സുന്ദര്‍ഗഡ്, ഒഡീഷ: ഒഡീഷയിലെ തദ്ദേശീയ സന്യാസസഭയായ ഹാന്‍ഡ്മെയ്ഡ്സ് ഓഫ് മേരി തങ്ങളുടെ സേവനത്തിന്റെ 75 വാര്‍ഷികം ആഘോഷിച്ചു. ജൂബിലി ആഘോഷത്തില്‍ ആറ് മെത്രാന്മാരും നൂറുകണക്കിന് പുരോഹിതന്മാരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു.
കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതാ മെത്രാന് ഡോ. ജോണ്‍ ബറുവ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമൂഹത്തിന് പ്രത്യേകിച്ച് ഇന്ത്യയിലെ കിഴക്കന്‍ പ്രദേശത്തിന് അതിമനോഹരമായ വളര്‍ച്ചയും സേവനവും ഈ സഭ സമ്മാനിച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാരെ സഭകളിലേക്ക് സ്വീകരിക്കാന്‍ സഭ വിമുഖത കാണിച്ച സമയത്താണ് വെസ്റ്റര്‍മാന്‍ പിതാവ് സഭ ആരംഭിച്ചത്. അദ്ദേഹം ചെയ്തത് വിപ്ലവകരമായ പ്രവൃത്തിയായിരുന്നെന്ന് ഡോ. ജോണ്‍ ബറുവ പറഞ്ഞു.
പടിഞ്ഞാറന്‍ ഒഡീഷയിലെ കേസരാമല് ഇടവകയില്‍ ജെസ്യൂട്ട് വൈദികന് ഫാ. എഡ്മണ്ട് ജോസഫ് ഹാരിസണ്‍ 1944 ല്‍ സ്ഥാപിച്ച ഈ സഭ ഇപ്പോള്‍ 10 രാജ്യങ്ങളില്‍ സേവനം ചെയ്യുന്നു. ഒഡീഷയിലും പശ്ചിമ ബംഗാളിലും വ്യാപിച്ചുകിടക്കുന്ന ഈ സഭ മുന്‍ നാട്ടുരാജ്യമായ ഗംഗാപൂര്‍ മേഖലയിലെ ആദ്യത്തെ തദ്ദേശീയ സഭയാണിത്. ഇന്ന്, സഭയിലെ അഞ്ഞൂറിലധികം അംഗങ്ങള്‍ സാമൂഹിക അവസ്ഥ വികസിപ്പിക്കുന്നതിന് താഴെത്തട്ടിലുള്ള ആളുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. മറ്റ് സന്യാസസഭകളില്‍ നിന്നുള്ള സഹായവും ഈ സഭയുടെ വളര്‍ച്ചയ്ക്ക് സഹായിച്ചു.
അന്ധവിശ്വാസത്തിലും നിരക്ഷരതയിലും മുഴുകിയ ഗ്രാമീണരുടെ ആഴമില്ലാത്ത കത്തോലിക്കാ വിശ്വാസത്തെ ശക്തിപ്പെടുത്താന്‍ സന്യാസിനികള്‍ക്ക് കഴിഞ്ഞു. ഗ്രാമവാസികള്‍ക്കിടയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന പുരുഷന്മാര്ക്ക് വേണ്ടിയുള്ള ‘അബ്ബ സംഗത്ത”, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ‘അയോ സംഗത്ത്’, കുട്ടികള്‍ക്ക് വേണ്ടിയുള്ള ‘ക്രൂസ് ബിയര്‍’ തുടങ്ങിയ കത്തോലിക്കാ സംഘടനകള്‍ ഇപ്പോഴും സജീവമാണ്.
വിദ്യാഭ്യാസം, സാമൂഹിക വികസനം, ആരോഗ്യ പരിരക്ഷ, ആത്മീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സഭ വ്യാപൃതമാണ്. ആദിവാസി പെണ്‍കുട്ടികള്‍ക്കായുള്ള ഇവരുടെ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആളുകള്‍ക്കിടയില്‍ വലിയ മാറ്റം വരുത്തി. നല്ല വിദ്യാഭ്യാസം നല്ല തൊഴില്‍ ചെയ്യുന്നതിന് വഴിയൊരുക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *