്നു. ഭര്‍ത്താവ് പത്തുവര്‍ഷം കൂടി ജീവിച്ചു. സ്വര്‍ഗതുല്യമായ ജീവിതമായിരുന്നു അത്. ചെയ്ത തെറ്റുകള്‍ക്കെല്ലാം കരഞ്ഞ് മാപ്പുപറഞ്ഞ് നല്ലൊരു മനുഷ്യനായിട്ടാണ് അദേഹം മരിക്കുന്നത്. മൂന്ന് മക്കളുള്ള ഞാന്‍ ഇന്ന് സന്തുഷ്ടയായി ജീവിക്കുന്നു. അത്ഭുതകരമായ മാറ്റം കുടുംബത്തിലുമുണ്ടായി. എന്റെ സഹോദരങ്ങളും മദ്യത്തില്‍ നിന്നും തിരിച്ചുവന്നു. അവര്‍ തെറ്റ് മനസിലാക്കി. വീട്ടില്‍ വന്ന് എന്റെ കാലില്‍ വീണ് മാപ്പിരന്നു. ക്ഷമയോടെയുള്ള കാത്തിരിപ്പിന് ഫലമുണ്ടെന്ന് ഞാനറിയുന്നു. അങ്ങനെ കാത്തിരുന്നതുകൊണ്ടാണ് ഞാനാഗ്രഹിച്ച ഭര്‍ത്താവിനെ ആറുവര്‍ഷങ്ങള്‍ക്കുശേഷം ദൈവം എനിക്ക് തിരിച്ച് നല്‍കിയത്.”
നിര്‍മ്മലയുടെ വാക്കുകള്‍ ഇന്നത്തെ യുവതലമുറയും പാഠമാക്കണം. ഇന്ന് കുടുംബബന്ധങ്ങള്‍ വളരെപെട്ടെന്ന് താളം തെറ്റുന്നത് കണ്ടിട്ടില്ലേ? ചെറിയൊരു കാര്യത്തിന് പോലും ക്ഷമിക്കാനോ മനസിലാക്കാനോ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ജീവിതപങ്കാളിയോട് ക്ഷമാപൂര്‍വ്വം പെരുമാറാന്‍ കഴിയാത്തതിനാല്‍ എത്രയോ കുടുംബബന്ധങ്ങളാണ് ചിന്നിച്ചിതറി പോകുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും ക്ഷമയോടെ അവയെ അതിജീവിച്ച നിര്‍മ്മലയുടെ ജീവിതം നമുക്കും ഒരുപാഠമാകട്ടെ.

ജയ്‌മോന്‍ കുമരകം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?