Follow Us On

29

November

2020

Sunday

സമര്‍പ്പണത്തിന്റെ കനല്‍വഴികള്‍

സമര്‍പ്പണത്തിന്റെ കനല്‍വഴികള്‍

ജീവിതം ഒരു ആയിത്തീരല്‍ പ്രക്രിയ ആണ്. ജീവിതത്തിന് ഭംഗിയുണ്ട്, അത് വളരുന്നു, പൂര്‍ണതയെ പ്രാപിക്കുന്നു. ദൈവം നമ്മില്‍നിന്നും എന്ത് ആഗ്രഹിക്കുന്നുവോ അത് ആയിത്തീരുന്നതിലാണ് പൂര്‍ണത അടങ്ങിയിരിക്കുന്നത്. പൂര്‍ണത കൈവരിക്കാനുള്ള ഹൃദയമിടിപ്പാണ് സമര്‍പ്പണ ജീവിതത്തിന് നല്‍കുന്ന പ്രത്യുത്തരം! എന്നാല്‍ ഈ പ്രക്രിയയില്‍ ചില പ്രതിഭാസങ്ങള്‍ കാണുന്നു. ചൂടോടെ തുടങ്ങുന്നു; എന്നാല്‍ സാവധാനം അത് തണുത്തുപോകുന്നു. ധീരതയോടെ തീരുമാനിക്കുന്നു; എന്നാല്‍ ഭീതിയില്‍ അത് തകരുന്നു. സ്‌നേഹത്തിന്റെ ഊഷ്മളതയില്‍ സര്‍വവും സമര്‍പ്പിക്കുന്നു; എന്നാല്‍ സ്‌നേഹം തണുക്കുമ്പോള്‍ സമര്‍പ്പിച്ചത് തിരികെ എടുക്കുന്നു.
ഇരുമ്പാണിമേല്‍ തൊഴിക്കരുതേ
ജീവനും ജീവിതവും പരസ്യമായി യേശുവിന് സമര്‍പ്പിച്ചവര്‍തന്നെയും യേശുവിനെതിരായി നീങ്ങുന്നത് കാണുന്നത് വേദനാജനകമാണ്. ഒരിക്കല്‍ ധീരതയോടെ വലിച്ചെറിഞ്ഞ സമ്പത്തിനും സുഖസൗകര്യത്തിനും പിന്നാലെ നെട്ടോട്ടം ഓടുന്നത് യേശുവിന്റെ കാലം മുതല്‍ കാണുന്ന യാഥാര്‍ത്ഥ്യമാണ്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും യേശുവിനെ കെണിയില്‍ വീഴിക്കുവാനും കല്ലെറിയുവാനും ഒരുമ്പെട്ടവരും യേശുവിന്റെ വചനങ്ങള്‍ ഗ്രഹിക്കുവാന്‍ പറ്റാത്തതിനാല്‍ യേശുവിനെ ഉപേക്ഷിച്ച് പോയവരുമൊക്കെ ഇതാണ് തെളിയിക്കുന്നത്. ഇവിടെ യേശു എന്ത് തെറ്റു ചെയ്തു? നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു (അപ്പ. പ്രവ. 9:4) എന്ന് തിരുസഭയെ പീഡിപ്പിച്ച സാവൂളിനോട് യേശു ചോദിച്ച അതേ ചോദ്യമാണ് ഒരു സമര്‍പ്പിത എന്ന നിലയ്ക്ക് എനിക്ക് ഇവിടെ ചോദിക്കുവാന്‍ ഉള്ളത്. ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ് (അപ്പ. പ്രവ. 26:14). സന്യാസത്തിന്റെ മുഖം വികൃതമാക്കാന്‍ പരിശ്രമിക്കുന്നവര്‍ വികൃതമാക്കുന്നത് അവനവന്റെ മുഖമാണ് എന്ന് തിരിച്ചറിയണം.
എന്റെ രാജ്യം ഭൗമികമല്ല എന്ന് പറഞ്ഞ കര്‍ത്താവിന്റെ അഭൗമിക രാജ്യത്തിന്റെ പ്രജകളാണ് സന്യസ്തര്‍. നീതി ലഭിച്ചില്ല എന്ന് ആരെങ്കിലും പരാതിപ്പെട്ടാല്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ജീവിതത്തിലും മരണത്തിലും ഒരുപോലെ നീതി നിഷേധിക്കപ്പെട്ട ഒരു നീതിമാന്റെ പിന്നാലെയാണ് നാം ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന്. സ്വന്തമായി സ്വത്ത് ലഭിക്കാത്തതുകൊണ്ടല്ല, സ്വത്ത് ലഭ്യമല്ലാത്ത സന്യാസം വരിച്ചിരിക്കുന്നത്. കാലിത്തൊഴുത്തില്‍ ജനിക്കുകയും കഴുതപ്പുറത്ത് യാത്ര ചെയ്യുകയും ചെയ്ത യേശുവിനെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. ഞങ്ങള്‍ പങ്കുവയ്ക്കുന്നത് ഹൃദയത്തെയാണ്. ഈ പങ്കുവയ്ക്കല്‍ യേശുവിന്റെ നിര്‍മലസ്‌നേഹത്തെ സ്വന്തമാക്കിക്കൊണ്ടാണ്. ക്രിസ്തുവിന്റെ ദാരിദ്ര്യജീവിതം സ്വമനസാലേ ഏറ്റുവാങ്ങുന്നു. അനുസരണം ഭീരുത്വമല്ല, അടിമത്തവുമല്ല. പിതാവായ ദൈവത്തോടുള്ള പുത്രീ/പുത്ര സഹജമായ വിധേയത്വമാണ് അനുസരണം. വീട്ടില്‍ മാതാപിതാക്കളെ അനുസരിക്കുന്നത് അടിമത്തമല്ലല്ലോ.
