Follow Us On

19

April

2024

Friday

കർദിനാൾ ഷേൺബോണിന് 75 വയസ്; പക്ഷേ, വിയന്നയുടെ ഇടയനായി തുടരണമെന്ന് പാപ്പ

കർദിനാൾ ഷേൺബോണിന് 75 വയസ്; പക്ഷേ, വിയന്നയുടെ ഇടയനായി തുടരണമെന്ന് പാപ്പ

ജോസഫ് പുതുപ്പള്ളി

വിയന്ന: ആഗോളസഭയിൽതന്നെ ഏറെ ശ്രദ്ധേയനായ വിയന്ന ആർച്ച്ബിഷപ്പ് കർദിനാൾ ക്രിസ്റ്റോഫ് ഷേൺബോണിന് 75-ാം പിറന്നാൾ. കാനോൻ നിയമമനുസരിച്ച്, കത്തോലിക്കാസഭയിലെ രൂപതാ ഇടയന്മാർ 75 വയസ് പിന്നിട്ടാൽ ഔദ്യോഗിക പദവിയിൽനിന്ന് വിരമിക്കുകയാണ് പതിവ്. അതിന് മുന്നോടിയായി പാപ്പയ്ക്ക് രാജിക്കത്ത് സമർപ്പിക്കുന്നതും പതിവാണ്. എന്നാൽ, രാജിക്കത്ത് സ്വീകരിച്ച ഫ്രാൻസിസ് പാപ്പ, വിയന്നയുടെ ഇടയനായി തുടരണമെന്ന് കർദിനാൾ ഷേൺബോണിനോട് നിർദേശിച്ചിരിക്കുകയാണിപ്പോൾ.

അനുയോജ്യനായ പിൻഗാമിയെ കണ്ടെത്താനുള്ള സാവകാശം എന്നതിനപ്പുറം, അദ്ദേഹത്തിന്റെ നേതൃഗുണത്തിനുള്ള ആദരവ് എന്ന രീതിയിൽ വത്തിക്കാന്റെ ഈ നടപടിക്രമത്തെ വിശ്വസിക്കാനാണ് ഓസ്ട്രിയയിലെ സഭാംഗങ്ങൾക്ക് ഇഷ്ടം. രണ്ടര പതിറ്റാണ്ടോളം കാലം വിയന്ന അതിരൂപതയെ നയിക്കുക, ഏതാണ്ട് അത്രതന്നെ നാളുകൾ ഓസ്ട്രിയയിലെ കത്തോലിക്കാസഭയ്ക്ക് നേതൃത്വം നൽകുക എന്നതിനപ്പുറം ആഗോളസഭയിൽ അദ്ദേഹത്തിനുള്ള സ്ഥാനം തന്നെ ആ വിശ്വാസത്തിന് കാരണം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ സഭയുടെ വിവിധ പ്രവർത്തനമേഖലകളിൽ ചെയ്ത സേവനങ്ങൾ വിശിഷ്യാ, മതബോധനരംഗത്ത് അതുല്യ സംഭാനകൾ നൽകുകയും സങ്കീർണങ്ങളായ പല സിനഡുകളിലും സഭാ തീരുമാനങ്ങളിലും അതാതു കാലത്തെ പാപ്പമാരുടെ വലംകൈയായി പ്രവർത്തിക്കുകയും ചെയ്ത ഇടയശ്രേഷ്~നാണ് കർദിനാൾ ഷേൺബോൺ. മാത്രമല്ല, ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയെന്നുവരെ കർദിനാൾമാരിൽ പലരും കരുതുന്ന വ്യക്തികൂടിയാണ് സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞൻകൂടിയായ അദ്ദേഹം. വിവേകപൂർണവും സുതാര്യവുമായ തീരുമാനങ്ങളെടുക്കുന്നതിലും തർക്കവിഷയങ്ങളിൽ നിഷ്പക്ഷമായ മധ്യസ്ഥത വഹിക്കാനും അദ്ദേഹത്തിനുള്ള കഴിവ് അനിതരസാധാരണമാണ്.

ബോഹെമിയയിലെ ലൈറ്റ്‌മെറിറ്റ്‌സിലായിരുന്നു ക്രിസ്റ്റോഫ് ഷേൺബോണിന്റെ ജനനം, 1945 ജനുവരി 22ന്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലഘട്ടമായിരുന്നു അത്. മറ്റ് അനവധി കുടുംബങ്ങളെപ്പോലെ അദ്ദേഹത്തിന്റെ കുടുംബവും അന്നത്തെ ചെക്കോസ്ലോവാക്യയിൽനിന്ന് പുറത്താക്കപ്പെട്ടു. ഷേൺബോണിന്റെ പിതാവ് ഹ്യൂഗോഡാമിയൻ ഷേൺബോൺ ഒരു ചിത്രകാരനായിരുന്നു. 1944 ഒക്ടോബറിൽ ബെൽജിയത്തിലെ ദേശീയ സോഷ്യലിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ കൂറുമാറിയ അദ്ദേഹം ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നു.

