Follow Us On

09

April

2020

Thursday

ആര് മാറണം ആദ്യം?

ആര് മാറണം ആദ്യം?

പാണിനീയ പ്രദ്യോതം, യേശു സഹസ്രനാമം തുടങ്ങിയ ഈടുറ്റ കൃതികളുടെ കര്‍ത്താവാണ് ഐ.സി.ചാക്കോ. തിരുവിതാംകൂറില്‍ ചാക്കോ വ്യവസായ ഡയറക്ടറായിരുന്ന കാലം. ദിവാനായിരുന്ന സുബ്രഹ്മണ്യ അയ്യര്‍ അഹങ്കാരിയും ധിക്കാരിയുമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ദിവാന്റെ സ്‌നേഹിതന്‍ അക്കാലത്ത് തക്കലയില്‍ ഒരു പഞ്ചസാരമില്‍ നടത്തിയിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാരാകട്ടെ ആ കമ്പനിക്ക് വേണ്ടി പണം മുടക്കിക്കൊണ്ടിരുന്നു. നഷ്ടകമ്പനിയെ സഹായിക്കാന്‍ കുറേക്കൂടി പണം ആവശ്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. പക്ഷേ വ്യവസായ ഡയറക്ടറായ ഐ.സി. ചാക്കോ ഇതിന് തയ്യാറായില്ല.
ക്ഷുഭിതനായ ദിവാന്‍ അദ്ദേഹത്തെ വിളിച്ച് ശകാരിച്ചു. അപ്പോള്‍ ഐ.സി.ചാക്കോ ദിവാനോടു ദൃഢസ്വരത്തില്‍ പറഞ്ഞു. ”എന്റെ വകുപ്പില്‍ പണം വിനിയോഗിക്കുന്നതിന് എനിക്ക് ഉത്തരവാദിത്വമുണ്ട്. അതോടൊപ്പം എന്റെ രാജ്യത്തോടു എനിക്കു കടമയുമുണ്ട്. അതുകൊണ്ട് തിരികെ കിട്ടില്ലെന്നു എനിക്കു ഉറപ്പുള്ള കാര്യത്തിന് ഞാന്‍ പണം നല്‍കില്ല. ഈ നിലപാടില്‍ വിശ്വാസമില്ലെങ്കില്‍ എനിക്കീ സ്ഥാനവും പദവിയും വേണ്ട.”

ഡയറക്ടര്‍ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ദിവാന്റെ മേശപ്പുറത്തുവച്ചു. ദിവാന്‍ സ്തംഭിച്ചുപോയി. തെല്ലും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഇത്. ആ രാജിക്കത്ത് അദ്ദേഹം വാങ്ങിയില്ല. പിന്നീട് ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും ദിവാന്‍ മിണ്ടിയില്ല.

ഇഛാശക്തിയുള്ള നേതാവായിരുന്നു ഐ.സി ചാക്കോ. ഇന്നിതുപോലെ മുഖത്ത് നോക്കി തുറന്നുപറയാന്‍ നമ്മുടെ ഏത്ര നേതാക്കന്മാര്‍ക്ക് കഴിയും? ജനങ്ങളുടെ നികുതിപ്പണം-സര്‍ക്കാര്‍ ഉത്തരവ്-പിന്നെ എനിക്കെന്ത്? ഈ മനോഭാവമാണ് ഏറെപ്പേരും സ്വീകരിക്കുന്നത്.

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം 2003 സെപ്തംബര്‍ 30 ന് എഴുതിയൊരു കത്തിലെ വരികള്‍ ഏറെ പ്രസക്തമാണ്. ”നിങ്ങള്‍ പറയുന്നു, സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന്. ഇന്നുള്ള നിയമങ്ങളെല്ലാം കാലഹരണപ്പെട്ടവയെന്ന്. മുന്‍സിപ്പാലിറ്റി മാലിന്യം നീക്കം ചെയ്യുന്നില്ല, ഫോണുകള്‍ തകരാറിലെന്ന്, റെയില്‍വേയുടെ പ്രവര്‍ത്തനം മോശം എന്നിങ്ങനെ നൂറൂകൂട്ടം പരാതികള്‍… എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് ചിന്തിക്കുക.”