കാതില്‍ മുഴങ്ങേണ്ട സ്വരം
സന്യാസം ക്രിസ്തുവിന്റെ കരത്താല്‍ സ്പര്‍ശിക്കപ്പെട്ട ജീവിതമാണ്, അവിടുത്തെ ശബ്ദം കേള്‍ക്കാവുന്നിടത്തെ ജീവിതമാണ്, അവിടുത്തെ കൃപാവരത്താല്‍ താങ്ങി നിര്‍ത്തപ്പെടുന്ന ജീവിതമാണ്. ഓരോ ദൈവവിളിയും ക്രിസ്തുവിനോടുള്ള ഗാഢസ്‌നേഹബന്ധത്തില്‍ നിരന്തരം പക്വത പ്രാപിക്കണം.
പക്വത പ്രാപിക്കാത്ത ജീവിതങ്ങളാണ് ഏതെങ്കിലും കാരണത്തിന്മേല്‍ യേശുവിനെ തള്ളിപ്പറഞ്ഞ് സന്യാസം ഉപേക്ഷിക്കുന്നത്. ‘കര്‍ത്താവിന്റെ ഭവനത്തില്‍ വസിക്കുവാന്‍ കര്‍ത്താവുതന്നെ തെരഞ്ഞെടുത്ത് കൊണ്ടുവരുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ അങ്ങയുടെ ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും’ (സങ്കീ. 65:4). ഈ നന്മയും ഭാഗ്യവും അനുഭവിക്കുന്നവരാണ് സന്യസ്തര്‍. അത് ആരും നഷ്ടപ്പെടുത്തിക്കളയാതിരിക്കട്ടെ.
സവിശേഷമായ വില
നീ പത്രോസ് ആണ്. ഈ പാറമേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല (മത്തായി 16:18) എന്ന് അരുളിച്ചെയ്ത യേശു തന്റെ സഭയെ സ്ഥാപിച്ചിരിക്കുന്നത് ഈ പാറയിന്മേലാണ്. ഈ പാറ ഉള്ളിടത്തോളം കാലം തിരുസഭയുണ്ട്; തിരുസഭ ഉള്ളിടത്തോളം കാലം സന്യാസവും. തിരുസഭയുടെ വിശുദ്ധിയോടും ജീവിതത്തോടും സുനിശ്ചിതമായി ബന്ധപ്പെട്ടിരിക്കുന്നതാണ് സന്യാസം. സന്യാസത്തെ അടിച്ചമര്‍ത്തണമെങ്കില്‍ ദൈവത്തെ അടിച്ചമര്‍ത്തണം. അത് മനുഷ്യന് അസാധ്യമെങ്കില്‍ സന്യാസത്തെ അടിച്ചമര്‍ത്തുന്നതും അസാധ്യം.
അതുകൊണ്ട്, എത്ര കരിവാരിയെറിഞ്ഞാലും ഞങ്ങളുടെ ഹൃദയത്തെ അത് മലിനമാക്കുകയില്ല; മനസ് ചഞ്ചലപ്പെടുകയുമില്ല. എന്തിന് സന്യാസം സ്വീകരിച്ചുവെന്നും എങ്ങോട്ട് നീങ്ങുന്നുവെന്നും ഞങ്ങള്‍ക്ക് നല്ല ഉറപ്പുണ്ട്. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്നും ആര് എന്നെ വേര്‍പെടുത്തും? (റോമ 8:35) എന്ന് ലോകത്തെ ധീരതയോടെ വെല്ലുവിളിച്ച വിശുദ്ധ പൗലോസിനോടൊപ്പം ഞങ്ങളും പറയുന്നു, ലോകത്തിലെ ഒരു സമ്മര്‍ദത്തിനും ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്നും ഞങ്ങളെ വേര്‍പെടുത്താന്‍ സാധിക്കുകയില്ല. ദൈവം ആഗ്രഹിക്കുന്നത് ഒരു വിശുദ്ധ/വിശുദ്ധന്‍ ആകുക എന്നതാണ്. ഈ വിശുദ്ധിയുടെ പരിമളം നമുക്ക് എവിടെയും പരത്താം.

 സിസ്റ്റര്‍ ക്രിസ്റ്റല്‍ പനയ്ക്കല്‍ SD

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?