മക്കളായ ഫിലിപ്പ്, ക്രിസ്റ്റോഫ് എന്നിവരോടൊപ്പം അമ്മ എലിയോനോറെ ഷേൺബോൺ ആദ്യം ഓസ്ട്രിയയിലെ ഗ്രാസിലേക്കും പിന്നീട് ഓസ്ട്രിയയിൽത്തന്നെ ഭോർആൽബെർഗിലെ ശ്രുൻസിലേക്കും പലായനം ചെയ്തു. ഷേൺബോണിന്റെ ഇളയ സഹോദരൻ ജനിച്ചതും അദ്ദേഹത്തിന്റെ ചെറുപ്പകാലം ചെലവിട്ടതും ഇവിടെയാണ്.

ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ക്രിസ്റ്റോഫ് ഷേൺബോൺ 1963ൽ 18-ാം വയസിൽ വൈദികപ~നത്തിന് ഡൊമിനിക്കൻ ആശ്രമത്തിൽ പ്രവേശിച്ചു. ജർമനി, പാരീസ്, വിയന്ന എന്നിവിടങ്ങളിൽനിന്ന് ദൈവശാസ്ത്ര, ഫിലോസഫി പ~നങ്ങൾ പൂർത്തിയാക്കി. 1970ൽ അന്നത്തെ വിയന്നാ ആർച്ച്ബിഷപ്പ് കർദിനാൾ ഫ്രാൻസ് കേനിഗിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.

1975ൽ സ്വിറ്റസർലൻഡിലെ ഫ്രീബർഗ് സർവകലാശാലയിൽ കാത്തലിക് ഡോഗ്മാറ്റിക് പ്രൊഫസറായി നിയമിതനായ ഷേൺബോൺ 1980ൽ വത്തിക്കാന്റെ ഇന്റർനാഷണൽ തിയോളജിക്കൽ കമ്മീഷൻ അംഗമായി. 1987ൽ ‘വേൾഡ് കാറ്റക്കിസം’ എഡിറ്റോറിയൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 1991ൽ വിയന്നാ സഹായമെത്രാനായി അഭിഷിക്തനായ അദ്ദേഹം 1995ൽ ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു. 1998ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തി.

1996ൽ ഓസ്ട്രിയൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തൽസ്ഥാനത്ത് 23 വർഷം പിന്നിട്ടുകഴിഞ്ഞു. ഫ്രാൻസിസ് പാപ്പയുടെയും പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന്റെയും ആദരവും പ്രശംസയും ആർജിച്ച അദ്ദേഹം ഇരുവരോടും വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ്. അതുകൊണ്ടുതന്നെ സഭയിൽ പലപ്പോഴായി ഉയർന്ന പ്രശ്‌നങ്ങളിൽ പ്രതിവിധി കണ്ടെത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കും പരസ്യമായ രഹസ്യമാണ്.

2019 മേയിൽ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം ഔദ്യോഗിക കർത്തവ്യങ്ങളിൽ വ്യാപൃതനാകവെ ശ്വാസകോശസംബന്ധമായ രോഗംമൂലവും ചികിത്സക്ക് വിധേയനാകേണ്ടിവന്നു. കഴിഞ്ഞ നവംബറിലാണ് പാപ്പയ്ക്ക് രാജിക്കത്ത് സമർപ്പിച്ചത്. ഫ്രാൻസിസ് പാപ്പ തന്റെ ‘വിശ്വസ്ത സ്‌നേഹിതനെ’ ഔദ്യോഗിക പദവിയിൽനിന്ന് ഒഴിവാകാൻ അനുവദിക്കില്ലെന്ന് അന്നുതന്നെ വിശ്വസിച്ചിരുന്നവർ ഏറെയാണ്. അതിപ്പോൾ സത്യമായതിന്റെ സന്തോഷത്തിലാണ് വിശ്വാസീസമൂഹം, അനുയോജ്യനായ പിൻഗാമിയെ കണ്ടെത്താനുള്ള സാവകാശത്തിനുവേണ്ടിയാണെങ്കിൽപ്പോലും!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?