അദേഹം തുടരുന്നു. ”നിങ്ങള്‍ സിഗപ്പൂരിലെത്തിയാല്‍ അവര്‍ പറയുന്ന തുക ടോള്‍ നല്‍കും. അവര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് മാത്രമേ വാഹനം പാര്‍ക്ക് ചെയ്യൂ. അതിന് അവര്‍ പറയുന്ന നികുതിയും അടക്കും. വാഷിംഗ്ടണിലാണെങ്കില്‍ റോഡില്‍ ഗതാഗത നിയമം തെറ്റിച്ച് വാഹനമോടിക്കുകയും പോലീസ് പിടിക്കുകയും ചെയ്യുമ്പോള്‍ ‘ഞാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവാണെന്നോ, മന്ത്രി ബന്ധുവാണെന്നോ നിങ്ങള്‍ പറയില്ല.’ കാരണം അങ്ങനെ പറഞ്ഞാല്‍ ശിക്ഷയുടെ ഗൗരവം വര്‍ദ്ധിക്കും. ലണ്ടനില്‍ ചെന്ന് കൈക്കൂലി കൊടുത്ത് ഒരു കാര്യവും നേടാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ ശേഷിച്ച ജീവിത കാലം മുഴുവന്‍ അങ്ങനെ ചെയ്യാതിരിക്കാനുള്ള ശിക്ഷ അവര്‍ നല്‍കും. ഓസ്‌ട്രേലിയയിലോ ന്യൂസിലാന്റിലോ ചെന്നാല്‍ കരിക്കിന്റെ തൊണ്ടോ, പ്ലാസ്റ്റിക് കവറോ റോഡിലേക്ക് വലിച്ചെറിയില്ല. അത് നിക്ഷേപിക്കാനുള്ള ഇടം തേടിപ്പിടിക്കും. മറ്റൊരു രാജ്യത്ത് ചെന്നാല്‍ അലസരാകാതെ നിയമങ്ങള്‍ പാലിച്ച് നല്ല പൗരന്മാരായി ജീവിക്കാന്‍ നാം പ്രയത്‌നിക്കും. എന്നാല്‍ ഇതൊന്നും സ്വന്തം രാജ്യത്ത് ചെയ്യാന്‍ നാം ശ്രമിക്കുന്നില്ല. ഇതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം.” കലാമിന്റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കട്ടെ…

രണ്ടാം ലോകമഹായുദ്ധത്തില്‍ നിശേഷം തകര്‍ന്ന രാജ്യങ്ങളാണ് ജര്‍മ്മനിയും ജപ്പാനും. എന്നാല്‍ കേവലം ഒന്നോ രണ്ടോ പതിറ്റാണ്ട്‌കൊണ്ട് ഈ രണ്ടു രാഷ്ട്രങ്ങളും ശക്തമായി ഉയിര്‍ത്തെഴുന്നേറ്റു. പക്ഷേ ജപ്പാനെക്കാളും ജര്‍മ്മനിയെക്കാളും എത്രയോ ഇരട്ടി മനുഷ്യവിഭവശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യന്‍ ജനത ഈ ക്രിയാശേഷി വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന്റെ ചരിത്രം വേറൊന്നാകുമായിരുന്നു. കള്ളക്കടത്ത്, കരിഞ്ചന്ത, വ്യാജനോട്ട്, വാഹനമോഷണം, ഭൂമി കയ്യേറ്റം തുടങ്ങിയവയിലൂടെ ഇഷ്ടമുള്ളതുപോലെ പണമുണ്ടാക്കാനും തോന്നുംപോലെ ജീവിക്കാനുമുള്ള ചിന്ത നമ്മുക്കിടയിലിന്ന് ശക്തമാകുകയാണ്.

നാം അലസരും ഉത്തരവാദിത്വബോധമില്ലാത്തവരുമാകുമ്പോള്‍ അത് നമ്മുടെ ഭവനത്തെ മാത്രമല്ല, രാഷ്ട്രത്തെയും പ്രതികൂലമായി ബാധിക്കും. നാം ആത്മാര്‍ത്ഥതയും അധ്വാനശീലവും നീതിബോധവും ഉള്ളവരാകുമ്പോള്‍ നമ്മുടെ ഭരണാധികാരികളും അങ്ങനെയുള്ളവരാകും. അതിനാല്‍ നമ്മുടെ വിശുദ്ധീകരണത്തിലൂടെ മാത്രമേ രാഷ്ട്രവും വിശുദ്ധീകരിക്കപ്പെടുകയുള്ളുവെന്ന് തിരിച്ചറിയുക. നമ്മുടെ സ്വാര്‍ത്ഥതയുടെയും അലസതയുടെയും കൂടാരങ്ങള്‍ പൊളിച്ച് കളയുക, നമുക്കുവേണ്ടി മാത്രം ജീവിക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടികൂടിയും ജീവിക്കാന്‍ ശ്രമിക്കുക. അപ്പോഴാണ് നാം ദൈവഹിതം നിറവേറ്റുന്നവരായി മാറുന്നത്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?